അന്ന് മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടുനിന്നും കോട്ടയത്ത് വീട്ടിലേക്കുള്ള ആഴ്ചാവസാന യാത്രകള്‍. ഒരാഴ്ചയ്ക്കു ശേഷം മക്കളെയും ഭര്‍ത്താവിനെയും കാണുന്നതിന്റെ ത്രില്ല്. ഞായറാഴ്ച പുലര്‍ച്ചെ ചെന്നാല്‍ അവര്‍ക്കുവേണ്ട കറികളൊക്കെ                       
തയ്യാറാക്കി, കൊണ്ടുപോരാനുള്ള വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട്, വിശേഷങ്ങളൊക്കെ പറഞ്ഞുപകുതിയാകുമ്പോഴേക്കും മടങ്ങാനുള്ള സമയമാകും. പിന്നെ അടുത്താഴ്ചത്തേക്കുള്ള കാത്തിരിപ്പിന്റെ കാലമാണ്. ജീവിതം അങ്ങനെയൊഴുകുമ്പോഴാണ് കടലുണ്ടി പാലം എന്റ സ്വപ്‌നങ്ങള്‍ക്കുമീതെ തകര്‍ന്നു വീണത്. 

ബസ്സില്‍ ആറേഴു മണിക്കൂര്‍ യാത്ര ചെയ്താലേ നാട്ടിലെത്താനാവൂ. ട്രാഫിക് ബ്‌ളോക്കില്‍ പെട്ടാല്‍ പിന്നെയും വൈകും. പരപ്പനങ്ങാടിയിലെത്തിയാല്‍ ട്രെയിന്‍ കിട്ടുന്നതൊക്കെ പിന്നീടാണ്. അങ്ങനെയൊരു യാത്ര. ആറുമണിക്ക് ബസ് കിട്ടിയാല്‍ രാത്രി ഒരുമണി കഴിയുമ്പോഴേക്കും കോട്ടയത്തെത്താം. പതിവുപോലെ ബസ്സിനുള്ളില്‍ ആഴ്ചാവസാന തിരക്കിൻറെ ബഹളം. ഒരുവിധം സീറ്റൊപ്പിച്ച് പാതിമയക്കത്തിന്റെ സുഖത്തിലേക്കു കടന്നു. ബസ്സ് വിടാന്‍ എന്തോ വൈകിയിരുന്നു. ഏഴുമണിയെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം. ഇരുട്ടു കൂരിരുട്ടായതും സഹയാത്രികര്‍ മാറിയതും മയക്കത്തിനിടെ  അറിഞ്ഞില്ല!

വലിയൊരു ശബ്ദത്തോടെ ബസ്സ് കുലുങ്ങി നിന്നതും ഞെട്ടിയുണര്‍ന്നു. സമയം നോക്കി, പതിനൊന്നര കഴിഞ്ഞിരിക്കുന്നു. ഡ്രൈവര്‍ കുറെനേരം ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ, മുന്നോട്ടുപോകാന്‍ സാധ്യതയില്ലെന്ന് പ്രസ്താവിച്ചു. അര്‍ധരാത്രിയോടടുത്ത സമയം. ബസ് കുന്നംകുളം കഴിഞ്ഞിട്ടുണ്ടാവണം..ഞാന്‍ ബസ്സിലാകെയൊന്നു പരതി. എല്ലാംകൂടി ആറേഴു സ്ത്രീകള്‍ മാത്രം. അവരില്‍ പലരും ഭര്‍ത്താവിനൊപ്പമാണ്. ഇതിനിടെ പലരും സീറ്റ് വിട്ട് പുറത്തിറങ്ങിക്കഴിഞ്ഞു. ആണുങ്ങള്‍ അടുത്ത വഴിയെപ്പറ്റി കൂട്ടംചേര്‍ന്ന് ആലോചന തുടങ്ങി. ഞാന്‍ മാത്രം ഒറ്റപ്പെട്ടു. ആ വഴി വന്ന ലോറി കൈകാണിച്ചുനിര്‍ത്തി കുറപ്പേര്‍ വലിഞ്ഞുകയറി. ഭാര്യയെ വലിച്ചുകയററി രക്ഷപ്പെട്ടവരും കൂട്ടത്തിലുണ്ട്. ബൈക്കിനു കൈകാണിച്ച് രക്ഷപ്പെട്ട ഭാഗ്യവാന്‍മാരെ അസൂയയോടെ നോക്കിനിന്നു മറ്റുള്ളവര്‍. ലോറി ലാംബ്രട്ടയുടെ പുറകില്‍ വലിഞ്ഞുകയറിയ ദമ്പതികളോട് ഞാനൊന്നു മുട്ടിനോക്കി.

''മരണവീട്ടിലേക്കു പോകുമ്പോഴാണ് പണികിട്ടിയത്, ഇനി അടുത്തുള്ള ബന്ധുവീട്ടിലേക്കുപോയി രാവിലെ ചെല്ലാം.''അയാള്‍ പറഞ്ഞത് ശരിവച്ച മട്ടില്‍ ഭാര്യ തല കുലുക്കിയതല്ലാതെ പെരുവഴിയില്‍പ്പെട്ടുപോയ എന്നോടു കരുണ കാണിക്കാനുളള നീക്കമൊന്നും ഉണ്ടായില്ല. അതിനിടെ ഒരു ഓട്ടോ വന്നു നിന്നു, രണ്ടു പുരുഷന്‍മാര്‍ അതില്‍ ചാടിക്കയറി, ഒറ്റയ്ക്കു നിന്ന എന്നോടു കനിവോടു ചോദിച്ചു''പോരുന്നോ?''സ്ത്രീ സഹജമായ സംശയത്തോടെ ഞാനവരെ ഒന്നു നോക്കി. മദ്യത്തിന്റെ അരോചകഗന്ധം അവരില്‍നിന്നാണ് ഉയരുന്നതെന്നും അപകടത്തിലേക്കുള്ള ക്ഷണമാണതെന്നും ഞാന്‍ ചിന്തിച്ചു. ബസ്സില്‍ ഇനി ശേഷിക്കുന്നത് ഡ്രൈവറും കണ്ടക്ടറും മൂന്നുനാലുപേരും. പുറത്തുനില്‍ക്കുന്നതിനെക്കാള്‍ ഇനി നന്ന് ബസ്സിനുള്ളിലാണെന്ന് തോന്നിയതിനാല്‍ അകത്തേക്കു കയറി. കാലുറയ്ക്കാത്തൊരു യാത്രികന്‍ ബാക്‌സീറ്റില്‍ കിടക്കാനുള്ള തിരക്കിലാണ്. ഞാന്‍ നോക്കുന്നതു കണ്ട അയാള്‍ വെടല ചിരിയോടെ പറഞ്ഞു''പെങ്ങളെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ, ഞനൊന്നു കിടക്കാന്‍ പോവാ''

ഈശ്വരാ, ഇയാള്‍ക്കൊപ്പം വേണം ഇനി...അപ്പുറത്തെ സീറ്റിലിരിക്കുന്ന മാന്യന്‍മാരുടെ നോട്ടവും അത്ര പന്തിയല്ലെന്നു തോന്നി. അവരും സീറ്റില്‍ കാല്‍ നീട്ടിവച്ച് വിശ്രമത്തിനുള്ള പുറപ്പാടിലാണ്. അവരിലൊരാൾ ഉല്ലാസത്തോടെ പാടി' കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരീ, പെണ്ണുകെട്ടിനു...''അക്ഷരം വഴുവഴുക്കുന്നു. പീഡനം ഇത്രയും വിപുലമാകാത്ത കാലമായിരുന്നു അത്. എന്നിട്ടും അകാരണമായൊരു ഭയം എന്നെ മൂടി.

ഞാനാകെ വിളറി..അന്നു മൊബൈലൊന്നും രംഗത്തെത്തിയിട്ടില്ല. വീട്ടിലൊന്നും അറിയിക്കാനും നിവൃത്തിയില്ല. എന്നെ കാത്ത് കോട്ടയത്തെ വീട്ടിലിരിക്കുന്ന മക്കളുടെ മുഖം ഓര്‍മിച്ചു..പെട്ടന്നാണു ഞാനാ യുവതിയെ കണ്ടത്. ഏറ്റവും മുമ്പിലത്തെ സീറ്റുകളിലൊന്നില്‍ തനിച്ചിരിക്കുന്നു. മനസ്സില്‍ എെസ് കോരിയിട്ട സുഖം...ഞാന്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ തന്നെ എന്തൊരു ആശ്വാസം .''അടുത്ത ബസ്സ് എപ്പോഴാണ്''?

ഞാന്‍ മുന്നോട്ടു ചെന്ന് ഡ്രൈവറോടു ചോദിച്ചു.''രണ്ടര മണിയാകും'' അയാള്‍ പറഞ്ഞു. ഞാന്‍ പെട്ടെന്ന് ആ യുവതിയുടെ അരികിലെത്തി ''എവിടെ പോകാനാ?''ഞാന്‍ അവളോടു ചോദിച്ചു.

''ഇവിടെനിന്ന് ഒരു കിലോമീറ്ററേയുള്ളു വീട്ടിലേക്ക്''അവള്‍ പറഞ്ഞു,''ഒറ്റയ്ക്കു പോകാനൊരു മടി, നിങ്ങളെങ്ങോട്ടാ?''അവള്‍. ഞാന്‍ കാര്യം പറഞ്ഞു..''എന്നാ വാ, എന്റെ വീട്ടില്‍ പോകാം..കൂട്ടായല്ലോ..''

അവിടിരിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് അതുതന്നെയാണെന്ന് എനിക്കും തോന്നി..മറ്റൊരു വഴിയും ഇല്ലാത്തപ്പോള്‍ കാണുന്ന വഴി പോകുക തന്നെ. കൂരിരുട്ടിലൂടെ അവളുടെ കൊച്ചുടോര്‍ച്ചിന്റെ നുറുങ്ങുവെട്ടത്തില്‍ നടന്നു തുടങ്ങുമ്പോള്‍ ഞാനോര്‍ത്തു, ഒന്നുമല്ലെങ്കിലും ഒരു സ്ത്രീയാണല്ലോ...വരുന്നതു വരട്ടെ. വഴിയില്‍ ഞങ്ങള്‍ മിണ്ടിപ്പറഞ്ഞു, യുവതിയുടെ പേര് മണി.'മണിക്കുട്ടീന്നാ അമ്മ വിളിച്ചിരുന്നത്. അച്ഛന്‍ രമണീന്നും, അമ്മമ്മ അമ്മിണിക്കുട്ടീന്നും..പേരിലെന്തിരിക്കുന്നു അല്ലേ ചേച്ചി ? '' 

അവള്‍ക്ക് വീട്ടില്‍ അച്ഛന്‍ മാത്രം, ഭര്‍ത്താവ് തമിഴ്‌നാട്ടിലാണ്. മക്കളില്ല, പട്ടണത്തില്‍ സെയില്‍സ് ഗേളാണ്..ജോലി കഴിഞ്ഞ് കൂട്ടുകാരിയുടെ കല്യാണപാര്‍ട്ടിയ്ക്കും പോയി മടങ്ങിയപ്പോഴേയ്ക്കും വൈകിപ്പോയി. ഞനെന്റെ വിശേഷങ്ങളും പങ്കു വച്ചു..ഇരുട്ടില്‍ വഴിയൊന്നും മനസ്സിലായില്ല, കുറെ നടന്ന് മെയിന്‍ റോഡില്‍നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ചെറിയൊരു കയറ്റം കയറി ഒരു കൊച്ചു വീടിന്റെ മുമ്പിലെത്തി. താക്കോലെടുത്തു വാതില്‍ തുറക്കുമ്പോള്‍ പറഞ്ഞു, ''അച്ഛനു കാല്‍ വൃണമായിരിക്കയാണ്,ചായ്പ്പിലാണ് ''

''രമണി വന്നോ?''അയാള്‍ ഉറക്കെ വിളിച്ചു ചോദിച്ചു.
''ഓാ''
''എന്താ വൈകിയത്?''
''ബസ്സ് കേടായി, ഒരാളെ കൂട്ടു കിട്ടിയതു കൊണ്ടാ വരാനായത്, അവരിവിടെയുണ്ട് അച്ഛാ''പറയുന്നതിനിടെ അയാള്‍ക്കുവേണ്ടി കരുതിയ ഭക്ഷണവും എടുത്ത് അവള്‍ ചായ്പിലേക്കു പോയി. എനിക്കു മൂത്രം മുട്ടി..രമണി എനിക്കു മുറ്റത്തെ കിണറ്റില്‍നിന്ന് വെള്ളം കോരിതന്നു,''കക്കൂസ് പുറകിലാ,ചേച്ചി മുറ്റത്തിന്റെ അരികിലിരുന്നു മൂത്രം ഒഴിച്ചോ''

ഐസു പോലെ തണുത്ത വെള്ളംകൊണ്ട് കൈയ്യും കാലും മുഖവും കഴുകിയപ്പോഴേക്കും ജീവന്‍ തിരിച്ചുകിട്ടി. ഉലുവയിട്ടു വറുത്തു പൊടിച്ച നാടന്‍ കാപ്പിപ്പൊടികൊണ്ടുണ്ടാക്കിയ കട്ടന്‍ കാപ്പിയും റസ്‌കും കഴിച്ചിരിക്കെ ഞാന്‍ ചോദിച്ചു''ഭര്‍ത്താവിനി എന്നു വരും?''

''അടുത്താഴ്ച വരും'
'പുലര്‍ച്ചെ പോയാല്‍ മതിയെന്ന് രമണി പറഞ്ഞെങ്കിലും ഞാന്‍ കൂട്ടാക്കിയില്ല..എന്നെ കാത്തിരിക്കുന്ന മക്കള്‍.. ബസ്സു വരാന്‍ പത്തുപതിനഞ്ചു മിനിട്ടുള്ളപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. റോഡില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ പറഞ്ഞു''സൂപ്പര്‍ ഫാസ്റ്റല്ലേ, ഇവിടെ നിര്‍ത്തുമോ രമണീ''
''നിര്‍ത്തിക്കാം ചേച്ചി''അവള്‍ കിലുങ്ങി ചിരിചിരിച്ചു.''ഇനി എന്നെങ്കിലും ചേച്ചിയെ കാണുമോ, എന്നെ ഓര്‍മിക്കുമോ..''

എനിക്കും വെറുതെ സങ്കടം വന്നു. ദൂരെ ബസ്സിന്റെ ഉണ്ടകണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങിയപ്പോള്‍ അവള്‍ റോഡിനു നടുവിലേക്കു കയറിനിന്നു. കൈയിലെ തോര്‍ത്തെടുത്തു വീശിക്കൊണ്ടിരുന്നു. ബസ് ഇത്തിരി അകലത്തായി നിര്‍ത്തി..ഞാന്‍ ആവേശത്തോടെ ഓടി..ഓട്ടത്തിനിടെ രമണിയോട് ഒന്നും ഉരിയാടാനായില്ല..ബസ്സിന്റെ പിന്നില്‍ അകന്നു പോകുന്ന ടോര്‍ച്ചിന്റെ ഇത്തിരി വെളിച്ചം.

ഒന്നര വര്‍ഷത്തിനു ശേഷം...ഒരു വിവാഹത്തിനു പോകുംവഴി പഴയ രമണിയുടെ നാടിനടുത്തെത്തി. ഉദ്ദേശ്യം വച്ച് അടുത്തുകണ്ട കടക്കാരനോട് തിരക്കി..''രമണിയോ, സെയില്‍സ് ഗേളോ..ഈ ചുറ്റുവട്ടത്തില്‍ അങ്ങനാരുമില്ല'', അയാള്‍ തറപ്പിച്ചു പറഞ്ഞു..അയാള്‍ അപ്പുറത്തെ പഴക്കടക്കാരനോടും തിരക്കിയിട്ട് ഉറപ്പിച്ചു പറഞ്ഞു,''നിങ്ങള്‍ക്കു തെറ്റിയതാ ഇവിടെ അങ്ങനൊരു രമണിയില്ല''

''ചേട്ടാ, മണിയെന്നോ അമ്മിണിക്കുട്ടിയെന്നോ രമണിയെന്നോ പേരുള്ള ആരെങ്കിലും ...''മൂന്നു പേര് ഒരാള്‍ക്കോ..ഇവിടെ ഒരുപാടു മണിമാരുണ്ടാവും, അമ്മിണീം, പക്ഷേ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളെ എങ്ങനെ കണ്ടുപിടിക്കും, പോസ്റ്റ് ഓഫീസിലൊന്നു തിരക്കിയേര്?''

പോസ്‌ററ് ഓഫീസിലും അതേ മറുപടി. തന്നെ..അല്‍പം കൂടി മുന്നോട്ടുപോയി ..അടുത്തൊരു വെയിറ്റിംഗ്‌ഷെഡ്ഡില്‍ ഇരുന്ന വൃദ്ധനോടു തിരക്കി.
''രമണിയല്ലേ നമ്മുടെ രാമന്റെ മോളു രമണി...അവളു മോടെ വീട്ടിലാ ഇപ്പം''
''അമ്മാവാ, ഈ രമണിക്കു മക്കളില്ല, ഭര്‍ത്താവു തമിഴ്‌നാട്ടില്‍ തുണിമില്ലില്‍ ജോലിയുള്ള , കുട്ടികളില്ലാത്ത രമണി..
''ഓ, പിടി കിട്ടി,ആ മുടിയൊക്കെ ഒത്തിരിയൊള്ള തടിച്ച രമണി...''
''  അയ്യോ.അമ്മാവാ,അതുമല്ല,ഇതു മെലിഞ്ഞു വെളുത്ത രമണിയാ''
''ങ്ങാ,  അങ്ങനെ വരട്ടെ, ടൗണില്‍ പണിയുള്ള ആ പെണ്ണല്ലേ, അവള് പെഴയായിരുന്നു, കെട്ടിയോന്റെ അച്ഛനും കൂടെയുണ്ടായിരുന്നു.. മഹാപെഴ, കൊച്ചിന്റെ ആരാന്നാ പറഞ്ഞെ?'' എന്റെ നാവിറങ്ങിപ്പോയി.

അയാള്‍ തുടര്‍ന്നു,''അവളെ നാട്ടുകാര് ഓടിച്ചു, കച്ചോടമൊക്കെ അങ്ങു സിറ്റിയിലായിരുന്നെന്നാ പറേന്നെ. ഇവിടേം ആള്‍ക്കാരു വരുമായിരുന്നത്രേ..''ഒരു വഷളന്‍ ചിരിയുടെ മേമ്പൊടിയോടെ, ആനന്ദത്തോടെ വയസ്സന്‍ പറഞ്ഞുകൊണ്ടിരുന്നു.

''അമ്മാവന്‍ പറഞ്ഞ രമണിയല്ല, ഈ രമണി.. '' 
പിടയുന്ന മനസ്സോടെ തിരിച്ചുനടക്കുമ്പോള്‍, ഞാന്‍ സ്വയം പറഞ്ഞു,ഒരിക്കലും അത് എന്റെ രമണിയല്ല..