രു യാത്ര വിവരണമല്ല  ഇവിടെ പങ്കുവെക്കുന്നത്  മറിച്ച്  ഒരു സ്വപ്നയാത്രക്ക് ഞങ്ങള്‍ എങ്ങനെ തയ്യാറെടുത്തു എന്നതാണ് ...

യാത്രാനുഭവങ്ങള്‍ വായിച്ച് വായിച്ച് ഒരു ആണായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എവിടെ പോണം എന്നോ എപ്പോ വരണമെന്നോ  എങ്ങനെ വരുമെന്നോ ആരൊക്കെ ഉണ്ട് കൂടെ എന്നോ,  ഒന്നും റിപ്പോര്‍ട്ട് ചെയ്യേണ്ട കാര്യം ഇല്ലാതെ 'അവര്‍ ' നടത്തുന്ന യാത്രകള്‍ കണ്ട് അസൂയ പെട്ടിട്ടുണ്ട്. ചില പെണ്‍യാത്രകള്‍ കണ്ട് അത്ഭുതപെട്ടുപോയിട്ടുമുണ്ട്.  

അപ്പോഴൊന്നും എനിക്കും ഇതുപോലെ പറ്റും എന്ന് ചിന്തിച്ചു തുടങ്ങിയിട്ട് പോലും ഇല്ലായിരുന്നു. ഒരു ടീമിന്റെ കൂടെ അല്ലെങ്കില്‍ കുടുംബത്തിന്റെ കൂടെ എല്ലാവരും പറയാന്‍ ഇഷ്ടപെടുന്ന 'ടൂര്‍' എന്നപേരില്‍ പോയിട്ടുണ്ടെങ്കിലും കൂട്ടുകാരികള്‍ മാത്രമായി അറിയാത്ത ഒരു സ്ഥലത്തേക്ക് യാത്ര ചെയ്തിട്ടില്ല.

അങ്ങനെ ഇരിക്കെയാണ് ഓഫീസിലെ 2 പെണ്ണുങ്ങള്‍ രാജസ്ഥാനിലേക്ക് ട്രിപ്പടിച്ചത്.. അതുകണ്ടുകഴിഞ്ഞപ്പോ ഉള്ളിലെ ഉറങ്ങിക്കിടന്ന ആഗ്രഹങ്ങള്‍ വീണ്ടും തളിര്‍ത്തു തുടങ്ങി.  ഈ ആഗ്രഹം മനസ്സില്‍ ഇട്ട് കളിക്കുമ്പോളാണ് നമ്മുടെ കൂടെ തന്നെ ഉള്ള കുറച്ചു പേര്‍ക്കും ഇതേ ആഗ്രഹങ്ങള്‍ ഉണ്ടെന്നു മനസിലായത്.  കുറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പോകേണ്ട സ്ഥലം ഉറപ്പിച്ചു.  ആദ്യമായി പോകുന്നത് കൊണ്ടും യാത്രകള്‍ ഒറ്റയ്ക്ക് ചെയ്തു പരിചയം ഇല്ലാത്തതുകൊണ്ടും ഒരു സിറ്റി തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചിരുന്നു. 

അങ്ങനെ മുത്തുകളുടെ നാടായ ഹൈദരാബാദ് ഉറപ്പിച്ചു. ഹൈദരാബാദിനെക്കുറിച്ചുള്ള വിവരശേഖരണത്തിനിടയിലാണ് ഒരു പ്രണയത്തില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന ഓര്‍മപ്പെടുത്തലാണ് ഹൈദരാബാദ് എന്ന പേര് തന്നെയെന്ന് ഞാന്‍ മനസ്സിലാക്കുന്നത്.

ഹൈദരാബാദ് നഗരം നിര്‍മിച്ച സുല്‍ത്താന്‍ മുഹമ്മദ് ഖുലി ഖുത്തബ് ഷാഹിയുടെ പ്രണയിനി  ബാഗ്മതി യോടുള്ള  പ്രണയ സൂചകമായി ആദ്യം ബാഗ്‌നഗര്‍ എന്നും, പിന്നീട് ബാഗ്മതി ഹൈദര്‍ മഹല്‍ എന്ന പേര് സ്വീകരിച്ചപ്പോള്‍ പിന്നെ ഹൈദരാബാദ് എന്നും ഈ നഗരം അറിയപ്പെടുന്നു. 2 പെണ്ണുങ്ങള്‍ക്ക് അവിടേക്ക് പോകാന്‍  ഇതിലും പ്രചോദനമാകുന്നു വേറെ കഥയുടെ ആവശ്യം വന്നില്ല. തയ്യാറായി മുന്നോട്ടുവന്ന 3 പേരില്‍ ഞാനൊഴികെ ബാക്കി 2 പേരും അമ്മമാരായിരുന്നു. പിന്നെയും പിന്നെയുമുള്ള ആലോചനകളില്‍ അതില്‍ ഒരാള്‍ പിന്മാറി. അങ്ങനെ ഞങ്ങള്‍ രണ്ടു പെണ്ണുങ്ങള്‍ ഒരുങ്ങി പുറപ്പെട്ടു.  

അവിടെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഇത് ഞങ്ങളുടെ യാത്ര മാത്രം ആയിരിക്കണം എന്ന് തുടക്കം മുതലേ വിചാരിച്ചിരുന്നു. അതുകൊണ്ട് ഒരുക്കങ്ങള്‍ എല്ലാം ഒറ്റക്ക് തന്നെ. ഇടയ്ക്കുവെച്ച് ചര്‍ച്ചകള്‍ ഒന്ന് നിന്നുപോയപ്പോള്‍ ഇത് ആഗ്രഹം മാത്രം ആയിപ്പോവുമോന്ന് പേടിച്ചു. പക്ഷെ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്ന് ആദ്യപടിയായി ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ അങ്ങോട്ട് ബുക്ക് ചെയ്തു.  
അപ്പോ പോവുന്ന കാര്യം ഏകദേശം ഉറപ്പായി അല്ല ഉറപ്പാക്കി.. 

പിന്നെയാണ് പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിച്ചത്. ആണ്‍യാത്രകള്‍ തന്നെ പേടിയോടെ കാണുന്ന എന്റെ വീട്ടില്‍ ഇതെങ്ങനെ പറയും !!  അങ്ങനെ ആലോചിച്ച് ആലോചിച്ച് വീട്ടില്‍ പറഞ്ഞു. ഓഫീസില്‍ നിന്നൊരു ടീം ഹൈദരാബാദില്‍ പോവുന്നുണ്ട്. കൂട്ടത്തില്‍ ഞാനും. സംഗതി കഴിഞ്ഞു.  
ഇനി പോവുമ്പോഴല്ലേ അപ്പോ നോക്കാം. 

വഴിയേ oyo റൂമും ബുക്ക് ചെയ്തു. ഹൈദരാബാദിനെ കുറിച്ച് കുറച്ചൊക്കെ പഠിച്ചു. പോകേണ്ട സ്ഥലങ്ങള്‍ ലിസ്റ്റ് ചെയ്തു വച്ചു. സ്ഥലങ്ങള്‍ കാണുവാനായി കാര്‍ 2 ദിവസത്തേക്ക് ബുക്ക് ചെയ്തു.  ഒരു ദിവസം ഫിലിംസിറ്റി കാണാന്‍ അവിടത്തെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് എന്തേലും ഉപയോഗപ്പെടുത്താമെന്ന് ഹൈദരാബാദിനെ പറ്റി ഒന്നും അറിയാത്ത ഞങ്ങള്‍ ഇവിടിരുന്നു തീരുമാനിച്ചു ഉറപ്പിച്ചു. !!!

അങ്ങനെ ആ ദിവസമെത്തി ഇഷ്ടപെട്ട ഉടുപ്പുകളും കുറച്ചു പലഹാരങ്ങളും മുരളി തുമ്മാരുകുടിയുടെ കുറച്ചു ഉപദേശങ്ങളുമായി ഞങ്ങള്‍ പരശുറാമില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു. ഭീമാനം കയറാനായി. അപ്പോഴേക്കും അച്ഛന് കാര്യം ഏകദേശം മനസിലായി,  ഇത് രണ്ടോ മൂന്നോ പേരുടെ യാത്രയാണെന്ന്.  എന്നാലും അച്ഛന്‍ അധികം ചോദ്യങ്ങളൊന്നും ചോദിച്ചില്ല .. 

ആദ്യമായി വിമാന യാത്ര ചെയുന്നത് മുതല്‍ തുടങ്ങി യാത്രയുടെ ഹരം.  മസില്‍ പിടിച്ചിരിക്കുന്ന ഫ്‌ലൈറ്റ് യാത്രികരുടെ ഇടയില്‍ ഞങ്ങള്‍ അല്പം നിലവാരം കുറഞ്ഞവര്‍ തന്നെ ആയി. വിമാന യാത്രയുടെ ആശ്ചര്യവും സംശയങ്ങളും എല്ലാം അല്പം ഉച്ചത്തില്‍ തന്നെ പങ്കുവച്ചു ..

8 മണിയോടെ റൂമില്‍ എത്തിയ ഞങ്ങള്‍ നല്ലൊരു റെസ്റ്റോറന്റ്  അന്വേഷിച്ചു അറിയാത്ത വഴികളിലൂടെ നടന്നു.  ആളുകളോട് മുറി ഹിന്ദിയില്‍ ചോദിച്ചു മനസിലാക്കി. വഴിയില്‍ തുറിച്ചു നോട്ടങ്ങള്‍ കുറവായിരുന്നെങ്കിലും ഹോട്ടല്‍ റിസപ്ഷനില്‍ 2 പെണ്ണുങ്ങളോ എന്നൊരു നോട്ടം ഇല്ലാതിരുന്നില്ല എന്നൊരു തോന്നല്‍ എനിക്ക് ഇടയ്ക്കു ഉണ്ടായിരുന്നു. 

പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു  ഞങ്ങള്‍ ഒന്നു നടന്നു. ചുറ്റുപാടും ഒന്ന് മനസിലാക്കി. ഒരു ഭാഗം അവരുടെ സെക്രെട്ടറിയേറ്റും ബന്ധപ്പെട്ട കെട്ടിടങ്ങളും ആണ്. മറുവശം കൊച്ചി മെട്രോയെ ഓര്‍മിപ്പിയ്ക്കും തരത്തില്‍ മെട്രോയുടെ എക്സ്റ്റന്‍ഷന്‍ പരിപാടികള്‍ നടക്കുന്നു.  ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടു കൂടി ഞങ്ങള്‍ കുറച്ചു അധികം നടന്നു. ഒരു ചായ കുടിച്ചു. ശാന്തമായ സിറ്റി രാവിലെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. രാത്രി വൈകും വരെയും വലിയ ട്രാഫിക് ആണ്.  

അന്ന് ബ്രേക്ഫാസ്‌റ്‌ന് ശേഷം ഗോല്‍കൊണ്ട കോട്ടയും ഷാഹിമാരുടെ ശവകൂടീരങ്ങളും പാലസുകളും ബിര്‍ള നിര്‍മിച്ച അമ്പലവും കണ്ടു.  ഗോല്‍കൊണ്ടയിലെ  താരമതിയെയും പ്രേമവതിയെയും പോരും വഴി കൂടെ കൂട്ടി.  സമയം വൈകിട്ട് 6.30 ആയിക്കാണും.  അപ്പോഴാണ് ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞത് അനുവദിച്ച സമയം കഴിഞ്ഞു : ഇനി വേണെങ്കില്‍ അധികം പൈസ കൊടുക്കണമെന്ന്. ഒരു ബഡ്ജറ്റ് യാത്ര പ്ലാന്‍ ചെയ്ത ഞങ്ങള്‍ ഇത് കേട്ടു ഒന്നു പേടിച്ചു.  

ഇനിയുള്ള സ്ഥലങ്ങള്‍ ഒറ്റയ്ക്ക് കണ്ടോളാം എന്ന് പറഞ്ഞു ധൈര്യത്തോടെ (പുറമേക്കെങ്കിലും) ലുംബിനി പാര്‍ക്കിനു മുന്നില്‍ ഞങ്ങള്‍ ഇറങ്ങി.  അവിടെ 3 മണിക്കൂര്‍ ചിലവഴിച്ചു. തിരിച്ചു വരാവായിരുന്നു രസം ചോദിച്ചു ചോദിച്ചു വഴിയൊക്കെ മനസിലാക്കി ഒരു ഓട്ടോയും പിടിച്ചു റൂമില്‍ എത്തി.  

ഓട്ടോ കുറച്ചു കത്തിയായിരുന്നെങ്കിലും നമ്മുടെ നാടല്ലാത്തതുകൊണ്ട് അധികം സംസാരിക്കാന്‍ പോയില്ല. പിന്നെ ഓട്ടോക്കാര്‍ക്ക് തന്നെ ടൂറിസ്റ്റുകള്‍ക് വേണ്ടി പ്രതേക പാക്കേജ് ഉണ്ട്. അവര്‍ പറയുന്ന കടകളില്‍ പേളും വളകളും വാങ്ങാന്‍ കേറിയാല്‍ നമുക്ക് പകുതി കാശിനു പറഞ്ഞ സ്ഥലത്തു എത്താം. ആ ഓഫര്‍ പക്ഷെ ഞങ്ങള്‍ സ്വീകരിച്ചില്ല. പിറ്റേന്ന് ഹൈദരാബാദ് ടൂറിസത്തിന്റെ  ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ റാമോജിയിലേക്ക്.  ഒരു ദിവസം അവിടെ ചിലവഴിച്ചു.  

അവസാനത്തെ ദിവസം ചാര്‍മിനാറും മെക്കാ മസ്ജിദും ചൂടിബസാറും സുല്‍ത്താന്‍ ബസാറും മനസ് നിറച്ചു.  ചാര്‍മിനാറിന്റെ  മുകളില്‍ നിന്നുള്ള ഹൈദരാബാദ് പഴയ നഗരം ദൃശ്യം മറക്കാന്‍ കഴിയില്ല.  

രാത്രിയില്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി.  ആളുകള്‍ നിറഞ്ഞ വഴികളിലൂടെ, തെരുവ് ഭക്ഷണങ്ങള്‍ക്ക് ഇടയിലൂടെ, തൊട്ടടുത്തുള്ള ഒരു ബാറിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള ആളുകള്‍ക്ക് ഇടയിലൂടെ,  ജീവിക്കാനായി  രാത്രിയില്‍ ക്യാഷ് ചോദിച്ചിറങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇടയിലൂടെ നടപ്പാത പോലും മറന്നുപോകുന്ന ചീറി പായുന്ന വണ്ടികള്‍ക്കും ഇടയിലൂടെ നടന്നു.  ഭക്ഷണം കഴിച്ചു തിരിച്ചു നടന്നു.  ഈ രാത്രിയോട് വിട പറഞ്ഞപ്പോള്‍ മനസില്‍ ഒരു വിഷമം തോന്നി. ഇത് ഞങ്ങളുടെ മാത്രം രാത്രിയും യാത്രയും കൂടി ആയിരുന്നു. നാളെ തിരിച്ചു പോണം. തിരിച്ചുപോരുവാനായി ബാഗ് പോലും പാക്ക് ചെയ്യാതെ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.  

യാത്രയില്‍ ഞങ്ങള്‍ പരമാവധി അവിടത്തെ ഭക്ഷണങ്ങള്‍ തന്നെ കഴിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദി ബിരിയാണി, സ്‌പെഷ്യല്‍ താലി,  ഗുങ്കുരു അച്ചാര്‍, ബസുന്ദി സ്വീറ്റ്,  ദോശക്കൊപ്പം പലതരം ചട്ടിണികള്‍ എല്ലാം വേറെ ഒരു ടേസ്റ്റ്. സ്ട്രീറ്റ് ഫുഡ് കഴിക്കണം എന്നുണ്ടായിരുന്നെങ്കിലും കഴിച്ചില്ല.  ആകെ 2 പേര് മാത്രമുള്ള യാത്രയില്‍ ഇതൊരു വില്ലനായാലോ എന്നുള്ള പേടിയില്‍ ഭക്ഷണവും വെള്ളവും ഞങ്ങള്‍ വിട്ടുകളിച്ചില്ല..

ഇതൊരു യാത്ര വിവരണം ഒന്നും അല്ല. ഞങ്ങള്‍ എങ്ങനെ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു,  ഞങ്ങള്‍ക്ക് മാത്രമായി കുറച്ചു ദിവസം മാറ്റിവച്ചു എന്നതിനെ പറ്റിയാണ്.  തിരിച്ചെത്തിനു ശേഷം നാട്ടുകാരും കുടുംബക്കാരും എല്ലാം ചോദ്യങ്ങളായി.  നിങ്ങള്‍ രണ്ടു പെണ്‍കുട്ടികളാ പോയെ ?ഹൈദെരാബാദിലേക്കോ ? ഉള്ളില്‍ ഇച്ചിരി അഹങ്കാരത്തോടും മുഖത്തു വളരെ അധികം സന്തോഷത്തോടും പറഞ്ഞു അതെ എന്ന്.  

ഗൂഗിള്‍ മാപ്പും എല്ലാത്തിനും ഓണ്‍ലൈന്‍ സൗകര്യവും ഉള്ള ഈ കാലത്ത് ഒറ്റക്ക് പോലും ഒരിടത്തും പോവാന്‍ മടിക്കേണ്ടതില്ല എന്നതാണ് ഞാന്‍ മനസിലാക്കിയത്. കുറച്ചു സുരക്ഷ മുന്‍കരുതലുകള്‍ കൂടി ഉണ്ടെങ്കില്‍ (എല്ലാം അംഗീകൃത ഏജന്‍സികള്‍ വഴി ബുക്ക് ചെയ്യുക,  താമസിക്കുന്ന ഹോട്ടല്‍ നെ പറ്റിയും ആ സ്ഥലത്തെ പറ്റിയും നന്നായൊന്ന് അറിഞ്ഞു വക്കുക,  പോകേണ്ട സ്ഥലങ്ങളെ പറ്റി ഏകദേശം ഒരു ധാരണ ഉണ്ടായിരിക്കുക)  പെണ്‍യാത്രകള്‍ നടത്താന്‍ ഒരു പ്രയാസവുമില്ല. 

പിന്നേ പെണ്ണുങ്ങള്‍ക്കും ഒരു വെക്കേഷന് ഒക്കെ ആവശ്യമാണെന്നും അതിനു ഫുള്‍ സപ്പോര്‍ട്ടും (ഫുള്‍ ഇല്ലെങ്കില്‍ പകുതിയെങ്കിലും)കൊടുക്കണമെന്ന് കുടുംബം തീരുമാനിത്തണം. പ്രത്യേകിച്ച് കല്യാണം കഴിഞ്ഞു,  കുട്ടികള്‍ ഒക്കെ ആയി കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന പൂമുഖ വാതിലിലെ പൂന്തിങ്കളുകള്‍ക്ക്..എന്റെ കൂട്ടുകാരിക്ക് കിട്ടിയത് പോലെ....

മക്കളോട് നാളെ നിങ്ങള്‍ക്കും ഇങ്ങനെ പോവാം എന്ന് പറഞ്ഞു മനസിലാക്കികൊണ്ട് അമ്മമാര്‍ക്കും മാതൃകയാകാം...  ഉള്ളിലൊരു ധൈര്യവും ആത്മവിശ്വാസവും കൂട്ടാനും യാത്രകള്‍ സഹായിക്കും. നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടിന് പുറമെ ആളുകള്‍ എങ്ങനെ ആണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് എന്നൊക്കെ ഇടയ്ക്കു കണ്ടു മനസിലാകേണ്ടത് തന്നെയാണ്.. 

യാത്ര കഴിഞ്ഞപ്പോള്‍ ഒരു ആണ്‍കുട്ടി ആയൈ മതി എന്ന് വിചാരിക്കണതിനെക്കാളും നല്ലത് ചങ്കുറപ്പുള്ള പെണ്‍കുട്ടി തന്നെ ആയ മതി എന്ന് എനിക്ക് തോന്നി.

വല്ലപ്പോഴും നമുക്ക് വേണ്ടി മാത്രമായും യാത്രകള്‍ ചെയ്യാന്‍ തുടങ്ങാം പെണ്ണുങ്ങളെ .....

Contente highlight: Kerala to Hyderabad Journey  travelogue by a women