ജീവിതത്തില്‍ നമ്മള്‍ ഒരുപാട് സ്ത്രീകളെ കാണും. അമ്മ, മുത്തശ്ശി, വെല്യമ്മ, ചെറിയമ്മ, അമ്മായി, ചേച്ചി, അനിയത്തി, അമ്മായിയമ്മ, മരുമകള്‍, മകള്‍, പേരക്കുട്ടി തുടങ്ങിയ കുടുംബാംഗങ്ങള്‍ നമ്മെ സ്വാധീനിക്കും. അയല്‍ക്കാരി മുതല്‍ ഓഫീസ് മേധാവി വരെയുള്ളവരെ വീടിനു പുറത്തും പരിചയപ്പെടും. അവരില്‍ പലരിലേക്കും പരകായപ്രവേശം ചെയ്യാന്‍ ആഗ്രഹിക്കും. പലപ്പോഴും അക്കരെ പച്ചയാണെന്നും അറിയാം. എനിക്ക് അങ്ങനെയാകാന്‍ ഒരവസരം കിട്ടിയാല്‍ ഊര്‍മിള ടീച്ചറാകും.

ഞാന്‍ കരഞ്ഞു കൊണ്ട് സ്‌കൂളില്‍ ചേരാനെത്തിയപ്പോള്‍ എന്നെ എടുത്തു കൊണ്ടു പോയി എല്‍.കെ.ജി.യില്‍ ഇരുത്തി. അന്ന് അമ്മയേ കാണണമെന്ന് പറഞ്ഞു ബഹളം വെച്ച എന്നോട് 'നോക്കൂ മോളേ, ഞങ്ങള്‍ക്ക് കുട്ടികളെ ഇഷ്ടമുള്ളൂ അമ്മമാരെ ഇഷ്ടമല്ല' എന്നു പറഞ്ഞാശ്വസിപ്പിച്ചു.

അമ്മ മക്കളോടെന്ന പോലെയാണ് ടീച്ചര്‍ സ്‌കൂളിലെ കുട്ടികളോട് പെരുമാറുന്നത്. ചൂരല്‍ അപൂര്‍വമായേ അവരുടെ കൈയില്‍ കണ്ടിട്ടുള്ളൂ. അടിയ്ക്കുന്നത് ഓര്‍മയേയില്ല. സ്‌നേഹത്തോടെ ശാസിക്കുക മാത്രം ചെയ്യും.

പ്ലസ്ടു കഴിഞ്ഞു വിദ്യാലയത്തോട് യാത്ര പറഞ്ഞപ്പോള്‍ അവര്‍ എന്നെ കൈവീശി യാത്രയാക്കി. പഠിപ്പിച്ചില്ലെങ്കിലും സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലായായിരുന്ന് ഓരോ വിദ്യാര്‍ഥിയേയും പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവരുടെയും പേരറിയാം. അതു കൂടാതെ അവരുടെയെല്ലാം വീട്, നാട്, കുടുംബം തുടങ്ങിയ വിവരങ്ങളും കാണാപാഠമാണ്. എത്ര വര്‍ഷം കഴിഞ്ഞാലും മറക്കുകയുമില്ല. അതുകൊണ്ടു തന്നെ ടീച്ചറോട് സംസാരിക്കുന്ന ഏതു കുട്ടിക്കും തോന്നും അവനോ അവളോ ആണ് ഏറ്റവും പ്രിയ വിദ്യാര്‍ഥിയെന്ന്. ഇതെഴുതുമ്പോള്‍ എന്റെ ജോലിയേയും മാതാപിതാക്കളെയും കുറിച്ച് അന്വേഷണവുമായി ടീച്ചറുടെ മെസേജ് മൊബൈലില്‍ മിന്നിമാഞ്ഞു.

സമ്പന്നമായ ഒരു കുടുംബത്തില്‍ ജനിച്ചിട്ടും സാധാരണക്കാരിയായി കഴിയുന്നു.  നാല്‍പ്പതു വര്‍ഷത്തിലേറെയായി അധ്യാപനരംഗത്തുള്ള ടീച്ചറുടെ അഭിപ്രായത്തില്‍ തന്റെ ഏറ്റവും മൂല്യമേറിയ ധനം വിദ്യാര്‍ഥികളാണ്.

ഇന്നും ആ സ്‌കൂളിന്റെ വെളിച്ചം ഊര്‍മിള ടീച്ചറാണ്. ഞാന്‍ ആ പടിയിറങ്ങിയിട്ട് പതിമൂന്നു വര്‍ഷമായി. ഇപ്പോഴും തിരിച്ചവിടെ കയറിച്ചെല്ലുമ്പോള്‍ അപരിചിതത്വത്തിന്റെ മേലാപ്പ് അണിയേണ്ടി വരാറില്ല. അതിനു കാരണം ആ അധ്യാപികയുടെ സാന്നിധ്യമാണ്. കയ്‌പേറെ കുടിച്ചൊരു ജന്‍മമാണ്  അവരുടേത്.  പക്ഷേ, നമ്മളോടുള്ള പുഞ്ചിരി കണ്ടാല്‍ നമുക്ക് തോന്നും അവര്‍ ആ നിമിഷമാണ് ഏറ്റവും സന്തോഷമനുഭവിക്കുന്നതെന്ന്. തീര്‍ച്ചയായും അവരുടെ കീഴില്‍ പഠിച്ചവരെല്ലാം ആഗ്രഹിക്കും അത്തരമൊരു 'ടീച്ചറമ്മ'യാകാന്‍... Simply Bold and Beautiful!!!

content Highlight: Mathrubhumi Women Journalists Write international women's day 2018​