ജിത്തിന്റെ രണ്ടാംജന്മത്തിന്റെ തുടക്കമായിരുന്നു അന്ന്. വാഹനാപകടത്തില്‍ നട്ടെല്ലിനേറ്റ ക്ഷതം കട്ടിലില്‍ ജീവിതം തളച്ചിട്ട ഇരുപത്തിയഞ്ചുകാരന്‍ വര്‍ഷങ്ങള്‍ക്കുശേഷം ജീവിതത്തിനു നേരേ പ്രതീക്ഷയോടെ നോക്കിയ ദിവസം. തിരുവനന്തപുരം പേരൂര്‍ക്കടയിലെ കൊച്ചുവീട്ടില്‍ അവന്റെ രോഗക്കിടക്കയ്ക്കരികില്‍ ആത്മധൈര്യത്തിന്റെ പ്രതീകമായി ഗീതയെത്തി; അവളുടെ സുഹൃത്തുക്കളും.

നിരാശയുടെ പടുകുഴിയിലായിരുന്നു അന്ന് അവന്‍. രണ്ടുകാലുകളും ഒരുകൈയും ചെറുപ്പത്തിലേ പോളിയോ ബാധിച്ചുതളര്‍ന്ന, ചെറുപ്പംമുതല്‍  പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറിയ ഗീതയുടെ വാക്കുകള്‍ അവനിലുണര്‍ത്തിയത് ജീവിക്കണമെന്ന വാശിയാണ്. തന്റെ കൊച്ചുമുറിയുടെ ഇരുട്ടില്‍നിന്ന് ജീവിതത്തിലേക്ക്  എഴുന്നേറ്റിരിക്കാന്‍ മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞു അവനിന്ന്.

കെട്ടുപോയെന്നു കരുതിയ ഒട്ടേറെ ജീവിതങ്ങള്‍ക്കു മുന്നിലാണ് ഗീത പ്രതീക്ഷയുടെ തിരി കത്തിച്ചുവെച്ചത്. കാലുകളും കൈയും  തളര്‍ന്നെങ്കിലും തളരാതെ പൊരുതുന്നൊരു മനസ്സുണ്ട് അവള്‍ക്ക്. തന്റെ ഒരു കൈയ്ക്കെങ്കിലും സ്വാധീനമുണ്ടായത് തന്നേക്കാളേറെ അവശതയനുഭവിക്കുന്നൊരാളെ താങ്ങാനാണെന്ന് വിശ്വസിക്കുന്ന നല്ലമനസ്സ്. തിരുവനന്തപുരം കാട്ടാക്കട ആമച്ചല്‍ സ്വദേശിനിയാണ് ഗീത എന്ന മുപ്പത്തിയഞ്ചുകാരി.

Angel

അച്ഛന്‍ രവീന്ദ്രന്‍ നായര്‍, അമ്മ സുവര്‍ണകുമാരി. ഗീതയ്ക്ക് രണ്ടുസഹോദരങ്ങളുമുണ്ട്. ചെറിയ ജോലികള്‍ ചെയ്തായിരുന്നു രവീന്ദ്രന്‍നായര്‍ കുടുംബംപോറ്റിയത്.  ഇല്ലായ്മകളുടെ ബാല്യത്തിലേക്കാണ് ഇരുട്ടടിയായി പോളിയോ വന്നത്.  ഗീതയെ സുവര്‍ണകുമാരി വീട്ടിലിരുത്തി ഇല്ലാതാക്കിയില്ല. അവളെ എന്നുമെടുത്ത് സ്‌കൂളില്‍ കൊണ്ടുപോയി. മിടുക്കിയായി പഠിച്ചപ്പോള്‍ കോളേജില്‍ ചേര്‍ത്തു.

കാട്ടാക്കട ക്രിസ്ത്യന്‍കോളേജിലേക്ക് ആ അമ്മ മകളെ ഒക്കത്തിരുത്തി കൊണ്ടുപോയി. പാടവരമ്പിലൂടെയും ഇടവഴികളിലൂടെയും ദിവസവും ഏഴുകിലോമീറ്റര്‍ മകളെ ചുമന്നുനടന്നു. ക്ലാസ് കഴിയുംവരെ കോളേജ് വരാന്തയില്‍ കാത്തിരിക്കും. തിരികെ ഇത്രയുംദൂരം വീണ്ടും ഗീതയെയും ചുമന്നു നടക്കും സുവര്‍ണകുമാരി.

Angel

 

ഒറ്റദിവസംപോലും ക്ലാസ് മുടങ്ങരുതെന്ന് അമ്മ നിര്‍ബന്ധം പിടിച്ചു. സമാനതകളില്ലാത്ത ചങ്കുറപ്പാണ് ആ അമ്മയുടേത്. ചരിത്രത്തില്‍ ബിരുദം നേടി ഗീത. ശരിക്കും ഹീറോ താനല്ല, അമ്മയാണെന്നുപറയും ഗീത. അതുകൊണ്ട് ഗീതയുടെ കഥ, രണ്ടുപെണ്ണുങ്ങളുടെ കഥയാണ്. പഠനം കഴിഞ്ഞ് കിന്‍ഫ്രപാര്‍ക്കിലെ സ്വകാര്യസ്ഥാപനത്തില്‍ അഞ്ചുകൊല്ലം ജോലി. പിന്നെ മെഴുകുതിരി നിര്‍മാണത്തിലേക്കു കടന്നു.

ആറുമാസമായി ലോട്ടറിവില്‍പ്പനയാണ്. രാവിലെ ആറരമുതല്‍ ഉച്ചവരെയുള്ള ജോലിക്കിടെയാണ് പരിചരണം ആവശ്യമുള്ള രോഗികളെക്കുറിച്ചൊക്കെ അറിയുന്നത് . ഉച്ചകഴിഞ്ഞുള്ള ഗീതയുടെ സമയം രോഗികള്‍ക്കുവേണ്ടിയുള്ളതാണ്. ഒരു മുച്ചക്രവാഹനമുണ്ട് എല്ലായിടത്തും ഓടിയെത്താന്‍. ജില്ലാപഞ്ചായത്ത് നല്‍കിയതാണ് അത്. സാന്ത്വനപരിചരണരംഗത്ത് സ്‌നേഹകവാടം എന്ന ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്മയുമുണ്ട് ഗീതയ്ക്ക്.

Angel

നാലുപേരാണ് അതിലെ പ്രധാനികള്‍. സന്തോഷ് കവിയൂര്‍, സുനില്‍ മാടക്കട, ആമി, അഭിലാഷ് മാന്നാര്‍. തിരിച്ചൊരു നന്ദിവാക്കുപോലും പ്രതീക്ഷിക്കാതെ എല്ലാത്തിനും ഒപ്പംനില്‍ക്കുന്ന കൂട്ടുകാരാണ് കരുത്തെന്ന് ഗീത. രക്തം നല്‍കാനാവില്ലെങ്കിലും ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ആവശ്യക്കാര്‍ക്ക് രക്തം സംഘടിപ്പിച്ച് എത്തിച്ചുകൊടുക്കുന്നുണ്ട്.

ആര്‍.സി.സി.യിലും മെഡിക്കല്‍കോളേജിലും മറ്റു സര്‍ക്കാര്‍ ആസ്പത്രികളിലും ഭക്ഷണപ്പൊതി വിതരണംചെയ്യുന്ന സംഘത്തിന്റെ മുന്നിലും ഗീതയുണ്ട്. ഗീത ചെയ്യുന്നതുകണ്ട് ഈവിധത്തിലുള്ള സേവനപ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചേര്‍ന്ന പലരുമുണ്ട്. 'ശാരീരിക ബുദ്ധിമുട്ടുകളുമായി ഒരു കുട്ടിയുണ്ടായാല്‍ ആ കുട്ടിയുടെ സൗകര്യത്തിനായി വീട്ടിലെ സാഹചര്യങ്ങള്‍ മാറ്റുകയാണ് ചെയ്യുക. തത്കാലത്തേക്ക് അതുഗുണകരമാകും. പിന്നീട് വീടിനുപുറത്തെ പരുക്കന്‍യാഥാര്‍ഥ്യങ്ങള്‍ കുട്ടിയെ തളര്‍ത്തും. ചുറ്റുമുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും അതിനനുസരിച്ച് സ്വയംമാറാനുമാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്' -ഗീത അനുഭവം പറയുന്നു.

'ചില വീടുകളില്‍ കിടപ്പിലായിപ്പോയവരെ ശുശ്രൂഷിക്കാന്‍ ജോലിക്കാരുണ്ടാകും. പക്ഷേ, അവരോടൊപ്പം സമയം ചെലവഴിക്കാനും അവര്‍ക്കുപറയാനുള്ളത് കേള്‍ക്കാനും ആരുമുണ്ടാവില്ല.. ഇങ്ങനെയുള്ളവരുടെ അടുത്തിരുന്ന് സ്‌നേഹപൂര്‍വം സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അവരില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുന്നത് കണ്ടിട്ടുണ്ട്'.സര്‍ക്കാര്‍ജോലി ഒരു ആഗ്രഹമാണ്. കിട്ടിയില്ലെങ്കിലും നിരാശയില്ലെന്നാണ് ഗീതയുടെ പക്ഷം.  ഈ തിരക്കിനിടയിലും പരീക്ഷകള്‍ക്കുപഠിക്കാന്‍ സമയം കണ്ടെത്തുന്നുണ്ട് ഗീത. നിസ്സാരകാര്യങ്ങളില്‍ മനസ്സുതളര്‍ന്നുപോകാന്‍ നമുക്കൊന്നും അവകാശമില്ലെന്ന് ഓര്‍മിപ്പിക്കും അവളുടെ ജീവിതം. അത്രയേറെ വിപരീതസാഹചര്യങ്ങള്‍ അതിജീവിച്ചാണ് ഗീത തലയുയര്‍ത്തി നില്‍ക്കുന്നത്.