വിവാഹം കഴിഞ്ഞ് ഉത്തരവാദിത്തമുള്ള അമ്മയായ ശേഷം കിട്ടിയ ജോലി. അതും താത്പര്യമുള്ള വിഷയത്തില്‍ത്തന്നെ. രാത്രി ഡ്യൂട്ടി ഇല്ലാത്ത ജോലി കൂടി ആണെങ്കിലോ? കൂട്ടിന് സര്‍വ പിന്തുണയുമായി ഭര്‍ത്താവുമുണ്ടെങ്കില്‍ എല്ലാം ശുഭം. ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ ജൂനിയര്‍ റെസിഡന്റ് ആയ ഡോ.നീതു എം.ബാബു ഭാവിയിലെ പോലീസ് സര്‍ജന്‍ ആണ്. ജോലിയില്‍ ഒരു 'ത്രില്‍' ഒക്കെ ഉണ്ടെന്നു പറയുമ്പോഴും ചില 'തലവേദനകള്‍'  ഇല്ലാതില്ല. 

'നിനക്ക് എന്തുകൊണ്ട് ഫോറന്‍സിക് മെഡിസിന്‍ പഠിച്ചുകൂടാ?'

നീതുവിനും പറയാനുണ്ട് ചിലത്. ' എം.ബി.ബി.എസ് കഴിഞ്ഞ് എന്‍ട്രന്‍സ് എഴുതി തെരഞ്ഞെടുത്തതാണ് ഫോറന്‍സിക് മെഡിസിന്‍. താത്പര്യത്തോടെയാണ് ഈ മേഖല തെരഞ്ഞെടുത്തത്. 'എന്തുകൊണ്ട് ഫോറന്‍സിക് മെഡിസിന്‍ തെരഞ്ഞെടുത്തുകൂടാ' എന്ന് എന്നോട് ചോദിച്ചത് ഭര്‍ത്താവ് തന്നെയാണ്. കൂടാതെ അച്ഛനും നല്ല പ്രോത്സാഹനമായിരുന്നു. ഈ ജോലി ചെയ്യുമ്പോള്‍ നമ്മള്‍ ഒരിക്കലും മരിച്ചയാളുടെ ബന്ധുക്കളെ കാണുന്നില്ല. പോലീസ് തരുന്ന രേഖകള്‍ മാത്രമാണ് കൈയിലുണ്ടാകുന്നത്.'

Dr. neethu .M. Babu

എന്നെക്കൊണ്ട് ഇതു പറ്റുമോ?

ശവശരീരങ്ങള്‍ കാണുന്നത് നീതുവിന് ആദ്യം അല്‍പ്പം പേടിയായിരുന്നു. പിന്നീട് അതെല്ലാം ജോലിയുടെ ഭാഗമായി മാറി. എങ്ങനെ?

'ഒരിക്കല്‍ ജീവിച്ചിരുന്ന ആള്‍, ഇപ്പോള്‍ മരിച്ചു കിടക്കുന്നു- ആ ശരീരത്തോടുള്ള എല്ലാ ബഹുമാനത്തോടുംകൂടി വേണം ഈ ജോലി ചെയ്യാന്‍. ചിലപ്പോള്‍ അഴുകിയ ശവശരീരങ്ങളും  പോസ്റ്റ്‌മോര്‍ട്ടം  ചെയ്യേണ്ടതായി വരും. ആ സമയത്ത് എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ കുറച്ച് സമയത്തേക്ക് ദുര്‍ഗന്ധം കൂടെത്തന്നെയുണ്ടാകും.'

സര്‍ക്കാര്‍ സര്‍വീസില്‍ കയറിയാല്‍ എന്താണ് അവസ്ഥ? അതും നീതു തന്നെ പറയട്ടെ

സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കുള്ള സൗകര്യങ്ങളുള്ള ആസ്പത്രിയിലാണ് നിയമനം കിട്ടുന്നതെങ്കില്‍ എല്ലാവരും എന്തായാലും ഇതൊക്കെ ചെയ്‌തേ പറ്റു. അപ്പോള്‍ പിന്നെ അറപ്പും പേടിയുമൊന്നും കൊണ്ടു നടന്നിട്ട് കാര്യമില്ല. മെഡിക്കോലീഗല്‍ കേസുകള്‍ വ്യക്തമായി അറിയാതെ ഈ ജോലി ചെയ്താല്‍ പ്രശ്‌നമാണ്.

ആത്മഹത്യ പിന്നീട് കൊലപാതകമായിക്കൂടേ?

ആകാം. ; ചിലപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളെച്ചൊല്ലി വിവാദമുണ്ടാകാറുണ്ട്. നമ്മള്‍ ആത്മഹത്യയാണെന്ന് വിചാരിക്കുന്ന മരണങ്ങള്‍ കൊലപാതകമാണെന്ന് പിന്നീട് തെളിയാറുണ്ട്. ശരീരത്തിലുള്ള മുറിവുകള്‍ കൂടുതല്‍ പഠനവിധേയമാക്കി  ആത്മഹത്യയാകാന്‍ സാദ്ധ്യതയില്ലെന്ന നിഗമനത്തിലെത്തിയാല്‍ ഞങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് പോലീസിനെ അറിയിക്കും. 

ഏറ്റവും കൂടുതല്‍ അപകടമരണങ്ങളാണ് ഞാന്‍ കണ്ടിട്ടുള്ളത്. വര്‍ഷം കഴിയുന്തോറും അപകടത്തില്‍പ്പെട്ട് മരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. 

ജോലിയും കുടുംബവും ഒരുമിച്ച്

കൂത്താട്ടുകുളം സ്വദേശിയായ നീതുവിന്റെ ഭര്‍ത്താവ് ഡോ.അജു ജോസ് സൈക്യാട്രിസ്റ്റാണ്. ഇപ്പോള്‍ അസിസ്റ്റന്റ് സര്‍ജനായി ജോലി ചെയ്യുന്നു. അഞ്ചു വയസ്സുകാരന്‍ ക്രിസിന്റെയും രണ്ടര വയസ്സുകാരന്‍ ജോണ്‍സിന്റെയും സ്‌നേഹമയിയായ അമ്മ കൂടിയാണ് നീതു. 

'കുടുംബത്തിലെ ആഘോഷങ്ങളൊന്നും എനിക്ക് നഷ്ടപ്പെടാറില്ല. എല്ലാം ആസ്വദിക്കാനുള്ള സമയം കിട്ടുന്നുണ്ട്. ഒരാളുടെ ജീവന്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമല്ല ഈ ജോലിയിലുള്ളത്. അതുകൊണ്ടുതന്നെ മറ്റുള്ള ഡോക്ടര്‍മാരുടെ ടെന്‍ഷന്‍ ഞങ്ങള്‍ക്കില്ല. എന്നാല്‍ ഞങ്ങള്‍ കണ്ട കാര്യമാണ് റിപ്പോര്‍ട്ട് ആയി എഴുതുന്നത്. നിയമപരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ നോക്കണമെന്നതാണ് ഞങ്ങളുടെ മുന്നിലുള്ള തലവേദന. കൈകാര്യം ചെയ്ത ചില കേസുകളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചയാളുടെ തലയുടെ പുറകില്‍ മുറിവുണ്ടായിരുന്നതായാണ് എഴുതിപ്പിടിപ്പിച്ചത്. പക്ഷേ അതിന്റെ പേരില്‍ ആരും എന്നെ ദ്രോഹിക്കാനൊന്നും വന്നിട്ടില്ല.'