ലോജിക്കല്‍ റീസണിങ് കപ്പാസിറ്റിയെ കല്ലെടുത്തെറിഞ്ഞ് ഓടിക്കാന്‍ തോന്നിയ  ഏതോ കാലത്താണ് പടച്ചോന്‍ എന്ന തികച്ചും പ്രൈവറ്റ് ആയ സ്ഥാപനവുമായി നുമ്മ ശരിക്കും മുഹബ്ബത്തിലാവുന്നത്. ഏകാന്തമായ ഏതിടത്തും നിനക്ക് ഞാനുണ്ട് റാ എന്ന് തോളത്ത് തട്ടുന്ന,പല മുഖങ്ങളും രൂപങ്ങളും ഉള്ള എന്റെ സ്വന്തം പടച്ചോന്‍.

ഇക്കഥയൊക്കെ  ഇവിടെ എന്തിനിപ്പോ പറയണം എന്നല്ലേ? ഒരു മനുഷ്യജീവി എന്ന നിലയ്ക്ക്, ചിട്ടപ്പടി ജീവിതകലാരൂപം പതിവിന്പടി ആവര്‍ത്തിക്കുന്ന  പരമ്പരാഗതനര്‍ത്തകി എന്ന നിലയ്ക്ക്, ഈയൊരു ചിന്തയുടെ വഴിത്തിരിവിലാണ് ഇപ്പോള്‍ നില്‍പ്പ്.  പടച്ചോനും ഞാനും ജീവിതവും പലതരം സംഭാഷണങ്ങളില്‍ തുരുതുരാ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍ , 'ഇതൊക്കെ പഠിച്ചിട്ടെന്താ മ്മെ ? മ്മളൊക്കെ അവസാനം അങ്ങ് ചത്ത് പോവൂലെ' എന്ന് നാലര വയസ്സ് മുതല്‍ ചോദിച്ചു തുടങ്ങിയ സീമന്തപുത്രന്റെ അക്കൗണ്ടില്‍ ഇക്കഥ പോസ്റ്റ് ചെയ്യുന്നു. 

God
Image: Pixabay

 

'ഒരു അഡാറ് പടച്ചോന്‍ അഥവാ  ഭൂമിയുടെ ഫോര്‍മുല' 

പരീക്ഷാത്തലേന്ന്  ഒരു ഫോര്‍മുല പഠിക്കുകയായിരുന്നു ഞാന്‍. തലകുത്തി മറിഞ്ഞ് അതൊന്നു ബൈഹാര്‍ട്ടാക്കാന്‍ നോക്കുമ്പോഴാണ് ആരോ പുച്ഛിച്ചു ചിരിക്കും പോലെ ഒരു ഫീല്‍. നോക്കുമ്പോ എന്റെ ബെഡില്‍ എന്റെ തലയിണയും    ചാരി ഇരിക്കുന്നു ഒരു കഷണ്ടിക്കാരന്‍.

ഞാന്‍ ഞെട്ടിയ ഞെട്ടല്‍ കാണിക്കാന്‍ അഞ്ചാറു ആശ്ചര്യ ചിഹ്നങ്ങളൊന്നും മതിയാവൂലാ....
'ഹ് ഹ് ഹാരാ?!!!!!' 

'ഞെട്ടാന്‍ മാത്രം ഒന്നുമില്ല.തൂണിലും തുരുമ്പിലും ഒക്കെ അഡ്രസ്  ഉള്ള  ആ ഗഡി തന്നെ.പടച്ചോന്‍.'

'ങേ?ഇതെന്താ കഷണ്ടി?ഞാന്‍ വിചാരിച്ചു നീണ്ട താടീം മുടീം ഒക്കെ ഉണ്ടെന്ന്.'

'നൊസ്സുള്ള ആര്‍ട്ടിസ്റ്റുമാര്‍ അങ്ങനെ പലതും വരയ്ക്കും. അത് വിട്.'

എങ്കിലും എന്റെ സംശയ ഭാവം കണ്ടാവണം ,പടച്ചോന്‍ കയര്‍ത്തു:
'മര്യാദയ്ക്ക് ഒന്ന് വിശ്വസിക്കാന്‍ പോലും അറിയാത്ത നീയൊക്കെയാണോ എന്നെ ഇത്രേം കാലം പ്രാര്‍ഥിച്ചത്?പ്ഫൂ ...'

'അതല്ല.ഞാന്‍ ഇങ്ങനെയൊന്നുമല്ല വിചാരിച്ചേ. ഇങ്ങളെ കാണാന്‍ ഒരു ഗുമ്മില്ല. പിന്നെ ഭാഷയും ശരിയല്ല...അതാ...'

'എന്നാല്‍ നാളെ മുതല്‍ ഗുമ്മുള്ള നിന്നെ ഏല്‍പ്പിച്ചു തരാം എന്റെ പണി. ഒന്ന് പോഡെര്‍ക്കാ.'

സത്യം പറഞ്ഞാല്‍ അന്നേരത്ത് പടച്ചോനെ എനിക്ക് വല്ലാണ്ടങ്ങ് ഇഷ്ടായി. ഒരു സൊല്ല പടച്ചോന്‍. അടിപൊളി.
'വേറേം പടച്ചോന്‍മാര്‍  ഉണ്ടോ?'

'കൊറേ ഉണ്ട്  ...തല്‍ക്കാലം ഇനിക്കിപ്പോ ഞാനേ ഉള്ളൂ ... '

അതേപ്പറ്റി സംസാരിക്കാന്‍ പുള്ളി ഇഷ്ടപ്പെടുന്നില്ല എന്നെനിക്ക് മനസിലായി. സാരമില്ല. ഓരോരുത്തരും ഓരോ പടച്ചോനെയാണല്ലോ പ്രാര്‍ത്ഥിക്കുന്നത്.... എന്തായാലും പടച്ചോന്‍ ഭയങ്കര കമ്പനി ആണെന്നത് എനിക്ക് ഇഷ്ടപ്പെട്ടു.
'ഇങ്ങളിപ്പോ എന്താ വന്നേ?'

'നിന്റെയൊരു ഫോര്‍മുല പഠിത്തം! കണ്ട് സൈക്കാഞ്ഞിറ്റ്  വന്നതാ. പോയി വല്ല നോവലും വായിക്ക്. അല്ലേല്‍ യൂറ്റിയൂബില്‍ വല്ല പാട്ടും കാണ് . ''

ആ ഡയലോഗും  കൂടി  കേട്ടപ്പോ ഒന്നെനിക്ക് ഉറപ്പായി. പടച്ചോന്റെ തറവാട് വടകരയോ കണ്ണൂരോ ആണ്.
'അല്ല,അതിപ്പോ...ഇത് പഠിക്കാഞ്ഞാല്‍ എങ്ങനെയാ? പരീക്ഷയൊക്കെ ഒന്ന് ജയിക്കണ്ടേ?'

'ജയിച്ചിട്ടിപ്പം എന്തിനാ?'

'ജോലി ചെയ്യണ്ടേ?'

'ന്നിട്ടോ? എന്താ ഇന്റെ ഉദ്ദേശ്യം?'

'ജോലി ചെയ്ത്  ശമ്പളം വാങ്ങി,പെണ്ണ് കെട്ടി,വീടൊക്കെ നന്നാക്കി,വീട്ടുകാരെ   ഒക്കെ നല്ലോണം നോക്കി ജീവിക്കാ...'

'ത്ഫൂ...'
പടച്ചോന്‍ കാര്‍ക്കിച്ചു തുപ്പി. ആകാശഗംഗ ഒന്നാകെ തെറിച്ച് എന്റെ മുഖത്ത് വീണ പോലെയാണ് തോന്നിയത്.

'നല്ലൊരു ഭൂമീല് നല്ലൊരു ജീവിതം തന്നിട്ട് ഇക്കുരിപ്പിന്  പഠിച്ചു  ജോലി ചെയ്തു പെണ്ണ് കെട്ടേണ്ട വിചാരം മാത്രേ  ഉള്ളൂ. ഉളുപ്പുണ്ടോടോ ഇനിക്ക്? '

'പിന്നെ ഞാനിപ്പം എന്ത് കുന്താ ചെയ്യണ്ടേ?'
പടച്ചോനെ ബഹുമാനിക്കണം എന്നതൊക്കെ ഞാന്‍ തല്‍ക്കാലത്തേക്ക് മറന്നു. ഇജ്ജാതി ഭരണിപ്പാട്ട് പാടുന്ന ഐറ്റമാവും പടച്ചോന്‍ എന്നത് അല്ലെങ്കിലും വലിയ സാധ്യതകള്‍ തരുന്നുണ്ട്. ഐ ലവ് മൈ പട ബ്രോ.

'എഡോ,ഇഞ്ഞി ഏടയാ  ജനിച്ചെ?'
അമ്പോ,പടച്ചോന്‍ എന്നെ വിസ്തരിക്കുകയാണ് !മെന്റലി വറീഡ് ആയ ലക്ഷണം ഒക്കെ ഉണ്ട്.ജോയ് മാത്യുവിന്റെ മുഖച്ഛായയാണ് ഇപ്പൊ പടച്ചോന്. പടച്ചോനെ വെറുപ്പിക്കുന്നത് അത്ര നല്ലതിനല്ല എന്നെനിക്ക് ഇന്റ്യൂഷന്‍ അനുഭവപ്പെട്ടു.

'കാരിമൂലയില്‍.'

'ഒന്നൂടെ ക്ലിയറാക്കിയാല്‍?'

'കാരിമൂല പഞ്ചായത്ത് ,കാരിമൂല വില്ലേജ്,നടുവില്‍തൊടി അംശം കുട്ടിപ്പീടിക ദേശം സൗപര്‍ണികാ ഹൗസില്‍...'
ആധാരമെഴുത്തില്‍ എനിക്കുള്ള അറിവ് കണ്ട് പടച്ചോന്‍ പുളകിതനാവുന്നത് ഞാന്‍ മനസ്സില്‍ കണ്ടു.

'കൂരിമൂല $#%$*&#^^*(&*&(' 

പടച്ചോന്‍ പല്ലിറുമ്മിയത് എന്തിനെന്നു എനിക്ക് പടച്ചോനാണേ മനസ്സിലായില്ല.

'ഡാ ശവീ...ഞാന്‍ നിനക്കായി കാടുകളും സമതലങ്ങളും പണിതു. പുല്‍മേടുകളും ഭ്രംശ താഴ്വരകളും പര്‍വ്വതങ്ങളും  സമയമെടുത്ത് മെനഞ്ഞുണ്ടാക്കി. കടലും പുഴയും ഉറവുകളും മരുഭൂക്കളും മരുപ്പച്ചകളും .....'
ആ നേരത്ത് പടച്ചോന്റെ തൊണ്ട ഇടറുകയും കണ്ണ് നിറയുകയും ചെയ്തു.

'മഞ്ഞത്തൊലിയുള്ള ചീനക്കാരും   മൂക്ക് വളഞ്ഞ റഷ്യക്കാരും  മുടിചുരുണ്ട ആഫ്രിക്കക്കാരും  പുരികം കൂട്ടിമുട്ടിയ മെക്‌സിക്കോക്കാരും  നിന്നെ പരിചയപ്പെടാന്‍ കാത്തിരിക്കുന്നു. ബുബുബോ എന്ന വീഞ്ഞും പിച്യൂ എന്ന മാംസവിഭവവും നിന്നെക്കാത്ത് വിളമ്പിയിരിക്കുന്നു .എന്നിട്ടിപ്പോ നീ .....'
പടച്ചോന്‍ ഒന്ന് നിര്‍ത്തി ശ്വാസമെടുത്തു 

'...നീ കാരിമൂലയിലെ സൗപര്‍ണികാ ഹൗസില്‍ തന്നെ ജീവിക്കും. കാരിമൂലയിലെ സൗപര്‍ണികാ ഹൗസില്‍ താമസിച്ചോണ്ട് തന്നെ നീ ജോലി ചെയ്യും .കാരിമൂലയിലെ സൗപര്‍ണികാ ഹൗസില്‍ വച്ച്  നീ കല്യാണം കഴിക്കും. അവിടെ വച്ച് നിന്റെ മക്കള്‍ ഇതേ ഫോര്‍മുലകള്‍ ഉരുവിട്ട് പഠിക്കും . അവിടെ ഇരുന്നോണ്ട് തന്നെ നിനക്ക് വട്ടച്ചൊറിയും മൂത്രക്കടച്ചിലും നടുവേദനയും വരും. അവിടെ തന്നെ നീ ചത്ത് മണ്ണാകും....നിനക്ക് വേണ്ടി ഞാന്‍ ഭൂമിയില്‍ പണിതിട്ട  ഈ സ്വത്തിനൊക്കെ അര്‍ത്ഥമില്ലാതാകും...
വല്ലപ്പോഴും നിനക്കിതെല്ലാം ഒന്ന് ചെന്ന് കണ്ട് വന്നൂടെ?'
ആന്ദോളനം സീരിയലിലെ ഡോക്റ്റര്‍ പരേഷിനെ പോലെ പടച്ചോന്‍ ഡെക്കറേഷനുള്ള ഡയലോഗുകള്‍ പറയുകയും വികാരാധീനനാവുകയും ചെയ്തു.

അന്നേരം എനിക്ക് ജീവിതത്തിന്റെ അര്‍ഥം പിടികിട്ടി. 
പുസ്തകത്തിലെ ഫോര്‍മുലകള്‍ കണ്ട് എനിക്ക് ഛര്‍ദിക്കാന്‍ വന്നു. 
ഞാന്‍ പടച്ചോന്റെ കയ്യും പിടിച്ചു ഭൂമിയുടെ മറ്റേ അറ്റത്തേക്ക് നടന്നു.

 Content Highlight: Mathrubhumi Women Journalists Write on international women's day 2018​