പ്പോള്‍ ലോകത്ത് എല്ലാ ഐഡിയോളോജി ഉള്ള രാജ്യങ്ങളിലും വനിതാ ദിനം ആഘോഷിക്കുന്നുണ്ടെങ്കിലും  ആയിരത്തി തൊള്ളായിരത്തി പത്തില്‍ രണ്ടാമത്തെ  സോഷ്യലിസ്റ്റ്  ഇന്റര്‍നാഷണല്‍ ആണ് മാര്‍ച്ച് എട്ടിനെ വനിതാ ദിനം ആയി പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് നേതൃസ്ഥാനം പോയിട്ട് വോട്ടവകാശം പോലും ഇല്ലാതിരുന്ന ഒരു കാലത്താണ് ഇങ്ങനൊരു ചിന്ത എന്നോര്‍ക്കണം. പില്‍ക്കാലത്ത് ഐക്യരാഷ്ട്ര സഭയും മാര്‍ച്ച് 8 വനിതാദിനമായി അംഗീകരിച്ചു..

സ്ത്രീകളുടെ  കാര്യത്തില്‍ എനിക്ക് ഒരു പ്രത്യേക താല്പര്യമുണ്ടെന്ന് എന്റെ വായനക്കാര്‍ക്ക് അറിയാമല്ലോ. അതിന്റെ കാരണം ജൈവികം മാത്രമല്ല.  മനുഷ്യകുലത്തിലെ കഴിവുകളും നേതൃത്വഗുണവും ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരുപോലെയാണ് വിന്യസിക്കപ്പെട്ടിരിക്കുന്നതെന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നത്  കൊണ്ടുകൂടിയാണ്. അത് വളരാനും പ്രകടിപ്പിക്കാനും കുടുംബവും സമൂഹവും വേണ്ടത്ര പിന്തുണ കൊടുക്കാത്തതുകൊണ്ടാണ്   സ്ത്രീകള്‍ക്ക് എഞ്ചിനീയര്‍ മുതല്‍ എം പി വരെയുള്ള സ്ഥാനങ്ങളില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാതിരിക്കാന്‍ കാരണമാകുന്നത്. എന്നാല്‍ ഇതിന്റെ നഷ്ടം സ്ത്രീകള്‍ക്ക് മാത്രമല്ല എന്നതാണ് സത്യം. ലഭ്യമായ ടാലന്റ് പൂളിന്റെ പകുതി  ഭാഗം നാം ഉപയോഗിക്കാതിരിക്കുകയും, മറ്റേ പകുതിയില്‍ നിന്നു മാത്രം ബഹുഭൂരിപക്ഷം നേതാക്കളെയും എന്‍ജിനീയര്‍മാരെയും മാനേജര്‍മാരെയും നാം കണ്ടെത്തുകയും ചെയ്യുമ്പോള്‍, ഓരോ പദവിക്കും ഏറ്റവും അനുയോജ്യര്‍ ആയവര്‍ അല്ല അവിടെ എത്തുന്നത്. ഇതിലൂടെ  സമൂഹത്തിനും വലിയ നഷ്ടം സംഭവിക്കുന്നുണ്ട്. ഇതുകൊണ്ടാണ് വീണ്ടും വീണ്ടും സ്ത്രീകള്‍ക്ക് കുട്ടികള്‍ ആയിരിക്കുമ്പോള്‍ തന്നെ തുല്യ അവസരങ്ങള്‍ കൊടുക്കണം എന്ന് ഞാന്‍ എപ്പോഴും വാദിക്കുന്നത്.

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ അവസരങ്ങളുടെ കുറവ് ലോകത്ത് എങ്ങും ഉള്ള പ്രശ്‌നം ആണ്. അതുകൊണ്ടു തന്നെ ലഭ്യമായ ടാലന്റുകളില്‍ ഏറ്റവും നല്ലത് ആ സമൂഹത്തിന് ഉപയോഗിക്കാന്‍ പറ്റാതെ വരുന്നതും. പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പടെ സ്ത്രീ വിമോചനത്തില്‍ ഒക്കെ ഏറെ മുന്നോട്ടു പോയിട്ടുണ്ട് എന്ന് നാം വിശ്വസിക്കുന്ന രാജ്യങ്ങളില്‍ വരെ സാധാരണമാണ്. എന്നാല്‍  ഇക്കാര്യത്തില്‍  കേരളം മറ്റുള്ളവയെക്കാള്‍ കൂടുതല്‍ നഷ്ടം അനുഭവിക്കുന്ന സ്ഥലമാണ്. ഒരുദാഹരണം പറയാം. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷം കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിവിധ വിഭാഗങ്ങളില്‍ ആദ്യത്തെ മൂന്ന്  റാങ്ക് കിട്ടിയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ആണ്‍കുട്ടികള്‍ ബഹുഭൂരിപക്ഷവും കേരളത്തിന് പുറത്തായിരിക്കും  ഇപ്പോള്‍ ജോലി ചെയ്യുന്നത്. കാരണം  സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി നേടുന്നുണ്ടെങ്കിലും തൊഴിലുകളുടെ 'സോഫിസ്റ്റിക്കേഷന്‍' വെച്ചുനോക്കിയാല്‍ കേരളം ഇപ്പോഴും ഒരു കുഗ്രാമമാണ്. ഒരു ഡിഗ്രി തോറ്റവര്‍ക്ക് ചെയ്യാന്‍ പറ്റാത്ത ജോലികള്‍ കേരളത്തില്‍ അപൂര്‍വമാണ്, അപ്പോള്‍ റാങ്ക് നേടുന്നവരുടെ കാര്യം പറയാനും ഇല്ലല്ലോ.  മിടുക്കന്മാര്‍ക്ക് കേരളത്തില്‍ നില്‍ക്കാന്‍ അവസരമില്ല, അവര്‍ നില്‍ക്കാറുമില്ല. (അപവാദങ്ങള്‍ കണ്ടേക്കാം).

അതേസമയം  റാങ്ക് കിട്ടിയ സ്ത്രീകളില്‍ ഏറെപ്പേര്‍  വീട്ടുകാരുടെ സമ്മര്‍ദ്ദം കൊണ്ടും വീട്ടമ്മമാരായി ജീവിക്കുന്നത് കൊണ്ടും ഇപ്പോഴും കേരളത്തില്‍ തന്നെയുണ്ട്. പക്ഷെ, പഠനം കഴിഞ്ഞാല്‍ പിന്നെ അവരുടെ കഴിവുകളെപ്പറ്റി ആരും അന്വേഷിക്കാറില്ല, അതിനെ പ്രയോജനപ്പെടുത്താന്‍ കേരളത്തില്‍ ഇപ്പോള്‍ സംവിധാനങ്ങളുമില്ല. കേരളത്തിന് പുറത്ത് വളര്‍ന്ന വിവാഹശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്ന മലയാളി പെണ്‍കുട്ടികളുടെ കാര്യവും ഇതുപോലെയാണ്. കേരളത്തിന് പുറത്ത് വളര്‍ന്ന ആണ്‍കുട്ടികളില്‍ ഒരു ശതമാനം പോലും കേരളത്തിലേക്ക് തിരിച്ചു വരാറില്ല, പക്ഷെ കുടുംബങ്ങള്‍ തീരുമാനിക്കുന്ന വിവാഹങ്ങളുടെ ഭാഗമായി ഏറെ പെണ്‍കുട്ടികള്‍, അവര്‍ക്ക് നല്ല വിദ്യാഭ്യാസവും, ഭാഷ പരിജ്ഞാനവും ലോകപരിചയവും ഒക്കെ ഉണ്ട്, തിരിച്ചു കേരളത്തില്‍ എത്തി തൊഴിലില്ലാതെയോ അവരുടെ യോഗ്യതക്ക് ഒത്ത തൊഴില്‍ കിട്ടാതെയോ ജീവിക്കുന്നു.

'കുടുംബത്തിന്റെ' ഭദ്രതക്കും സൗകര്യത്തിനും വേണ്ടി  എം ഫില്ലിന് റാങ്ക് കിട്ടിയ പെണ്‍കുട്ടി ക്ലര്‍ക്കായി തൊഴില്‍ ചെയ്യുന്നതും എഞ്ചിനീറിംഗില്‍ റാങ്ക് കിട്ടിയ കുട്ടി വീട്ടമ്മയായി തൊഴില്‍രംഗത്തു നിന്നും മാറിനില്‍ക്കുന്നതും സമൂഹം തികച്ചും 'സ്വഭാവികമായി'ട്ടാണ് കാണുന്നത്. എന്നിട്ടോ ഇവരേക്കാള്‍ പല തരത്തിലും കഴിവ് കുറഞ്ഞവര്‍ തൊഴില്‍  രംഗത്തും നേതൃത്വ രംഗത്തും മുന്നോട്ട് കുതിക്കുന്നു. ജീവിതത്തില്‍ മുന്നോട്ട് പോകുന്നത് അക്കാദമിക് മികവിന്റെ മാത്രം ബലത്തില്‍ ആണെന്നോ ആകണമെന്നോ വിശ്വസിക്കുന്ന ആളല്ല ഞാന്‍. എന്നാല്‍ അക്കാദമിക് മികവുള്ള സ്ത്രീകള്‍ തൊഴില്‍ രംഗത്തു മുന്നോട്ടു പോകാത്തത് അവര്‍ക്ക് മറ്റു കഴിവുകള്‍  ഇല്ലാത്തതിനാലല്ല, മറിച്ച് സമൂഹം ആ കഴിവുകള്‍ അറിയാനും ഉപയോഗിക്കാനുമുള്ള അവസരം ഉണ്ടാക്കുന്നില്ല എന്നതിനാലാണ്.

അഭ്യസ്തവിദ്യരായ,  ലോകം കണ്ടിട്ടുള്ള, പല ഭാഷകള്‍ അറിയുന്ന എഞ്ചിനീയറിംഗ് തൊട്ട് പി എച്ച് ഡി വരെ വിദ്യാഭ്യാസമുള്ള ധാരാളം വനിതകളാണ്  വീട്ടമ്മമാരായും സാധാരണ ജോലിക്കാരായും സമൂഹത്തിന്റെ ബി നിലവറയിലും സി നിലവറയിലും ഒക്കെ അടച്ചിട്ടപ്പെട്ടിരിക്കുന്നത്. പലരും കുറച്ചു നാള്‍ ഒക്കെ കേരളത്തിന് അകത്തും പുറത്തും ഒക്കെ ജോലി ചെയ്തവരും ആണ്. കുട്ടികള്‍ ആകുന്നതോടെ പലപ്പോഴും തൊഴില്‍ ഉപേക്ഷിക്കും, പിന്നെ കുട്ടികള്‍ ഒക്കെ വലുതായി കഴിയുമ്പോഴേക്കും തിരിച്ചു തൊഴില്‍ രംഗത്ത് എത്തിപ്പറ്റാന്‍ കഴിയാതെ വരും. അങ്ങനെ വ്യക്തിപരമായി നിരാശരായിരിക്കുന്ന ഏറെ പേരെ നമുക്കെല്ലാം അറിയാം. അതേ സമയം  ഭാഷ പഠിപ്പിക്കല്‍ തൊട്ട് കോപ്പി എഡിറ്റിങ് വരെ പാലിയേറ്റിവ് കെയര്‍ തൊട്ട് ഓള്‍ഡ് ഏജ് ഹോം വരെ അനവധി തൊഴിലിലും വളണ്ടിയര്‍ സംവിധാനത്തിലും ഇവരുടെ സമയവും കഴിവുകളും ഉപയോഗിക്കാന്‍ ഉള്ള ഏറെ സാധ്യതകള്‍ ഉണ്ട്. ഇവരില്‍ പലരും മുഴുവന്‍ സമയം ജോലിയല്ല അന്വേഷിക്കുന്നത്, അധികം ശമ്പളം കിട്ടണം എന്ന ആഗ്രഹവും ഇല്ല. അവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെടണം എന്നതാണ് അവരുടെ ആദ്യത്തെ ആഗ്രഹം, ചെറുതാണെങ്കിലും 'സ്വന്തം' എന്ന് പറയാന്‍ ആയിരം രൂപ എങ്കിലും മാസം ഉണ്ടാക്കണം, വീടിനു പുറത്ത് മറ്റുള്ളവരും ആയി ഇടപഴകാന്‍ ഉള്ള അവസരം വേണം ഇതൊക്കെയാണ് കൂടുതല്‍ പ്രധാനം. ഇതൊന്നും ഞാന്‍ വെറുതെ പറയുന്നതല്ല. കഴിഞ്ഞ പത്തു വര്‍ഷമായി ഇത്തരത്തില്‍ ഉള്ള അനവധി സ്ത്രീകളെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്, അത്യാവശ്യം ഉള്ള സമയത്ത് ഞാന്‍ ഇന്റര്‍നെറ്റ് ഗവേഷണം മുതല്‍ കോപ്പി എഡിറ്റിങ് വരെ ബാങ്കിങ് കാര്യങ്ങള്‍ മുതല്‍ ഇന്‍വെസ്റ്റ്‌മെന്റ് വരെ ഉള്ള ഉത്തരവാദിത്തങ്ങള്‍ അവരെ ഏല്‍പ്പിച്ചിട്ടുണ്ട്. ഏറെ സന്തോഷത്തോടെ, കാര്യക്ഷമമായി അവര്‍ ഈ കാര്യങ്ങള്‍ നടത്തി തരാറുണ്ട്, ഇപ്പോഴും ചെയ്യുന്നു. ചെയ്യുന്ന തൊഴിലിന് ന്യായമായ പണം നല്‍കുന്നു. അവരും ഹാപ്പി ഞാനും ഹാപ്പി.

കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യം എടുക്കണം. ആദ്യം വേണ്ടത് നിലവറയിലെ കണക്കെടുപ്പാണ്. ഏതൊക്ക സ്‌കില്‍ ഉള്ള സ്ത്രീകള്‍ ആണ് നമ്മുടെ വീട്ടമ്മമാരില്‍ ഉള്ളത്, അവരില്‍ എത്ര പേര്‍ പാര്‍ട്ട് ടൈം ആയി തൊഴിലിനോ വളണ്ടീയറിങ്ങിനോ തയ്യാറാണ് എന്നൊക്ക കണ്ടു പിടിക്കുക. ഇവരില്‍ എത്ര പേര്‍ കുടുംബശ്രീ പോലുള്ള സംവിധാനങ്ങളുടെ പുറത്താണ്, എന്തുകൊണ്ട് എന്നൊക്കെ പഠനവിധേയം ആക്കണം. എന്നിട്ട്  ഇവരെ ഒറ്റക്കും കൂട്ടായും സമൂഹത്തിന് ഉപകാരപ്പെടുന്ന എന്തെങ്കിലും ഒക്കെ മേഖലകളിലേക്ക് തിരിച്ചു വിടാന്‍ ഉള്ള പദ്ധതികള്‍ ഉണ്ടാക്കുക.  ഈ സ്റ്റാര്‍ട്ട് അപ്പ് എന്നതൊക്കെ എന്‍ജിനീയറിങ് കഴിഞ്ഞ കുട്ടികളുടെ മാത്രം കുത്തകയല്ലല്ലോ. അതിലേക്ക് ഇവരെ കൊണ്ടുവരാന്‍ ഉള്ള പരിശീലനം നല്‍കുക. 

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കേരളം എത്തിച്ചേരണം എങ്കില്‍ നമ്മുടെ മണ്ണിലും സ്വര്‍ണ്ണത്തിലും നാം കുഴിച്ചിട്ടിരിക്കുന്ന പണം മാത്രം പുറത്തു വന്നാല്‍ പോരാ, വിദേശത്തേക്ക് നാം കയറ്റി അയച്ചിരിക്കുന്ന ടാലന്റുകളും നമ്മുടെ കുടുംബത്തില്‍ നാം തളച്ചിട്ടിരിക്കുന്ന കഴിവുകളും ഒക്കെ പുറത്തെത്തിക്കണം. അവര്‍ സമൂഹത്തിലും നേതൃത്വത്തിലും എത്തണം. അതില്‍ പ്രധാനമായത് നമ്മുടെ സ്ത്രീകള്‍ തന്നെയാണ്.  നമ്മുടെ സ്ത്രീകള്‍ തൊഴില്‍ രംഗത്തും നേതൃത്വ രംഗത്തും തുല്യമോ അതിനപ്പുറമോ ഉള്ള സ്ഥാനം വഹിക്കുന്ന,  ലോകത്തിന് മാതൃകയായ,   ഒരു സ്ഥലം തന്നെയാണ് ഞാന്‍ സ്വപ്നം കാണുന്ന കിനാശ്ശേരി.

എല്ലാവര്‍ക്കും വനിതാ ദിന ആശംസകള്‍...