തൊരു തെളിഞ്ഞ ദിവസമായിരുന്നു. വണ്ടിയുടെ ഇന്‍ഷുറന്‍സ് അടയ്ക്കുന്നതിന് വേണ്ടി ഇന്‍ഷുറന്‍സ് കമ്പനി വരെ പോകേണ്ട കാര്യം പെട്ടെന്നാണ് ഞാന്‍ ഓര്‍ത്തത്. സമയം മൂന്നുമണിയായി, അഞ്ചുമണിക്ക് ഓഫീസ് അടയ്ക്കും അതിന് മുമ്പ് എത്തണം. എനിക്കാകെ വെപ്രാളമായി. 

ഇന്‍ഷുറന്‍സ് അടയ്ക്കാന്‍ വിട്ടുപോയാല്‍ പിന്നെ ഫൈന്‍ അടയ്ക്കലുള്‍പ്പടെയുള്ള നിരവധി നൂലാമാലകളിലൂടെ കടന്നുപോകണം. ഒപ്പം അച്ഛന്റെ വഴക്കും കേള്‍ക്കേണ്ടിവരും. അതുകൊണ്ട് എന്തുസംഭവിച്ചാലും ഈ വൈകുന്നേരത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് എങ്ങനെയെങ്കിലും അടച്ചിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചു. ഓണ്‍ലൈന്‍ പേമെന്റ് സാധ്യമല്ലാതിരുന്ന ഒരു കാലത്തെ അനുഭവമാണെന്ന് കൂടി ഓര്‍ക്കണം. 

സമയത്ത് എത്തിച്ചേരണമെങ്കില്‍ നല്ലത് സ്വന്തം സ്‌കൂട്ടറില്‍ പോകുന്ന ചിന്തയാണെന്ന ധാരണയില്‍ ഞാന്‍ സ്‌കൂട്ടറെടുത്തു. അതിനിടയിലെല്ലാം ഇത്രയും ഉത്തരവാദിത്തമില്ലാത്തവളായി പോയോ ഞാന്‍ എന്ന് സ്വയം വിമര്‍ശിച്ചുകൊണ്ടിരുന്നു. 

ചെന്നൈയിലെ തിരക്കുപിടിച്ച വീഥികളിലൂടെ സമയം തീരുന്നതിന് മുമ്പ് ഇന്‍ഷുറന്‍സ് ഓഫീസില്‍ എത്തിച്ചേരാനുള്ള തിരക്കില്‍ കഴിയാവുന്ന വേഗതയില്‍ ഞാന്‍ പാഞ്ഞു. എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. 

ഏറ്റവും തിരക്കുപിടിച്ച റോഡിലേക്ക് കയറി. വേഗമെത്താനുള്ള തിരക്കിനിടയില്‍ ട്രാഫിക് പോലീസിന്റെ നിര്‍ദേശങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടില്ല. തെറ്റായ ഒരു വളവിലേക്ക് ഞാന്‍ വണ്ടി ഓടിച്ച് കയറ്റി. ട്രാഫിക് പോലീസ് ഉടന്‍ എന്നോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. 'പെട്ടുപോയി'എന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. 

'മാഡം, നിങ്ങളെവിടേക്കാണ് ഇത്ര വേഗത്തില്‍ പോകുന്നത്. ട്രാഫിക് നിയമങ്ങളൊന്നും അറിയാതെയാണോ വണ്ടിയോടിക്കുന്നത്? ' ട്രാഫിക് പോലീസുകാരന്‍ എന്നോട് ദേഷ്യപ്പെട്ടു. 

ഒരു വാഗ്വാദത്തിനുള്ള മാനസികാവസ്ഥയിലൊന്നുമായിരുന്നില്ല ഞാന്‍.'ക്ഷമിക്കണം സര്‍, ഞാന്‍ അത്യാവശ്യമായി ഒരിടം വരെ പോകുകയാണ്, ആ തിരക്കില്‍ സംഭവിച്ചു പോയതാണ്.' വിനീതയായി ഞാന്‍ പറഞ്ഞു. 

'നിങ്ങള്‍ ചെയ്തതെന്താണ്, നിയമങ്ങള്‍ ലംഘിച്ചു. ശിക്ഷാര്‍ഹമായ തെറ്റാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്. '

'അയ്യോ, പ്ലീസ് സര്‍, ഞാന്‍ ഒരു നിയമലംഘികയൊന്നുമല്ല, ശ്രദ്ധക്കുറവ് കൊണ്ട് സംഭവിച്ചുപോയതാണ്. ഞാനാ തെറ്റ് ഒരിക്കലും ആവര്‍ത്തിക്കില്ല.' ഞാന്‍ പിന്നേയും ക്ഷമാപണം നടത്തി. 'ദയവുചെയ്ത് എന്നെ ബുദ്ധിമുട്ടിക്കല്ലേ' എന്ന മട്ടില്‍ അദ്ദേഹത്തെ നോക്കി ഞാനൊന്നു ചിരിക്കുകയും ചെയ്തു. 

കര്‍ക്കശക്കാരനായ ആ ചെറുപ്പക്കാരന്‍ ട്രാഫിക് പോലീസുദ്യോഗസ്ഥന്‍ എന്നെ അര്‍ത്ഥഗര്‍ഭമായി ഒന്നുനോക്കി, എന്റെ വാഹനം കസ്റ്റഡിയിലെടുക്കുകയാണെന്ന് പറഞ്ഞ് അയാള്‍ വണ്ടിയുടെ കീ ഊരിയെടുത്തു. 

അത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ. അച്ഛനോട് ഇക്കാര്യം പറയുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യ. പ്രശ്നം സ്വയം കൈകാര്യം ചെയ്യാന്‍ തന്നെ തീരുമാനിച്ചു. 

'സര്‍, എന്നെ ഒന്നുവിടണം. ഇന്‍ഷുറന്‍സ് അടയ്ക്കേണ്ട അവസാനദിവസമാണ് ഇന്ന്. അതിന് വേണ്ടിയാണ് ഞാന്‍ തിരക്കിട്ട് പോയ്ക്കൊണ്ടിരുന്നത്. '

എന്റെ നിസ്സാഹായവസ്ഥയെ മുതലെടുക്കാന്‍ തന്നെയായിരുന്നു അയാളുടെ തീരുമാനം. പെട്ടന്ന് പോകണോ എന്ന് അയാള്‍ എന്നോട് ചോദിച്ചു. 

'വേണം സാര്‍, എനിക്ക് പോയേ പറ്റൂ' എന്ന് ഞാനും. 

ഉടന്‍ അയാള്‍ എന്റെ സമീപത്തേക്ക് വന്നു. എന്റെ ചെവിയില്‍ വളരെ സ്വകാര്യമായി ഒരു കാര്യം പറഞ്ഞു. ഞാനാകെ പരിഭ്രമിച്ചുപോയി. 

ഞാനെങ്ങനെ അത് ചെയ്യും. സമൂഹം അത് തെറ്റായാണ് നോക്കിക്കാണുന്നത്. പക്ഷേ ഭൂരിപക്ഷം ആളുകള്‍ക്കും അതൊരു വലിയ ശരിയുമാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത് ഇന്നും നടന്നുകൊണ്ടുമിരിക്കുന്നു. 

വൃത്തികെട്ട മനുഷ്യന്‍, യാതൊരു സദാചാര മൂല്യവുമില്ലാത്തവന്‍. എന്നോട് ഇങ്ങനെ ചോദിക്കാന്‍ അയാള്‍ക്ക് എങ്ങനെ ധൈര്യം തോന്നി. ഞാന്‍ ചിന്തിച്ചു. 

'സര്‍, ഞാന്‍ മുന്‍പിങ്ങനെ ചെയ്തിട്ടില്ല. ഒരു ചെറുപ്പക്കാരിയായ എന്നോട് ഇങ്ങനെയൊരു തെറ്റായ കാര്യം സംസാരിക്കുന്നത് ശരിയാണോ?' ഞാന്‍ വല്ലാതായി.

'ഒന്നുകില്‍ ഞാന്‍ പറഞ്ഞത് ചെയ്യുക അല്ലെങ്കില്‍ നിങ്ങളുടെ വാഹനം ഞാന്‍ കസ്റ്റഡിയിലെടുക്കുകയാണ്.'അയാള്‍ യാതൊരു മയവുമില്ലാതെ പറഞ്ഞു. 'ഇതുപോലെ പൊതുസ്ഥലത്ത് നിന്നുകൊണ്ട് എനിക്ക് നിങ്ങളെ നിര്‍ബന്ധിക്കാനൊന്നും ആവില്ല. ആദ്യമായാണ് ഇത്രയും മോശമായ ഒരു കാര്യത്തിന് ഞാന്‍ മുതിരുന്നത്. നിങ്ങള്‍ക്ക് എന്നെ കണ്ടിട്ട് ഒരു മോശക്കാരനാണെന്ന് തോന്നുന്നുണ്ടോ ?'

'സര്‍ പ്ലീസ്, എനിക്ക് കഴിയില്ല, എനിക്ക് നല്ല ഭയമുണ്ട്. എനിക്കത് സാധിക്കുമെന്ന് തോന്നുന്നില്ല. ഇതിന് മുമ്പ് എന്നോടാരും ഇത്തരത്തില്‍ സംസാരിച്ചിട്ടില്ല. ദയവുചെയ്ത് എന്നെ വിട്ടയക്കണം. ഞാനിനി ഒരിക്കലും നിയമങ്ങള്‍ തെറ്റിക്കില്ല. കൂടുതല്‍ ശ്രദ്ധയോടെ ഞാനിനി വണ്ടിയോടിച്ചോളാം.'

'മാഡം, കൂടുതല്‍ വഴക്കൊന്നും വേണ്ട. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്യുക, നിങ്ങളെ ഞാന്‍ വിടാം. ഇവിടെ വച്ച് തരാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ആ മരത്തിന് പിറകുവശത്തേക്ക് വരൂ. ഞാനവിടെ കാത്തുനില്‍ക്കാം. പക്ഷേ വേഗം വരണം.'

എനിക്കയാളുടെ വയറ്റത്തടിക്കാനാണ് തോന്നിയത്. പക്ഷേ ഞാന്‍ നിസ്സഹായയായിരുന്നു. 

ദൈവമേ ഞാനിനി എന്തുചെയ്യും. പോലീസുകാരന്‍ പറയുന്നത് ചെയ്ത് സ്ഥലം കാലിയാക്കുകയാണോ എന്റെ ജീവിത മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് നടപടികളെ നേരിടുകയാണോ വേണ്ടത്..ഞാന്‍ ചിന്താധീനയായി. 

സമയം കടന്നുപോവുകയാണ്. അങ്ങനെ ഒടുവില്‍ ഞാനാ തീരുമാനമെടുത്തു. എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി. അയാള്‍ ആ മരത്തിന് പിറകില്‍ നില്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ തലനീട്ടി നോക്കി. അയാള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. അക്ഷമനായി എന്നെത്തന്നെ നോക്കി. എന്റെ ശ്രദ്ധ ക്ഷണിക്കാനായി അയാള്‍ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. 

റോഡരികില്‍ നിയമം ലംഘിച്ചവനെ പോലെ ദീര്‍ഘനേരം നിന്ന് ആളുകളുടെ നോട്ടം ക്ഷണിച്ചുവരുത്തുന്നതിനേക്കാള്‍ അയാള്‍ക്ക് വേണ്ടത് നല്‍കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. 

ഞാന്‍ മരത്തിനടുത്തേക്ക് നടന്നു. അയാളുടെ അരികിലെത്തി. 'എന്താണിത്ര താമസം?'സന്തോഷത്തോടെ, കാപട്യം നിറഞ്ഞ കണ്ണുകളോടെ അയാള്‍ ചോദിച്ചു. 'വേഗം തന്നിട്ട് സ്ഥലം കാലിയാക്കൂ.' 

എനിക്കറിയില്ല എത്രപേര്‍ക്ക് ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായിട്ടുണ്ടെന്ന്, അല്ലെങ്കില്‍ ആദ്യമായി ഇത്തരമൊരു അനുഭവമുണ്ടായത് എത്രപേര്‍ ഓര്‍ത്തിരിക്കുമെന്ന്. അവരില്‍ എത്രപേര്‍ ഇത് തുറന്നുപറയുമെന്ന്. 

വീണ്ടും എന്റെ കണ്ണുകളില്‍ നിസ്സഹായത നിറഞ്ഞു. എന്റെ തല ഷാള്‍ കൊണ്ട് മറച്ച് അയാള്‍ക്ക് അരികിലേക്ക് ഞാന്‍ നീങ്ങി നിന്നു. ആരും അടുത്തില്ലെന്ന് ഉറപ്പുവരുത്തി. എന്റെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ അത് ചെയ്തു. 

എനിക്കുറപ്പായിരുന്നു.. ഇനിയും എന്റെ ജീവിതത്തില്‍ ഞാനിത് ആവര്‍ത്തിക്കേണ്ടി വരുമെന്ന്.. ഒരുപക്ഷേ  ഇനിയത് എളുപ്പമായിരിക്കുമെന്നും. 

അയാള്‍ക്ക് കൈക്കൂലിയായി നല്‍കിയ പണത്തില്‍ കണ്ണുമടച്ച് വിശ്വസിച്ച് മിന്നല്‍പ്പിണരിന്റെ വേഗത്തില്‍ ഞാന്‍ അവിടെ നിന്നും മറഞ്ഞു. 

 

Content highlight: Mathrubhumi Women Journalists Write