മനസ്സിന്റെ ഫ്രെയിമില്‍ ഇന്നും ആ മുഖം!!

നിറങ്ങളില്ലാത്ത നാലുചുമരുകളുടെ ലോകത്തില്‍ ഒതുങ്ങിക്കൂടുക എന്നതല്ല സ്ത്രീജന്മത്തിന്റെ അര്‍ഥം. അതിന്റെ അര്‍ഥതലങ്ങള്‍ അനവധിയാണ്. നമ്മള്‍ ശ്രദ്ധിക്കാതെ, തിരിച്ചറിയാതെ പോകുന്ന വിവിധ മുഖങ്ങള്‍ സ്ത്രീജന്മത്തിനുണ്ട്. രേഖപ്പെടുത്താതെ കടന്നു പോകുന്ന ജീവിതമുഹൂര്‍ത്തങ്ങള്‍ ഏറെയുണ്ടാവും ഓരോ പെണ്ണിനും. 

അത്തരം മുഹൂര്‍ത്തങ്ങളെ ചില ചിത്രങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കും. മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ കാമറയില്‍ രേഖപ്പെടുത്തിയ ചില പെണ്‍മുഖങ്ങള്‍ നമ്മെ പുതിയ തിരിച്ചറിവുകളിലേക്ക് കൂട്ടും. അതിജീവനത്തിന്റെ രേഖപ്പെടുത്തലാണ് ഓരോ പെണ്‍ജീവിതവും. 

മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അവര്‍ക്കിഷ്ടപ്പെട്ട സ്ത്രീമുഖങ്ങള്‍ അവരുടെ തന്നെ എഴുത്തിലൂടെ നമ്മെ പരിചയപ്പെടുത്തുകയാണ്. ശക്തവും വ്യത്യസ്തവും തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കേണ്ടതുമായ മുഖങ്ങള്‍....

binoj

വളയിട്ട കൈകള്‍ തന്‍ വിയര്‍പ്പിനാല്‍...

അന്നന്നത്തെ അന്നത്തിനായി സൂര്യാഘാതം ഉയര്‍ത്തുന്ന വെല്ലുവിളി അവഗണിച്ചു കൊണ്ട് പാടത്ത് വിയര്‍പ്പൊഴുക്കുകയാണ് കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍. പലപ്പോഴും വേനലിനെ നേരിടാന്‍ സര്‍ക്കാര്‍ആരോഗ്യ വിഭാഗങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കാനോ സുരക്ഷിതമാര്‍ഗങ്ങള്‍ പാലിച്ച് ജോലി ചെയ്യാനോ കഴിയാറില്ല ഇവര്‍ക്ക്. കത്തിയുരുകുന്ന കുംഭച്ചൂടില്‍ നട്ടുച്ചക്ക് ഒരുമണി നേരത്ത് പാലക്കാട് മന്തക്കാട്ടെ വയലില്‍ നിന്നുള്ള ദൃശ്യം.

എഴുത്ത്/ഫോട്ടോ: പി.പി.ബിനോജ്.

 

ajit

വേദനിക്കുന്ന പുഞ്ചിരി...

ദാഹിച്ച് വലഞ്ഞിരിക്കുമ്പോള്‍ കുടിനീര്‍ നല്‍കിയ അപരിചിത മുഖത്തിന്  ഉള്ളം നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ച ഈ ആദിവാസി അമ്മയുടെ മുഖം മായാതെ മനസ്സില്‍...രണ്ടായിരത്തിപ്പതിമൂന്ന് മെയ് 22ന് മന്ത്രി പി. കെ. ജയലക്ഷ്മിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍  മാഞ്ചീരി ആദിവാസി കോളനിയിലെ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഈ അമ്മയും കുഞ്ഞും.  
ആദിവാസിശിശുമരണനിരക്ക്,ആരോഗ്യം,വിദ്യാഭ്യാസം,പാര്‍പ്പിടം,ഭക്ഷണം എന്നിവയുടെ കണക്കെടുക്കുമ്പോള്‍ ഇക്കൂട്ടര്‍ എവിടെയെത്തിനില്‍ക്കുന്നു എന്ന് ആധുനികതയില്‍ ഊറ്റം കൊള്ളുന്ന നമ്മള്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വര്‍ണശബളിമ നിറഞ്ഞ നഗര ജീവിതം ഇവരുടെ സ്വപ്‌നമല്ല. കാടും കാട്ടുവിഭവങ്ങളും വിട്ട് സ്വത്വം നഷ്ടപ്പെട്ട് ജീവിക്കാന്‍ ഇവര്‍ ഒരുക്കവുമല്ല. ഇവരുടെ ഇല്ലായ്മകള്‍ക്ക് നമ്മളോരോരുത്തരും കുറ്റക്കാരാണെന്നതില്‍ തര്‍ക്കമില്ല. വര്‍ഷാവര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഇവര്‍ക്കായി ഒരുക്കുന്ന ഫണ്ടുകള്‍ ഇവരുടെ പേരില്‍ നിലകൊള്ളുന്ന വകുപ്പുകള്‍ കാര്യക്ഷമമായി വിനിയോഗിച്ചാല്‍ തുടച്ചുനീക്കാനാവുന്നതേയുള്ളു ഈ ദുരവസ്ഥ. ഈ അവസ്ഥയിലൊരു മാറ്റമുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഫോട്ടോ/എഴുത്ത്: അജിത് ശങ്കരന്‍.

 

biju

'സ്ത്രീപക്ഷം'

താങ്ങായ്, തണലായ്, കരുത്തായ് അവളെന്നും നമുക്കൊപ്പമുണ്ട്. തന്റേതായ സ്ഥാനമുറപ്പിച്ച് സ്ത്രീകള്‍ മുന്നേറുന്ന സമൂഹമാണിന്നിന്റെ ശക്തി. നടക്കാന്‍ കഴിയാത്ത തന്റെ ഭര്‍ത്താവിനെ ചക്ര കസേരയില്‍ നാടുകാണിക്കാന്‍ കൊണ്ടു പോകുന്ന വിദേശ വനിതയും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീയും പഠനശേഷം മടങ്ങുന്ന പെണ്‍കുട്ടിയും ഒറ്റ ചിത്രത്തില്‍ പതിഞ്ഞപ്പോള്‍. ആലപ്പുഴ മുല്ലയ്ക്കലില്‍ നിന്നുള്ള ദൃശ്യം.

ഫോട്ടോ/എഴുത്ത്: സി.ബിജു.

philip

മങ്ങാതെ മായാതെ മാതച്ചിരി...

നിലമ്പൂരിലെ പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കരിലെ മാതയുടെ ചിരി ഇന്നും മായാതെയുണ്ട് മനസില്‍ നിലമ്പൂര്‍ കരുളായില്‍ നിന്നും 16 കി മീറ്ററോളം അകലെ കാട്ടിനുള്ളിലെ പാറക്കെട്ടിലെ അളകളിലാണ് വാസം. ചോലനായ്ക്ക വിഭാഗം കേരളത്തില്‍ മാത്രമാണുള്ളത്. അതില്‍ ആകെ ജനസംഖ്യ നൂറില്‍ത്താഴെ മാത്രവും. പൊതുവേ നാട്ടുകാരോട് സംസാരിക്കാന്‍ വിമുഖതയാണിവര്‍ക്ക്. മാതയും ജീവിത പങ്കാളി കരിക്കനും റിപ്പബ്‌ളിക് ദിനത്തില്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തിട്ടുണ്ട്. അന്ന് സമ്മാനമായി കിട്ടിയ വാച്ച് കരിക്കന്റെ കൈയ്യില്‍ ഉണ്ടായിരുന്നുഅതില്‍ സമയം നോക്കാറുണ്ടോ എന്ന ചോദ്യം ചോദിച്ചപ്പോഴാണ് മാത കരിക്കനെ നോക്കി ഒരു ചിരി ചിരിച്ചത്.

ഫോട്ടോ/എഴുത്ത്: ജെ.ഫിലിപ്പ്. 

ramesh

പൊടിപിടിച്ചു തീരുമ്പോള്‍...

വനിത ദിനം എന്താണെന്നു ചോദിച്ചപ്പോള്‍ നിസഹായതോടെ ചിരിക്കാന്‍ മാത്രമേ ലളിതയ്ക്കു കഴിഞ്ഞുളളു. പിന്നെ, ഒരു നെടുവീര്‍പ്പിന്റെ ഇടവേളയ്ക്കു ശേഷം നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു പൊടിപിടിച്ച സാരിത്തലപ്പു കൊണ്ടു തുടച്ച്, തകര്‍ന്നു വീണ ചുമരിലെ ഇഷ്ടികകള്‍ ഉടയ്ക്കുന്ന പണി തുടര്‍ന്നു. മൂന്നു പതിറ്റാണ്ടിന്റെ നീണ്ട യാതനകള്‍ ആ മുഖത്തു ദൃശ്യമായിയിരുന്നു. വിരുതാചലത്തു നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു  മൂന്നു മക്കളുമായി ചെന്നൈയിലേക്കു വണ്ടി കയറിയത് രണ്ടു നേരമെങ്കിലും തനിക്കും മക്കള്‍ക്കും ഭക്ഷണം എന്ന ലക്ഷ്യവുമായാണ്. കെട്ടിട നിര്‍മാണ തൊഴിലാളിയായിട്ടായിരുന്നു തുടക്കം. ഇപ്പോഴും അതു തന്നെ. മഴയും വെയിലും തണുപ്പും ചൂടുമൊന്നും വകവെയ്ക്കാതെയുളള പ്രയത്നം കൊണ്ടുളള നേട്ടം മൂന്നു മക്കളെയും വളര്‍ത്തി വലുതാക്കാന്‍ കഴിഞ്ഞുവെന്നതു മാത്രം. മക്കള്‍ മുതിര്‍ന്നിട്ടും ഈ അമ്മയുടെ കഷ്ടത്തിന് അവസാനമില്ല.  ഇതു തീരുമ്പോള്‍ അടുത്ത പണി കിട്ടണമെന്നു പ്രാര്‍ഥിക്കുന്നതിനിടെ വനിതാദിനമൊന്നും ഇവര്‍ അറിഞ്ഞിട്ടില്ല.

ഫോട്ടോ/എഴുത്ത്: വി.രമേഷ്.

latheesh

നിതാന്തജാഗ്രത...

തെരുവില്‍ അന്തിയുറങ്ങുന്ന ഈ സ്തീകള്‍ക്ക് സുരക്ഷ എന്നത് ഈ നായ മാത്രമാണ്. പകല്‍ മുഴുവന്‍ അലഞ്ഞ് കിട്ടുന്ന അന്നത്തില്‍ നിന്ന് ഒരു പങ്ക് കൊടുത്ത് പോറ്റുന്നതിന്റെ നന്ദിയാണീ കാവല്‍. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് പകര്‍ത്തിയ ചിത്രം. 

ഫോട്ടോ/എഴുത്ത്: ലതീഷ് പൂവത്തൂര്‍. 

 

sreekesh

മെയ്'വഴക്കം'...

ബൈക്ക് സ്റ്റണ്ടിങ്ങിലും കാര്‍ റേസിങ്ങിലും യുവതലമുറ ആവേശം കണ്ടെത്തുന്ന ഈ കാലത്തും നിറം മങ്ങിപ്പോയ കലാരൂപത്തിന് പുതുജീവന്‍ നല്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ സാഹസിക കൂട്ടായ്മയാണ് ഗ്ലോബല്‍ സര്‍ക്കസ്. തിരുവനന്തപുരം മാഞ്ഞാലിക്കുളം മൈതാനത്ത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സര്‍ക്കസില്‍ എല്ലുകളില്ലാത്ത ഒരാളിനെ പോലെ അഭ്യാസ പ്രകടനം നടത്തുന്ന യുവതി എല്ലാരെയുമെന്നപോലെ എന്നെയും അന്ധാളിപ്പിച്ചു. പേരും ഊരും ചോദിച്ച് സൗഹൃദം കൂടാനോ, പ്രകടനം നന്നായി എന്നൊരു നല്ലവാക്ക് കേള്‍ക്കാനോ കാത്തു നില്‍ക്കാതെ സര്‍ക്കസിന്റെ കര്‍ശന നിബന്ധനകള്‍ വാഴുന്ന ടെന്റിനുള്ളിലേക്ക് ചിരിച്ചു കൊണ്ട് കയറിപ്പോയ പ്രിയസഹോദരിയെ മറക്കാന്‍ കഴിയില്ല.

ഫോട്ടോ/എഴുത്ത്: എസ്.ശ്രീകേഷ്.

 

siva

പ്രായം പറയും അടിയറവ്...

ഇത് പാലാക്കാരി റോസമ്മ. ഇപ്പോള്‍  വയസ്സ് 73. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നിന് പുറകെ ഒന്നൊന്നായി പിടിമുറുക്കിയപ്പോഴാണ് എഴുപതാം  വയസില്‍ യോഗ പഠിക്കാന്‍ ചേര്‍ന്നത്. നടുവുവേദനയും മുട്ടുവേദനയുമൊക്കെ കുറഞ്ഞു തുടങ്ങിയതോടെ യോഗാമത്സരത്തിലും ഒരു കൈ നോക്കാമെന്നായി.ഫലമോ, ജില്ല യോഗ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടു  തവണ ഒന്നാം സ്ഥാനവും സ്വര്‍ണമെഡലും. അങ്ങനെ റോസമ്മക്ക് മുന്‍പില്‍ പ്രായവും അടിയറവ് പറഞ്ഞു.

ഫോട്ടോ/എഴുത്ത്: ജി.ശിവപ്രസാദ്.

ajith

കൈ 'രേഖ' മാറിയപ്പോള്‍...

കരിയും പുകയും നിറഞ്ഞ അടുക്കളയിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലോകത്ത് നിന്ന് വെളിച്ചവും നിഴലും ചേര്‍ന്ന് വര്‍ണവിന്യാസം തീര്‍ക്കുന്ന മായാലോകത്തേക്ക് രേഖ എത്തിയിട്ട് ഈ വനിതാ ദിനത്തില്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്നു. പാത്രങ്ങള്‍ മാത്രം എടുത്ത് തഴമ്പിച്ച കൈകള്‍ക്ക് മൗസും ഫോട്ടോഷോപ്പുമൊക്കെ വഴങ്ങുമെന്നായപ്പോള്‍ രേഖക്ക് മുമ്പില്‍ ഒരു പുതിയ ലോകം തുറക്കപ്പെടുകയായിരുന്നു. ഒപ്പം ഭര്‍ത്താവ് സന്തോഷിന്റെ പിന്തുണ കൂടിയായതോടെ വിജയത്തിന്റെ വഴികള്‍ രേഖയുടെ കൈരേഖയിലൂടെ തെളിയുകയായിരുന്നു. ഇപ്പോള്‍ തിരക്ക് കൂടുന്നതനുസരിച്ച് രാപ്പകല്‍ വ്യത്യാസമില്ലാതെ ജോലിയില്‍ മുഴുകുമ്പോള്‍ രേഖയുടെ മുഖത്ത് നിറയുന്നത് ആത്മവിശ്വാസത്തിന്റെ ചിരിപ്പൂക്കള്‍. 

ഫോട്ടോ/എഴുത്ത്: അജിത് പനച്ചിക്കല്‍.  

ridhin

കണ്ണുകളെന്തിനു വേറെ...

ജന്മനാ കാഴ്ചയില്ലാത്ത തങ്കവും ജാനകിയും താമസിക്കുന്ന കണ്ണൂര്‍ ഇരിണാവിലെ വീട്ടിലെത്തിയാല്‍ ആരും ഒന്നദ്ഭുതപ്പെടും. 10 സെന്റ് സ്ഥലത്തിന് നടുവിലായൊരു കുഞ്ഞു വീട്, ഒരു കരിയില പോലും വീണു കിടക്കാത്ത മുറ്റം, കാട്ടുപുല്ലുകള്‍ പോലും അഭംഗി വരുത്താത്ത തൊടിയില്‍ ഏതാനും തെങ്ങുകള്‍ മാത്രം, എല്ലാം കൃത്യമായി അടക്കിയൊതുക്കി വച്ച വീടിനകം, വെട്ടിത്തിളങ്ങുന്ന കാവി പൂശിയ നിലം. കാഴ്ചയുള്ളവര്‍ക്കു പോലും വീടും പരിസരവും ഇങ്ങനെ പരിപാലിക്കാനാവില്ല. മൂന്നുവര്‍ഷം മുന്‍പ് അമ്മ മരിച്ചതോടെയാണ് വീട്ടില്‍ ഈ സഹോദരിമാര്‍ മാത്രമായത്. ചിരിച്ചു കൊണ്ട് മാത്രം ജീവിതത്തെ മുന്നോട്ടു കൊണ്ടു പോവുന്ന ഈ സ്ത്രീകള്‍ ഒരു പാഠപുസ്തകം തന്നെയാണ് .

ഫോട്ടോ/എഴുത്ത്: റിദിന്‍ ദാമു.

biju

മാറ്റുവിന്‍ ചട്ടങ്ങളെ...

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. ക്ലിഫ് ഹൗസ് റോഡ്  ഉപരോധം നടത്തിയപ്പോള്‍ യാത്ര തടസപ്പെട്ടതിന് സ്ഥലവാസിയായ വീട്ടമ്മ സന്ധ്യ സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനോടും മുന്‍ മന്ത്രി വി.സുരേന്ദ്രന്‍ പിള്ളയോടും ക്ഷോഭിക്കുന്നു. കേരളത്തില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍  വഴി തടയല്‍ സമരം നടത്തിയാലും ആരും പ്രതികരിക്കാത്ത ഈ കാലത്തും ഒരു വീട്ടമ്മ സഞ്ചാര സ്വാതന്ത്രത്തിനു വേണ്ടി ആദ്യമായി പ്രതികരിച്ചത് നേതാക്കളെയും പാര്‍ട്ടിക്കാരെയും അമ്പരപ്പിച്ചു. പിന്നീട് നടന്ന എല്ലാ സമരങ്ങള്‍ക്കും ചെറിയ വഴി ഇട്ടായിരുന്നു സമരങ്ങള്‍ നടത്തിയതും പോലീസ് ബാരിക്കേഡ് ഒരുക്കിയതും. 2013 ഡിസംബര്‍ 13 ന് എടുത്ത ഈ ചിത്രം മാതൃഭൂമിയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. 

ഫോട്ടോ/എഴുത്ത്: ബിജു വര്‍ഗീസ്. 

 

jayesh

അകക്കണ്ണിലെ കവിത

ഒരു കുഞ്ഞിന് ജന്മം നല്‍കി മൂന്ന് മാസത്തിനു ശേഷം ട്യൂമര്‍ ബാധിച്ച്  കാഴ്ച നഷ്ടപ്പെട്ട, പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള നിഷ അകക്കണ്ണിലെ വെളിച്ചം കൊണ്ട് കവിതകള്‍ എഴുതുകയാണ്. കാഴ്ച നഷ്ടപ്പെട്ട ശേഷം രണ്ടു കവിതാ സമാഹാരങ്ങളാണ് പുറത്തിറക്കിയത് ഭര്‍ത്താവു ഉപേക്ഷിച്ചു പോയെങ്കിലും വയനാട്ടിലെ മീനങ്ങാടി പണങ്ങണ്ടിയിലെ വാടക വീട്ടിലെ ഇരുട്ടില്‍ എന്നെങ്കിലും തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കുന്ന പ്രണയത്തെയും പ്രകാശത്തെയും കുറിച്ചു കവിതകള്‍ എഴുതിക്കൊണ്ടേ ഇരിക്കുകയാണ് നിഷ .വെറുതെയിരിക്കുമ്പോള്‍ റേഡിയോ ഗാനങ്ങളാണ് നിഷയ്ക്ക് കൂട്ട്...

ഫോട്ടോ/എഴുത്ത്: പി.ജയേഷ്.

sajan

ജീവിതം   രണ്ട്  അവസ്ഥകള്‍...

ദേശീയ  കായിക  മേളക്കായി ഗുജറാത്തില്‍  പോയപ്പോള്‍ ഗുജറാത്തിലെ  തെരുവില്‍  നിന്നാണ് ഈ  ദയനീയ  കാഴ്ച  കണ്ടത്. ഒരു ഭാഗത്തു  ചീറി പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ   തളര്‍ന്ന കുഞ്ഞുമായി  പകുതിയോളം തളര്‍ന്ന  ഇവള്‍  ജീവിക്കാനായി ഭിക്ഷാടനവുമായി നഗരത്തില്‍...മറു  ഭാഗത്തു  കമ്പിളി കൊണ്ട്  ബാസ്‌കറ്റില്‍ പുതച്ച കുട്ടിയുമായി  ശീതികരിച്ച  കാറില്‍ നിന്ന് ഷോപ്പിങ് മാളിലേക്കു നീങ്ങുന്ന യുവതിയും... ഒരേ നഗരത്തില്‍  നിന്നും രണ്ടു  കാഴ്ചകള്‍!!

ഫോട്ടോ/എഴുത്ത്: സാജന്‍ വി.നമ്പ്യാര്‍.

gireesh

കൊഴിഞ്ഞ  ഇലകള്‍...

ഇതും  ഒരു ജീവിത യാത്രയാണ്...സാര്‍വ ദേശീയ  മഹിളാ  ദിനങ്ങള്‍ കടന്നു പോകുന്നതൊന്നും  ഈ  നളിനിയേടത്തിക്കറിയില്ല. കൊല്ലം കുരീപുഴയിലാണ് വീട് .വീട്ടില്‍ കൂട്ടിനുള്ളത് 80 വയസ് കഴിഞ്ഞ ഭര്‍ത്താവ്  മാത്രം. പിന്നെ  4  ആടുകളും. അവയില്‍ നിന്നുള്ള വരുമാനമാണ്  ജീവിത മാര്‍ഗം. ആടുകള്‍ക്ക് നല്‍കാനായി വഴിയരികിലെ  പ്ലാവില്‍  നിന്ന്  കൊഴിഞ്ഞ  പഴുത്ത ഇലകള്‍ കമ്പിയില്‍ കുത്തിയെടുത്തുള്ള യാത്ര. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 9 നു  കൊല്ലം  എഡിഷന്‍  നഗരത്തില്‍  പ്രസിദ്ധീകരിച്ചത്.  

ഫോട്ടോ/എഴുത്ത്: സി.ആര്‍.ഗിരീഷ് കുമാര്‍.

murali

ഇത് സലീന...

എട്ടു വര്‍ഷമായി എറണാകുളം ജില്ലയിലെ തൃക്കാക്കര മുന്‍സിപ്പാലിറ്റി ശ്മശാനം സൂക്ഷിപ്പുകാരി. ഇവിടെ എത്തുന്നതിനു മുമ്പ് കല്‍പ്പണിയായിരുന്നു. വരുമാനത്തെക്കുറിച്ച്  ചോദിച്ചാല്‍ സലീന പറയും...

"ഒരു ബോഡിക്ക് 1500 രൂപ..400 രൂപ മുന്‍സിപ്പാലിറ്റിക്ക്, വിറകും ചിരട്ടയും, മറ്റാള്‍ക്കാരുടെ പണിക്കാശും കഴിഞ്ഞ് ബാക്കി ഉണ്ടെങ്കില്‍ ലാഭം. ചില ബോഡി കത്തിത്തീരാന്‍ താമസിച്ചാല്‍ ലാഭം പിന്നെയും കുറയും."

ഫോട്ടോ/എഴുത്ത്‌: ബി.മുരളീകൃഷ്ണന്‍.

ram

മറക്കില്ലൊരിക്കലും...

രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ്  ചോറും കറിയും തയ്യാറാക്കി വെച്ച്  മുത്തശ്ശിയെ മരുന്നും കഴിപ്പിച്ച് നാലര കിലോമീറ്റര്‍ നടന്ന് സ്‌കൂളിലേക്ക് പോകുന്ന ദേവികയെന്ന പെണ്‍കുട്ടിയെ കുറിച്ചറിഞ്ഞാണ് പെര്‍ളക്കടുത്ത സ്വര്‍ഗ്ഗയിലേക്ക് ഞങ്ങള്‍ കാസര്‍കോട് നിന്നും രാവിലെ പുറപ്പെട്ടത്. അവളെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ ഞാനും സഹപ്രവര്‍ത്തകന്‍ ടി.ജെ. ശ്രീജിത്തും കണ്ട കാഴ്ച...ഉജാറു മുത്തശ്ശിയുടെ മകള്‍ കമല ജോലിക്ക് നിന്നിരുന്ന വീട്ടിലെ സ്ത്രീയുടെ കുട്ടിയാണ് അവള്‍. പ്രസവത്തോടെ അമ്മ മരിച്ച ആ കുട്ടിയെ കമല വീട്ടിലേക്ക് കൂട്ടുകയായിരുന്നു. കമലയും മരിച്ചതോടെ മുത്തശ്ശിക്കൊപ്പം. കൊട്ട നെയ്തു ജീവിതം നയിച്ച എണ്‍പത്തഞ്ചുകാരിയായ ഉജാറു അരയ്ക്കു താഴെ തളര്‍ന്നതോടെ ഉത്തരവാദിത്വങ്ങള്‍ ദേവികയുടെ ചുമലിലായി. ദേവികയെ വിട്ടു കൊടുക്കാന്‍ മുത്തശ്ശിയും വിട്ടു പിരിയാന്‍ ദേവികയും തയ്യാറായില്ല. നാളുകള്‍ക്ക് ശേഷം മുത്തശ്ശി മരിച്ചു. എന്നാല്‍ ആ വീടോ പരിസരമോ വിട്ടു പോകാന്‍ കൂട്ടാക്കാത്ത ദേവിക ഇപ്പോള്‍ സമീപത്തെ മുത്തശ്ശിയുടെ ബന്ധുക്കളുടെ സംരക്ഷണയിലാണ്.

ഫോട്ടോ/എഴുത്ത്: എന്‍.രാമനാഥ് പൈ. 

ratheesh

ഗീതാവില്ലേജിന്റെ അമ്മ

മകളുടെ ഓര്‍മകളില്‍ ജീവിച്ച്, അവളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജീവിതം മാറ്റിവച്ച ഒരമ്മ...അതാണ് മേഴ്‌സി കാപ്പന്‍. 34 വര്‍ഷം മുമ്പ് ഇറ്റലിയില്‍ വച്ച് മരിച്ച മകളുടെ ഭൗതികാവശിഷ്ടങ്ങള്‍ മൂലമറ്റത്തെ പള്ളിയില്‍ അടക്കം ചെയ്യാന്‍ കൊണ്ടുവരുമ്പോഴാണ് മേഴ്‌സി കാപ്പന്‍ വാര്‍ത്തകളില്‍ നിറയുന്നത്.  നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക്  ഒരു ഷെല്‍ട്ടര്‍ ഹോം നടത്തുകയാണ് ഈ അമ്മ. ഇന്ന് കുറെയധികം പെണ്‍കുട്ടികള്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ഇവിടെ കഴിയുന്നു. ഫോട്ടോയെടുക്കാന്‍ ഗീതാ വില്ലേജിലേക്ക് ചെല്ലുമ്പോള്‍ മകളുടെ കളിപ്പാട്ടങ്ങള്‍ക്കും ഫോട്ടോകള്‍ക്കും നടുവിലായിരുന്നു അവര്‍. അതെല്ലാം ആവേശത്തോടെ കാണിച്ചു തന്നു കൊണ്ടിരിക്കുമ്പോള്‍ ഒരിക്കലും തിരിച്ച് വരാത്ത മകളെ കുറിച്ചോര്‍ത്ത് ഒടുവിലൊരു വിതുമ്പല്‍. 

ഫോട്ടോ/എഴുത്ത്: പി.പി.രതീഷ്.

praveesh

ഞാണിന്മേല്‍...

പെണ്‍കരുത്തിന്റെ, ധൈര്യത്തിന്റെ, മനോവീര്യത്തിന്റെ നേര്‍ക്കാഴ്ച: ഉയരത്തില്‍ കയറി കെട്ടിയുയര്‍ത്തി അതിലൂടെ നടന്ന് അഭ്യാസം കാണിക്കുന്ന കുടുംബനാഥ പൂരപ്പറമ്പുകളിലെ നിത്യ കാഴ്ചയാണെങ്കിലും കാഴ്ചക്കാരായ സ്ത്രീകള്‍ക്ക് മനോവീര്യവും പ്രതിസന്ധികളെ സ്വന്തമായി തരണം ചെയ്യാനാകുന്നതിനുള്ള പ്രചോദനവുമാകുന്നു ഇത്തരം ദൃശ്യങ്ങള്‍.  

ഫോട്ടോ/എഴുത്ത്‌:  പ്രവീഷ് ഷൊര്‍ണൂര്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.