ഒരു പതിനാറായിരത്തി അഞ്ഞൂറ് സ്ത്രീ പ്രശ്‌നങ്ങളെ കുറിച്ച് പറയാനുണ്ടെങ്കിലും തല്ക്കാലം ഞാന്‍ അതിനെ കുറിച്ചൊന്നും പറയുന്നില്ല. വേറൊന്നുംകൊണ്ടല്ല. അതൊക്കെ നന്നായി എടുത്തലക്കാന്‍ കഴിവുള്ളവര്‍ വേറെ ഇഷ്ടം പോലെയുണ്ട്. അല്ലേലും ഞാനലക്കിയാല്‍ ഒന്നും വെളുക്കാറില്ലെന്ന് എനിക്കു തന്നെ തോന്നാറുമുണ്ട്. അതുകൊണ്ട് ഇതൊരു ബോധക്കേടിനെ കുറിച്ചാണ്. അഥവാ ബോധോദയത്തെ കുറിച്ചാണ്. അതിനെകുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍ ആദ്യം എന്റെ കുട്ടിക്കാലത്തെ കുറിച്ച് നിങ്ങള്‍ കേട്ടേ പറ്റൂ.

കുട്ടിക്കാലത്ത് അസംബ്ലിക്ക് പൊരിവെയിലത്ത് നില്‍ക്കുമ്പോള്‍ കൂടെയുള്ളവര്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ തലകറങ്ങി വീഴുന്നത് കണ്ട് അതുപോലൊന്ന് തലകറങ്ങി വീഴാന്‍ കൊതിച്ചിട്ടുണ്ട്. അമ്മ അറിയാതെ ബ്രേക്ക് ഫാസ്റ്റ് മിസ് ചെയ്ത് സൂര്യഭഗവാന്റെ കീഴെ അറ്റന്‍ഷനായി എത്ര നേരം നിന്നിട്ടും ങേഹേ...ഒന്ന് ചെറുതായി പോലും തലകറങ്ങിയില്ല. ഇനിയിപ്പം തലയ്ക്കകത്ത് ഒന്നുമില്ലാഞ്ഞിട്ടായിരിക്കുമോ?

ആയിടയ്ക്കാണ് പ്രഷര്‍കുറഞ്ഞ് തലകറങ്ങി അമ്മമ്മയെ ആശുപത്രീലാക്കിയത്. അങ്ങനെയും തലകറങ്ങും എന്നത് പുതിയൊരറിവായിരുന്നു. പ്രഷര്‍ എന്താണെന്നും പോലും അറിയാതെ ഞാനന്നനുഭവിച്ച പ്രഷര്‍! 

അതിനിടെ ഏറ്റവും ഇളയഅമ്മായി ഗര്‍ഭിണിയായപ്പോള്‍ തലകറങ്ങിയെന്നു കേട്ടു. പകച്ചുപോയി എന്റെ ബാല്യം! പക്ഷേ, പിന്നെ ആലോചിച്ചപ്പോള്‍ തോന്നി. വേണ്ട, ഗര്‍ഭിണിയായി തലകറങ്ങിയാല്‍ ഒരു പഞ്ചില്ല. നാലാള് കൂടി സഹതപിക്കേം ഐസിയുവിന്റെ മുന്‍പില്‍ കൂടിനില്‍ക്കേം ചെയ്യുന്ന ഒരു സിനിമ കഴിഞ്ഞ ഞായാറാഴ്ച ദൂരദര്‍ശനില്‍ ഞാന്‍ കണ്ടിരുന്നല്ലോ. 

പിന്നെപ്പിന്നെ ആ തലചുറ്റല്‍ മോഹം മറന്നു. എത്ര വിശന്നിരുന്നിട്ടും ഗര്‍ഭിണിയായിട്ടും ഒരിക്കലും ബോധം എന്നെ വിട്ടുപോയില്ല. ഒടുവില്‍ ഈ അടുത്ത കാലത്ത് ഒരു ഉച്ചനേരം. കാന്റീനില്‍ സഹപ്രവര്‍ത്തകരുമായി സൊറപറഞ്ഞ്, ഏടത്തിയമ്മ തന്നുവിട്ട സ്‌പെഷ്യല്‍ തേങ്ങാച്ചോറ് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് എന്റെ സംഭരണവിതരണ കേന്ദ്രത്തില്‍ നിന്നുള്ള എല്ലാ സംപ്രേഷണവും നിലച്ചുകൊണ്ട് ഞാനങ്ങ് ബോധം കെട്ടു. കൂടെ അത്യൂഗ്രന്‍ അപസ്മാരവും.

ഇതൊക്കെ കേട്ടറിവു മാത്രമേ ഉള്ളു കേട്ടോ. ഇടയ്ക്ക് കണ്ണുതുറന്ന് ഞാന്‍ ചുറ്റും നോക്കിയതായി സാക്ഷികളുണ്ടെങ്കിലും പാതിവച്ച് മ്യൂട്ടായിപ്പോയ ഒരു ഇംഗ്ലീഷ് ആക്ഷന്‍ പടം കാണുന്ന പ്രതീതി ആയിരുന്നു എനിക്ക്. കുറച്ചുകഴിഞ്ഞപ്പോള്‍ അതും നിന്നു. കുറേ നേരംകഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ ഒരു തണുതണുപ്പന്‍ മുറിയില്‍ രണ്ട് അപ്പൂപ്പന്മാര്‍ക്കിടയില്‍ ഒരു കട്ടിലില്‍ കിടക്കുകയാണ് ഞാന്‍. രണ്ടുപേരും മുഖത്തെ മാസ്‌ക്കിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. ഹയ്യട! ഇത് ഐസിയു തന്നെ! എന്റെ മനസ്സില്‍ ലഡു പൊട്ടി. 

ഇടയ്ക്ക് നടന്നതൊന്നും ഓര്‍മ്മിച്ചെടുക്കാനായില്ലെങ്കിലും എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. കുറച്ചുകഴിഞ്ഞപ്പോല്‍ സുമുഖനായ ഒരു മെയില്‍ നേഴ്‌സ് വന്ന് കഞ്ഞിയും മരുന്നുകളും തന്നു. കുറേക്കഴിഞ്ഞ് എന്നെ മുറിയിലേക്ക് കൊണ്ടുവന്നു. അവിടെ വന്‍ജനാവലി എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു. മനസ്സ് നിറഞ്ഞ് കവിഞ്ഞു. അസംബ്ലിയില്‍ വീണില്ലെങ്കിലെന്താ പാര്‍ലമെന്റില്‍ വീണില്ലേ? അപ്പോള്‍ ചിരിച്ചുകൊണ്ട് കുമ്മിണി(എന്റെ മോളാണ്) ഓടിവന്നു. നാളെ ഡിക്‌റ്റേഷനുണ്ടെങ്കിലും അമ്മയ്ക്ക് വയ്യല്ലോ, പിന്നെ ഞാനെങ്ങനെ പഠിക്കും! എന്ന് അവളുടെ മുഖം പറയാതെ പറഞ്ഞു.

അസുഖമൊക്കെ മാറി വീട്ടില്‍ വന്നു. എന്നെ കാണാതെ അടുക്കളപാത്രങ്ങളും ഗ്യാസ് സ്റ്റൗവും വിഷമിച്ചുകാണും. ആശുപത്രി വാസം കഴിഞ്ഞുവന്ന ഗമയില്‍ ചോറിന്‍കലം തെക്കുവടക്കുതേക്കുന്നതിനിടയില്‍ കുമ്മിണി ഓടി വന്നു. അമ്മേ, അമ്മ കുറേ വര്‍ഷം കഴിഞ്ഞ് മരിക്കുമ്പോള്‍ അമ്മയെ കുഴിച്ചിടണോ, ദഹിപ്പിക്കണോ? ങേ? ആ ചോദ്യം കേട്ട് വീണ്ടും തലകറങ്ങിയേക്കുമോ എന്ന് ഞാന്‍ പേടിച്ചു.

അവളായിട്ട് ഒരവസരം തന്നതല്ലേ? അമ്മയെ ദഹിപ്പിച്ചാല്‍ മതി മോളേ! ഞാന്‍ പറഞ്ഞു. അയ്യോ, അപ്പോ കത്തിക്കുമ്പോ അമ്മയ്ക്ക് വേദനിക്കില്ലേ! അവളുടെ മാതൃസ്‌നേഹം അണപൊട്ടിയൊഴുകി. അത് കുഴപ്പമില്ല. കുഴിച്ചിട്ടാല്‍ അമ്മേടെ ദേഹത്തൂടെ വല്ല മണ്ണിരയും ഇഴഞ്ഞാലോ! കത്തിച്ചാ മതീ ട്ടോ! ഞാന്‍ പറഞ്ഞവസാനിപ്പിച്ചു.

അപ്പോഴാണ് ജനനത്തിനും മരണത്തിനും ഇടയിലെ ചെറിയ ജീവിതത്തെ കുറിച്ച് ഞാനോര്‍ത്തത്. എന്റെ നൂറുനൂറുപിടിവാശികള്‍, ദേഷ്യങ്ങള്‍, ശത്രുക്കള്‍...ബോധോദയം പെട്ടെന്നായിരുന്നു. ആപ്പിള്‍ മരവും ബോധിവൃക്ഷവുമില്ലെങ്കിലും ചിലതെല്ലാം മനസ്സിലാക്കാന്‍ ചില നിമിഷങ്ങള്‍ മാത്രം മതി. സ്ത്രീയായാലും പുരുഷനായാലും മനുഷ്യന്‍ എന്നത് ഒരു ഒന്നൊന്നര വിസ്മയം തന്നെയാണെന്റപ്പോ!

Content Highlight: Mathrubhumi Women Journalists Write