ല്ലാ രാഷ്ട്രീപാര്‍ട്ടികളും സ്ത്രീ പ്രശ്നങ്ങള്‍ ഇലക്ഷന്‍ കാലത്തെ  തുറുപ്പു ചീട്ടാക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ ലിംഗനീതിയും  സ്ത്രീപ്രാതിനിധ്യവും മിക്ക പാര്‍ട്ടികള്‍ക്കും പ്രസംഗങ്ങളില്‍ ഒതുങ്ങുന്ന ഒന്നായി മാറുന്നതെന്തേ? ഇതിനുത്തരവാദികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമാണോ? ആഴത്തില്‍ ഊന്നിയ സ്ത്രീവിരുദ്ധത കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ ഉപബോധത്തില്‍ അന്തര്‍ലീനമായി  നിലകൊള്ളുന്നു എന്നത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പുരുഷന്മാരെക്കാളും കൂടുതല്‍ സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തുന്ന, തദ്ദേശ  തെരെഞ്ഞെടുപ്പില്‍ അമ്പതു ശതമാനം സംവരണം നടപ്പാക്കിയ ഒരു സംസ്ഥാനത്തെ ജനതയ്ക്ക്  കഴിഞ്ഞ അസംബ്ലി തെരെഞ്ഞെടുപ്പില്‍ കേവലം ആറു ശതമാനം സ്ത്രീകളെ മാത്രമേ നിയമസഭയില്‍ എത്തിക്കാന്‍ സാധിച്ചുള്ളൂ എന്നത് കഷ്ടമാണ്. അതും നമ്മള്‍ ലിംഗ നീതിയില്‍ ഏറെ പുറകോട്ടു എന്ന് പുച്ഛിച്ചു തള്ളുന്ന ഹരിയാനയും ബിഹാറും പതിനാലു ശതമാനം സ്ത്രീ പ്രാതിനിധ്യം കൈവരിച്ചപ്പോള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടിയ സ്ത്രീ പ്രാതിനിധ്യം ഉള്ള ഒരിടത്ത് മുകളിലേക്കുള്ള ചവിട്ടുപടികള്‍ അദൃശ്യമായ തടസ്സങ്ങളിലൂടെ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു എന്ന് തന്നെ പറയേണ്ടി വരും. മാത്രമല്ല അന്‍പത്തിയേഴിലെ ആദ്യ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് കൂടുതല്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ള സ്ത്രീകള്‍ മത്സര രംഗത്തേക്ക് വരുമ്പോഴും തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറയുന്നു. സ്ത്രീ വിമോചനത്തെ ജനപ്രിയ സംസ്‌കാരത്തിന്റെ പുച്ഛം കലര്‍ന്ന തമാശകളിലൂടെയും മറ്റും സ്വാംശീകരിച്ച്, സ്ത്രീവിരുദ്ധതകള്‍ കൊണ്ടാടുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തെ താലോലിക്കുന്ന ജനതയ്ക്ക് പെണ്‍ ഭരണം എന്നത് അത്ര താല്പര്യം ഉള്ള കാര്യം അല്ല എന്ന് വേണം അനുമാനിക്കാന്‍.

എന്നാല്‍ കൊറോണക്കാലത്ത് ലോകത്തെമ്പാടും സ്ത്രീ ഭരണാധികാരികള്‍ അസാമാന്യമായ മികവോടും സഹാനുഭൂതിയോടും ഈ മഹാമാരിയെ നേരിട്ടപ്പോള്‍ അതിന്റെ മലയാളി മാതൃകയായ തങ്ങളുടെ വനിതാ മന്ത്രിയെ  കൊണ്ടാടിയ ഒരു ജനത കൂടിയാണ് നമ്മളുടേത്. അതായത് ഒരു മാറ്റം മലയാളിക്ക് സാധ്യമാവും, പക്ഷേ വേണ്ടത് അതിന് ചുക്കാന്‍ പിടിക്കാന്‍ പറ്റിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതിനു സാധിക്കട്ടെ എന്ന് മാത്രമേ ഈ വനിതാ ദിനത്തില്‍ ആശംസിക്കാന്‍  പറ്റുന്നുള്ളൂ.

വന്മരങ്ങളുടെ തണലില്‍ ഒതുക്കിനിര്‍ത്തപ്പെടുന്ന പുല്‍ക്കൊടികള്‍ ആവാതെ ഒപ്പത്തിനൊപ്പം തലയെടുപ്പോടെ നില്ക്കാന്‍ സാധിക്കുന്ന വനിതാ മന്ത്രിമാരും മുഖ്യമന്ത്രിയും ഒക്കെ നമുക്ക് ഉണ്ടാവും എന്ന് കരുതുന്നു. എന്നാല്‍ അധികാര രാഷ്ട്രീയം മേല്‍ക്കോയ്മാപരവും പുരുഷകേന്ദ്രീകൃതവും ആയി തുടരുന്ന സാഹചര്യത്തില്‍ ഇത് ഒരു വിദൂര സ്വപ്നമായി തുടരാനാണ് സാധ്യത എന്ന് അല്‍പ്പം ദുഃഖത്തോടെയും ഏറെ വിരസതയോടും ഇന്ന് വീണ്ടും തിരിച്ചറിയുന്നു.

Content Highlights: International Women's Day 2021 Why aren't more women in leadership positions