നുഭവങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ലെങ്കിലും ഇപ്പോള്‍ പറയാനുദ്ദേശിക്കുന്നത് ഒരു സംഭവകഥയാണ്! 'അറം പറ്റുക' എന്ന വാക്കിന്റെ അര്‍ത്ഥം അനുഭവിച്ചറിഞ്ഞ ഒരു സന്ദര്‍ഭം! 'അറം പറ്റുക' എന്ന വാക്കിന് ഒരു വശപിശകുണ്ടോ? ഉണ്ടെങ്കില്‍ ഈ സംഭവത്തിലിതുവരെ അതൊരു വശപ്പിശകായി മാറിയിട്ടില്ല എന്ന സത്യം പ്രത്യേകം ശ്രദ്ധയില്‍ പെടുത്തുന്നു.

പറഞ്ഞു വരുന്നത് ഒരിഷ്ടത്തെ കുറിച്ചാണ്. ഇഷ്ടംന്നു വെച്ചാ ഭ്രാന്തമായ ഇഷ്ടം തന്നെയാട്ടോ. കാലം കുറച്ചായി തുടങ്ങീട്ട്. ചാക്കോച്ചന്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ട കാലം തൊട്ടേയുണ്ട്! കാലം ഓര്‍മിക്കാന്‍ മാത്രമാണ് ചാക്കോച്ചനെ ബലിയാടാക്കിയത്. ചാക്കോച്ചനും കഥയും തമ്മില്‍ നോ ബന്ധം! വെള്ളയും ഓറഞ്ചും നിറത്തില്‍, വിരിഞ്ഞാല്‍ കൊതിയൂറുന്ന ഗന്ധം പരത്തുന്ന പവിഴമല്ലി പൂക്കളോടാണ് ഇത്രയ്ക്കിഷ്ടം! ഈ പെരുത്തിഷ്ടം മൂത്ത് ആശാന്റെയൊരു തൈ അന്വേഷിച്ച് പോകാത്ത വഴികളില്ല, ചോദിക്കാത്ത ആളുകളില്ല! ഞങ്ങളുടെ നാട്ടില്‍ പവിഴമല്ലി കണ്ടു കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടു തന്നെയാണ്.

സഹികെട്ട് ഒരുനാള്‍ ഞാന്‍ ചുമ്മാ ഒരു പ്രഖ്യാപനമിറക്കി 'പവിഴമല്ലി എനിക്ക് കൊണ്ടു തരുന്നത് ആരായാലും, അവര്‍ക്ക് ഞാനെന്ത് വേണേലും കൊടുക്കും, എന്റെ ജീവന്‍ പോലും.' കണ്ട സിനിമയും സീരിയലും ഒക്കെ വെച്ച് ഇന്നായിരുന്നെങ്കില്‍, ശിവകാമി സ്‌റ്റൈലില്‍ ഒരു കാച്ച്! എന്തായാലും പവിഴമല്ലി സംഭവം അതോടെ കെട്ടടങ്ങി എന്നല്ലാതെ ഒന്നുമുണ്ടായില്ല. കാലം ശ്ശടേന്നു കടന്നു പോയി.

Nirupa
ഹര്‍ഷ ഭര്‍ത്താവ് രവിശങ്കറിനൊപ്പം


 
ഇനിയുള്ള സീന്‍ കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയിലാണെന്ന് അറിയിച്ചു കൊള്ളട്ടെ. യൂണിഫോമിട്ടു നടന്ന ഞാന്‍ മാറി, ഇപ്പോ ഫയലൊക്കെ കൈകളിലേന്തി അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഞാനായി. ഇരവഞ്ഞിപ്പുഴേം കാഞ്ചനമാലേം ഹിറ്റായ കാലം. ഉച്ചവെടിക്കിടെ എങ്ങനെയോ പുറത്തായ എന്റെ പവിഴമല്ലി പ്രേമം ഓഫീസില്‍ പാട്ടായിരുന്നു. എന്നാല്‍ 'ശിവകാമി പ്രഖ്യാപനം' അപ്പോഴും എന്റെയുള്ളില്‍ ഭദ്രം.

അങ്ങനെ ഒരുച്ച നേരത്ത് അപ്പുറത്തെ സെക്ഷനില്‍ നിന്നും 'ഇരുവഞ്ഞിപ്പുഴേടെ'നാട്ടില്‍ നിന്നും വരുന്ന, എം.സി.എ. കഴിഞ്ഞ, ഞാന്‍ പേരൊന്നും വിളിക്കാന്‍ തുടങ്ങാത്ത 'കഥാപാത്രം' ഒരു കടലാസു കെട്ടുമായി വരുന്നു. അതിനുള്ളില്‍ ഭദ്രമായി പൊതിഞ്ഞുവെച്ച പവിഴമല്ലി കമ്പുകളുണ്ടായിരുന്നു. എന്തായാലും പവിഴമല്ലി കിട്ടിയതില്‍ ഞാന്‍ സന്തോഷിച്ച് തുള്ളിച്ചാടി. തൈകളുമായി വീട്ടിലെത്തി, അമ്മയെ കാണിച്ചു. അമ്മ തൈകളൊക്കെ വാങ്ങിനോക്കി കൊണ്ട് ആ പ്രഖ്യാപനം ഓര്‍മിപ്പിച്ചു, 'പവിഴമല്ലി കിട്ടിയല്ലോ, എന്താ കൊടുക്കാന്‍ പോവുന്നത്? ജീവന്‍ പോലും കൊടുക്കും എന്നൊക്കെ പണ്ട് പറഞ്ഞ പോലെ ഒരോര്‍മ്മ'. ഞാന്‍ വെറുതെ ഒന്നു ചിരിച്ചു. 

പവിഴമല്ലി തൈ മുറ്റത്ത് നട്ടു. അത് ഇപ്പോള്‍ നല്ല ഉഷാറായി വളരുന്നു. അപ്പുറത്തെ സെക്ഷനിലെ എം.സി.എ.ക്കാരന്‍ ഇപ്പോള്‍ വനം വകുപ്പില്‍ ജോലി ചെയ്യുന്നു. പിന്നെ ഞാന്‍! മൊയ്തീന്‍ പറഞ്ഞ പോലെ 'വാക്കാണ് സത്യം' എന്നൊക്കെ പറഞ്ഞ് ഞാനിവിടെയുണ്ട്. ഇരുവഞ്ഞിപ്പുഴയുടെ നാട്ടില്‍! എം.സി.എ.ക്കാരന്റെ വീട്ടില്‍! മംഗല്ല്യം തന്തുനാനേ മമ ജീവന ഹേതുനാം! 104.8 എഫ്.എമ്മില്‍ ശ്രീനിവാസന്റെ പാട്ട്....
 

'പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
പ്രണയമല്ലി പുഞ്ചിരിച്ച ദിവ്യ യാനം...'

Content Highlight: Mathrubhumi Women Journalists Write on international women's day 2018