വെള്ളിത്തിരയില്‍ മുഖം ഒന്നു കാണിക്കാനായി കോടമ്പക്കത്തെയും മുംബൈയിലെയും തെരുവുകളില്‍ പൈപ്പ് വെള്ളവും കുടിച്ച് അലഞ്ഞു നടന്ന് പിന്നീട് ചലച്ചിത്രത്തിന്റെ വെള്ളിവെളിച്ചത്തിലെത്തിയ എത്രയോ നായകന്‍മാരെ നമുക്കറിയാം. സിനിമാക്കഥയെ വെല്ലുന്ന ജീവിതമെന്ന് നമ്മളതിനെ ഓമനപ്പേരിട്ട് വിളിക്കും. എന്നാല്‍ അതില്‍ നിന്നെല്ലാം എത്രയോ മടങ്ങ് തീക്ഷ്ണത അനുഭവിച്ച് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലേക്ക് കാലെടുത്ത് വെച്ചതിന്റെ കഥ പറയാനുണ്ട്, ഒരു നായികക്ക്..

പുരുഷനായി ജനിച്ചെങ്കിലും തന്റെ സ്വത്വം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞ് കൗമാരപ്രായത്തിന്റെ തുടക്കത്തില്‍ വീട്ടില്‍ നിന്ന് ഓടിപ്പോകേണ്ടി വരിക. തുടര്‍ന്ന കോയമ്പത്തൂരിലെയും ബെംഗളൂരിലെയും ഭിന്നലിംഗക്കാര്‍ക്കിയടയില്‍ ജീവിച്ച് അവസാനം അവള്‍ മമ്മൂട്ടിയുടെ നായിക വരെയാകുക. അഞ്ജലി അമീറെന്ന ആ സ്ത്രീയുടെ ജീവിതത്തെ ഒരു സിനിമക്കുള്ളിലൊതുക്കിയാല്‍ അത് തിയേറ്ററില്‍ ഹൗസ്ഫുള്‍ ആയി ഓടുമെന്നുറപ്പാണ്. കാരണം പ്രതിസന്ധികളില്‍ പിടിവിടാതെ പോരാട്ടവീര്യത്തോടെ ഉയര്‍ത്തിയെഴുന്നേറ്റവളുടെ കഥ ഇഷ്ടപ്പെടാത്ത പ്രേക്ഷകരുണ്ടാകില്ല.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ നിന്നാണ് അഞ്ജലിയുടെ വേരുകള്‍ തുടങ്ങുന്നത്. ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തില്‍ ജനിച്ച അഞ്ജലിക്ക് ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ടു. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ തനിക്ക് ഇനി ആണ്‍കുട്ടിയായി ജീവിക്കാനാകില്ലെന്ന് അഞ്ജലി തിരിച്ചറിയുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ഇത് ദഹിക്കാന്‍ ബുദ്ധിമുട്ടായതോടെ നാടും വീടും വീട്ട് ഓടിപ്പോകേണ്ടി വന്നുവെന്ന് അഞ്ജലി പറയുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ താന്‍ അനുഭവിച്ച പ്രതിസന്ധികളാണ് അഞ്ജലിയുടെ ജീവിതത്തെ മാറ്റിമറിച്ചത്.  അതിനിടയില്‍ തന്റെ ഇരുപതാം വയസ്സില്‍ ശസ്ത്രക്രിയ നടത്തി അഞ്ജലി പൂര്‍ണാമയും ഒരു സ്ത്രീയായി മാറി.

anjali ameer

വേശ്യാവൃത്തിയോ തീവണ്ടിയിലെ ഭിക്ഷാടനമോ അല്ല തന്റെ വഴിയെന്ന് അഞ്ജലി ആദ്യമേ വിശ്വസിച്ചിരുന്നു. ജീവിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടപ്പോഴും ഈ രണ്ടു വഴിയും അവര്‍ തെരഞ്ഞെടുത്തില്ല. ചെറുപ്പത്തില്‍ തന്നെ തന്റെയുള്ളില്‍ കൂടുകൂട്ടിയ അഭിനയമോഹം പിന്നീട് അഞ്ജലി പതുക്കെ പൊടിതട്ടിയെടുക്കാന്‍ തുടങ്ങി. ''എന്റെ പാഷന്‍ അഭിനയമാണ്. കുട്ടിയായിരുന്നപ്പോഴെ സ്‌കൂളില്‍ കലോത്സവങ്ങളില്‍ ഞാന്‍ പങ്കെടുത്തിരുന്നു. എന്റ വ്യക്തിത്വത്തെ മുന്നോട്ടുകൊണ്ടുവരാന്‍ അഭിനയമാണ് ഏറ്റവും നല്ലതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു'' അഞ്ജലി അഭിനയം തെരഞ്ഞെടുക്കാനുള്ള കാരണം പറയുന്നു.

മോഡലിങ്ങിലൂടെ തുടക്കം കുറിച്ച അഞ്ജലി പിന്നീട് ടെലിവിഷന്‍ ഷോകളും ചെയ്യാന്‍ തുടങ്ങി. മലയാളത്തില്‍ ചെയ്ത ഒരു ഷോയാണ് അഞ്ജലിയെ ബിഗ് സ്‌ക്രീനിലേക്കെത്തിക്കുന്നത്. തന്റെ ജെന്‍ഡര്‍ ഐഡന്റിറ്റി തുറന്നുപറഞ്ഞാണ് അഞ്ജലി ആ ഷോയില്‍ പങ്കെടുത്തതെങ്കിലും സംഘാടകര്‍ അത് മറച്ചുവെച്ചു. തുടര്‍ന്ന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായി അഞ്ജലിക്ക് ആ ഷോ വിടേണ്ടി വന്നു. പക്ഷേ ആ ചീത്ത അനുഭവം അഞ്ജലിയുടെ ജീവിതത്തിലെ ടേണിങ് പോയിന്റായി മാറുകയായിരുന്നു.

ആ ഷോക്കിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ ഒരു വാര്‍ത്താ ചാനലിന്റെ പരിപാടിയില്‍ അഞ്ജലി പങ്കെടുക്കുകയും അത് മമ്മൂട്ടിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അങ്ങനെ തന്റെ സിനിമയിലേക്ക് അഞ്ജലിയെ മമ്മൂട്ടി നിര്‍ദേശിച്ചു. അങ്ങനെ രാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പേരമ്പില്‍ അഞ്ജലി നായികയായി മാറി.

anjali ameer

ഷൂട്ടിങ്ങിനിടയില്‍ സഹപ്രവര്‍ത്തകരെല്ലാം അഞ്ജലിക്ക് പൂര്‍ണ പിന്തുണ നല്‍കി. സംവിധായകന്‍ രാം തെറ്റുകള്‍ തിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ തന്നിരുന്നതായും മമ്മൂട്ടിയില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിക്കാനായെന്നും അഞ്ജലി പറയുന്നു. മോഡലിങ്ങിന്റെ തുടക്കകാലത്ത് സംഭവിച്ച ഒരു രസകരമായ കാര്യവും അഞ്ജലിക്ക് പറയാനുണ്ട്. ''അന്ന് ഞാനൊരു ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന കാര്യം എന്റെ മാനേജര്‍ക്കു പോലും അറിയില്ലായിരുന്നു. പിന്നീട് ആ ടിവി ഷോയുടെ പ്രശ്നമുണ്ടായപ്പോഴാണ് എല്ലാവരും ഇക്കാര്യം അറിയുന്നത്''

ഇപ്പോള്‍ അഞ്ജലി എല്ലാംകൊണ്ട് സന്തോഷവതിയാണ്. അന്ന് അംഗീകരിക്കാന്‍ മടിച്ചു നിന്ന കുടുംബം ഇപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പേരമ്പ് റിലീസ് ചെയ്യാന്‍ പോകുന്നു. കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നിന്ന് കൂടുതല്‍ ഓഫറുകള്‍ വരുന്നു. പക്ഷേ ഇതിനെല്ലാമപ്പുറത്ത് അഞ്ജലി ഒകു കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്...''തന്നെ ഇനി ഒരിക്കലും ട്രാന്‍സ്ജെന്‍ഡര്‍ ആര്‍ട്ടിസ്റ്റ് എന്നു വിളിക്കരുത്. താനിപ്പോള്‍ പൂര്‍ണമായും സ്ത്രീയാണ്. ഒരു സ്ത്രീ എന്ന നിലയില്‍ മാത്രം ഞാന്‍ അറിയപ്പെട്ടാല്‍ മതി''

ഫോട്ടോ കടപ്പാട്: ഫെയ്‌സ്ബുക്ക്