ഗരങ്ങളുടെ ആത്മകഥകള്‍ സ്ത്രീകള്‍ അവരുടെ അനുഭവം കൊണ്ട് പൂരിപ്പിച്ചാല്‍ എങ്ങനെയിരിക്കും? തീര്‍ച്ച, അതൊരിക്കലും പുരുഷന് അറിയുന്ന നഗരമാവില്ല; കഥയാവില്ല.  കൊച്ചി നഗരത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി രാത്രി പണിയെടുക്കുന്ന വ്യക്തിയെന്ന നിലയില്‍, പത്രപ്രവര്‍ത്തക എന്ന നിലയില്‍ നഗരങ്ങളുടെ രാത്രി കഥയില്‍ ഏതാനും കുറച്ച് ഖണ്ഡികള്‍ മാത്രം എഴുതി ചേര്‍ക്കാന്‍ ഞാനിഷ്ടപ്പെടുന്നു.

അധികം മുമ്പല്ല. കൊച്ചി ബ്യൂറോയില്‍ ജോലി കഴിഞ്ഞു വൈപ്പിന്‍ ദ്വീപിന്റെ അറ്റത്തേക്കുള്ള നാട്ടിലേക്ക് അവസാന ബസില്‍ യാത്ര. സ്ത്രീകളുടെ ഇരിപ്പിടങ്ങളെല്ലാം പുരുഷന്‍മാര്‍ കയ്യടക്കിയിരിക്കുന്നു. തുറിച്ചുനോട്ടങ്ങള്‍. മദ്യം മണക്കുന്ന യാത്ര. നാടത്തെുമ്പോള്‍ ബസില്‍ കുറച്ചുപേര്‍ മാത്രം. പിന്നാലെ കൂടിയ ഒരാള്‍ ഞാനിറങ്ങുമ്പോള്‍ ഒപ്പം ചാടിയിറങ്ങുന്നു. റോഡ് മുറിച്ച് കടക്കുമ്പോള്‍ അയാളും പിന്നാലെ. ഇരുട്ടിന്റെ അങ്ങേതലക്കല്‍ നില്‍ക്കുന്ന അച്ഛന്റെ അടുത്തത്തെും വരെ അയാളുടെ ശ്വാസഗതി എനിക്ക് കേള്‍ക്കാവുന്നത്രയും അടുത്ത്. ആളെ കണ്ടതുകൊണ്ടാവണം അയാള്‍ പിന്നാലെ വരുന്നതുനിര്‍ത്തി. പിന്നെ, എതിര്‍ദിശയിലേക്ക് വന്ന ബസില്‍ കയറി അയാള്‍ മടങ്ങി. നാട്ടുകാരനല്ലാത്തയാള്‍ എന്തിനാണ് ഞാനിറങ്ങിയയിടത്ത് തന്നെ ഇറങ്ങി പുറകേ കൂടിയത്? 

പിന്നാലെ വന്ന അയാള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.  രാത്രി ആരുടേതാണ്? എതാണ് അ'സമയം'? അയാള്‍ മാത്രമായിരിക്കില്ല, പലപ്പോഴും സ്ത്രീകള്‍ സ്വയം ചോദിക്കാറുള്ളതാണ് ഈ ചോദ്യം.  ഭരണഘടനാപരമായി തുല്യ അവകാശങ്ങള്‍ പങ്കുവയ്ക്കപ്പെടേണ്ട സ്ത്രീക്ക് രാത്രി എങ്ങനെ 'അസമയ'മാകും? പുരുഷന്‍മാരും പൊലീസ് അടക്കമുള്ള പുരുഷ അധികാരങ്ങളും  കയ്യടക്കിവച്ച നഗരത്തിന്റെ  രാത്രി സുഖകരമായ അനുഭവമല്ല. ഭയം നിങ്ങളെ വല്ലാതെ വരിഞ്ഞുമുറുകും. ഏത് സമയവും നീണ്ടുവരാവുന്ന കൈയെപ്പറ്റിയും ചാടിവീഴാവുന്ന ഒരു അക്രമിയെപ്പറ്റിയുമുള്ള ചിന്ത നമ്മുടെ തന്നെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും. 

കൈകാണിച്ചാലും നിര്‍ത്താത്ത സര്‍ക്കാര്‍ ബസുകള്‍, കൈകാണിക്കാതെ തന്നെ  അടുത്തുവന്നു നിര്‍ത്തുന്ന ബൈക്ക് യാത്രികര്‍, രാത്രി ബസില്‍ കറയുമ്പോള്‍ നീണ്ടുവരുന്ന കൈകള്‍, ഉറക്കം നടിച്ച് ദേഹത്തേക്കുള്ള കുഴഞ്ഞു വീഴലുകള്‍, ഒറ്റക്കാണെങ്കില്‍ പോരുന്നോ എന്ന് കാതിനടുത്തുവന്നുള്ള അശഌല പറച്ചില്‍, ദ്വയാര്‍ത്ഥത്തിലുള്ള ചില പുരുഷ തമാശകള്‍, കണ്ണിമചിന്നാതെയുള്ള തുറിച്ചുനോട്ടങ്ങള്‍ ഇതെല്ലാം കടന്നുവേണം രാത്രയില്‍ ഒരോ സ്ത്രീയുംപോകാന്‍. നഗരത്തില്‍ തന്നെ വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുമ്പോള്‍ ഇടവഴി നിറഞ്ഞ് നിന്ന് ഉടുമുണ്ട് ഉയര്‍ത്തിക്കാണിക്കുന്ന വൃദ്ധനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ അറപ്പാണ്. ഭര്‍ത്താവിന്റെ ഒപ്പം സ്‌കൂട്ടറില്‍ മടങ്ങുമ്പോഴും പിന്നാലെ ഇരപ്പിച്ചുവന്ന ബൈക്കുകാര്‍ പറഞ്ഞ ചില വാക്കുകള്‍ ഇപ്പോഴും ഓക്കാനമുണര്‍ത്തുന്നു. തീയേറ്ററിലെ സെക്കന്‍ഡ്‌ഷോക്കിടയിലും നീണ്ടുവരുന്ന  ഒരു കാല്‍. യാത്രകഴിഞ്ഞ് തട്ടുകടയില്‍നിന്ന് ഭക്ഷണം കഴിക്കുന്ന നേരം അടുത്തുവന്ന പയ്യനും ചോദിക്കുന്നു 'ഇന്നത്തെ ദിവസം മോശമായിരുന്നോ?'.

രാത്രി ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക്  ഉളള മടക്കം. ഇരുട്ടില്‍ വാഹനത്തില്‍ ഒരു സ്ത്രീയെ കാണുമ്പോള്‍ വഴിയിലെ പുരുഷന്‍ 'ചിലതെല്ലാം' ഉറപ്പിച്ചിരിക്കുന്നു. പിന്നെ പിന്തുടരലായി. വാഹനത്തിലേക്ക് എത്തിനോക്കലായി. യാത്രതന്നെ അസഹീനമായ അനുഭവമാക്കിമാറ്റാന്‍ ഇത്തരം ചെറിയ പുരുഷ നീക്കങ്ങള്‍ മാത്രം മതി. രാത്രിയില്‍ നിന്ന് സ്ത്രീയെ ആട്ടിയോടിക്കാന്‍ ഇതു തന്നെ ധാരാളം. കൊച്ചിപോലുള്ള നഗരത്തില്‍ ഇന്ന് കൂടുതല്‍ സ്ത്രീകള്‍ രാത്രിയില്‍ തൊഴിലെടുക്കുന്നുണ്ട്. അതുതന്നെ രാത്രിയെക്കുറിച്ചുള്ള പുരുഷ ബോധങ്ങളും മാറ്റേണ്ടതാണ്. സ്ത്രീ സൗഹൃദം എട്ടിലെ പശു മാത്രമല്ല. കൊച്ചിയുടെ രാത്രി കഥകള്‍ എത്രമാത്രം സ്ത്രീവിരുദ്ധമാണെന്നതിന് തസ്‌നിബാനു മുമ്പ് നേരിട്ട അതിക്രമം വിളിച്ചുപറഞ്ഞു. രാത്രി ഒറ്റക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പോയ പത്രപ്രവര്‍ത്തകയ്ക്ക് പൊലീസില്‍ നിന്നാണ് രക്ഷ നേടേണ്ടിയിരുന്നത്. രാത്രി പലവട്ടം ആക്രമിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹവും നഗരത്തിന്റെ പുരുഷ മുഖം വ്യക്തമാക്കി. 

എന്തുകൊണ്ട് നിങ്ങള്‍ അനീതിയെ എതിര്‍ക്കുന്നില്ല? ചോദ്യം ഉയരുക പുരുഷനില്‍ നിന്ന് തന്നെയാണ്. സാദ്ധ്യമാകുന്ന പ്രതികരണങ്ങള്‍ നടത്തിയെന്ന് അവരോട് മറുപടി പറയാം. പക്ഷേ, ഇത് പുരുഷന്റെ ലോകമാണ്. രാത്രി പൂര്‍ണമായും അവന്റെ അധികാരത്തിന് കീഴിലാണ്. അവിടെ പല ശബ്ദങ്ങളും മുങ്ങിപ്പോവും. രാത്രി അ'സമയ'മല്ലെന്നും അത് സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമെല്ലാം അവകാശപ്പെട്ടതാണെന്നും തിരിച്ചറിയുമ്പോള്‍ മാത്രമാകും മോചനം. അപ്പോള്‍ മാത്രമാകും നഗരത്തിന് പുരുഷന്റേതല്ലാത്ത ആത്മകഥയെഴുതാനും ആകുക.

Content Highlight: Mathrubhumi Women Journalists Write