രു പതിറ്റാണ്ട് മുന്‍പ് ഗിരിജാ തിയേറ്റര്‍ എന്നു കേട്ടാല്‍ നെറ്റി ചുളിക്കാത്തവര്‍ ചുരുങ്ങും തൃശൂരില്‍. സ്വന്തം പേരിലുള്ള തിയേറ്റര്‍ ഉണ്ടാക്കിയ മാനക്കേടോര്‍ത്ത് സ്‌കൂളില്‍ പോകാന്‍ മടിച്ചു ഉടമയുടെ മകള്‍. ഇക്കിളിച്ചിത്രങ്ങള്‍ തകര്‍ത്തോടിയ തിയേറ്ററിന് അടുത്ത് വീടുവയ്ക്കാന്‍ ആളുകള്‍ അറച്ചു. അരികിലുള്ള ഹാളില്‍ കല്ല്യാണം നടത്താന്‍ മടിച്ചു.

മസാലയ്ക്കൊപ്പം അടിയും ഇടിയും കണ്ണീരും കിനാവുമെല്ലാം ചേര്‍ന്ന അക്കഥയൊക്കെ പഴയത്. ഒരു വെറും ബ്ലാക്ക് ആന്‍ഡ് വൈറ്റ്  ഫ്‌ ലാഷ്ബാക്ക്. ഇന്ന് ഗിരിജ ഒരു വെറും തിയേറ്ററല്ല, ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിനുവേണ്ട ചേരുവകള്‍ യഥേഷ്ടമുള്ള, നിറപ്പകിട്ടാര്‍ന്ന ഒരു വിജയകഥയാണ്.

നാണംകെട്ട ഭൂതകാലത്ത് നിന്ന് ജീവിതവും, ഇരുപത്തിയഞ്ച് കൊല്ലം മാനക്കേട് ഭയന്ന് ഒരൊറ്റ സ്ത്രീ പോലും കയറാത്ത ഒരു തിയേറ്ററും ഒരു സ്ത്രീ ഒറ്റയ്ക്ക് തിരിച്ചുപിടിച്ചതിന്റെ അവിശ്വസനീയവും അത്ഭുതകരവുമായ കഥ. തൊടുപുഴയില്‍ ദന്തഡോക്ടറായ ഗിരിജയുടെ ഈ കഥയ്ക്ക്‌ ജീവിതത്തില്‍ എന്നല്ല, സിനിമയില്‍ പോലുമുണ്ടാവില്ല സമാനതകള്‍ ഏറെ.

ആളുകള്‍ ഇടികൂടി കയറി നിറഞ്ഞ തിയേറ്ററിലിരുന്ന് ആ കഥ ഗിരിജ തന്നെ പറഞ്ഞ തുടങ്ങുകയാണ്. "അച്ഛന്റെ മുത്തശ്ശന്‍ തുടങ്ങിയതാണ് തിയേറ്റര്‍. എങ്ങിനെയോ തിയേറ്ററിനും എനിക്കും ഒരു പേരായി. കൈമാറി കൈമാറി അച്ഛനില്‍ വരുമ്പോഴും നല്ല നിലയില്‍ തന്നെയായിരുന്നു. ഹിന്ദിയിലും മലയാളത്തിലുമായി നല്ല നല്ല ചിത്രങ്ങള്‍ ഓടിയ കാലം. എന്നാല്‍, ക്രമേണ നാട്ടില്‍ തിയേറ്ററുകളുടെ എണ്ണം കൂടിയതോടെ തിയേറ്ററില്‍ ആളു കുറഞ്ഞു. സിനിമ കിട്ടാതായി.

girija theatre

പാര്‍ട്ണര്‍മാര്‍ക്ക് താത്പര്യം കുറഞ്ഞു. സിനിമകള്‍ക്ക് അഡ്വാന്‍സ് കൊടുക്കാനായി കാശുണ്ടാക്കാന്‍ ഓടി അച്ഛന്‍ കടക്കാരനായി. ഞാൻ പത്താം ക്ലാസില്‍ എത്തിയപ്പോഴേയ്ക്കും ആകെ മാറി. തിയേറ്ററില്‍ മോശപ്പെട്ട സിനിമകള്‍ കളിപ്പിക്കേണ്ട അവസ്ഥയായി. പിന്നെ ഒരു ഇരുപത്തിയഞ്ച് കൊല്ലത്തേയ്ക്ക് ഒരൊറ്റ സ്ത്രീ പോലും തിയേറ്ററില്‍ കയറില്ല. ഗിരിജയെന്ന പേര് തന്നെ നാണക്കേടിന്റെ പര്യായമായി. സ്‌കൂളില്‍ തല ഉയര്‍ത്തി നടക്കാന്‍ പാടായി.

എനിക്കും അനിയത്തിക്കും സിനിമയില്‍ എന്നല്ല, ബിസിനസില്‍ തന്നെ ഒട്ടുമുണ്ടായിരുന്നില്ല താത്പര്യം. ഞാന്‍ ദന്ത ഡോക്ടറാകാനാണ് പഠിച്ചത്. ചെന്നൈയിലും ബാംഗ്ലൂരിലുമായിരുന്നു പഠനം. ബാംഗ്ലൂരില്‍ കുറച്ചു കാലം ജോലിയും ചെയ്തു.

അച്ഛന്‍ മരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമായി. ഇതിന് പുറമെ തിയേറ്റര്‍ കോടതി കയറുകയും ചെയ്തു. അച്ഛന്റെ ഉടമസ്ഥതിയില്‍ ഉണ്ടായിരുന്ന പെട്രോള്‍ പമ്പും പ്രതിസന്ധിയിലായി. പെണ്ണുങ്ങളായ ഞങ്ങള്‍ക്ക് പമ്പ് നടത്താന്‍ പറ്റില്ല എന്നായിരുന്നു വാദം. ആണ്‍കുട്ടികള്‍ ഇല്ലാത്തതു കൊണ്ട് അച്ഛന്‍ കഷ്ടപ്പെടുമെന്ന് കേട്ടു വളര്‍ന്ന ഞങ്ങളെ തളര്‍ത്തുന്നതായിരുന്നു അതൊക്കെ. ഒടുവില്‍ പമ്പ് വിട്ടുകൊടുത്തു. വിറ്റ് കടം വീട്ടിക്കോളൂ എന്ന് പറഞ്ഞ് തിയേറ്റര്‍ ഞങ്ങള്‍ക്കും കിട്ടി.

വീടിന്റെ കോമ്പൗണ്ടിലെ പണി തീരാതെ കിടന്ന കെട്ടിടം കല്ല്യാണ ഹാളാക്കി കടങ്ങള്‍ വീട്ടാനായിരുന്നു ശ്രമം. ഹാള്‍ ഉണ്ടാക്കിയെങ്കിലും കാര്യങ്ങള്‍ വിചാരിച്ച മട്ടിലായില്ല. നാട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കിയ തിയേറ്ററിനടുത്തുള്ള ഹാളില്‍ കല്ല്യാണം നടത്താന്‍ ആളുകള്‍ മടിച്ചു. എവിടെയും ഹാള്‍ കിട്ടാത്തവര്‍ മാത്രമാണ് ഇങ്ങോട്ട് വന്നത്. 

തിയേറ്റര്‍ ഉള്ളത് കൊണ്ട് തൊട്ടടുത്തുള്ള കല്ല്യാണഹാള്‍ പോലും നടത്താന്‍  പറ്റില്ലെന്ന് മനസ്സിലായി. ആകെ വിഷമവൃത്തത്തിലായി. അങ്ങിനെ പിന്നെ തിയേറ്റര്‍ നന്നാക്കാനായി ശ്രമം. വലിയ ലാഭമുണ്ടാക്കുകയല്ല, പഴയ കാലത്തെ ചീത്തപ്പേര് ഒന്ന് മാറ്റിയെടുക്കക എന്നത് മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍, നിരുത്സാഹപ്പെടുത്താനേ ആളുണ്ടായുള്ളൂ. ആകെ പിന്തുണ നല്‍കിയത് അമ്മയും അനിയത്തിയും.

"വേണ്ടാത്ത എന്തിന് പണിക്ക് ഇറങ്ങുന്നുവെന്നായിരുന്നു" ചോദ്യം. ലോണ്‍ തേടി നടന്നപ്പോള്‍ ബാങ്കുകളെല്ലാം കൈ മലര്‍ത്തി. അച്ഛന്‍ വരെ നോക്കി പരാജയപ്പെട്ടതാണ്. ജപ്തി നോട്ടീസായി വരാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. "ഒടുവില്‍ നോക്കീം കണ്ടും നടത്തണമെന്ന" ഉപദേശത്തില്‍ ധനലക്ഷ്മി ബാങ്കാണ് വായ്പ നല്‍കിയത്.

എന്നാല്‍, അപ്പോള്‍ പുതിയ പ്രതിസന്ധിയായി. നാണക്കേട് ഉണ്ടാക്കിയ തിയേറ്റര്‍ പുതുക്കിപ്പണിയാന്‍ കോണ്‍ട്രാക്ടര്‍മാരെ കിട്ടാതായി. ഈ തിയേറ്റര്‍ പുതുക്കിപ്പണിതാല്‍ എന്റെ കല്ല്യാണം പോലും നടക്കില്ല എന്നായിരുന്നു അവിവാഹിതനായ ഒരു കോണ്‍ട്രാക്ടറുടെ ന്യായം. പിന്നീട് ഒരു ദിവസം തിയേറ്റര്‍ കത്തിപ്പോയി. പിന്നീട് ഞങ്ങള്‍ തന്നെ തത്കാലത്തേയ്ക്ക് ആളെ വച്ച് മേല്‍ക്കൂര ഇട്ടു.

ആയിടയ്ക്ക് അച്ഛനെ അടക്കിയ മണ്ണ് അച്ഛന്റെ സഹോദരന്റെ മക്കള്‍ക്ക് വില്‍ക്കണമായിരുന്നു. ഒരുവാക്ക് പോലും പറയാതെ അവര്‍ അച്ഛനെ സംസ്‌കരിച്ച ഇടവും ഇടിച്ചുനിരത്തി. വല്ലാത്ത വേദനയായിരുന്നു. അന്ന് ഞാന്‍ അവിടെ പോയി ഒരുപിടി മണ്ണ് വാരിയെടുത്ത് തിയേറ്ററിന്റെ ഉള്ളില്‍ കുഴിച്ചിട്ടു. അന്നാണ് മനസ്സില്‍ ഉറപ്പിച്ചത്, തിയേറ്റര്‍ നന്നാക്കണം. അച്ഛന്റെ മോഹം സഫലമാക്കണം. പിന്നെ തിരിഞ്ഞുനോക്കിയില്ല.

അന്ന് ഞങ്ങള്‍ക്ക് സിനിമയെക്കുറിച്ചോ തിയേറ്ററുകളെക്കുറിച്ചോ ഒന്നും അറിയില്ല. സഹായിക്കാനും ഉപദേശം നല്‍കാനും നാട്ടിലെ തിയേറ്ററുകളൊന്നും കൂട്ടാക്കിയില്ല. അന്ന് ഞാന്‍ കോതമംഗലത്താണ് ജോലി ചെയ്തിരുന്നത്. ഇടയ്ക്ക് അവിടുത്തെ ആന്‍ തിയേറ്ററില്‍ പോകും. അവരാണ് വേണ്ട ഉപദേശങ്ങള്‍ നല്‍കിയത്. സീറ്റുകളുടെ എണ്ണം കുറച്ചതും സ്റ്റേഡിയം മാതൃകയില്‍ സീറ്റുകള്‍ വിന്യസിച്ചതുമെല്ലാം അവരുടെ നിര്‍ദേശപ്രകാരമാണ്.

ബാല്‍ക്കണിയും പൊളിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് നാട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു. ആരെയും ഒന്നും അറിയിച്ചില്ല. തിയേറ്റര്‍ പൊളിച്ച് കല്ല്യാണമണ്ഡപം പണിയുകയാണെന്നായിരുന്നു അന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്ത.

സീറ്റുകള്‍ വയ്ക്കാന്‍ വന്ന ആളാണ് ഒരു എഞ്ചിനീയറെ തരപ്പെടുത്തിത്തന്നത്. അങ്ങിനെ പടിപടിയായി തിയേറ്റര്‍ യാഥാര്‍ഥ്യമായി. പിന്നെയുള്ള പ്രതിസന്ധി സിനിമ കിട്ടുക എന്നതായിരുന്നു. ഞങ്ങള്‍ക്ക് സിനിമാവ്യവസായത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. വിതരണക്കാരുടെ അഡ്രസൊക്കെ ശേഖരിച്ചു. പലരെയും വിളിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. ആരും മറുപടി പോലും അയച്ചില്ല.

പിന്നെ അനിയത്തിയെയും കൂട്ടി എറണാകുളത്തെ വിതരണക്കാരുടെ ഓഫീസുകള്‍ കയറി ഇറങ്ങി. തൃശൂര്‍ നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള തിയേറ്ററില്‍ ആളു വരുമോ എന്നായിരുന്നു ചിലര്‍ക്ക് സംശയം. ഇങ്ങിനെ ചീത്തപ്പേരുള്ള തിയേറ്ററില്‍ ആരു വരുമെന്നായി മറ്റു ചിലര്‍. നല്ല സിനിമയ്ക്കിടയില്‍ ഞങ്ങള്‍ അശ്ലീല തുണ്ടു കയറ്റുമോ എന്ന ഭയമുണ്ടാകും ജനങ്ങള്‍ക്ക് എന്നു പറഞ്ഞവരുമുണ്ട്. ചുരുക്കത്തില്‍ പടം തരാന്‍ ആരും ധൈര്യപ്പെട്ടില്ല. പണി കഴിഞ്ഞ തിയേറ്റര്‍ അങ്ങിനെ നോക്കുകുത്തിയായി നിന്നു.

ഒടുവില്‍ ലാല്‍ മീഡിയയുടെ മാനേജര്‍ പ്രകാശനാണ് പ്രതീക്ഷ നല്‍കിയത്. അവര്‍ പടം നല്‍കാന്‍ തയ്യാറായി. പത്ത് ലക്ഷം രൂപയ്ക്ക് ഡിസംബറില്‍ പടം തരാമെന്ന് ഏറ്റു. പൃഥ്വിരാജും ഭാവനയും അഭിനയിച്ച ലോലിപ്പോപ്പ്. തൃശൂരില്‍ രണ്ടും മൂന്നും ലക്ഷം കൊടുത്തിരുന്ന കാലമായിരുന്നു അത്. കൈയില്‍ പൈസ ഇല്ലാതിരുന്നിട്ടും എന്നിട്ടും ഞങ്ങള്‍ ഏറ്റു.

ഞങ്ങള്‍ക്ക് ഒരു തുടക്കം ആവശ്യമായിരുന്നു. പലയിടത്തുനിന്നും പണം വാങ്ങി. വാടകയ്ക്ക് കൊടുത്ത കടക്കാരെല്ലാം പണം നല്‍കി സഹായിച്ചു. പക്ഷേ, ഞങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചിരുന്നില്ല. മെഴുകുതിരിവെളിച്ചത്തിലാണ് അദ്ദേഹം തിയേറ്റര്‍ വന്നു കണ്ടത്.

അതിന് മുന്‍പ് മള്‍ട്ടിസ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റി ഇറങ്ങുന്ന കാര്യം കേട്ടു. അത് വച്ച് ഉദ്ഘാടനം ചെയ്താല്‍ നന്നാവുമെന്ന് തോന്നി. ആദ്യം വിതരണക്കാര്‍ സമ്മതിച്ചെങ്കിലും പിന്നീട് ഫെഡറേഷന്‍ ഉടക്കി. ചിത്രം മറ്റൊരു തിയേറ്ററിന് നല്‍കാനായി നീക്കം. ഉടനെ ഇന്നസെന്റ് വഴി ദിലീപിനെ സമീപിച്ചു. ഫെഡറേഷനെ മറിടന്ന് മൂന്ന് ലക്ഷം രൂപയ്ക്ക് ദിലീപ് ഞങ്ങള്‍ക്ക് സിനിമ തന്നു. നാട്ടുകാരെവച്ച് ഉദ്ഘാടനം നടത്തി തിയേറ്റര്‍ ഉയര്‍ത്തെഴുന്നേറ്റു.

girija theatre

ടിക്കറ്റ് ചാര്‍ജ് കുറവായ കാലമായതിനാല്‍ ഒരാഴ്ച കൊണ്ട് മുടക്കിയ തുക കിട്ടില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് അഞ്ച് ഷോ വച്ച് ചിത്രം കളിപ്പിച്ചു. എന്നാല്‍, അപ്പോഴും ഫെഡറേഷന്‍ ഇടപെട്ടു. നാലു ഷോയാക്കി കുറച്ചു. അങ്ങിനെ കോടികളുടെ ലാഭമുണ്ടാക്കിയ ഈ ചിത്രം ഒരാഴ്ച ഹൗസ്ഫുള്‍ ആയി ഓടിച്ചിട്ടും എനിക്ക് അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായി. പക്ഷേ, ഞാന്‍ കാര്യമാക്കിയില്ല. ആ ഒരൊറ്റ സിനിമയോടെ തിയേറ്ററിന്റെ ഇമേജ് അടിമുടി മാറ്റാനായി.

പിന്നെയും പടങ്ങളില്ലാത്ത കാലമായി. ക്രിസ്മസിന് ഇറങ്ങിയ ലോലിപ്പോപ്പ് വിജയിച്ചില്ല. നാല് ലക്ഷം രൂപ നഷ്ടമായി. പിന്നെ നാലു വര്‍ഷം കഴിഞ്ഞാണ് മുളകുപാടം അടുത്ത ചിത്രമെടുക്കുന്നത്. അതുവരെ നാലു ലക്ഷം അവിടെ കിടക്കും.

പിന്നെ പോക്കിരിരാജ ഇറങ്ങി. നാല് ലക്ഷം രൂപ അവിടെ കിടക്കുമ്പോഴും ഞങ്ങള്‍ക്ക് പടം തരാതിരിക്കാനായിരുന്നു നീക്കം. ആറ് ലക്ഷം രൂപ കൂടി കൊടുത്തിട്ടും കരാറില്‍ നിന്ന് മാറാനായി അവരുടെ നീക്കം. വില്ലന്‍വേഷവുമായി വീണ്ടും ഫെഡറേഷന്‍ രംഗത്തെത്തി. ഒരു സിനിമ കിട്ടാന്‍ കഷ്ടപ്പെട്ട് ഓടുമ്പോള്‍ എന്നെ പുറത്താക്കുമെന്ന ഭീഷണിവരെ നടത്തി അവര്‍. ലൈസന്‍സ് റദ്ദാക്കിച്ചു. അങ്ങിനെയാണ് കോടതിയില്‍ പോയത്. ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു കോടതിവിധി. 

കോടതിയുടെ സഹായത്തോടെ സിനിമ ക്യൂബില്‍ അപ്ലോഡ് ചെയ്തു. എന്നാല്‍, റിലീസിന് രണ്ട് ദിവസം മുന്‍പ് സിനിമ ഡിലീറ്റ് ചെയ്യാന്‍ വരെ നീക്കമുണ്ടായി. തിയേറ്ററിനകത്ത് തണുപ്പ് പരിശോധിക്കുമ്പോഴാണ് ഞാനത് കണ്ടത്. തിയേറ്റര്‍ സ്‌ക്രീനില്‍ പോക്കിരി രാജാ ഡിലീറ്റ് എന്ന് എന്ന ഓപ്ഷന്‍ വന്നു കിടക്കുന്നു.

ഉടനെ ഞാന്‍ ഓടിച്ചെന്ന് അവരെ (റിയല്‍ ഇമേജ് ടെക്‌നോളജിയിലെ ജോലിക്കാര്‍) പ്രൊജക്ടര്‍ കാബിന്‍ റൂമില്‍ പൂട്ടിയിട്ടു. വിതരണക്കാര്‍ പറഞ്ഞിട്ടായിരുന്നത്രെ അവര്‍ സിനിമ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചത്. ആരെയും പുറത്തു പോകാന്‍ അനുവദിച്ചില്ല. പിന്നീട് പോലീസിനെ വിളിച്ചു. പടം റീലോഡ് ചെയ്യിച്ചു. വീണ്ടും കോടതിയെ സമീപിച്ചു. എന്റെ തിയേറ്ററില്‍ പടം ഓടുമെന്ന് നാട്ടുകാരെയും വിതരണക്കാരെയും ബോധിപ്പിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും മിനക്കെട്ടത്.

പടം പിടിച്ചുവയ്ക്കണം എന്നറിയില്ലായിരുന്നു ഞങ്ങള്‍ക്ക്. അതുകൊണ്ട് പിന്നീട് പടങ്ങളൊന്നും തന്നെ കിട്ടിയില്ല. അങ്ങിനെയിരിക്കുമ്പോഴാണ് ഹരിഹര്‍ നഗര്‍ ടു ഇറങ്ങുന്നത്. ആ പടം ആര്‍ക്കും വേണ്ടിയിരുന്നില്ല. പക്ഷേ, ഞാന്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. അതാവട്ടെ നൂറ് ദിവസം തകര്‍ത്തോടി. ഇടവിട്ട് ചിത്രങ്ങള്‍ ഓടിക്കേണ്ടിവന്ന എനിക്ക് കിട്ടിയ ആദ്യ സൂപ്പര്‍ഹിറ്റ്.

girija

പടം തരാതെ രണ്ട് വര്‍ഷമാണ് ഫെഡറേഷന്‍ എന്നെ വെള്ളം കുടിപ്പിച്ചത്. ലോണ്‍ തിരിച്ചടയ്ക്കാന്‍ വരെ പാടുപെട്ടു അക്കാലത്ത്. തിയേറ്റര്‍ നന്നായപ്പോള്‍ കല്ല്യാണ ഹാളിനും ഡിമാന്റായി. പിന്നെ ജോലി കൂടി ഉള്ളതുകൊണ്ടാണ് കാര്യങ്ങള്‍ മുന്നോട്ടുപോയത്.

പക്ഷേ, തിയേറ്റര്‍ പതുക്കെ പച്ചപിടിച്ചുതുടങ്ങി. കുടുംബങ്ങള്‍ വീണ്ടും എത്തി. നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും വിശ്വാസമായി. ഫെഡറേഷന്റെ എതിര്‍പ്പ് മറികടന്നും പടങ്ങള്‍ തരാന്‍ തയ്യാറായി പലരും. എന്നെ സഹായിക്കുന്നത് കൊണ്ട് അവര്‍ക്കും പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ആറു മാസം പടമില്ലാതെ  കാത്തിരുന്നാണ് എനിക്ക് പ്രേമം കിട്ടിയത്. പക്ഷേ, 2010 മുതല്‍ കാര്യങ്ങള്‍ മാറിവന്നു. ഇപ്പോള്‍ ഫെഡറേഷനും പിളര്‍ന്നു. കാര്യങ്ങള്‍ എളുപ്പമായി.

ഇപ്പോള്‍ കുടുംബ പ്രേക്ഷകരാണ് ഗിരിജയുടെ കരുത്ത്. അതുകൊണ്ട് തന്നെ ഹിന്ദിയും തമിഴും അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളോട് വലിയ മമതയില്ല ഗിരിജയ്ക്ക്. ഇതാണ് ഗിരിജ തിയേറ്റര്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ കഥ. ഫെഡറേഷനെ തറപറ്റിച്ചതുപോലെ, ആളുകളുടെ മനസ് മാറ്റിയെടുത്തപോലെ അത്ര എളുപ്പമായിരുന്നില്ല ഗിരിജയ്ക്ക് തിയേറ്ററിന്റെ നടത്തിപ്പ്.

girijaഓപ്പറേറ്റര്‍ മദ്യപിച്ച് ലക്ക് കെട്ട് ഷോ മുടങ്ങിയ അനുഭവം വരെയുണ്ട്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രൊജക്ടര്‍ ഓപ്പറേറ്ററുടെ ലൈസന്‍സ് എടുത്തു. പിന്നീട് അനിയത്തിയും പോയി ലൈസന്‍സ് എടുത്തു. ഇനി ഒരു ദിവസം ഓപ്പറേറ്റര്‍ മുന്നറിയിപ്പില്ലാത മുങ്ങിയാലും പ്രശ്നമില്ല. അധ്യാപികയുടെ കുപ്പായം അഴിച്ചുവച്ച് ഓപ്പറേറ്ററാവാന്‍ ഒരു മടിയുമില്ല ഗിരിജയ്ക്ക്. ഇപ്പോള്‍ ഈ ലൈസന്‍സ് ഉള്ള മൂന്ന് സ്ത്രീകള്‍ മാത്രമാണ് കേരളത്തിലുള്ളത്.'

അസംകാരനാണ് ഗിരിജയുടെ ഭര്‍ത്താവ്. താമസവും അസമില്‍ തന്നെ. തിയേറ്റര്‍ ഉള്ളതുകൊണ്ട് ഗിരിജയ്ക്ക് തൃശൂര്‍ വിട്ട് ഭര്‍ത്താവിനൊപ്പം പോയി താമസിക്കാന്‍ കഴിയാറില്ല. അതിന്റെ വിഷമമുണ്ടെങ്കിലും ജീവിതത്തില്‍ പൊരുതിനേടിയ വിജയം കൈവിടാന്‍ ഒരുക്കമല്ല തൊടുപുഴയിലെ അല്‍ അസ്ഹര്‍ ദന്തല്‍ കോളേജിലെ അധ്യാപിക കൂടിയായ ഗിരിജ.

എല്ലാ ദിവസവും തൃശൂരില്‍ നിന്ന് തൊടുപുഴയിലേക്ക് കാറോടിച്ചാണ് പോവാറുള്ളത്. ഈ തിരക്കുകള്‍ക്കിടയിലും ആസ്വദിച്ചുതന്നെയാണ് ഇന്ന് തിയേറ്റര്‍ കൊണ്ടുനടക്കുന്നത്. കാലത്തിനൊത്ത് തിയേറ്റര്‍ പരിഷ്‌കരിക്കാന്‍ അനുവദിക്കാത്ത കോര്‍പ്പറേഷന്‍ അധികൃതരുടെ പിടിവാശിയും മറ്റും മാത്രമാണ് ഇപ്പോഴും ഗിരിജയുടെ മനസ് കെടുത്തുന്നത്.