കുന്ന് കയറി കോളേജിലെത്തേണ്ട പാടൊന്നും അവള്‍ക്കില്ലായിരുന്നു.അവളുടെ വീട് കുന്നിന്റെ തൊട്ടുതാഴേയാണ്.ഞങ്ങളെല്ലാം വിയര്‍ത്തുകുളിച്ച്  കിലോമീറ്ററുകള്‍ നടന്ന് കുന്നിന്‍മുകളിലെ കോളജിലെത്തുമ്പോള്‍ അവള്‍ ഒട്ടും വിയര്‍പ്പുമണമില്ലാതെ  'ദാ..ഇപ്പോ കുളിച്ചൊരുങ്ങിയതേയുള്ളൂ' എന്ന മട്ടില്‍  ക്ലാസിൽ വന്നിരിക്കും. 

ക്ലാസ് തുടങ്ങി രണ്ടുദിവസം കഴിഞ്ഞാണ് ഞാന്‍ അവളെ ശ്രദ്ധിച്ചത്. അവള്‍ പ്രീഡിഗ്രിക്കും അവിടെ തന്നെയായിരുന്നു. മറ്റേതെങ്കിലും കോളജില്‍ അഡ്മിഷന്‍ കിട്ടുകയാണെങ്കില്‍ ഉടന്‍ മാറി ചേരാം എന്ന് കരുതിയാണ് കുന്നിന്‍ മുകളിലെ ആ കോളേജില്‍ ഞാന്‍ ഡിഗ്രിയ്ക്ക്  ചേര്‍ന്നത്. എന്നാല്‍ അവളുമായി കമ്പനി ആയപ്പോള്‍ ഇനി അഡ്മിഷന്‍ കിട്ടിയാലും വേറെ കോളേജിലേക്കില്ല എന്ന്  വീട്ടില്‍ പോയി ഉറക്കേ പ്രഖ്യാപിച്ചു. അങ്ങനെ കോഴിക്കോട് പൊക്കുന്ന്  ഗുരുവായൂരപ്പന്‍ കോളജിലെ എന്റെ കലാലയജീവിതം ആരംഭിച്ചു.

ധന്യ എന്നാണ് അവളുടെ പേര്. ആരേ വേണമെങ്കിലും സഹായിക്കാന്‍ കക്ഷി റെഡി.നന്നായി കവിതയെഴുതും.അസ്സലായി വായിക്കും.അതിനേക്കാള്‍ നന്നായി കത്തി വെക്കും.ആള്‍ക്ക് ഒട്ടും ഈഗോയില്ല. അത് തന്നെയായിരുന്നു അവളുടെ പ്രത്യേകതയും.അതുകൊണ്ടു തന്നെ ക്ലാസിലെ സകല ഗ്രൂപ്പുകളുമായും കക്ഷിക്ക് നല്ല ബന്ധം.

എവിടെപ്പോയാലും അവള്‍ക്ക് ജീവിച്ചുപോകാം.ആരുമായും ചേര്‍ന്ന് പോകാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഞങ്ങളുടെ ചങ്ങാതി കൂട്ടത്തിന് അക്കാര്യത്തില്‍  ഒരു തര്‍ക്കമില്ലായിരുന്നു. ഇഷ്ടമില്ലാത്തത് കണ്ടാല്‍ അപ്പോള്‍ അവിടെ നിന്ന് സ്‌കൂട്ടാവുകയും തരം കിട്ടിയാല്‍ പിണങ്ങുകയും അതിനേക്കാള്‍ വേഗത്തില്‍ ഇണങ്ങുകയും ചെയ്തു, ഞങ്ങളെല്ലാവരും. എന്നാല്‍ എത്ര കാറ്റടിച്ചാലും സുനാമി വന്നാലും അവള്‍ പാറപോലെ ഉറച്ചുനിന്നു. ചെറു ചിരിയോടെ. ആരോടെങ്കിലും അവള്‍ പിണങ്ങിയത് ഓര്‍മയിലേയില്ല.

സന്തോഷിക്കാന്‍ പ്രത്യേകിച്ച് കാരണം എന്തെങ്കിലും വേണ്ട എന്ന് എന്നെ പഠിപ്പിച്ചത് അവളാണ്. സന്തോഷം ഒരു സാംക്രമികരോഗമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയതും അവളില്‍ നിന്നാണ്. അവള്‍ ശരിക്കും ഒരു സന്തോഷ് കുമാരി ആയിരുന്നു.

സ്റ്റഡി ടൂറിന് ഊട്ടിക്ക് പോയപ്പോള്‍ ഹെര്‍ബേറിയമുണ്ടാക്കാനുള്ള ചെടികള്‍ ശേഖരിക്കാന്‍ നാടുകാണി ചുരത്തില്‍ അഴിച്ചുവിട്ട ഞങ്ങളെ അട്ടകള്‍ കൂട്ടത്തോടെ ആക്രമിച്ചു. തീപ്പെട്ടിക്കൊള്ളി ഉരച്ച് വെച്ച് അവള്‍ ഞങ്ങളെ ആ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തി. കൂവാന്‍ മാത്രം അറിയാവുന്ന ഞങ്ങള്‍ ആര്‍ട്‌സ് ഡേയ്ക്ക്  സ്റ്റേജില്‍ കയറി വെള്ളി വീഴ്ത്തിയവരെ കുറുക്കന്‍മാരെ നാണിപ്പിക്കുന്ന വിധം കൂവിവിട്ടു. അവള്‍ മാത്രം, അവളുടെ  ചെറിയകണ്ണുകള്‍ അല്പം കൂടി വലുതാക്കി  ഞങ്ങളെ നോക്കി കണ്ണുരുട്ടി. റെക്കോര്‍ഡ് ബുക്ക് ഒപ്പിട്ടു തരാന്‍ മടിക്കുന്ന മിസ്സുമാരുടെ നല്ല മൂഡ് നോക്കി, സോപ്പിട്ടു, പഞ്ചാരയടിച്ച്  അവള്‍ ഒപ്പുകള്‍ മേടിച്ചു. ഒപ്പു തരാത്ത മിസ്സിനെ മെരുക്കാനുള്ള വഴി കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു ഞങ്ങളില്‍ ചിലരിപ്പോള്‍. ഒടുവില്‍ പരാജയപ്പെട്ട് അവളുടെ സഹായത്തോടെ തന്നെ മിസ്സിന്റെ ഒപ്പുമേടിച്ചു.

ഇതിനിടെ ഞങ്ങള്‍ അവളുടെ വീട്ടിലും പോകാന്‍ തുടങ്ങിയിരുന്നു. കോളജിന്റെ പ്രധാനവഴിയുടെ മറുഭാഗത്തായിരുന്നു ആ വീട്. കുന്നിന്റെ ചുവട്ടില്‍. ഞങ്ങള്‍ അവിടെ പോയി എന്തെങ്‌ലിമൊക്കെ ഉണ്ടാക്കി കഴിക്കും.മൂന്നുപെണ്‍കുട്ടികളില്‍ നടുവിലെത്തെ ആളായിരുന്നു അവള്‍. ആ സമയത്ത് ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നു. അവളുടെ അച്ഛനും അമ്മയും അനിയത്തിയും തോന്നിയ നേരത്ത് ഞങ്ങളെയും കൊണ്ട് വീട്ടിലെത്തുന്നതിന്  ഒരിക്കല്‍ പോലും അവളെ ശകാരിച്ചിട്ടില്ല. ആ വീട്ടില്‍ എന്തുണ്ടെങ്കിലും അത് ഞങ്ങള്‍ക്കു കൂടി ഉള്ളതായി. സര്‍ക്കാറുദ്യോഗസ്ഥനായിരുന്നു അച്ഛന്‍.

ഞാന്‍ കണ്ട ഏറ്റവും മനോഹരമായ സൂര്യാസ്തമയം കുന്നിനു താഴേയുള്ള അവരുടെ വീടിന്റെ മുകളിലെ പാറയില്‍ നിന്നായിരുന്നു. സൂര്യനെ മിസ്‌ററര്‍ യൂണിവേഴ്‌സായി ഞങ്ങളുടെ ചങ്ങാതിക്കൂട്ടം തിരെഞ്ഞടുത്തത് അവിടെ വെച്ചാണ്. ഇടയ്ക്കിടെ അവള്‍ കവിതകളെഴുതി. ഒപ്പത്തിനൊപ്പം ഞങ്ങളും. സാഹിത്യമത്സരങ്ങളിലൊക്കെ ആവേശത്തോടെ പങ്കെടുത്തു.

ഗുരുവായൂരപ്പന്‍ കോളജിലെ ബോട്ടണി ഡിഗ്രിക്കാലം പെട്ടെന്ന് തീര്‍ന്നു പോയി.  കാലം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ കവിതാ പ്രാന്ത് അലമാരയില്‍ കയറിയ ഡയറികള്‍ക്കുള്ളില്‍ സമാധിയായി. ഡിഗ്രികഴിഞ്ഞ് അവള്‍ അവിടെ തന്നെ പി.ജി ക്ക് ചേര്‍ന്നു. പി.ജി പൂര്‍ത്തിയാക്കും മുമ്പ് അവളെ കെട്ടിച്ചു വിട്ടു. ഞങ്ങള്‍ ആഘോഷിച്ച ആദ്യത്തെ കല്യാണം.

അന്ന് ലാന്റ് ഫോണുകള്‍മാത്രമുള്ള കാലം. ഒരാഴ്ച കഴിഞ്ഞു.ഞാന്‍ വെറുതെ ഒരു സുഹൃത്തിനെ വിളിച്ചു. അപ്പോഴാണ് അവള്‍ വിവരം പറയുന്നത്. ധന്യയുടെ അമ്മായിഅമ്മ പെട്ടെന്ന് മരിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍. 

അവളെങ്ങനെ പുതിയ സാഹചര്യങ്ങള്‍ നേരിടും. ഞങ്ങളുടെ സംശയങ്ങള്‍ വെറുതെയായിരുന്നു. അവള്‍ എല്ലാം മുതിര്‍ന്ന ഒരു സ്ത്രീയെ പോലെ തികഞ്ഞ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്തു. അപ്പോഴേയ്ക്കും അവള്‍ ബി.എഡിനു ചേര്‍ന്നിരുന്നു. ഭര്‍ത്താവിന്റെ അനിയനും അനിയത്തിയും പറക്കമുറ്റിയിട്ടില്ല. ഞങ്ങളെയൊക്കെ അമ്പരപ്പിച്ച് അവള്‍ എല്ലാം വൃത്തിയായും കൃത്യമായും എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റി. എല്ലാം ഓരോ കരയ്‌ക്കെത്തിച്ചു.

ഇടയ്‌ക്കെപ്പോഴോക്കെയോ അവളെക്കണ്ടു.അവള്‍ക്കപ്പോളും ഒരു മാറ്റവുമില്ല.പഴയ ചുറുചുറുക്കോടെ ഭംഗിയായി ഓരോന്ന് ചെയ്ത് ഓടി നടക്കുന്നു.ഇതിനിടെ രണ്ടു മക്കളായി. കാന്‍സര്‍ വന്ന്  അവളുടെ അച്ഛന്‍ വിടവാങ്ങിയപ്പോള്‍ തളര്‍ന്നെങ്കിലും പൂര്‍വാധികം ശക്തിയോടെ അവള്‍ കുടുംബത്തിന് കരുത്തായി. പഴയ അതേ പ്രസരിപ്പോടെ ആരോടും കാലുഷ്യമില്ലാതെ  എല്ലാകാര്യങ്ങളും എറ്റവും സ്‌നേഹത്തോടെയും മനോഹരമായും അവള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു.

ടീച്ചറാണ് അവളിപ്പോള്‍. പരപ്പനങ്ങാടി ചിറമംഗലം എ.യു.പി. സ്‌കൂളില്‍.

ഉത്തരവാദിത്തങ്ങള്‍ക്കിടെയില്‍ അവള്‍ പി.ജി പൂര്‍ത്തിയാക്കി. എം.എഡ്.ചെയ്തു.ഇപ്പോള്‍ കോയമ്പത്തൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്യുന്നു.
ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം  അനായാസമായി ചെയ്തുതീര്‍ക്കുന്നു അവള്‍.

മറ്റാരാണെങ്കിലും പകച്ചു നില്‍ക്കുകയോ പരാതി പറഞ്ഞ് ഒഴിവാക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളേ ചേര്‍ത്ത് നിര്‍ത്തി തന്റേതാക്കി വിടുന്നു .അതുകൊണ്ട് തന്നെ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചര്‍ കൂടിയാണ് അവളിന്ന്.അവര്‍ക്കെന്ത് പ്രശനമുണ്ടെങ്കിലും ആദ്യം പങ്കുവെക്കുന്നത് അവരുടെ ധന്യ ടീച്ചറോടാണ്. ചേര്‍ത്തുനിര്‍ത്തിയുള്ള പരിഹാരം അവിടെനിന്നുകിട്ടുമെന്ന് അവര്‍ക്കുറപ്പുണ്ട്‌.

അവള്‍ക്കിത്രയും ഊര്‍ജം എവിടെനിന്നുകിട്ടുന്നു ! ഞാന്‍ ഇടയ്ക്ക് ഓര്‍ക്കും. കുന്നിന്‍ മുകളിലെ സൂര്യന്‍ പണ്ട് കൊടുത്തതാവാം !എന്തായാലും പ്രസന്നത കൂടി വരുന്നേയുള്ളൂ.

സ്‌കൂള്‍ മാഗസിനുകള്‍ക്കുവേണ്ടി   കവിതകളെഴുതുന്നു.കുട്ടികള്‍ക്കു വേണ്ടി നാടകങ്ങളെഴുതുന്നു.സ്‌കൂളിനു വേണ്ടി ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നു.മുന്നില്‍ കിട്ടുന്ന ഓരോ അവസരങ്ങളേയും തിളക്കത്തൊടെ മാറ്റി തീര്‍ക്കുന്നു.തൊട്ടതെല്ലാം പൊന്നാക്കി അവള്‍  നമുക്കിടെയിലുണ്ട്. സെലിബ്രിറ്റിയല്ല അവള്‍. എന്നാല്‍ അവള്‍ തൊട്ട മനസ്സുകള്‍ എന്നും അവളുടെ ചുറ്റുമുണ്ട്. സഹപ്രവര്‍ത്തകരും കുട്ടികളും സുഹൃത്തുക്കളും അവളുടെ ആരാധകരാണ്

അവള്‍ക്ക് എല്ലാ പിന്തുണയോടെ ഭര്‍ത്താവ് രാജീവും മക്കളും കൂടെയുണ്ട്. പരപ്പനങ്ങാടി ചിറമംഗലം എ.യു.പി സ്‌കൂളിലെത്തിയാല്‍ ഞങ്ങളുടെ പഴയ ചങ്ങാതി കൂട്ടത്തിലെ ആ മിടുക്കി കുട്ടിയെ കാണാം, ധന്യ ടീച്ചറായി, തികച്ചും ധന്യയായി.

Content Highlight: Mathrubhumi Women Journalists Write