കേരളത്തില്‍ എന്തുകൊണ്ട് ഒരു മികച്ച വനിതാ നേതാവുണ്ടാകുന്നില്ലെന്ന ചോദ്യം തന്നെ തെറ്റാണ്. വനിതാ നേതാക്കള്‍ക്ക് നമ്മുടെ നാട്ടില്‍ യാതൊരു കുറവുമില്ല. പക്ഷേ അവര്‍ക്ക് വേണ്ടത്ര അംഗീകാരം കിട്ടുന്നുണ്ടോ എന്നതാണ് യഥാര്‍ഥ ചോദ്യം. നമ്മളിന്ന് കാണുന്ന വ്യവസ്ഥാപിത രാഷ്ട്രീയത്തിന് പുറത്തേക്ക് നോക്കുകയാണെങ്കില്‍ പല പ്രസ്ഥാനങ്ങളുടേയും നേതാക്കള്‍ വനിതകള്‍ തന്നെയാണ്. ആദിവാസി-ദളിത് പ്രസ്ഥാനങ്ങളുടെ മുന്‍നിരയിലുള്ള നേതാക്കളുടെ പേരെടുത്ത് നോക്കിയാല്‍ അതില്‍ സി.കെ. ജാനു, സെലിന പ്രക്കാനം തുടങ്ങിയവരില്ലേ? പരിസ്ഥിതി സമരങ്ങളുടെ കാര്യമെത്താലും നേതൃനിരയില്‍ ധാരാളം സ്ത്രീകളുണ്ട്.

പക്ഷേ മുന്‍നിര രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ സ്ഥിതിഗതികള്‍ മാറുന്നു. ഇവിടെ ഒരു വനിതാ നേതാവിന് കഴിവുണ്ട്, അവരെ ഉയര്‍ത്തിക്കൊണ്ട് വരണമെന്ന് പറഞ്ഞാല്‍പ്പിന്നെ അവരെ വെട്ടിനിരത്താനുള്ള ശ്രമങ്ങളാണ് നടക്കുക. ചിലപ്പോള്‍ അവര്‍ക്ക് സീറ്റ് പോലും ലഭിച്ചെന്ന് വരില്ല. അക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും ഒരുപോലെത്തന്നെയാണ്. സ്ത്രീകള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ ഒന്നെങ്കില്‍ ആരുടെയെങ്കിലും ഭാര്യയായിരിക്കണം, അല്ലെങ്കില്‍ ഏതെങ്കിലുമൊരു പുരുഷ നേതാവിന്റെ നിഴലില്‍ നില്‍ക്കണം. അങ്ങനെയല്ലാതെ മികവ് തെളിയിച്ച വനിതാ നേതാക്കളെപ്പോലും രാഷ്ട്രീയത്തിനപ്പുറം മാനേജീരിയല്‍ സ്ഥാനങ്ങളിലാണ് നിര്‍ത്തിയിട്ടുള്ളത്. കെ.കെ. ശൈലജ ടീച്ചറെപ്പോലെ മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പോന്ന നേതാക്കള്‍ നമുക്കുണ്ട്. പക്ഷേ അവരെപ്പോലും ഒരു മികച്ച മാനേജര്‍ എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്.

പണ്ടൊക്കെ രാഷ്ട്രീയത്തില്‍ ഇറങ്ങുകയെന്ന് പറഞ്ഞാല്‍ ജനങ്ങളുടെ പ്രതിനിധി ആവുകയെന്നായിരുന്നു അര്‍ഥം. പക്ഷേ ഇന്ന് ക്വാറി, റിയല്‍ എസ്റ്റേസ്റ്റ് മാഫിയകളുടെ പ്രതിനിധികളായാണ് പലരും മാറിയിരിക്കുന്നത്. ഈ മാഫിയകള്‍ക്ക് ഒരു സ്ത്രീ മുന്നിലേക്ക് വരുന്നത് താല്‍പ്പര്യമില്ലാത്തത് കൊണ്ട് കൂടിയാകും അത് സംഭവിക്കാത്തത്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുക വഴി വ്യക്തികളില്‍, പ്രത്യേകിച്ചും സ്ത്രീകളില്‍ പല വലിയ മാറ്റങ്ങളും ഉണ്ടാകാറുണ്ട്. അതിനവസരം ലഭിക്കുകയെന്നത് വലിയ കാര്യമാണ്. പക്ഷേ പലപ്പോഴും അതില്‍നിന്നെല്ലാം മാറി ഒരു മികച്ച മാനേജര്‍ എന്ന ലേബലിലേക്ക് മാത്രം രാഷ്ട്രീയത്തിലെ സ്ത്രീകള്‍ ഒതുങ്ങിപ്പോകുന്നത് ദൗര്‍ഭാഗ്യകരമാണ്.

Content Highlights: International women's day 2021, Why aren't more women in leadership positions