വിമാനത്തില്‍ കയറാനായി നീന്തല്‍ പഠിച്ച കുട്ടിയുടെയും ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അവനൊപ്പം നിന്ന പരിശീലകന്റെയും കഥ പറഞ്ഞ ചിത്രമാണ് കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ. അപ്പുവിന്റെയും അവന്റെ കൊച്ചൗവയുടെയും സിനിമ മലപ്പുറം എടരിക്കോട്ടെ മൂന്നര വസ്സുകാരി ആരാധ്യ കണ്ടിട്ടില്ല. പക്ഷേ സിനിമയിലെ അപ്പുവിനെ പോലെ ആരാധ്യയ്ക്കും നീന്തലാണ് എല്ലാം. അവള്‍ നീന്തുന്നത് വിമാനത്തില്‍ കയറാനല്ല, മറിച്ച് ലോകമറിയുന്ന നീന്തല്‍ താരമാകാനാണെന്ന വ്യത്യാസം മാത്രം. 

വീടിന് തൊട്ടടുത്തുള്ള കടലുണ്ടിപ്പുഴയാണ് ഈ മൂന്നര വയസ്സുകാരിയുടെ കളിമുറ്റം. അതിന്റെ ഓളങ്ങളാണ് അവളുടെ കളിപ്പാട്ടം. പറമ്പില്‍ വിജയന്റെയും ഉഷയുടെയും മകള്‍ പാവക്കുട്ടികള്‍ക്കൊപ്പം കളിക്കേണ്ട പ്രായത്തില്‍ പുഴയുടെ ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് നീന്തി വിസ്മയം തീര്‍ക്കുകയാണ്. അതും ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ.

പുഴയുടെ തീരത്തുള്ള പച്ചക്കിറത്തോട്ടത്തിലേക്ക് വരുമ്പോള്‍ കുഞ്ഞു ആരാധ്യയേയും കൂടെ കൂട്ടുമായിരുന്നു വിജയന്‍. അങ്ങനെയുള്ള ഒരു വരവിനിടയില്‍ ആരാധ്യ ആദ്യമായി പുഴയുടെ തണുപ്പിലേക്കിറങ്ങി. അന്ന് കുഞ്ഞുകാലില്‍ തൊട്ട ആ തണുപ്പ് പിന്നീട് ആരാധ്യയെ വിട്ടുപോയില്ല. മകള്‍ക്ക് നീന്തലില്‍ കഴിവുണ്ടെന്ന് അന്ന് വിജയനും തിരിച്ചറിയുകയായിരുന്നു. പിന്നീട അച്ഛന്‍ പകര്‍ന്നു നല്‍കിയ അറിവ് മന:പാഠമാക്കി ആരാധ്യ നാട്ടിലെ നീന്തല്‍ താരമായി മാറി.  

Aradhya
ആരാധ്യ കൂട്ടുകാര്‍ക്കൊപ്പം   ഫോട്ടോ: ഷഹീര്‍ സി.എച്ച്

വീട്ടിലും നാട്ടിലും നാണംകുണിങ്ങിയാണെങ്കിലും പുഴയിലേക്കിറങ്ങിയാല്‍ ആരാധ്യ ആളാകെ മാറും. കടലുണ്ടിപ്പുഴയുടെ അക്കരയെത്താന്‍ ആരാധ്യക്ക് നിമിഷങ്ങള്‍ മാത്രം മതി. എന്നാല്‍ നീന്തലിന്റെ പ്രൊഫഷണല്‍ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ആരാധ്യക്ക് കൊച്ചൗവയെപ്പോലൊരു അധ്യാപകനില്ല എന്നതാണ് സങ്കടകരം. ലോകമറിയുന്ന ഒരു നീന്തല്‍ താരമാകണമെന്ന് ആഗ്രഹിക്കുന്ന കുഞ്ഞു ആരാധ്യ കൊച്ചൗവയ്ക്കായി കാത്തിരിക്കുകയാണ്. തീവ്രമായി എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതു യാഥാര്‍ത്ഥ്യമാക്കാന്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയോടെ...

Content Highlights: Aradhya Little Swimming Star From Malappuram Child Prodigy