പാടത്ത്  കളപറിക്കുമ്പോള്‍ പലപ്പോഴും  കൈ വിരലുകള്‍ മുറിയും.ഭക്ഷണം കഴിക്കുമ്പോള്‍ നീറ്റല്‍ സഹിക്കാനാവില്ല.കോളജിലേക്കുള്ള ബസുക്കൂലിക്ക് കാശാവുമല്ലോ എന്ന് ആലോചിക്കുമ്പോള്‍ പിറ്റേന്നും പണിക്ക് പോകും.ആശയ്ക്ക് ഒന്നും മറക്കാനാവില്ല.

 കര്‍ഷകതൊഴിലാളികളായ ശാര്‍ങ്ധര പണിക്കരുടെയും സരസമ്മയുടെയും മകള്‍ക്ക് വീട്ടിനു മുന്നിലെ പാടത്തിലേക്ക് നോക്കി സ്വപ്‌നം കണ്ടിരിക്കാനായിരുന്നു  എറെയിഷ്ടം.എന്നാല്‍ പഠനത്തിന് അവധിയുള്ള ദിവസങ്ങളില്‍ അമ്മ അവളെയും  ഒപ്പം കൂട്ടി. അവളും പാടത്തിറങ്ങി.കള പറിച്ചു വൈകിട്ട് കിട്ടുന്ന കൂലി  അഭിമാനത്തോടെ വാങ്ങി  കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍ക്കൊപ്പം തിരിച്ചു പോന്നു.

കോട്ടയത്തെ കുമരകം എന്ന ഗ്രാമത്തില്‍ നിന്ന് തലസ്ഥാനത്തെ കുടുംബശ്രീ മിഷന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലകളിലേക്കുള്ള ആശാ പണിക്കരുടെ യാത്രയില്‍ തോറ്റു പോയത് ദുരിതങ്ങളാണ്.ഗ്രാമീണ സ്ത്രീകളുടെ ജീവിതം അടുത്തറിഞ്ഞ ആശ കുടുംബശ്രീയുടെ ഭാഗമായത് യാദൃശ്ചികം.അയല്‍ക്കൂട്ടങ്ങളുടെ നന്മ തുണയേകിയവള്‍ അവര്‍ക്കു വേണ്ടിയാണിന്ന് പ്രവര്‍ത്തിക്കുന്നത്.

ജോലിയുള്ള ദിവസങ്ങളില്‍ പട്ടിണിയില്ല. എന്നാല്‍ പണിയില്ലാതായാല്‍  അടുപ്പ് പുകയില്ല. അരി വാങ്ങാന്‍ കഷ്ടപ്പെടുന്ന അമ്മമാരെ ആശ ആദ്യം കണ്ടത് സ്വന്തം വീട്ടിലും അയല്‍പ്പക്കത്തുമൊക്കെയായിരുന്നു.മഴകൂടിപോയാലും കുറഞ്ഞാലും വിളവിനൊപ്പം  തൊഴിലാളികളുടെ ജീവിതവും ചരിഞ്ഞും കരിഞ്ഞും അതിജീവനത്തിനുള്ള വഴി തേടി.

ഹൈസ്‌കൂള്‍ ക്ലാസിലെത്തിയപ്പോള്‍ ട്യൂഷനെടുത്തു തുടങ്ങി. കോളജിലെത്തിയപ്പോള്‍ ഇന്‍ഷൂറന്‍സ് ഏജന്റായി. ഒപ്പം പാടത്തെ പണിയും.പിടിച്ചു നില്‍ക്കാനുള്ള ഒരു കുടുംബത്തിന്റെ പ്രയത്‌നത്തില്‍ ആവും വിധം അവളും പങ്കാളിയായി. പഠിപ്പും വീട്ടുചെലവും എല്ലാം കൂടെ നോക്കാന്‍ അമ്മയ്ക്കാവുമായിരുന്നില്ല. ഇടയ്ക്കിടെ വരുന്ന ഓര്‍മക്കുറവ്  അച്ചനെ തളര്‍ത്തി.

'ബസ്സില്‍ പോവാന്‍ പലപ്പോഴും കാശൊക്കെ കഷ്ടിയായിരിക്കും.കാശ് കൈയ്യിലുള്ള ദൂരത്തിന് ബസില്‍ പോകും.ബാക്കി നടക്കും .അന്നൊക്കെ അതായിരുന്നു പതിവ്.'ആശയുടെ വാക്കുകള്‍ക്ക് അനുഭവത്തിന്റെ കരുത്ത്.
     
കുമരകം ഗവ.സ്‌കൂളിലെ പഠനത്തിനു ശേഷം നാട്ടകം കോളജില്‍ പ്രീഡിഗ്രി.തുടര്‍ന്ന് കോട്ടയം ബിസിഎം കോളജില്‍ ബി.എ മലയാളത്തിന് ചേര്‍ന്നു.വായന ഇതിനകം ആത്മമിത്രമായി. എന്നാല്‍ വീട്ടിലെ ദുരിതങ്ങള്‍ കൂടിവന്നു. പുതിയ പുസ്തകങ്ങള്‍ വാങ്ങുന്ന കാര്യം ആലോചിക്കാനേ വയ്യ.സീനിയര്‍ വിദ്യാര്‍ഥികളുടെ പുസ്തകങ്ങളും ലൈബ്രറിയിലെ പുസ്തകങ്ങളും വാങ്ങിച്ച് പഠിച്ചു.പണിയെടുത്തു പഠിക്കുന്ന ആശയെ അധ്യാപകര്‍ക്കും  വല്യ കാര്യമായിരുന്നു.നല്ല മാര്‍ക്കോടെ ഡിഗ്രി ജയിച്ചു.

2002 ലാണ് കുമരകത്തെ നാലുകല്ലുങ്കല്‍ വീട്ടില്‍ വൈദ്യുതി കിട്ടുന്നത്.അതു വരെ മണ്ണെണ്ണ വിളക്കിന്റെ കാരുണ്യത്തിലായിരുന്ന ആശയുടെ പഠനം.ഓലമേഞ്ഞ രണ്ടു മുറി വീട്  ഓടിട്ടു. അമ്മയുടെ സമ്പാദ്യവും അയല്‍ക്കൂട്ടത്തില്‍ നിന്നെടുത്ത  ലോണും സഹായിച്ചു

സമൂഹത്തിനു വേണ്ടി തന്നാലാവും വിധം എന്തെങ്കിലും ചെയ്യണം.അന്നേ മനസ്സിലുറപ്പിച്ചതാണ്.എന്നാല്‍ അരപ്പട്ടിണിക്കാരിയായ താന്‍ എന്തു ചെയ്യാനാണ് ? അടുത്ത വീട്ടിലെ കുട്ടികള്‍ക്ക് നാലക്ഷരം പറഞ്ഞുകൊടുത്തു.അതിനിടെ മാധ്യമപ്രവര്‍ത്തനം എങ്ങനെയോ മനസ്സില്‍ കയറി. എഴുത്തു പരീക്ഷയും അഭിമുഖവും കഴിഞ്ഞ് പ്രസ്  അക്കാദമിയുടെ പടിവാതിലുവരെ എത്തിയതാണ്. അവിടെ ചേര്‍ന്നു പഠിക്കാനും ഹോസ്റ്റല്‍ ഫീസും കൂടി നല്‍കാനും അന്ന് കഴിവില്ലായിരുന്നു. എറെ സങ്കടത്തോടെ ആ സ്വപ്‌നം വിട്ടു. 2015-ല്‍ മീഡിയ അക്കാദമിയുടെ മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് ആശ സ്വീകരിച്ചത് ഇതേ അക്കാദമിയുടെ മുറ്റത്ത് വച്ചായിരുന്നു. ആശക്ക് കൊളമ്പിയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

പിന്നീട്   കോട്ടയം പ്രസ്‌ക്ലബ്ലില്‍ മാധ്യമ പഠനത്തിന് ചേര്‍ന്നു. ട്യൂഷനും പാടത്തെ പണിയും ഇന്‍ഷൂറന്‍സ് ഏജന്റായും ഒക്കെ ജോലി കൃത്യമായി ചെയ്തു .എന്നാലും ഒരിക്കലും സമയത്തിന് ഫീസ് കൊടുക്കാന്‍ കഴിയാറില്ല. ഇതിനിടെ അച്ചന്റെ അസുഖം കൂടി. അല്‍ഷിമേഴ്‌സ് എന്ന് ഡോക്ടര്‍മാര്‍ വിധിച്ചു.ഫീസ് മുഴുവന്‍ അടയ്ക്കാന്‍ കഴിയാത്തതുകൊണ്ട് മറ്റു കുട്ടികള്‍ക്കൊപ്പം സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ കഴിഞ്ഞില്ല.ഇന്റേണ്‍ ഷിപ്പു ചെയ്യുന്നതിനിടെ അച്ചന്‍ മരിച്ചു.

'എങ്ങനെ മുന്നോട്ടു പോവും എന്ന് ഒരു പിടിയുമില്ല.പക്ഷേ മുന്നോട്ടു പോയേ പറ്റൂ.എത്ര കഷ്ടപ്പാടായാലും ജോലി ചെയ്തു ജീവിക്കും, ആത്മഹത്യ ചെയ്യില്ല.അന്നേ മനസില്‍ കരുതി.' തളര്‍ന്നു പോയ അമ്മയ്ക്ക് ആശ കരുത്തായി. ചില മാധ്യമ സ്ഥാപനങ്ങളില്‍ കുറച്ചുകാലം ജോലി ചെയ്തു.ഇപ്പോള്‍ ആശയുടെ യാത്ര കുടുംബശ്രീ വരെ എത്തി നില്‍ക്കുന്നു.കുടുംബശ്രീയുടെ മീഡിയ കോര്‍ഡിനേഷനും കുടുംബശ്രീ മാസികയുടെ ചുമതലയുമൊക്കെ ചുറുചുറുക്കാടെ കൊണ്ടു പോകുന്നു.
 

അയല്‍ക്കൂട്ടങ്ങളിലെ സ്ത്രീകളില്‍ ആശ കാണുന്നത്  അമ്മയെ തന്നെയാണ്.'അമ്മയ്ക്കും ചുറ്റുവട്ടത്തുള്ള സ്ത്രീകള്‍ക്കുമൊന്നും വയറുനിറച്ചുണ്ണുന്നത് സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു. അന്നന്നത്തെ അന്നത്തിന് മുട്ടുവരല്ലേ എന്ന് മാത്രമാവും അവരുടെയൊക്കെ പ്രാര്‍ഥന. ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതികളൊക്കെ വന്നത്  നാട്ടിന്‍പുറത്തെ സ്ത്രീകള്‍ക്ക് ഒരുപാട് ആശ്വാസമായിട്ടുണ്ട്.' ഗ്രാമീണ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമാകുന്നതില്‍ ഏറെ സന്തോഷത്തിലാണ് അവള്‍.

44 ലക്ഷം സ്ത്രീകള്‍ ഇപ്പോള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്.രണ്ടര ലക്ഷം അയല്‍ക്കൂട്ടങ്ങളിലൂടെ അവര്‍ പ്രവര്‍ത്തിക്കുന്നു.അവരുടെ വിജയങ്ങള്‍ നേരിട്ടു കാണുന്നതിന്റെ സന്തോഷം ഒന്നുവേറെയാണ്.'വീട്ടിലെ അമ്മമാര്‍ക്ക് എന്തെങ്കിലും തുക കിട്ടിയാല്‍  അവര്‍ അത് തങ്ങളുടെ മക്കള്‍ക്കു വേണ്ടി ഉപയോഗിക്കാന്‍ കരുതിവെക്കും.ഗ്രാമത്തിലെ സ്ത്രീകളുടെ ആത്മവിശ്വാസം ഏറെ വര്‍ധിച്ചിട്ടുണ്ട്.' ആശ പറയുന്നു.

ജീവിതം കനല്‍ വിരിച്ച പാതയില്‍ നടക്കുമ്പോള്‍ പലപ്പോഴും അവള്‍ കരഞ്ഞിട്ടുണ്ട്. തളര്‍ന്നു പോയിട്ടുണ്ട്. എന്നാല്‍ യാത്ര അവസാനിപ്പിക്കാതെ  മുന്നോട്ടു തന്നെ നടന്നു. അവിടെയാണ് ആശയുടെ ജീവിതം വഴിമാറുന്നത്. കേരളത്തിലെ സ്ത്രീകളുടെ പ്രതീക്ഷയായി അവള്‍ മാറുന്നതും.