അമ്മ ഓഫീസില്‍ പോകുമ്പോ  ഇന്നു ഞാന്‍ കരയില്ലാട്ടോ, നല്ല കുട്ടിയായിരിക്കും. ഓഫീസിലേക്കു പുറപ്പടുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പേയുളള ആശ്വസിപ്പിക്കലാണ്. അതു കേള്‍ക്കുമ്പോഴേ  നെഞ്ചിടിപ്പ് കൂടും. വരാനിരിക്കുന്നത് വലിയൊരു സങ്കടക്കടലാണ്. എനിക്കും അവള്‍ക്കും അതറിയാം. പക്ഷേ വെറുതേ ഒരാശ്വസിപ്പിക്കല്‍. ഇത് എന്റെ ഒരാളുടെ മാത്രം കാര്യമല്ല. ഡെസ്‌കില്‍ ജോലി ചെയ്യുന്ന കുഞ്ഞുമക്കളുളള മുഴുവന്‍ അമ്മമാരും ഇത്തരം സങ്കടക്കടലിലൂടെയാകും വീട്ടില്‍നിന്നിറങ്ങുക. കരച്ചില്‍ നിര്‍ത്തിയോ എന്ന് പല തവണ ഫോണില്‍ വിളിച്ച് ചോദിക്കും. അവിടെ ഫോണ്‍ബെല്ലടിക്കുമ്പോഴേ  കരച്ചില്‍ചിലപ്പോ ഏങ്ങലടികളോ വിതുമ്പലുകളോ ഒക്കെയാകും.അതറിയാഞ്ഞിട്ടല്ല പക്ഷേ കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്ന കുഞ്ഞുമുഖം.രാത്രിയില്‍ ഉറങ്ങാന്‍ നേരം അമ്മയുടെ മണവും നെഞ്ചിലെച്ചൂടും ഒക്കെ നഷ്ടമായിപ്പോകുന്ന കുഞ്ഞുങ്ങള്‍.

കുഞ്ചി എന്നും കുഞ്ചു എന്നും വിളിക്കുന്ന ഞങ്ങളുടെ മകളും ഈ വിഷമഘട്ടം താണ്ടിയിട്ടുണ്ട്. അല്ലെങ്കില്‍ ഇന്നിപ്പോള്‍ അതവള്‍ക്കൊരു ശീലമായി മാറിക്കഴിഞ്ഞു. ഇന്നത്തെ എട്ടു വയസുകാരിക്ക് ടാറ്റാ പറഞ്ഞ് ഉമ്മ തരുമ്പോള്‍ കണ്ണു നിറയാറില്ല. അവള്‍ക്ക് ഇപ്പോള്‍ അവളുടേതായ കളികളും ഇഷ്ടങ്ങളുമുണ്ട്.പക്ഷേ നാല് വര്‍ഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി .ഭര്‍ത്താവിന് ജോലി കോഴിക്കോട്ടേക്കായി. അമ്മ അടുത്തില്ലാത്ത കുഞ്ഞ് അച്ഛന്റെ നെഞ്ചില്‍ കിടന്നാണുറങ്ങിയിരുന്നത്. പെട്ടന്ന്‌ രാത്രിയില്‍ അച്ഛനും കൂടി അടുത്തില്ലാതായത് കുഞ്ഞു മനസിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. കുഞ്ഞിനെ നോക്കാന്‍ സഹായിയായെത്തിയ ചേച്ചിയുമായി വളരെ വേഗം അടുത്തെങ്കിലും വൈകുന്നേരമാകുന്നതോടെ കുഞ്ഞ് കരച്ചില്‍ തുടങ്ങും. പിന്നെ കരച്ചിലിനിടയില്‍ കൂടിയാണ് ചോദ്യങ്ങള്‍, അമ്മ എപ്പഴാ പോണേ, ഇപ്പോ പോകുവോ. അച്ഛനെപ്പഴാ വരണേ അങ്ങനെയങ്ങനെ....

കുഞ്ഞിനെ നോക്കാനെത്തിയ ചേച്ചിയും വല്ലാതെ വിഷമിച്ചു. ഞാന്‍ ഓഫീസിലേക്കു പോരുമ്പോള്‍ തുടങ്ങുന്ന കരച്ചില്‍ അവസാനിപ്പിക്കാന്‍ ചേച്ചി ഏറെ വിഷമിച്ചു.രാത്രി വൈകിയിട്ടും നിര്‍ത്താതാകുമ്പോള്‍ ചേച്ചി വിളിക്കും, മോളേ വന്നിട്ടു പോകാമോന്ന്. ചിലപ്പോ കുഞ്ഞു തന്നെ വിളിക്കും. അമ്മേ എനിക്കിപ്പം കാണണം.കരച്ചിലിനിടയില്‍ പറഞ്ഞൊപ്പിക്കും. 

ഓഫീസില്‍ നിന്ന് നിന്ന് നടന്നെത്താവുന്ന ദൂരത്താണ് വീട്. പിന്നെ വീട്ടിലേക്കൊരോട്ടമാണ് 10 മണിക്കും 11മണിക്കുമൊക്കെ വീട്ടിലേക്കോടിയിട്ടുണ്ട്. എന്നെ കാണുമ്പോഴ കരച്ചിലിന്റെ അണക്കെട്ടു പൊട്ടും. ആശ്വസിപ്പിച്ച് കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് തിരിച്ച് ഓഫീസിലേക്കൊരോട്ടം. ഭര്‍ത്താവ് കോഴിക്കോട്ടേക്ക് പോയ ആദ്യ കുറേ ദിവസങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. പിന്നെപ്പിന്നെ മറ്റു വഴിയില്ല എന്നു അവളുടെ കുഞ്ഞു മനസും അംഗീകരിച്ചു. ചേച്ചിയുമായി കൂട്ടു കൂടി. എന്നെ ചിരിച്ചുകൊണ്ട് യാത്രയാക്കി. രാത്രിയില്‍ ചേച്ചിയെ കെട്ടിപ്പിടിച്ചുറങ്ങി.വാരാന്ത്യങ്ങളില്‍ അച്ഛന്റെ വരവും കാത്തിരുന്നു.

രാത്രിയില്‍ വീട്ടിലെത്തുമ്പോ കാണുന്നത് ഞാന്‍ വീട്ടില്‍ പകലുപയോഗിച്ചിരുന്ന കുപ്പായം  എടുത്ത് കയ്യില്‍ ചുരുട്ടിപ്പിടിച്ച് മുഖത്തോടു ചേര്‍ത്തുവെച്ചുറങ്ങുന്ന മോളെയാണ്.അതു കാണുമ്പോ നെഞ്ചു പിടയും. എന്റെ അസാന്നിധ്യം മറികടക്കാന്‍  അവള്‍ തന്നെ കണ്ടു പിടിച്ച വഴി. ഒരിക്കല്‍ ചോദിച്ചപ്പോ പറഞ്ഞു, ആ ഉടുപ്പിന് അമ്മേടെ മണോണ്ടല്ലോ, അതോണ്ടാന്ന്‌..

Content highlight: Mathrubhumi Women Journalists Writes on international women's day 2018