കുഞ്ഞ്  ഫ്രോക്കിട്ട്..തുള്ളിക്കളിച്ച് നടന്നിരുന്ന ഒരു ഏഴാം ക്ലാസുകാരി, സ്‌കൂള്‍ ഉള്ള ഏതൊ ഒരു ദിവസം..രാവിലെ എഴുന്നേറ്റ് മൂത്രമൊഴിക്കാനായി ഇരുന്നപ്പോള്‍ നിലത്ത്  ഒരു വട്ടത്തില്‍ കടും ചുവപ്പ് നിറത്തില്‍ ചോര.. പിന്നെ ഒരു അലറിക്കരച്ചിലായിരുന്നു... അമ്മേ എനിക്ക് ബ്ലഡ് ക്യാന്‍സര്‍ വന്നേ.. ബഹളം കേട്ട് അമ്മ മാത്രമല്ല.. അച്ഛനും പറമ്പില്‍ പണിക്കു വന്നവരും അനിയനും വരെ ഓടിക്കൂടി... എല്ലാവരുടെയും ചോദ്യത്തിനുള്ള ഉത്തരം എനിക്ക് ബ്ലഡ് ക്യാന്‍സറാണെന്ന കരച്ചിലോടെയുള്ള മറുപടിയില്‍ ചെന്നവസാനിച്ചു..ഒടുവില്‍ അമ്മയുടെ സ്വരം വാത്സല്യത്തില്‍ നിന്നും ഭീഷണിയായി മാറിയപ്പോള്‍.. ഞാന്‍ ആ സത്യം തെളിവു സഹിതം പറഞ്ഞു.. മൂത്രമൊഴിയ്ക്കാന്‍ ഇരുന്നപ്പോള്‍ ചോര വന്നു.. എനിക്ക് ബ്ലഡ് കാന്‍സറാണ്...കൂടി നിന്നവര്‍ ഇതു കേട്ട് ചിരിച്ചോണ്ട് പിരിഞ്ഞുപോയി.. അച്ഛാച്ചന്‍ അമ്മയോട് പെണ്ണിനെ കുളിപ്പിക്കെന്ന് പറഞ്ഞ് അകത്തേക്കും പോയി.. ഇതെല്ലാം കണ്ട് അന്തം വിട്ട് നിന്ന അനിയനെ അമ്മ വിരട്ടി ഓടിച്ചു..

സ്വന്തം മകള്‍ക്ക് ബ്ലഡ് കാന്‍സറാണെന്ന് അറിഞ്ഞിട്ട് കുളിപ്പിക്കാന്‍ പറഞ്ഞ അച്ഛന്‍.. ഒന്നു കരയുക പോലും ചെയ്യാത്ത അമ്മ...അവരിലും സങ്കടപ്പെടുത്തിയത്..ചേട്ടാ, ചേച്ചീന്നും പറഞ്ഞ് ഞാന്‍ പിറകെ നടക്കാറുള്ള പണിക്കാരുടെ ചിരിയാണ്.. ആ ഏഴാക്ലാസുകാരിക്ക് മുന്നില്‍ ലോകം ഉത്തരം കിട്ടാത്ത ചോദ്യമായി. അച്ഛനും അമ്മയും വിശ്വാസ വഞ്ചകരായി.. എങ്കിലും പെണ്ണിനെ കുളിപ്പിക്കെന്ന അച്ഛാച്ചന്റെ ഉത്തരവില്‍ ഞാന്‍ അല്‍പ്പം ആശ്വാസം കണ്ടെത്തി. ആശുപത്രിയില്‍  കൊണ്ടുപോകാനായിരിക്കും.... ബ്ലഡ് കാന്‍സര്‍ രക്തത്തില്‍ ഉണ്ടാകുന്ന കാന്‍സറാണെന്നും, അതുണ്ടായാല്‍ ബ്ലഡ് ശരീരത്തിലൂടെ ഒഴുകിപോകുമെന്നും മരിച്ചുപോകുമെന്നും എന്നായിരുന്നു ആ ഏഴാംക്ലാസുകാരി ധരിച്ചുവെച്ചിരുന്നത്.

സ്വന്തം മരണം മുന്നില്‍ കണ്ടുനിന്ന എന്നെ അമ്മ കുളിപ്പിക്കാനായി കൊണ്ടുപോയി, നിലത്തെ ചോര കഴുകി കളഞ്ഞ്, കരഞ്ഞുകൊണ്ട് നില്‍ക്കുന്ന എന്നെ ഒരു ഭാവഭേദവുമില്ലാതെ കുളിപ്പിച്ചു...തല തുവര്‍ത്തി, വീടിനകത്തേക്ക് കൊണ്ടുപോയി ചായ തന്നു.. ഇതിനിടയില്‍ പെണ്ണിനെ ഇന്ന് സ്‌കൂളില്‍ വിടേണ്ടെന്ന് അച്ഛാച്ചന്‍. അപ്പോള്‍ ഞാന്‍ ഉറപ്പിച്ചു ആശുപത്രിയില്‍  കൊണ്ടുപോകാന്‍ തന്നെ. 

ചായയെ നോക്കി കരഞ്ഞുകൊണ്ടിരുന്ന എന്നോട് അമ്മ വന്ന് പറഞ്ഞു.. കാന്‍സറൊന്നും അല്ല, ഇങ്ങനെയാണ് കാന്‍സറുണ്ടാകുന്നതെന്ന് നിന്നോട് ആരാ പറഞ്ഞത്.... അപ്പോള്‍ പിന്നെ എന്തിനാ ചോര വന്നതെന്ന് ചോദിച്ച എന്നോട് വീണ്ടും അമ്മ ബുദ്ധിജീവികളെ പോലെ സംസാരിച്ചു.

നീ വല്യകുട്ടിയായി, ഇനി കുട്ടികളിയൊക്കെ കുറച്ച് കുറച്ചേക്കണം.. ഒന്നും മനസിലാകാതെ ഞാന്‍ അമ്മയോട് വിതുമ്പികൊണ്ട് പിന്നെയും പറഞ്ഞു അല്ലമ്മെ എനിക്ക് കാന്‍സറാണ്..എന്നെ ആശുപത്രിയില്‍ വേഗം കൊണ്ടുപോ... അമ്മ നിഷ്‌ക്കരുണം പിന്നെയും പറഞ്ഞു... നീ പെണ്‍കുട്ടിയാതാ.. അപ്പോള്‍ ഞാന്‍  ഇതുവരെ പെണ്‍കുട്ടിയല്ലായിരുന്നോ? ...

മറുപടി പറയാതെ അമ്മ അകത്തുപോയി ഒരു കഷണം വെള്ള തുണി എടുത്തുകൊണ്ടു വന്നു. ഒരു പാന്റീസിനകത്ത് വെച്ചിട്ട് കയ്യില്‍ തന്നു..ഇത് വെക്ക് ഇനി ഇടയ്ക്ക് ചോരവരും, തുണി നിറയുമ്പോള്‍ പറ വേറെ തരാം..ഒരു പ്രായം അകുമ്പോള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഇതുണ്ടാകും അമ്മയ്ക്കും ഉണ്ട്.. ഒരാഴ്ച്ച ഇതുണ്ടാകും കുറച്ചു ദിവസം സ്‌കൂളില്‍ പോകണ്ടാ.. പെരയ്ക്കാത്ത് കയറി അടങ്ങി ഇരുന്നോളണം...

കാര്യമായിട്ട് ഒന്നും മനസിലായില്ലെങ്കിലും അന്നുമുതല്‍ എന്റെ ജീവിതം മാറുകയാണെന്ന് മാത്രം എവിടെ നിന്നോ ഒരു ഉള്‍വിളി. വിശാലമായ പറമ്പും കുളവും, വീടിനു മുന്നിലെ കാടും.. എന്റെ സ്വപ്‌നലോകത്തിനായി ഞാന്‍ കണ്ടെത്തിയ ചെറിയ സങ്കേതങ്ങള്‍ക്ക് വരെ പരിധികള്‍ നിശ്ചയിക്കപ്പെട്ടു.. കുട്ടി എന്ന പദവി നഷ്ടപ്പെട്ടു.. അനുവദിച്ചു കിട്ടിയിരുന്ന എന്തൊക്കെയൊ സ്വാതന്ത്ര്യങ്ങള്‍ പതുക്കെ ഇല്ലാതായി..
 
അമ്മ പറഞ്ഞ കഥ എനിക്കത്രെ ദഹിച്ചിരുന്നില്ല.. എനിക്ക് ബ്ലഡ് കാന്‍സറാണെന്ന ഉറച്ച ബോധ്യത്തിന്റെതായിരുന്നു ആ നാളുകള്‍.. ആ ദിവസങ്ങളില്‍ അമ്മ സ്‌പെഷ്യലായി ഉണ്ടാക്കി തന്ന വിഭവങ്ങളൊക്കെയും എനിക്ക് മരിക്കാന്‍ പോകുന്ന കുട്ടിയോട് കാണിക്കുന്ന പരിഗണയായാണ് തോന്നിയത്... വായിലേക്ക് നിര്‍ബന്ധപൂര്‍വ്വം ഒഴിച്ചു തന്ന അരിഷ്ടം കാന്‍സറിനുള്ള മരുന്നാണെന്നും ഞാന്‍ വിശ്വസിച്ചു. അച്ഛനും അമ്മയും ഒരാഴ്ച്ചത്തേക്ക് എന്റെ ശത്രുക്കളായി. രാത്രികളില്‍ മരിക്കാനുള്ള പേടി എന്നെ കരയിച്ചുകൊണ്ടിരുന്നു.. സ്വപ്‌നങ്ങളില്‍ വന്ന് ഞെട്ടിയെഴുന്നേല്‍പ്പിച്ചുകൊണ്ടിരുന്നു..എഴുതി പ്രതിഫലിപ്പിക്കാനാകാത്ത വിധം ആ നടുക്കം എന്റെ ഉള്ളില്‍ ഇന്നുമുണ്ട്..
 
പിറ്റേ ദിവസം ബഹളം വെച്ച് സ്‌കൂളില്‍ പോയി.. അമ്മ പേപ്പറില്‍  പൊതിഞ്ഞ് മറ്റൊരു തുണിക്കഷ്ണം ബാഗില്‍ വെച്ചുതന്നു.യൂണിഫോമിനകത്ത് രഹസ്യമായി ആ തുണിക്കഷ്ണം വെച്ച് ഒരു കാലത്തും വെള്ളമില്ലാത്ത മൂത്രപ്പുരയില്‍ കയറി തുണിമാറ്റിവച്ച് രക്തം പുരണ്ട തുണി അറപ്പോടെ വീണ്ടും പൊതിഞ്ഞ് ബാഗില്‍ വച്ച് തിരികെ വീട്ടിലേക്ക്.. കൂട്ടുകാരോട് ആരോടും പറഞ്ഞില്ല കാരണം എനിക്ക് ബ്ലഡ് കാന്‍സറാണല്ലോ..രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ചോര തുണി അമ്മ എന്നെകൊണ്ട് കഴുകിച്ച് എന്നെ സ്വയം പര്യാപ്തയാക്കാനുള്ള വിഫലശ്രമം തുടങ്ങി.. ഞാന്‍ എങ്ങനെ കഴുകിയാലും ആ വെള്ളത്തുണിയിലെ ചോരപ്പാടുകള്‍ പോയില്ലെന്നുമാത്രമല്ല.. തല്ലിക്കൊന്നാലും കഴുകില്ലെന്നു ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്തു..

മൂന്ന് കിലോമീറ്ററുകള്‍ നടന്നുവേണം സ്‌കൂളില്‍ പോകാന്‍... തുണിവെച്ചുകൊണ്ടുള്ള നടത്തം എന്റെ കാലുകളെ പൊട്ടിച്ചു.നീറിപ്പുകഞ്ഞ കാലുമായി സ്‌കൂളിലേക്ക്. ആ ദുരിതകാലം അമ്മ പറഞ്ഞതുപോലെ ഒരാഴ്ച്ചകൊണ്ട് തീര്‍ന്നു...അമ്മേ ഇപ്പോള്‍ ചോര വരുന്നില്ലെന്ന് പറഞ്ഞു തുടങ്ങിയ നിമിഷം മുതല്‍ അമ്മ എന്നെ ബോധവല്‍ക്കരിച്ചുകൊണ്ടിരുന്നു.. പക്ഷേ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല... പക്ഷേ ഒന്നുറപ്പായി കാന്‍സര്‍ മാറിയല്ലോ.. 

അങ്ങനെ അടുത്തമാസമെത്തി.. പിന്നെയും ചോര.. ഒരുമാസം, ഒരൊറ്റമാസം മാത്രമെ ഉണ്ടാകുകയുള്ളുവെന്ന് വിശ്വസിച്ചിരുന്ന എനിക്ക് ഇത്തവണ ക്ഷമിക്കാനായില്ല... എനിക്കിനി ഇതു പറ്റില്ലെന്ന് പറഞ്ഞു ബഹളം വെച്ചു, ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി നിര്‍ത്തിയ്ക്കാന്‍ കരഞ്ഞു പറഞ്ഞു, യാചിച്ചു. ഒടുവില്‍ അമ്മ ആരെയൊക്കെയൊ രംഗത്തിറക്കി എന്നെ അനുനയിപ്പിച്ചു, അടുത്തമാസം മാത്രമല്ല ജീവിതകാലം മുഴുവനും ചോരവരുമെന്ന്... വന്നേ പറ്റുകയുള്ളുവെന്ന്.. വന്നില്ലെങ്കിലാണ് കാന്‍സര്‍ വരുകയെന്ന്.. ഞാന്‍ പെണ്‍കുട്ടിയാണെന്ന് അങ്ങനെ ഉള്‍കൊള്ളാന്‍ പറ്റാത്ത എന്തൊക്കെയൊ വലിയ കാര്യങ്ങള്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നു.  ഒന്നും കാര്യമായി മനസിലായില്ലെങ്കിലും ഞാന്‍ അന്നാണ് പെണ്‍കുട്ടിയായതെന്ന് മാത്രം സമ്മതിച്ചുകൊടുക്കാന്‍ വയ്യായിരുന്നു..

കോണ്‍വെന്റ് സ്‌കൂളിന്റെ ചട്ടക്കൂട്ടിലേക്ക് സ്‌കൂള്‍ ജീവിതം ഒതുങ്ങിയപ്പോഴും... ഞാനിത് ആരോടും പറഞ്ഞില്ല.. പറയാന്‍ മാത്രം സന്തോഷമുള്ളൊരു സംഗതിയായി അന്നെനിക്ക് തോന്നിയില്ല.. ഒന്‍പതാം ക്ലാസിലെ ബയോളജി ക്ലാസിലിരുന്നിട്ടും ചോരവരുന്നതിലെ ബയോളജി മനസിലായില്ല. അതിന് പത്തും പിന്നിടേണ്ടിവന്നു...വായനയുടെ ലോകം വളര്‍ന്നപ്പോഴാണ് ഋതുമതിയാക്കുന്നതും പെണ്ണാക്കുന്നതും ഈ ചോരതുള്ളികളാണെന്ന് മനസിലാക്കിയത്...എനിക്ക് ഒരമ്മയാകാന്‍ കഴിവുണ്ടെന്നും. തുറന്ന് പറച്ചിലുകള്‍ ഉണ്ടാകുന്നത് അവിടെ മുതലാണ്.. 

പത്ത് പിന്നിട്ടപ്പോള്‍ ചിരിച്ചുകൊണ്ട് ഞാന്‍ പുറത്തായെടി എന്നു പറഞ്ഞുവരുന്ന കൂട്ടുകാരികളെ കാണുമ്പോള്‍.. ഞാന്‍ ആ കാന്‍സറിന്റെ ദിനങ്ങളോര്‍ക്കും.. നീ ആയോന്ന് ചോദിക്കുമ്പോള്‍.. ഞാന്‍ എന്നേ ആയതാണെന്ന് നിസംഗതയോടെ മറുപടി പറയും. 

മുന്നറിയിപ്പ് തരാത്ത അമ്മയോട് പരിഭവമില്ല..കാരണം എന്റെ ശരീരശാസ്ത്രം വച്ച് ഏഴാം ക്ലാസില്‍ വച്ചേ ഞാന്‍ പെണ്‍കുട്ടിയാകുമെന്ന് അവര്‍ കരുതിക്കാണില്ല.. അല്ലെങ്കിലും വെറും നാട്ടിന്‍പുറത്തുകാരിയായ എന്റെ അമ്മയ്ക്ക് അത്രയെ പറയാനാകുമായിരുന്നുള്ളു. പക്ഷേ പരിഭവമുണ്ട് ബയോളജി ക്ലാസിലെ ടീച്ചറോട്, ഓടിച്ച് എടുത്തുവിട്ട പാഠങ്ങള്‍ തന്നേക്കാമായിരുന്ന നഷ്ടം ജീവിതത്തോളം വലുതാണ്.  11 വര്‍ഷം ഞായാറാഴ്ചകളില്‍ പോയിരുന്ന സണ്‍ഡേ സ്‌കൂള്‍ ക്ലാസിലെ ടീച്ചറിനോട്...മതബോധനവും സദാചാരവും മാത്രമല്ല ഞായറാഴ്ച്ചകളില്‍ അല്‍പ്പം ബയോളജിയും ആകാമായിരുന്നു.

തുണിയില്‍ നിന്നും പാഡിലേക്ക് അമ്മ പ്രമോഷന്‍ തന്നതോട് കൂടി എനിക്ക് പിരീഡ്‌സ് ഒരു വിഷയമല്ലാതെയായി. പക്ഷേ അത് പ്ലസ് വണ്‍ വരെ മാത്രം. പിരീഡ്‌സ് വരുന്നതും പോകുന്നതും അറിയാറുപോലുമില്ലാതിരുന്ന ഞാന്‍ അന്നുമുതല്‍ ഈ നിമിഷം വരെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്... കടുത്ത ഡിപ്രഷന്റെ, വെറുതെ കിടക്കുമ്പോള്‍  ഒരു കാരണവുമില്ലാതെ കറങ്ങികൊണ്ടിരിക്കുന്ന ഫാനില്‍ കെട്ടിതൂങ്ങാന്‍ തോന്നുന്നതിന്റെ, ആ തോന്നലിനെ ഭയപ്പെട്ട് കണ്ണടച്ച് പുതച്ചുമൂടി കിടക്കേണ്ടിവരുന്ന നിസഹായതകളുടെ, ചിലപ്പോഴൊക്കെ നിസാരകാരണത്തിന് പൊട്ടിക്കരയുന്ന സില്ലി ഗേള്‍ ആകുന്നതിന്റെ, മിക്കപ്പോഴും ദേഷ്യപ്പെട്ട് പൊട്ടിത്തെറിച്ച് ഇഷ്ടപ്പെടുന്നവരെ വെറുപ്പിക്കുന്നതിന്റെ  ഇനിയും നിര്‍വ്വചിക്കാനാകാത്ത എന്തൊക്കെയൊ വികാരങ്ങളുടെ മണിക്കൂറുകളാണ് ആ ദിവസങ്ങള്‍ക്ക് മുമ്പും ശേഷവും...

തുടങ്ങിയാലോ.. നടുവേദനയില്‍ തുടങ്ങി, വയറുവേദന ഉച്ചസ്ഥായിയില്‍ എത്തുന്ന അവസ്ഥകളില്‍ കാലുകള്‍ കോച്ചിപ്പിടിച്ച്  പിന്നീടത് ഛര്‍ദ്ദിയില്‍ കലാശിച്ച് തലകറങ്ങി ഞാന്‍ തളര്‍ന്നുറങ്ങുന്നതില്‍ അവസാനിക്കുന്ന ദു:ഖവെള്ളികളാണ്. അതുകൊണ്ട് തന്നെ പറയട്ടെ ഇതുവരെ ആ ദിവസങ്ങളെ ആസ്വദിച്ചിട്ടില്ല...ഭയവും പേടിയും, വെറുപ്പും തന്നെയാണ്... 

Content Highlight: First Period, Mathrubhumi Women Journalists Write