ന്നേ മെലിഞ്ഞ് ഉയരം കുറഞ്ഞ്, ഭൂമിയെ നോവിക്കാതെ നടന്നിരുന്ന ആ അമ്മ എന്റെ ദൈനംദിന പ്രാര്‍ത്ഥനകളിലുണ്ട്. നിലാവ് പോലെ ശുഭ്രമായ, കടലിന്റെ പരപ്പുള്ള, ചിരിക്കുമ്പോള്‍ തിരകള്‍ കണക്കേ ചുറ്റും വരകള്‍ തെളിയുന്ന കണ്ണുകള്‍. നീല വരകള്‍ അതിരിടുന്ന വെള്ള പരുത്തി സാരിയില്‍ പൊതിഞ്ഞ, തൊട്ടാല്‍ പൊടിയുമെന്ന് തോന്നിക്കുന്ന പേലവമായ ശരീരം. ആരൊക്കെയോ എഴുതിയ അനുഭവക്കുറിപ്പുകളിലൂടെ മാത്രം അറിഞ്ഞ 'പാവങ്ങളുടെ അമ്മ'.

മദര്‍ തെരേസ എനിയ്ക് മഹാത്ഭുതമാണ്. മദറിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഒരു മനുഷ്യന്റെ പരിമിതമായ കഴിവുകള്‍ വച്ച്  സാധ്യമല്ലെന്ന ചിന്തയാണ് അന്നുമിന്നും. ഈശ്വരന്റെ അദൃശ്യമായ കൈകള്‍ മദറിലൂടെ പ്രവര്‍ത്തിക്കുന്നതായാണ് തോന്നുക. മഹനീയമായ ആ ജീവിതത്തിന്റെ നാനാതലങ്ങള്‍, മദറിന്റെ അസാന്നിധ്യത്തില്‍ അറിയാനുള്ള ഒരവസരം ലഭിച്ചത് ആറുവര്‍ഷം മുമ്പാണ്.

സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജയന്തി ആഘോഷവേളയിലെ കല്‍ക്കട്ട യാത്ര. ബേലൂര്‍ മഠത്തിലും കമാര്‍പുക്കൂറിലും ജയറാംവാടിയിലും ശ്രീരാമകൃഷ്ണന്റെയും മാതൃദേവിയുടെയും വിവേകാനന്ദന്റെയും സിസ്റ്റര്‍ നിവേദതയുടെയും പൊരുള്‍ തേടി നടന്ന ദിവസങ്ങള്‍.

ബേലൂരിലെ ആശ്രമവാസത്തിനിടെ വീണുകിട്ടിയ ഒരു ദിവസമാണ് മദര്‍ ഹൗസിലേക്ക് തിരിച്ചത്. യാത്രയില്‍ പാലക്കാട് നഗരസഭാധ്യക്ഷയും അധ്യാപികയുമായിരുന്ന രമണീഭായി കൂടെയുണ്ടായിരുന്നു.

കല്‍ക്കട്ടയിലെ എ.ജെ.സി ബോസ് റോഡില് സ്ഥിതി ചെയ്യുന്ന മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തെത്തുമ്പോള്‍ ഉച്ചയായിരുന്നു. മദറിനെ അടക്കം ചെയ്തയിടത്തും മഠത്തിലും ആദരമര്‍പ്പിച്ചു പോകുന്ന സന്ദര്‍ശകര്‍ക്കിടയിലൂടെ നടന്നു. ജലകണങ്ങള്‍ തങ്ങിനില്ക്കുന്ന പുതുപുത്തന്‍ പൂക്കളുടെ സുഗന്ധം.
തികഞ്ഞ നിശ്ശബ്ദത. അന്തരീക്ഷത്തില്‍ സൗമ്യസ്‌നേഹം സ്പന്ദിക്കുന്നു. മദറിന്റെ ജീവിത ദൗത്യം തങ്ങളുടേതുമാക്കി സേവനത്തിന്റെ പാതയില്‍ നിസ്വാര്‍ത്ഥരായി, കര്‍മനിരതരായി ചരിക്കുന്ന സന്യാസിനിമാര്‍.

ചുമരില്‍ മദറിന്റെ ജീവിതം പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്ക് ജീവനുണ്ടെന്നു തോന്നി. മദര്‍ വന്ന വഴികള്‍ കണ്ടു.തീവ്രമായ അനുഭവങ്ങള്‍ വായിച്ചു. കരുണയുടെ സമാനതകളില്ലാത്ത കവിഞ്ഞൊഴുകല്‍. നെഞ്ചില്‍ വിവരിക്കാന്‍ കഴിയാത്ത സ്‌നേഹവും സങ്കടവും വന്നു തിങ്ങി. കണ്ണുകള്‍ നിറഞ്ഞൊഴുകുമ്പോള്‍ ചുറ്റും നോക്കി.എല്ലാ കണ്ണുകളും നീര്‍ച്ചുഴികളാണ്. ആരും അതു മറയ്ക്കാന്‍ ശ്രമിക്കുന്നില്ല.പരസ്പരം നോക്കുമ്പോള്‍ വിശുദ്ധമായ ഒരു മന്ദഹാസം എല്ലാ സന്ദര്‍ശക മുഖങ്ങളിലും.

 ചിത്രങ്ങളില്‍ മദര്‍ പുഞ്ചിരിക്കുന്നു.ചുണ്ടുകള്‍  ചലിച്ചുവോ?

' ജന്മം കൊണ്ട് അല്‍ബേണിയന്‍. പൗരത്വം കൊണ്ട് ഇന്ത്യന്‍.എന്റെ കര്‍മം സമസ്തലോകത്തിനുള്ളതും ഹൃദയം ക്രിസ്തുദേവനിലുമാണ്'. ഇടുങ്ങിയ കോണിപ്പടികള്‍ കയറിയെത്തിയത് മദറിന്റെ മുറിയില്‍. കഷ്ടിച്ച് ഒരാള്‍ക്ക് പാര്‍ക്കാനുള്ള സ്ഥലം മാത്രം. വീതി കുറഞ്ഞ കട്ടില്‍. ഒരു മരബെഞ്ചും എഴുത്തുമേശയും. ചെറിയ മരയലമാര. ഇത്രയേ ഇപ്പോള്‍ ഓര്‍ക്കുന്നുള്ളൂ. മനസ്സില്‍ മദര്‍ ലോകത്തോളം, അതിനുമപ്പുറം വളരുകയായിരുന്നു. മദറിന്റെ ലാളനം ലഭിക്കാന്‍ ഭാഗ്യമുണ്ടായ കുഞ്ഞുങ്ങളുടെ ഭവനം. മരണാസന്നരുടെ ഭവനം. കാണുന്തോറും വലുതാവുന്ന കരുണയുടെ മനസ്സു നീറ്റുന്ന കാഴ്ചകള്‍.
തെരുവുകളില്‍ നിന്ന് എത്ര മനുഷ്യരെയാണ് മദര്‍ ഇവിടെ കൊണ്ടു വന്നു കിടത്തിയത്, ശുശ്രൂഷിച്ചത്...

മദറിന്റെ സ്‌നേഹപരിചരണങ്ങളുടെ കഥകള്‍ ഓരോന്നായി മനസ്സില്‍ തെളിഞ്ഞു. ഒരിക്കല്‍ കല്‍ക്കട്ടയിലെ ഒരു തെരുവില്‍ നിന്ന്  മൃതപ്രായനായ ഒരു മനുഷ്യനെ മദര്‍ എടുത്തു കൊണ്ടു വന്നു. അഴുക്കുചാലില്‍ ദിവസങ്ങളോളം കിടന്നതിനാല്‍ അയാളുടെ മേലാകെ വ്രണങ്ങള്‍ നിറഞ്ഞും തൊലി ദ്രവിച്ചടര്‍ന്നും കാണപ്പെട്ടു. കണ്ണുകളിലടക്കം പുഴുക്കള്‍ നുരഞ്ഞു.

മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് മദറും മറ്റു സന്യാസിനിമാരും ചേര്‍ന്ന് അയാളുടെ ദേഹം വൃത്തിയാക്കിയത്.അഴുക്ക് പോയപ്പോള്‍ അയാള്‍ക്ക് മനുഷ്യക്കോലം വന്നു. മിഴികളില്‍ നേരിയ വെളിച്ചം പടര്‍ന്നു. ചുണ്ടുകളില്‍ ക്ഷീണം കൊണ്ടു മങ്ങിയ ഒരു മന്ദഹാസം തലകാട്ടി. കാലങ്ങള്‍ക്കു ശേഷം അയാള്‍ ചിരിക്കുകയായിരുന്നു അന്ന്. മരണത്തിന്റെ കാല്‍പെരുമാറ്റം കേട്ടു കിടക്കവേ ആ മനുഷ്യന്‍ പറഞ്ഞു, ഇത്ര കാലം ആര്‍ക്കും വേണ്ടാത്തവനായി ഒരു മൃഗത്തെ പോലെയാണ് ഞാന്‍ തെരുവില്‍ ജീവിച്ചത്. പക്ഷേ ഇന്ന് ഞാന്‍ സാന്ത്വനം അറിയുന്നു. മനുഷ്യനായി ജീവിക്കാന്‍ കഴിയാതിരുന്ന ഞാന്‍ നിങ്ങളുടെ സ്‌നേഹത്തില്‍ ഒരു മാലാഖയെ പോലെയാണ് മരിക്കുന്നത്.

അതുവരെ അറിയാത്ത ശാന്തി അയാളെ പൊതിഞ്ഞു.സമാധാനത്തോടെ മദറിന്റെ കൈകള്‍ പിടിച്ച് അയാള്‍ മരണത്തിലേക്ക് പോയി.
അടുത്ത ഏതോ നിമിഷത്തില്‍ മദര്‍ തന്റെ അരികിലുണ്ടായിരുന്ന സിസ്‌റററോടു ചോദിച്ചു
'സഹോദരി,ഈ മനുഷ്യന്റെ ദേഹം സ്പര്‍ശിച്ചപ്പോള്‍ നിനക്കെന്താണ് തോന്നിയത് ?അവര്‍ മദറിനു മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ മന്ത്രിച്ചു.
'അമ്മേ,ഞാന്‍ ക്രിസ്തുദേവനെ തൊട്ടു'.
ഇങ്ങനെ എത്രയെത്ര അനുഭവങ്ങള്‍.

ആ സ്‌നേഹവലയത്തില്‍ വന്നവരൊക്കെ ദൈവത്തെ കണ്ടു,കേട്ടു,തൊട്ടു,ആത്മാവില്‍ അറിഞ്ഞു .രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും തൊട്ട് അനാഥരും രോഗികളും ഭിക്ഷക്കാരും വരെ മദറിന്റെ വാത്സല്യത്തിനു കൊതിച്ചിരുന്നു. ആര്‍ക്കും മദര്‍ അതു നിഷേധിച്ചില്ല. നിര്‍ലോഭം കൊടുത്തു. കൊടുത്തതൊക്കെയും പതിന്മടങ്ങായി തിരിച്ചു കിട്ടി. മദറിനല്ല, മദറിന്റെ സംരക്ഷണത്തില്‍ ജീവിച്ചു മരിച്ച നിര്‍ധനരും നിരാലംബരുമായ അനേകായിരങ്ങള്‍ക്ക്. 
മദറിന് എന്തായിരുന്നു പ്രതിഫലം ? 

'ഞാന്‍ ദൈവത്തിന്റെ വേല ചെയ്യുന്നു' എന്ന് മറുപടി.
 ശക്തി?
'ഞാന്‍ എല്ലാം പ്രാര്‍ത്ഥനയില്‍ അര്‍പ്പിക്കുന്നു'

ഒരു പുഞ്ചിരിക്ക്  അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു പറഞ്ഞ മദര്‍. വലിയ കാര്യങ്ങളിലല്ല, സ്‌നേഹപൂര്‍വം ചെയ്യുന്ന ചെറിയ കര്‍മങ്ങളിലാണ് മഹത്വം എന്നു പഠിപ്പിച്ച മദര്‍. സ്‌നേഹിക്കുക. മുറിപ്പെടുവോളം, കഠിനമായി വേദനിക്കുവോളം സ്‌നേഹിക്കുക എന്നുപദേശിച്ച മദര്‍. 
 
എനിയ്ക്ക് കാണാന്‍ കഴിഞ്ഞില്ലല്ലോ...എന്റെ നെറുകയില്‍ ആ കൈകള്‍ ഒരിക്കലെങ്കിലും തൊട്ടില്ലല്ലോ...

 Content Highlight: Mathrubhumi Women Journalists Write on international women's day 2018​