Hospital
Image: Pixabay

വേനല്‍ റിപ്പോര്‍ട്ടിങ് മല്യ ഉഷാറാക്കുന്നുണ്ട്, ഇന്നും വൈകിട്ട് മൂന്നാം പേജിലേക്ക് ഒരു ഗംഭീര സ്റ്റോറി വേണം കേട്ടോ..2009ലെ  മാര്‍ച്ച് അഞ്ചിന്  അന്നത്തെ ബ്യൂറോ ചീഫ് ജോര്‍ജ്ജ് പൊടിപ്പാറ അഭിനന്ദനവും അസൈന്‍മെന്റും രാവിലെ തന്നെ ഒരുമിച്ച് തന്നു.

വാര്‍ത്തക്കായി പുത്തൂരിലെ ഓഫീസില്‍ നിന്ന് വെയിലും കൊണ്ട് ജില്ലാ ആസ്പത്രിയിലേക്ക് പോകും വഴിയാണ് ഹെഡ് പോസ്റ്റാഫീസ്. അവിടെ ഒരാള്‍ റോഡരികില്‍ കിടക്കുന്നു. റോഡാണെങ്കില്‍ ചുട്ടുപൊള്ളുന്നു. അയാളെ താണ്ടി പോകുന്നവര്‍ ഒന്നു തിരിഞ്ഞു നോക്കുന്നു പോലുമില്ല. തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാന്റഡിലെ ചേട്ടന്‍മാരോട് ചോദിച്ചു. 'ഇതെന്താ ഇയാളിങ്ങനെ കിടക്കുന്നെ? വെള്ളമാണോ?'

'അടിച്ചു പൂസായി കിടക്കുകയാ..കെട്ടിറങ്ങുമ്പോ തനിയെ എണീറ്റു പോവും..' മറുപടി പറഞ്ഞ് ഓട്ടോക്കാര് അവരുടെ വര്‍ത്തമാനത്തിലേക്ക് പോയി. മദ്യപിച്ച് വെയിലത്ത് കിടന്ന് സൂര്യതാപമേറ്റ് മരണം വരെ സംഭവിക്കാമെന്ന് ഡി.എം.ഒ. പറഞ്ഞതാണ് പെട്ടന്ന് ഓര്‍മ്മ വന്നത്. (സാമൂഹ്യബോധം വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു അന്ന്).

വാച്ചില്‍ നോക്കിയപ്പോള്‍ സമയം 11.30. ഇയാളെങ്ങാനും മരിച്ചു പോയാല്‍. മനസ് അങ്ങനെ പറഞ്ഞു (അല്ലേലും എന്റെ മനസ് എന്റെ  ശത്രുവാണ്). അയാളുടെ മുഖം ചുവന്നു തുടത്തിരിക്കുന്നു. കുറച്ച് വെള്ളം തള്ളിച്ചിട്ടും അനക്കമൊന്നുമില്ല. ഉടന്‍ ആ ഓട്ടോക്കാരോട് പറഞ്ഞു ''ഒന്നു സഹായിക്കൂ..ഇയാളെ ആസ്പത്രിയിലെത്തിക്കാം. വെള്ളമടിച്ച് വെയിലത്ത് കിടന്നാല്‍ മരിക്കും അറിയ്യോ?'' രണ്ട് പേര് വന്ന് അയാളെ താങ്ങി പിടിച്ച് ഓട്ടോയിലാക്കി.

നേരെ ആസ്പത്രിയിലേക്ക്. സ്‌ക്കൂട്ടറില്‍ ഞാനും പിന്നാലെ. ചെയ്ത സഹായത്തിനും അവരുടെ സമയത്തിനും അന്നത്തെ 15 രൂപ ഓട്ടത്തിന് 70 രൂപ ചോദിച്ച് ഓട്ടോക്കാര്‍ മാതൃകയായി. അത് കൊടുത്തു ഞാനും മാതൃകയായി.

കാഷ്വാലിറ്റിയില്‍ ചെന്ന് കാര്യം പറഞ്ഞു സൗത്ത് പോലീസിലും വിളിച്ചു. പോലീസുകാര്‍ പരിചയക്കാരായതുകൊണ്ട്  അഞ്ചുമിനിറ്റിനുള്ളില്‍ എത്തി. അയാളുടെ രക്തസമ്മര്‍ദം പ്രശ്‌നത്തിലാണെന്നും ആസ്പത്രിയില്‍ എത്തിച്ചത് നന്നായെന്നും കാഷ്വാലിറ്റിയിലെ ഡോക്ടറും പറഞ്ഞു. ആള്‍ക്ക് ഒരു ശ്രദ്ധ കിട്ടിക്കോട്ടെ എന്ന് കരുതി സംഭവം ഡി.എം.ഒയോടും പറഞ്ഞു. എന്റെ ഓഫീസ് അഡ്രസും ഫോണ്‍ നമ്പറും ആസ്പത്രിയില്‍ കൊടുക്കുകയും ചെയ്തു.

കാര്യം കേട്ടപ്പോള്‍ അന്നത്തെ എസ്‌.ഐ യും ഡി.എം.ഒയും ഒക്കെ അഭിനന്ദിച്ചു. മാര്‍ച്ച് എട്ടിന് വനിതാദിനത്തില്‍ നിങ്ങളെപോലെ മനസുള്ളവരെ ഒക്കെ ആദരിക്കണമെന്ന് ഡോക്ടറുടെ വക കമന്റു കൂടിയായപ്പോള്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു വെല്‍ഡണ്‍ മോളെ വെല്‍ഡണ്‍. ഉച്ചയ്ക്ക് ഉണ്ണാന്‍ വീട്ടിലെത്തിയ പാടെ അമ്മയോട് ഇത്തിരി കൂട്ടി സംഭവം പറഞ്ഞു. പുലിവാലാവാതെ നോക്കിക്കോ എന്ന് കണ്ണുരുട്ടിയ അമ്മയുടെ സാമൂഹ്യ ബോധമില്ലായ്മയെ പറ്റി മനസില്‍ നൂറുവട്ടം പുച്ഛിച്ചു. ഓഫീസില്‍ വന്നും 'കഥാപ്രസംഗം' നടത്തി. വൈകിട്ട് ഒരു 4.30 ആയപ്പോള്‍ ഒരു ഫോണ്‍. എസ്‌. ഐ ആണ്. 'നിങ്ങള്‍ ഒന്ന് ആസ്പത്രി വരെ വരൂ..ഒരു ചെറിയ പ്രശ്‌നമുണ്ട്.'

അയാളു മരിച്ചു പോയോ എന്നാണ് ആദ്യം ചോദിച്ചത്. ഇല്ല എന്ന് മറുപടിയും കിട്ടി. വൈകിട്ടത്തെ തിരക്കു തുടങ്ങും മുന്‍പ് വരാമെന്ന് ഉറപ്പ് പറഞ്ഞ് ബ്യൂറോയില്‍ നിന്ന് ഇറങ്ങി. ആസ്പത്രിയിലെത്തിയപ്പോള്‍ സീന്‍ കോണ്‍ട്രാ. അയാളുണ്ട് അവിടെ കിടന്ന് ഒച്ചവയ്ക്കുന്നു. ആസ്പത്രിയില്‍ രാവിലെ നായികയായ ഞാന്‍ വൈകിട്ടായപ്പോള്‍ കള്ളത്തിയായത് അപ്പോഴാണ് അറിഞ്ഞത്. ആ മനുഷ്യന്റെ പോക്കറ്റില്‍ 10,000 രൂപ ഉണ്ടായിരുന്നുവെന്നും ആസ്പത്രിയില്‍ എത്തിച്ചയാള്‍ അതെടുത്തുകാണുമെന്നും അവിടെ കിടന്ന് അലറുകയാണ് ആ ദുഷ്ടന്‍. 

കേട്ട പാടെ അന്തം വിട്ട് ഞാന്‍ പറഞ്ഞു. 'ഞാനാ നിങ്ങളെ ഇവിടെ കൊണ്ടു വന്നേ....'

'നീയോണോ നിന്നെ കണ്ടാല്‍ അറിയാം കാശു എടുത്തു പോയില്ലേടീ. ഞാന്‍ കേസുകൊടുക്കും നോക്കിക്കോ...'എന്ന് അയാള്‍. ദേഷ്യോം സങ്കടോം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ വനിതാദിനത്തില്‍ ആദരിക്കാമെന്ന് പറഞ്ഞ ചുള്ളന്‍ ഡോക്ടര്‍ കള്ളിയെ പോലെ എന്നെ തുറിച്ചു നോക്കുന്നു.

അമ്പിനും വില്ലിനും അടുക്കാത്ത പോലെ അയാളും അലമ്പായല്ലോ ദൈവമേ എന്ന് കരുതി ഞാനും. കരിനാക്കു വളച്ച അമ്മയെ മനസില്‍ ചീത്തവിളിച്ച് നില്‍ക്കുമ്പോള്‍ ആണ് നോര്‍ത്ത് എസ്‌. ഐയും അന്ന് സര്‍വ്വീസിലുണ്ടായിരുന്ന പോലീസുകാരന്‍ ലാസറേട്ടനും ആ വഴി വന്നത്. ഇയാളെ തനിക്കറിയാമെന്നും ആള് തരികിടയാണെന്നും പോക്കറ്റടിക്ക് പണ്ട് പിടിയിലായതാണെന്നും ലാസറേട്ടന്‍ പറഞ്ഞതോടെ എസ്‌.ഐ ഒന്നു സ്വരം കടുപ്പിച്ചു.

ആ കടുപ്പത്തില്‍ 'ഒറ്റയടി'ക്ക് കാണാതെ പോയ പതിനായിരം ആയിരമായി. പിന്നെ അയാള്‍ക്ക് പരാതിയേ ഇല്ലെന്നായി. അപ്പോഴേക്കും ഞാന്‍ പഞ്ഞിക്കിട്ടപോലെയായി. ചികിത്സ കിട്ടിയെന്നും പരാതിയില്ലെന്നും പറഞ്ഞ് അയാളില്‍ നിന്ന് എഴുതി വാങ്ങിപ്പിച്ച് പറഞ്ഞു വിട്ടു. എങ്ങനേലും ഓഫീസില്‍ തിരിച്ചെത്താന്‍ സ്‌ക്കൂട്ടറിന്റെ ചാവി നോക്കുന്നതിനിടയില്‍ എസ്‌. ഐ അടുത്തുവന്നു ചോദിച്ചു...ഇതാണല്ലേ മല്യ പിടിച്ച പുലിവാല്.

(വാല്‍കഷ്ണം: വനിതാദിനം ,സാമൂഹ്യബോധം,പരസ്പര സഹായം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എപ്പോഴും ഓര്‍മ വരുന്നത് ആ ആസ്പത്രി മുറ്റമാണ്.)

Content highlight: Mathrubhumi Women Journalists Writes,  International Women's Day 2018