പില്‍ ദേവിന്റെ ചുണക്കുട്ടികള്‍ ലോകകപ്പുമായി ഇന്ത്യയിലേക്ക് വന്ന കാലം തൊട്ടു ക്രിക്കറ്റിന്റെ ആവേശത്തിലായിരുന്നു ഞങ്ങളുടെ നാടും വീടും. ആ കാലഘട്ടത്തില്‍ ജനിച്ചത് കൊണ്ടാവാം ക്രിക്കറ്റ് എന്ന കളിയോട് അടങ്ങാത്ത ആരാധനയും ആവേശവുമൊക്കെ എനിക്കുമുണ്ടായത്. ചെറുപ്പത്തില്‍ പക്ഷെ ക്രിക്കറ്റ് എന്നത് ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കളിയാണെന്നായിരുന്നു എന്റെ ധാരണ. ഗ്രൗണ്ടില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നത് കാണുമ്പോ ഒരു പെണ്‍കുട്ടിയെ പോലും അവിടെ കാണാന്‍ ഇല്ലാത്തത്  തന്നെയാണ് അങ്ങനെയൊരു ചിന്തക്ക് കാരണമായതും.

വീട്ടിലെ ഇളയ കുട്ടി ആയത് കൊണ്ടും എനിക്ക് മൂത്തത് മൂന്നു ചേട്ടന്മാരായത് കൊണ്ടും ക്രിക്കറ്റ് കളിയ്ക്കാന്‍ പോകണമെങ്കില്‍ അവരുടെ സഹായമില്ലാതെ പറ്റില്ല എന്നതായിരുന്നു അവസ്ഥ. കളിയ്ക്കാന്‍ ഗ്രൗണ്ടിലേക്ക് കൂട്ടാന്‍  എന്ത് സഹായം വേണമെങ്കിലും  ചെയ്യാം എന്ന എന്റെ വാക്കിനെ മുതലെടുത്ത അവര്‍ എന്നെ കൊണ്ട് ക്രിക്കറ്റ് കിറ്റ് ചുമപ്പിക്കും ഗ്രൗണ്ട് വരെ. അവര് കയ്യും വീശി സുഖമായി നടക്കുമ്പോ പാവം ഒരു ചെറിയ  കുട്ടിയെ കൊണ്ട്  ഭാരം ചുമപ്പിക്കുന്നത് മറ്റുള്ളവര്‍ക്ക് കഷ്ടം തോന്നുന്ന ഒരു കാഴ്ച ആണെങ്കിലും ഞാന്‍ അത് ആസ്വദിച്ചിരുന്നു എന്നുള്ളതാണ് സത്യം.

അങ്ങനെ എങ്കിലും ബാറ്റും ബോളും ഒക്കെ കൈ കൊണ്ട് തൊടാല്ലോ എന്ന സന്തോഷം. എന്റെ പോക്ക് കണ്ടാല്‍ സെഞ്ച്വറി അടിച്ചേ ഗ്രൗണ്ടില്‍ നിന്ന് മടങ്ങു എന്ന ഭാവത്തിലായിരിക്കും താനും. എന്നാല്‍ ഈ ചുമടെടുക്കുന്നതിനു കൂലി എന്ന പോലെ അവരുടെ കളി കഴിയുമ്പോ അഞ്ചാറ് ബോള്‍ ബാറ്റ് ചെയ്യാനായി എനിക്ക്  ഇട്ടു തരുമവര്‍. അതെങ്കില്‍ അത് കിട്ടിയത് ഊട്ടി എന്ന മട്ടില്‍ ബാറ്റ് ചെയ്യാനായി ഓടുകയും ചെയ്യും. ചില ദിവസങ്ങളില്‍ ബോണസ്  പോലെ ടീമില്‍ കളിക്കാരുടെ എണ്ണം കുറവാണെങ്കില്‍ ഫീല്‍ഡ് ചെയ്യാനും അവസരം തരും. അവരുടെ കൂടെ ഗ്രൗണ്ടിലേക്ക് പോകുമ്പോളുള്ള എന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥന കളിയ്ക്കാന്‍ വരുന്ന ചേട്ടന്മാരുടെ കൂട്ടുകാരില്‍ ആര്‍ക്കെങ്കിലും പനി വരണേ എന്നായിരുന്നു.

സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ വാശി പിടിച്ചു ഗേള്‍സ് സ്‌കൂളില്‍ തന്നെ ചേര്‍ന്നു അതാകുമ്പോ പെണ്‍കുട്ടികള് മാത്രമല്ലേ ഉള്ളു ക്രിക്കറ്റ് കളിയ്ക്കാന്‍ പറ്റും എന്നൊക്കെ ആയിരുന്നു ധാരണ. അവിടെ ചെന്ന് കഴിഞ്ഞപ്പോ മനസിലായി  ബാസ്‌കറ്റ്‌ബോളും, ബാഡ്മിന്റണുമൊക്കെ മാത്രമേ അവിടെ ടീമുള്ളു എന്ന്. ആ ടീമില്‍ ചേര്‍ന്നുവെങ്കിലും മനസില്‍ നിന്ന് ക്രിക്കറ്റ് പോയില്ല എന്നതായിരുന്നു സത്യം. പ്ലസ് ടു കഴിഞ്ഞു കോളേജില്‍ ചേരാന്‍ പോയപ്പോ രണ്ടും കല്‍പ്പിച്ചു വീട്ടുകാരോട് പറഞ്ഞു ഇനി പഠിക്കാന്‍ പോകുകയാണെങ്കില്‍  ക്രിക്കറ്റ് ടീമുള്ള കോളേജില്‍ ചേര്‍ത്താല്‍ മാത്രമേ പോകു എന്ന്.ബി സി എം  കോളേജില്‍  വനിത ക്രിക്കറ്റ് ടീം  ഉണ്ടെന്ന വിവരവുമായി വന്ന ചേട്ടന്മാരെ അന്ന് എനിക്ക്  ദൈവദൂതന്മാരെ  പോലെയാണ് തോന്നിയത് .

അങ്ങനെ ചേട്ടന്മാരുടെ വര്‍ണനയിലൂടെ  സി.എം.എസ് കോളേജിനേയും അവിടത്തെ ചൂളമരങ്ങളെയും സ്‌നേഹിച്ച ഞാന്‍  ആ ക്യാമ്പസ്സിനെ വേണ്ട എന്ന് വെച്ച് കൊണ്ട് വനിതാ ക്രിക്കറ്റ് ടീം ഉള്ള ബി.സി.എം.കോളേജില്‍ ചേര്‍ന്നു. കോളേജിലെ ആദ്യ ദിവസം തന്നെ ഞാന്‍ കാത്തിരുന്ന ആ നോട്ടീസുമായി പ്യൂണ്‍ ചേട്ടന്‍ വന്നു ക്രിക്കറ്റ് ടീമില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവര്‍ വൈകുന്നേരം ഗ്രൗഡില്‍ എത്തുക എന്ന്. വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു ഒരോട്ടമായിരുന്നു ഗ്രൗണ്ടിലേക്ക്. കോച്ചിനെ കാത്തുള്ള ആ നില്‍പ്പ് ഇന്നും ഓര്‍മ്മയുണ്ട്, ആദ്യമായി  ടി.വി.യില്‍ ക്രിക്കറ്റ് കളിയില്‍ മാത്രം കണ്ട സ്റ്റിച്ച് ബോള് കൈ കൊണ്ട് തൊട്ട അവിസ്മരണീയമായ നിമിഷവും .

ആ വർഷം തന്നെ യൂണിവേഴ്‌സിറ്റി ടീമിലും സ്റ്റേറ്റ് ടീമിലുമൊക്കെ സെലക്ഷന്‍ കിട്ടി. ആദ്യമായി കേരളത്തിന് വേണ്ടി കളിക്കാനിറങ്ങിയതിന്റെ സന്തോഷം ഒന്ന് വേറെ തന്നെ ആയിരുന്നു. ഡിഗ്രി കഴിഞ്ഞു കളി നിര്‍ത്തേണ്ടി വരുമോ എന്ന് പേടിച്ചാണ് പി.ജി പഠിക്കാന്‍ തീരുമാനിച്ചത് ബി.സി.എം. കോളേജില്‍ എം.എ.ഇംഗ്ലീഷ് ലിറ്ററേചര്‍ ഇല്ലാത്തത്  കൊണ്ട് എറണാകുളം സെന്റ് തെരേസാസില്‍ ചേര്‍ന്നു.

അങ്ങനെ തുടര്‍ച്ചയായി ആറ് വർഷം  കേരളം ടീമില്‍ കളിച്ച ഞാന്‍ എന്റെ കാലഘട്ടത്തിലെ മറ്റു കളിക്കാരെ പോലെ കല്യാണത്തിനോട് കുടി ക്രിക്കറ്റിനോട് സലാം പറഞ്ഞു. ആ സമയത്ത് നമ്മുടെ നാട്ടില്‍ വനിതാ ക്രിക്കറ്റിനു അത്രയുമേ പ്രചാരം ഉണ്ടായിരുന്നുള്ളു. വനിതാ ക്രിക്കറ്റ് ടീം ഉണ്ടെന്നു പോലും പലര്‍ക്കും അറിയില്ലായിരുന്നു അവസരങ്ങളും കുറവായിരുന്നു. ക്രിക്കറ്റ് കളിയ്ക്കാന്‍ പോകുന്ന പെണ്‍കുട്ടികളെ പരിഹസിക്കുന്ന ആളുകളായിരുന്നു കുടുതലും. രാവിലെ അവള്‍ കുട്ടിയും കോലുമായി ഇറങ്ങിക്കോളും എന്നും വെയില് കൊണ്ട് നടന്നിട്ട് എന്ത് നേടി എന്നൊക്കെ  എന്നോട് തന്നെ പലരും പറഞ്ഞിട്ടുണ്ട്. അവര്‍ക്കെല്ലാമുള്ള മറുപടി പതിനൊന്നു വര്ർഷങ്ങൾത്ത് ശേഷമാണ് എനിക്ക് കൊടുക്കാന്‍ സാധിച്ചത്. പോയ വർഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് ഫൈനലില്‍ എത്തിയപ്പോളാണ് അത് സംഭവിച്ചത്.

കല്യാണത്തിന് ശേഷം ജോലിക്കു കയറിയത് മീഡിയയില്‍ ആയിരുന്നു. വാര്‍ത്തകളോട് ഏറ്റവും അടുത്ത നില്‍ക്കുന്നത് കൊണ്ട് തന്നെ വനിതാ ക്രിക്കറ്റ് ടീം ഫൈനലില്‍ കയറിയ വിവരം അറിഞ്ഞയുടന്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആ പോസ്റ്റിന് താഴെ പഴയ ഒരു സഹപാഠിയുടെ കമെന്റ്  കണ്ടു കോളേജ് ഗ്രൗഡില്‍ ബാറ്റ് പിടിച്ചു നില്‍ക്കുന്ന എന്റെ രൂപം അവള്‍ക്കിപ്പോഴും ഓര്മ ഉണ്ടെന്ന്. ഇപ്പോഴും ക്രിക്കറ്റ് തുടര്‍ന്നിരുന്നെങ്കില്‍ ഈ വാര്‍ത്തയില്‍ നിന്റെ പേരും ഞങ്ങള്‍ക്കു വായിക്കാമായിരുന്നു അല്ലെ എന്ന്. 

വര്‍ഷങ്ങള്‍ക്കപ്പുറത്ത് വെള്ളജേഴ്‌സിയണിഞ്ഞു നില്‍ക്കുന്ന എന്നെ അവള്‍ എനിക്ക് കാണിച്ചു തരുന്നതുപോലെ തോന്നി  .ആ കുറിപ്പ് വായിച്ചിട്ടാവാം എന്റെ സഹപ്രവര്‍ത്തകരും മറ്റു മാധ്യമ സുഹൃത്തുക്കളും വിവരമറിഞ്ഞു. അന്ന് ഓഫീസിലെത്തിയപ്പോ RJ രാഘവന്‍ വന്നു ചോദിച്ചു 'ഞങ്ങളുടെ ഇടയില്‍ ഒരു വനിതാ ക്രിക്കറ്റർ ഉണ്ടെന്നുള്ള വിവരം അറിഞ്ഞില്ലല്ലോ എന്ന്'. പിന്നെ കൂടുതല്‍ പേര് വന്നു ഇതേ ചോദ്യം ആവര്‍ത്തിച്ചു അവരുടെയൊക്കെ മുഖത്തു അതിശയമോ ആരാധനയോ ഒക്കെ മിന്നി മറഞ്ഞു. RJ റാഫിയാണെങ്കില്‍  ഒരു പടി കൂടി മേലെ പോയി പുള്ളിയുടെ ഷോയില്‍ ഗസ്റ്റ് ആയി കൊണ്ടിരുത്തി . 

പണ്ട് ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കാലത്ത്  പരിഹാസം മാത്രമാണ് ചുറ്റുമുള്ളവരുടെ മുഖത്തു കണ്ടിരുന്നത് എന്നാല്‍  അതെല്ലാം  ആരാധനയും അതിശയവുമൊക്കെ ആയി  മാറുന്നത് ഞാന്‍ കണ്ടു. മറ്റു മാധ്യമങ്ങളും  ഇന്റര്‍വ്യൂസ് ഒക്കെ പ്രസിദ്ധീകരിച്ചു.  ഇതിനെല്ലാം കാരണം നമ്മുടെ സ്വന്തം മിതാലിയുടെ പുലിക്കുട്ടികള്‍  ലോകകപ്പ്‌ഫൈനലില്‍ എത്തിയതും പിന്നെ നമ്മുടെ മാധ്യമങ്ങളുടെ സ്വാധീനവും.

എന്തായാലും ഇവിടെ ഒരു വനിതാ ക്രിക്കറ്റ് ടീം ഉണ്ടെന്നു എല്ലാരും അറിഞ്ഞല്ലോ ഇനിയെങ്കിലും മകന് ബാറ്റും ബോളും  വാങ്ങുമ്പോള്‍ മകള്‍ക്കും അച്ഛനമ്മമാര്‍ വാങ്ങി കൊടുക്കുമായിരിക്കും. കളി നിര്‍ത്തിയിട്ടു പതിനൊന്നു വർഷങ്ങൾക്ക്  ശേഷം അന്ന് ഗ്രൗണ്ടില്‍ അടിച്ച സിക്‌സറിനേക്കാള്‍  തകര്‍പ്പനൊരു സിക്‌സര്‍ ഈ മുപ്പത്തിമൂന്നാം വയസ്സില്‍ അടിച്ച സന്തോഷത്തില്‍ ആയിരുന്നു അന്ന് ഞാന്‍. എന്നെ പോലുള്ള ഒരുപാടു വനിതാ ക്രിക്കറ്റ്‌റര്‍മാര്‍ക്കു കിട്ടിയ അംഗീകാരം.

content Highlight: Mathrubhumi Women Journalists Write on international women's day 2018