സ്റ്റാര്‍ട്ട്, ക്യാമറ... ആക്ഷന്‍... പറയാനുള്ള  ആവേശത്തിലും ആകാംക്ഷയിലുമാണ് നടവയലിലെ ലീല സന്തോഷ്. സ്വന്തം സിനിമ എന്ന സ്വപ്നത്തിന് ചിറകുമുളയ്ക്കുന്ന സന്തോഷത്തിലാണവര്‍. കേരളത്തില്‍  ഡോക്യുമെന്ററി സംവിധാനംചെയ്ത ആദ്യ ആദിവാസിസ്ത്രീ എന്ന ബഹുമതിയുടെ ഉടമയാണ് ലീല. ഇപ്പോള്‍ ആദ്യസിനിമയുടെ പണിപ്പുരയില്‍. കഥയും തിരക്കഥയും തയ്യാറായി. ഇനിയും പണികള്‍ ഏറെയുണ്ട്.

സമൂഹത്തില്‍ ആദിവാസികളെക്കുറിച്ചുള്ള മിഥ്യാധാരണകളെ വേരോടെ പിഴുതു മാറ്റണമെന്നാണ് ലീലയുടെ ആഗ്രഹം. പഴശ്ശിരാജയെയും എടച്ചെന കുങ്കനെയും സിനിമയില്‍ കണ്ടെങ്കിലും വയനാട്ടുകാരായ ആദിവാസികളെ  കാണാനായില്ലെന്ന് ലീല പറയുന്നു. ഈ ഇരട്ടത്താപ്പ് സിനിമയിലൂടെ പൊളിച്ചെഴുതാനുള്ള ആത്മവിശ്വാസമാണ് ആ വാക്കുകളില്‍. 

"ഞങ്ങളുടെ കഥ ഇനി ഞങ്ങള്‍ തന്നെ പറയാ'മെന്നുള്ള ഒരു സമൂഹത്തിന്റെ ആത്മവിശ്വാസത്തിന്റെ മുഴക്കമുണ്ട് ഈ വാക്കുകളില്‍. മലയാളസിനിമയില്‍ അപരിഷ്‌കൃതരായി മാത്രമേ ആദിവാസികളെ കാണാനാവൂ. ക്ലോസറ്റ് കണ്ടാല്‍ തിരിച്ചറിയാത്ത, 'നല്ല മലയാളം' പറയാനറിയാത്തവര്‍. ഇതാണ് മലയാളികള്‍ക്ക് ആദിവാസികള്‍. ആദിവാസികള്‍ക്ക് സ്വന്തമായി ഭാഷയും സംസ്‌കാരവുമുണ്ട്. ഇതുള്‍ക്കൊണ്ടാണ് തന്റെ പുതിയ സിനിമയിലൂടെ പഴശ്ശിരാജാവിന്റെ കാലത്തെ ആദിവാസി വിഭാഗങ്ങളുടെ കഥപറയാന്‍ ലീല സന്തോഷ് ശ്രമിക്കുന്നത്.

പഠനകാലത്തെ അനുഭവങ്ങളും യാത്രകളുമാണ് സിനിമ എന്ന മാധ്യമത്തിലേക്ക് ലീലയെ അടുപ്പിച്ചത്. എന്തും നേരിട്ടറിയാനും സ്വായത്തമാക്കാനും സാധിക്കുന്ന ബദല്‍വിദ്യാഭ്യാസ രീതിയിലായിരുന്നു പഠനകാലം. സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ജെ. ബേബി നടത്തിയിരുന്ന  കനവിലായിരുന്നു പഠനം. കാണുന്ന സിനിമകളുടെയെല്ലാം നിരൂപണമെഴുതിയായിരുന്നു ആദ്യത്തെ ചുവടുവെപ്പ്. സിനിമയ്ക്കുപുറമേ സംഗീതം പഠിക്കാനും കരാട്ടെ അഭ്യസിക്കാനും ബദല്‍സ്‌കൂളില്‍ നിന്ന് സാധിച്ചു.  

Leelaബേബി സംവിധാനംചെയ്ത 'ഗുഡ' എന്ന സിനിമയില്‍ സഹസംവിധായികയായി. സ്വന്തം മാഷിനൊപ്പം സിനിമ ചെയ്ത ആത്മവിശ്വാസത്തിലാണ് സ്വന്തമായി ഒരു സിനിമ എടുക്കണമെന്ന ആഗ്രഹവും തുടങ്ങുന്നത്. 2013-ല്‍  'നിഴലുകള്‍ നഷ്ടപ്പെടുന്ന ഗോത്രഭൂമി' എന്ന ഡോക്യുമെന്റി സംവിധാനം ചെയ്തു. പണിയസമൂഹത്തിലെ അവിവാഹിതരായ അമ്മമാരുടെ ജീവിതമായിരുന്നു ഇതിവൃത്തം. വിവിധ ചലച്ചിത്രമേളകളില്‍ ഇത് പ്രദര്‍ശിപ്പിച്ചു. 

സുഹൃത്ത് സിജുവിനൊപ്പമാണ്  സിനിമാലോകത്തേക്ക് ആദ്യ കാല്‍വെപ്പ്. അദ്ദേഹത്തിന്റെ 'നാളെ' എന്ന സിനിമയയുടെ സഹസംവിധായകയായാണ് തുടക്കം. ഇതിനുശേഷമാണ് സ്വന്തം കഥയിലും തിരക്കഥയിലും ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. പണിയഗോത്രക്കാരുടെ പ്രാദേശിക ഭാഷയിലാണ് ഇതിലെ സംഭാഷണങ്ങളും പാട്ടുകളും. വയനാട് സ്വദേശിയും 'ഫോട്ടോഗ്രാഫര്‍' എന്ന സിനിമയിലെ ബാലതാരവുമായ മണി ഈ സിനിമയുടെ ഭാഗമാകും. വയനാട്ടിലെ ആദിവാസിവിഭാഗങ്ങളിലെ അവിവാഹിതരായ അമ്മമാരെക്കുറിച്ച് ഒരു സിനിമയും ലീലയുടെ മനസ്സിലുണ്ട്.

ആദ്യസിനിമ എന്ന നിലയ്ക്ക് വിജയവും പരാജയവും തന്നെ ബാധിക്കില്ലെന്നും സിനിമയില്‍ തുടര്‍ന്നുപോകാനാണ് ആഗ്രഹമെന്നും ലീല പറയുന്നു. സിനിമയില്‍ കൂടുതല്‍ സജീവമായതിനുശേഷം ആദിവാസിവിഭാഗത്തിലുള്ളവര്‍ക്ക്  അഭിനയം, എഡിറ്റ്, തുടങ്ങിയ സാങ്കേതികതയില്‍ പരിശീലനം നല്‍കാനും ആഗ്രഹമുണ്ട്. ഇതിനെല്ലാം കൂട്ടായി ഭര്‍ത്താവ് സന്തോഷും മൂന്നുമക്കളും കൂടെയുണ്ട്.