പെണ്‍കുട്ടികള്‍ എന്ത് ചെയ്താലും അത് കുറ്റമായും കുറവുകളായും മാത്രം കാണുന്ന കാലമാണിത്. അതിനെ വിലയിരുത്താനും വിമര്‍ശിക്കാനും സമൂഹത്തിന് ഏറെ ഇഷ്ടവുമാണ്.  സ്വതന്ത്രമായി ജീവിക്കാന്‍ തുടങ്ങിയാല്‍ അത് അവളുടെ അഹങ്കാരമായി കാണും. അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചാല്‍ അത് ധിക്കാരമായും. 

സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ നാഴികയ്ക്ക് നാല്‍പതുവട്ടം വാവിട്ട് പറഞ്ഞാലും ഇന്നും സ്ത്രീ, അവള്‍ക്ക് പരിധിയുണ്ട്. പരിമിതികളുണ്ട്. ആ പരിമിതികള്‍ക്കിടയില്‍ നിന്ന് മുക്തി നേടന്‍ ഒരു യാത്രയായാലോ.......? 

മറ്റെങ്ങുമല്ല പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരകള്‍ക്കുമപ്പുറമുള്ള മഞ്ഞുമലയിലെയ്ക്ക്... മണാലിയുടെ മടിത്തട്ടിലേയ്ക്ക്. അതും തനിച്ച്. 

തനിച്ചോ? എന്ന ചോദ്യം ഉയര്‍ന്നേക്കാം. അത് സ്വാഭാവികം. എന്നാല്‍ ആ വെല്ലുവിളി മറികടക്കാന്‍ കഴിഞ്ഞാല്‍ ലഭിക്കുന്നത് മനസ്സിനെ കുളിരണിയിക്കുന്ന ഒരു കാണാക്കാഴ്ചകളുടെ മറ്റൊരു ലോകം.. പഞ്ഞിക്കെട്ടുകള്‍പോലുള്ള മഞ്ഞിലുടെ ഒരു യാത്ര.. ഒപ്പം കണ്ണുകളെ വിസ്മയിപ്പിക്കുന്ന സ്വപ്നഭൂമിയുടെ ഒര്‍മ്മകളും. 

ഹിമാലയന് മലനിരകളുടെ പശ്ചാത്തലകാഴ്ചയ്ക്ക് പുറമേ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും, പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള കാലം മാണാലി യാത്രയ്ക്ക് ഉചിതം. മഞ്ഞില്‍ കുളിച്ച യാത്ര.. ആര്‍ക്കും ഒരു മോഹം തോന്നില്ലേ.. ആ യാത്രയാണ് എന്റെയും സ്വപ്‌നം. 

ആദ്യം നേരെ ഡല്‍ഹിയിലേയ്ക്ക്. അവിടുന്ന് നേരെ കുളു പട്ടണം. എവിടുന്ന് മണാലി. അവിടെ നിന്ന് നോക്കത്താ ദൂരത്ത് എന്ന പോലെയുള്ള മലനിരകളിലെത്തണം. മഞ്ഞ് കൂമ്പാരത്തിനിടയിലൂടെ കടന്നെത്തേണ്ടത് കുന്നില്‍ മുകളിലാണ്. ആരു എത്തിലെന്നു കരുതി കയറാന്‍ മടിക്കുന്ന ആ മലമുകളില്‍..  ഇടയ്ക്ക് സ്‌കെയ്റ്റിങും ആവാം.. ആ അനുഭവവും മറ്റൊന്നല്ലേ? മഞ്ഞില്‍ നീന്തിക്കുളിച്ച് മലമുകളില്‍ എത്തി നില്‍ക്കുമ്പോള്‍ ലോകം കീഴടക്കുന്ന ആ നിര്‍വൃതി... അത് സമൂഹത്തിന്റെ ചട്ടക്കൂടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മാത്രം ലഭിക്കുന്ന ഒന്നാണ്. ആ യാത്രയ്ക്കായ്.. ആ ആത്മനിര്‍വൃതിയ്ക്കായ്.. കാത്തിരിക്കുന്നു..  

Content Highlight: Dream journey​ Mathrubhumi Women Journalists