മീന്‍ പിടിത്തമെന്നാല്‍, പ്രത്യേകിച്ച് തോട്ടില്‍ നിന്നും മീന്‍ പിടിക്കുന്ന പണി ആണുങ്ങള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. എന്റെ സമകാലികരെ എല്ലാവരെയും പോലെ ഞാനും അങ്ങനെ തന്നെ വിശ്വസിച്ചു. തോട്ടില്‍ നിന്നും തോര്‍ത്തിലോ മുണ്ടിലോ പിടിച്ച പൊടിമീന്‍ 'പീര പറ്റിച്ചെടുത്ത് ' (തോരന്‍ വെച്ചെടുത്തത്) തോടിനരുകിലെ പറമ്പില്‍ നിന്നും മാന്തിയെടുത്ത കപ്പ പുഴുങ്ങിയതും ചേര്‍ത്ത് കഴിക്കുന്ന കഥകള്‍ ചേട്ടന്‍മാര്‍ പറഞ്ഞു കേട്ടിരുന്നു. സാമാന്യം ഭേദപ്പെട്ട മീന്‍ കൊതിച്ചിയായിരുന്നതിനാല്‍ തോടും മീനും എന്റെ ബാല്യകാലത്തെ എന്നുമങ്ങനെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. 

ചെട്ടികുളങ്ങരയിലെ എന്റെ സ്‌കൂള്‍ കാലം ഇത്തരം ചേട്ടന്‍കഥകളാല്‍ സമ്പന്നമായിരുന്നു. ഞങ്ങള്‍ ചെറിയ പെണ്‍കുട്ടികളെ കണ്ടാല്‍ തീരെ 
ഗൗനിക്കാതെ കടന്നു പോയിരുന്ന കൗമാരക്കാരായ ആണ്‍കുട്ടികളെ ഞങ്ങള്‍ പക്ഷെ അല്‍പം ബഹുമാനത്തോടെ നോക്കിക്കണ്ടു. അതേസമയം ചേച്ചിമാരുടെ പേരു കൂട്ടിച്ചേര്‍ത്ത് സ്‌കൂള്‍ ഭിത്തികളിലെഴുതിക്കണ്ട ആണ്‍പേരുകളെ എന്തിനോ നിശബ്ദമായി ഭയപ്പെടുകയും ചെയ്തു.

ഇനി കഥയിലേക്കു വരാം. ഞാന്‍ പഠിച്ച സ്‌കൂളിനു പുറകിലുമുണ്ടായിരുന്നു ചെറിയൊരു തോട്. പല കുട്ടികളും ആ തോട് മുറിച്ചു കടന്ന് സ്‌കൂളില്‍ വരും, അത്  എളുപ്പവഴിയാണ്. സാധാരണ തോട് നമുക്ക് പ്രിയതോഴിയായിരിക്കുമെങ്കിലും മഴ വന്നാല്‍ പിന്നെ കാര്യം മാറും, അത്യാവശ്യം കരുത്തോടെ ഒഴുകി അത് നമ്മളെ പേടിപ്പിച്ചു കളയും. 

ഞാനന്ന് ആറാം ക്ലാസിലാണ്. ഉച്ചയൂണും കറി പങ്കുവക്കലും ചോറ്റുപാത്രം കഴുകലുമൊക്കെ അക്കാലത്ത് ആഘോഷമായിരുന്നു. ആവശ്യത്തിനു പൈപ്പും 
വെളളവും സ്‌കൂളിലുണ്ടെങ്കിലും അതൊന്നും പോര ഉച്ചയ്ക്ക് പാത്രം കഴുകാന്‍. സ്‌കൂളിനടുത്ത വീട്ടിലെ കിണര്‍, പൊതുടാപ്പ്, പിന്നെ മേല്‍പ്പറഞ്ഞ തോട് എന്നിവയൊക്കെ ഞങ്ങളുടെ ചോറ്റുപാത്രങ്ങളെ ഊഴമിട്ട് വൃത്തിയാക്കിക്കൊണ്ടിരുന്നു. ഇതിനൊക്കെ പുറമെ പിണക്കം തീര്‍ക്കാനും ഇണങ്ങാനുമൊക്കെയുള്ള വേദികളുമായിരുന്നു സ്‌കൂളിനു പുറത്തെ ഇത്തരം ജലസ്രോതസ്സുകള്‍.

സ്‌കൂളില്‍ നിന്ന് തോട്ടിലേക്കിറങ്ങാന്‍ ആണ്‍വഴിയും പെണ്‍വഴിയുമുണ്ട്. ആണ്‍കുട്ടികള്‍ തോട്ടിലിറങ്ങുന്ന വഴിയില്‍ ഒരിക്കലും പെണ്‍കുട്ടികള്‍ വരാറില്ല, തിരിച്ചും അങ്ങനെത്തന്നെ  അതൊരു എഴുതപ്പെടാത്ത കരാറാണ്. പെണ്‍വഴിയില്‍ പാത്രം കഴുകാന്‍ വരുന്ന കുട്ടികള്‍ വെള്ളത്തോട് അധികം കമ്പനി കൂടാതെ പാത്രം കഴുകി വേഗം പോകും. എന്നാല്‍ ആണ്‍പിള്ളേര്‍ പലരും തോട്ടിലെ ചെറിയ മീനുകളെ വരുതിയിലാക്കാന്‍ ശ്രമം നടത്തും.

മഴക്കാലം മാറിയെങ്കിലും തോട്ടില്‍ നല്ല ഒഴുക്കു നിലനില്‍ക്കുന്നൊരു ദിവസം. അഞ്ചോ ആറോ പെണ്‍കുട്ടികളടങ്ങുന്ന സംഘം അന്ന് പാത്രം വെളുപ്പിക്കാന്‍ തോടിനെ തെരഞ്ഞെടുത്ത് പെണ്ണിടത്തിലെത്തി. ലക്ഷ്മിയായിരുന്നു എന്റെ അടുത്ത കൂട്ടുകാരി. നഴ്‌സറിക്കാലം മുതലേ കൂടെയുള്ളതിനാല്‍ കരുത്തുറ്റ ബന്ധമാണ്. 

കൂട്ടത്തില്‍ നടക്കുമ്പോഴും ഞങ്ങളുടെ മാത്രം രഹസ്യങ്ങളും കോഡുകളും കൈമാറിയാണ് യാത്രകള്‍. പാത്രം കഴുകിക്കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കൊരാഗ്രഹം ' ഒന്നു മീന്‍ പിടിച്ചാലോ? ' ആ ചിന്ത എന്റെയുള്ളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞു 'ഫെമിനിസ്റ്റിനെ' ഉണര്‍ത്തി.

'എന്നും ചേട്ടന്‍മാര്‍ മാത്രം മീന്‍ പിടിച്ചാല്‍ മതിയോ, എന്തു കൊണ്ട് ..... എന്തു കൊണ്ട് എനിക്കും ചെയ്തു കൂടാ? '

അങ്ങനെ ചോറ്റുപാത്രം വെള്ളത്തിനടിയില്‍ പിടിച്ച് മീനുകള്‍ക്കായി കാത്തിരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ ആവേശം കണ്ടപ്പോള്‍ ചുറ്റുമുള്ളവരും പ്രോത്സാഹിപ്പിച്ചു. സമയം കടന്നു പോയി. നിമിഷങ്ങളുടെ ഇടവേളയില്‍ ഞങ്ങളുടെ പാത്രത്തില്‍ ഒരോ പൊടിമീനുകള്‍ കുടുങ്ങി. ഹോ ! ഏതെങ്കിലും വിഷയത്തിന് ഫുള്‍മാര്‍ക്ക് കിട്ടിയാല്‍പ്പോലും ഇത്ര സന്തോഷമുണ്ടാകില്ല. ഞങ്ങള്‍ സന്തോഷം കൊണ്ട് ചിരിച്ചാര്‍ത്തു ..... മീന്‍വേട്ട തുടര്‍ന്നു. നീലപ്പാവാട യൂണിഫോം നനഞ്ഞതൊന്നും വിഷയമായില്ല.

ഉച്ചനേരത്തെ ഇടവേള കഴിഞ്ഞ് ക്ലാസ് തുടങ്ങാറായി. മറ്റു കുട്ടികള്‍ കളി നിര്‍ത്തി പോകാനൊരുങ്ങി ...... ഞങ്ങളെയും വിളിച്ചു. എന്നാല്‍ ഇതിനകം പ്രൊഫഷണലായി മാറിയ ലക്ഷ്മിയും ഞാനും ചെവിക്കൊണ്ടില്ല. പിടിച്ച മീന്‍ എങ്ങനെ ഭദ്രമായി വീടുകളിലെത്തിക്കാം എന്നായിരുന്നു ചിന്ത. രാവിലെ പഠിക്കാന്‍ വിട്ട മകള്‍ വൈകിട്ട് മീനും കൊണ്ട് ചെന്നാല്‍ അമ്മ വഴക്കു പറയുമെന്നുറപ്പാണ്. എന്നാലും വേണ്ടില്ല, ഒരു സാഹസികതയുടെ ശേഷിപ്പായി മീന്‍ വീട്ടിലെത്തിയിരിക്കണം.

കൂട്ടുകാര്‍ ഓടിമറഞ്ഞു. ഞങ്ങള്‍ തനിച്ചായി. ആണ്‍വഴിയില്‍ പോലും ആളില്ല. അങ്ങനെ നില്‍ക്കുമ്പോള്‍ ഞങ്ങളുടെ മനസ്സിന്റെ കരുത്തു ചോര്‍ന്നു തുടങ്ങി. പെട്ടെന്ന് വെള്ളം വന്നുലച്ചു. പരസ്പരം പറഞ്ഞില്ലെങ്കിലും തീരുമാനിച്ചു  ഇനി നിന്നാല്‍ ശരിയാകില്ല. ഒഴുകി പോകാതിരിക്കാന്‍ കൈ കോര്‍ത്തു പിടിച്ച് ഞങ്ങള്‍ കരയ്ക്കു കയറി. 

വേദനയോടെ പറയട്ടെ, കയറുന്നതിനിടയില്‍ രണ്ടു പേരുടെയും കൈയില്‍ നിന്നും മീനുകളെ നഷ്ടപ്പെട്ടിരുന്നു. സര്‍വ ശക്തിയുമെടുത്ത് ഓടി ക്ലാസിലെത്തി. അവിടെ ചെന്നപ്പോള്‍ അന്തരീക്ഷം പന്തിയല്ല. സാറാമ്മ ടീച്ചറുടെ(ക്ലാസ് ടീച്ചറാണ്) മാത്‌സ് പിരീഡാണ്. രണ്ടു പെണ്‍കുട്ടികള്‍ 'മിസിങ് ' ആണെന്നറിഞ്ഞ് ടീച്ചറുണ്ട് കാത്തു നില്‍ക്കുന്നു. പൊതുവെ സ്‌നേഹവാത്സല്യമുള്ള ടീച്ചറുടെ മുഖത്ത് ദേഷ്യം കത്തി ജ്വലിച്ചു. 

ചോദ്യം ചെയ്യലില്‍ ഞങ്ങള്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ മീന്‍പിടിത്തത്തിന്റെ കാര്യം പറഞ്ഞില്ല, പോയത് പാത്രം കഴുകാന്‍ മാത്രം. നനഞ്ഞ നീലപ്പാവാടയും ചേര്‍ത്തു കാലില്‍ ചൂരലിനടിക്കുമ്പോള്‍ ടീച്ചര്‍ പറയുന്നതു കേട്ടു ' എന്തെങ്കിലും പറ്റിപ്പോയിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നെടോ? ' ശാസനയില്‍ ഒളിഞ്ഞിരിക്കുന്ന കരുതല്‍ അറിഞ്ഞപ്പോള്‍ എനിക്കല്‍പ്പം വിഷമം തോന്നി. ക്ലാസിലാകെ നിശബ്ദതയായിരുന്നു. അലമ്പന്‍മാര്‍ പോലും കൂട്ടുകാരികള്‍ക്ക് അടി കിട്ടിയതു കണ്ട് ദു:ഖിച്ചു.
 
അന്തരീക്ഷം അയഞ്ഞു. ഞങ്ങള്‍ നനഞ്ഞ വസ്ത്രവുമായി അടുത്തടുത്ത സീറ്റിലിരുന്നു. ആകെ അസ്വസ്ഥത. ക്ലാസ് കഴിയുന്നതു വരെ ഞാനും ലക്ഷ്മിയും ഒരക്ഷരം മിണ്ടിയില്ല. ദേഷ്യമടങ്ങിയ സാറാമ്മ ടീച്ചര്‍ പതിവു പ്രസന്നതയോടെ ക്ലാസ് വിട്ടിറങ്ങി. ടീച്ചര്‍ പോയതും കൃത്യം ഒരേ സമയത്ത് പറഞ്ഞു വെച്ചതു പോലെ ഞങ്ങള്‍ പരസ്പരം നോക്കി. തമ്മില്‍ ഒന്നും പറഞ്ഞില്ല, പക്ഷെ സ്വയമറിയാതെ ഇരു ചുണ്ടുകളിലും പുഞ്ചിരി വിരിഞ്ഞു.

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. തോടിന്റെ സ്ഥിതി ഇപ്പോഴെന്താണെന്ന് അറിയില്ല. ലക്ഷ്മി ഗൃഹസ്ഥയായി സന്തോഷത്തോടെ ജീവിക്കുന്നു. ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും ഒരു കാര്യം തീര്‍ച്ചയാണ്  സാറാമ്മ ടീച്ചര്‍ വഴക്കു പറഞ്ഞതിന്റെ വിഷമത്തെക്കാളും നനഞ്ഞ പാവാടയുടെ അസ്വസ്ഥതയെക്കാളും ചൂരലടിയുടെ നൊമ്പരത്തേക്കാളും മേലെ നിഗൂഢമായൊരു ആനന്ദമോ അഭിമാനമോ ഞങ്ങളുടെ ചിരികള്‍ക്കുള്ളിലുണ്ടായിരുന്നു. ഫെമിനിസ്റ്റ് ചിരി എന്നൊന്നുണ്ടെങ്കില്‍ ഇത് അതുതന്നെയല്ലേ? 

Content Highlights: International Women's Day 2018, Mathrubhumi Women Journalists Write