ടുത്തിടെ കോഴിക്കോട്ടുനിന്ന് അമ്പലപ്പുഴയിലേക്ക് തിടുക്കപ്പെട്ടുള്ള  യാത്രയിലാണ് ആലപ്പുഴയിലെ പുതിയ ബൈപ്പാസിലൂടെ ആദ്യമായി സഞ്ചരിച്ചത്. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായതാണ് കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആ എലിവേറ്റഡ് ഹൈവേ. ഓര്‍മകളുടെ വലിയ പാലമാണത്. അമ്മയുടെ ജീവിതം തുടിച്ചുനിന്ന പഴയ ഒരു വിദ്യാലയത്തിന്റെ നന്മകള്‍ക്കു മുകളിലൂടെയാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്. വാഹനം മുന്നോട്ട് നീങ്ങുമ്പോഴും മനസ്സ് പോയത് പിന്നിലേക്ക് പിന്നിലേക്ക്.... അമ്മയുടെ അരികിലേക്ക്... അമ്മയെക്കുറിച്ച് ഒര്‍മിക്കാന്‍ കാരണമൊന്നും വേണ്ട, എല്ലാ ഓര്‍മകള്‍ക്കും മറവികള്‍ക്കുമൊപ്പം അമ്മയുണ്ടാവും. ഒരുകാരണവുമില്ലാതെ മിക്കപ്പോഴും അമ്മയിങ്ങെത്തും, ദാ ഞാനെങ്ങും പോയിട്ടില്ല, നിന്റെ കൂടെത്തന്നെയുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍. 
 
കടല്‍ത്തീരത്തുനിന്ന് അധികം അകലെയല്ലാത്ത ഒരു സ്‌കൂളിലായിരുന്നു അമ്മ പഠിപ്പിച്ചിരുന്നത്. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളേയുള്ളു. ഇടയ്ക്ക് എപ്പോഴോ അമ്മ ഒന്നാം ക്ലാസിന്റെ ക്ലാസ് ടീച്ചറായി. പിന്നെ സ്‌കൂളില്‍ നിന്ന് പിരിയുന്നതു വരെ ഒന്നാം ക്ലാസായിരുന്നു അമ്മയുടെ ക്ലാസ്. പാവപ്പെട്ട കുട്ടികളായിരുന്നു അധികവും. നല്ല ഉടുപ്പോ, നിക്കറോ കാണില്ല. പാഠപുസ്തകവും നോട്ടുബുക്കും  ഒരു നല്ല പെന്‍സില്‍ പോലും കാണില്ല. വീട്ടില്‍ എല്ലാ നേരവും ഭക്ഷണം ഉണ്ടെന്നും ഉറപ്പില്ല. അമ്മ അതൊന്നും അത്ര കാര്യമായി അന്വേഷിക്കില്ലായിരുന്നു. മിക്ക കുട്ടികളും അങ്ങനെയാണ്. അതിനൊന്നും പരിഹാരം കാണാനുള്ള സാമ്പത്തിക സ്ഥിതി അമ്മയ്ക്കില്ല താനും. പിന്നെ അന്വേഷിച്ചിട്ടെന്തു കാര്യം? എങ്കിലും കുറെയൊക്കെ കാര്യങ്ങള്‍ അറിയാമായിരുന്നു. അന്നൊക്കെ സ്‌കൂളില്‍  ഉച്ചയ്ക്ക്  ഉപ്പുമാവാണ് കൊടുത്തിരുന്നത്. ആ ഉപ്പുമാവു മാത്രം കഴിച്ച് ഒരു ദിവസത്തെ പകല്‍ തള്ളിനീക്കുന്ന കുട്ടികളും ഉണ്ടായിരുന്നു. ഞാന്‍ ഭക്ഷണം കഴിക്കാതെ പിണങ്ങിയിരിക്കുമ്പോഴും ഉപ്പുമാവ് വേണ്ട, ഗോതമ്പുദോശ വേണ്ട എന്നൊക്കെ വാശിപിടിക്കുമ്പോഴും ആ കുട്ടികളുടെ കാര്യം അമ്മ പറഞ്ഞു കേള്‍പ്പിക്കും. മിക്ക ദിവസങ്ങളിലും ഭക്ഷണം വിളമ്പുന്ന സമയത്ത് അമ്മ കഴിക്കാനില്ലാതെ വിഷമിക്കുന്ന കുട്ടികളെ ഓര്‍ക്കും, അവരെക്കുറിച്ച് പറയും. ആ കഥയെത്ര കേട്ടിട്ടും ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാനുള്ള മനസ്സ് എനിക്ക് ഉണ്ടായില്ല എന്ന കാര്യം ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നുണ്ട്. 

ഞാനും ഏട്ടനും ചെറുതായിരുന്നപ്പോള്‍ അമ്മ ഞങ്ങളുടെ ഉടുപ്പും നിക്കറുമൊക്കെ സ്‌കൂളിലെ കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു. അമ്മ അങ്ങനെ ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും എതിര്‍പ്പുണ്ടാവാത്തവിധം അമ്മ കാര്യങ്ങള്‍ വിശദീകരിക്കുമായിരുന്നു. എന്നാല്‍ എപ്പോഴും നല്ല ഷര്‍ട്ടും നിക്കറുമാണ് അമ്മ കൊടുക്കുക. അതില്‍ എനിക്ക് ചില്ലറ വിഷമമൊക്കെയുണ്ടായിരുന്നു. ചിലപ്പോള്‍ വഴക്കുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ അമ്മ പറയും 'നിങ്ങള്‍ ഇത്തിരി കീറിത്തുന്നിയ ഒരു ഉടുപ്പിട്ടു നടന്നലും ഇല്ലായ്മ കൊണ്ടാണെന്ന് ആരും പറയില്ല. പക്ഷേ, അവര്‍ ഇല്ലായ്മയില്‍ കഴിയുന്നവരാണ്. അവര്‍ കീറിയതിട്ടുകൊണ്ട് നടക്കരുത്!' അമ്മ പറഞ്ഞ ആ കാര്യത്തിന്റെ ശരിയായ അര്‍ഥം എനിക്ക് അന്ന് മനസ്സിലായിരുന്നില്ല. പിന്നീട് വളരെയധികം മനസ്സിലാവുകയും ചെയ്തു.

എന്റെയും ഏട്ടന്റെയും ഉടുപ്പ്, നിക്കര്‍, ബുക്ക്, പുസ്തകം, പെന്‍സില്‍ അങ്ങനെ പലതും അമ്മ സ്‌കൂളിലേക്ക് ഒളിച്ചു കടത്തി. ഒളിച്ചു കടത്തിയതിന് ഒരു കാരണമുണ്ട്. സ്‌കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. ഞങ്ങളാണെങ്കില്‍ രണ്ട് ആണ്‍മക്കള്‍ മാത്രവും. ഒരു കുട്ടിക്കു കൊടുക്കുന്നത് മറ്റൊരു കുട്ടി അറിഞ്ഞാല്‍ അവര്‍ക്കത് വിഷമമായാലോ എന്നായിരുന്നു അമ്മയ്ക്കു പേടി.  പലപ്പോഴും ക്ലാസു കഴിഞ്ഞ് കുട്ടികള്‍ പോകുമ്പോള്‍ വളരെ രഹസ്യമായിട്ട് ഒരു കടലാസു പൊതി ഏല്പിക്കും. ആരോടും ഒന്നും പറയരുതെന്നും വീട്ടില്‍ ചെന്നേ തുറക്കാവൂ എന്നും കര്‍ശനമാക്കുകയും ചെയ്യും. അതേക്കുറിച്ച് അമ്മയ്ക്ക് ചില വിശദീകരണങ്ങളൊക്കെയുണ്ടായിരുന്നു. ആരുമറിയാതെ വേണം സഹായം കൊടുക്കാനെന്നാണ് അമ്മ പറയുക. ഇടയ്ക്ക് ഒരു ശ്ലോകം ചൊല്ലിക്കേള്‍പ്പിക്കും. 'ദാനം ച പരികീര്‍ത്തനാത്' എന്നാണ് അതവസാനിക്കുന്നതെന്ന് തോന്നുന്നു. പ്രശസ്തിക്കായി ചെയ്യുന്ന ദാനം പാപമാണെന്നാണ് അര്‍ഥം. അതിലും ലളിതമായി ചിലപ്പോള്‍ പറയും, വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുതെന്ന്. ഞങ്ങള്‍ വലുതാവുന്നതുവരെയേ ഈ തുണിയിടപാട് തുടര്‍ന്നുള്ളു. പിന്നെപ്പിന്നെ ഞങ്ങളുടെ ഉടുപ്പും നിക്കറുമൊന്നും അവിടുത്തെ കുട്ടികള്‍ക്ക് പാകമാകാതായി. തന്നെയുമല്ല പഴയവസ്ത്രങ്ങള്‍ ആവശ്യമുള്ള കുട്ടികളും ഇല്ലാതായി. അമ്മയുടെ സ്‌കൂളില്‍ മറ്റ് അധ്യാപകര്‍ക്ക് എത്രപേര്‍ക്ക് ഈ രഹസ്യ ഇടപാട് അറിയാമായിരുന്നു എന്ന് എനിക്കറിയില്ല. ആരും അതേക്കുറിച്ച് ഒന്നും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. 

അമ്മ സ്‌നേഹിക്കുന്ന സ്‌കൂളല്ലേ, എനിക്കും ആ സ്‌കൂള്‍ ഇഷ്ടമായിരുന്നു. ഇടയ്‌ക്കൊക്കെ പോകും അവിടേക്ക്. അതിന് വേറെയും കാരണമുണ്ട്. അവിടെയുള്ള അധ്യാപകരുടെ സ്‌നേഹം, അത് വലിയൊരു അനുഭവമായിരുന്നു. ചെന്നു കയറുമ്പോള്‍ മുതല്‍ പോരുന്നതുവരെ ആരെങ്കിലുമൊക്കെ ഓരോ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടേയിരിക്കും. അടുത്തുള്ള കടയില്‍ നിന്ന് മിഠായി, സര്‍ബത്ത് അങ്ങനെ പലതും എനിക്കായി വന്നു കൊണ്ടിരിക്കും. കുട്ടികള്‍ക്കുമതെ, വലിയ സ്‌നേഹമാണ്. അമ്മയോടുള്ള സ്‌നേഹവും ബഹുമാനവുമൊക്കെ അവര്‍ എന്നാടും കാണിക്കും. അതിനെക്കാളൊക്കെ വലിയൊരു സന്തോഷമുണ്ടായിരുന്നു. എപ്പോള്‍ ചെന്നാലും ആ സ്‌കൂളില്‍ നാലഞ്ച് കുട്ടികളെങ്കിലും എന്റൈയോ, ചേട്ടന്റെയോ ഉടുപ്പും നിക്കറുമൊക്കെ ഇട്ടു നടക്കുന്നുണ്ടാവും. ഞാന്‍ അവരെ നോക്കി ചിരിക്കും, ഏതോ പരിചയക്കാരനെ കണ്ടതുപോലെ. ചിലപ്പോള്‍ രണ്ടും മൂന്നും കൊല്ലം പഴമുള്ള ഷര്‍ട്ടുപോലും ഞാന്‍ അവിടെ കണ്ടിട്ടുണ്ട്. അത് കാണുമ്പോഴാണ് എനിക്കുറപ്പാവുന്നത്, ഇത് എന്റെ ആരൊക്കെയോ ഉള്ള സ്ഥലമാണെന്ന്. അന്ന് ആ സ്‌കൂള്‍മുറ്റത്തുനിന്ന് പഠിച്ച തത്വശാസ്ത്രത്തെക്കാള്‍ വലുതായൊന്നും ഞാന്‍ പിന്നീട് പഠിച്ചിട്ടില്ല. ഇപ്പോള്‍ പോലും നിറം നോക്കാതെ ചുളിവു നോക്കാതെ കയ്യില്‍ കിട്ടുന്ന വസ്ത്രം ധരിക്കുന്ന അലംഭാവത്തിന്റെ അടിസ്ഥാനവും അതാണ്. പത്തുമുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ എന്റെ മനസ്സ് സമ്മതിക്കാറില്ല. ഭാര്യ വാങ്ങിത്തരുന്നവ ഇടുമ്പോള്‍ ഞാന്‍ പലപ്പോഴും ഈ കഥയൊക്കെ പറയും. ഭാര്യയും മകനും ചിരിക്കുകയാണ് പതിവ്, ആ ചിരിയില്‍ എനിക്ക് കുറച്ച് അഭിമാനമൊക്കെ തോന്നാറുമുണ്ട്.

ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ സ്‌കൂളില്‍ കണ്ണുകാണാത്ത ഒരാള്‍ വന്നു. വര്‍ണക്കടലാസുകൊണ്ട് പൂക്കളുണ്ടാക്കി, അവയുണ്ടാക്കന്‍ ഞങ്ങളെ പഠിപ്പിച്ചു. അമ്മയുടെ സ്‌കൂളില്‍ ചെന്നപ്പോള്‍ ഞാന്‍ അവിടുത്തെ സ്റ്റാഫ് റൂമിലിരുന്ന് പൂക്കളുണ്ടാക്കി. പച്ചക്കടലാസില്‍ ഇലകള്‍ വെട്ടിയെടുത്ത് കൈലേസിനുള്ളില്‍ വച്ച് അമര്‍ത്തിവലിച്ച് അതില്‍ ഞരമ്പുകള്‍ വീഴ്ത്തിയപ്പോള്‍ കണ്ടുനിന്നവരെല്ലാം ആ വിദ്യ കൊള്ളാമല്ലോ എന്നു പറഞ്ഞു. കുറച്ചു കുട്ടികള്‍  സ്റ്റാഫ് റൂമിന്റെ ജനാലയ്ക്കരികില്‍ വന്നു നില്‍ക്കുന്നുണ്ടായിരുന്നു. പൂക്കളൊക്കെ വിരിയിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മഞ്ഞ ഉടുപ്പിട്ട ഒരു കുട്ടി വന്ന് എന്നോട് ഒരു രഹസ്യം പറഞ്ഞു. 'എന്റെ വീട്ടില്‍ മുയലുണ്ട്, മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. രണ്ടെണ്ണം ചാരനിറം. ഒന്ന് വെളുമ്പന്‍, അതിന്റെ കണ്ണ് ചുവപ്പാണ്!'

സ്‌കൂളിനു തൊട്ടടുത്താണ് അവന്റെ വീട്. ഞാന്‍ അമ്മയോട് ചോദിച്ച് അനുവാദം വാങ്ങി ഉച്ചയ്ക്ക് അവന്റെ കൂടെ പോയി. ആ വീട്ടിലുള്ളവര്‍ക്കും എന്നോട് വലിയ സ്‌നേഹമായിരുന്നു. സത്യത്തില്‍ അമ്മയോടുള്ള സ്നേഹമായിരുന്നു അത്. നാല് വലിയ മുയലുകളും മൂന്ന് കുഞ്ഞുങ്ങളും. കുഞ്ഞുങ്ങളെ മുറ്റത്തേക്കിറക്കി വിട്ടു. അവ പിന്‍കാലുകള്‍ നിലത്ത് ശക്തിയായി അടിച്ച് അവിടൊക്കെ ചാടി നടന്നു. ചാരനിറമുള്ള ഒന്നിനെ നീണ്ട ചെവിയില്‍ തൂക്കി കൈയില്‍ വെച്ചു. ശരിക്കും പഞ്ഞിക്കെട്ടുപോലെ... അതിനെ നെഞ്ചത്തേക്ക് ചേര്‍ത്തുവച്ചു. മൂക്കു വിറപ്പിച്ച് അത് വേഗത്തില്‍ ശ്വാസം വിടുന്നുണ്ടായിരുന്നു. താഴെ വെച്ചിട്ടും ആ പഞ്ഞിക്കെട്ട് എന്റെ നെഞ്ചില്‍ നിന്നു പോയില്ല. അത് ഓടിക്കളിച്ചുകൊണ്ടേയിരുന്നു. 

തിരിച്ച് അമ്മയുടെ അടുത്ത് ചെന്നിട്ട് മുഖവുരയില്ലാതെ ഒറ്റപ്പറച്ചിലായിരുന്നു 'എനിക്ക് രണ്ട് മുയല്‍ കുഞ്ഞുങ്ങളെ വേണം.' എന്നെ നന്നായി അറിയാവുന്നതുകൊണ്ട് അമ്മ അത്രയ്ക്കങ്ങ് അതിശയിച്ചില്ല. മുയലിനെ കാണാന്‍ പോയപ്പോഴേ അമ്മ ഇത് പ്രതീക്ഷിച്ചിരുന്നതുപോലെ. പിന്നെ നൂറുചോദ്യങ്ങള്‍ ഒറ്റയടിക്ക് ചോദിച്ചു. ആര് വളര്‍ത്തും? എങ്ങനെ വളര്‍ത്തും? സ്‌കൂളില്‍ പോകുമ്പോള്‍ ആരു നോക്കും? കൂടുവേണ്ടേ?.... എല്ലാ ചോദ്യത്തിനും കൂടി ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളു 'എനിക്ക് മുയല്‍ക്കുഞ്ഞുങ്ങളെ വേണം! '

ഞാന്‍ പോയി കണ്ട മുയലിനെ അവര്‍ അടുത്തവിടെനിന്നോ വാങ്ങിക്കൊണ്ടുവന്ന് വളര്‍ത്തുന്നതാണ്. ആ സ്ഥലം എവിടെയാണെന്ന് അമ്മ ചോദിച്ചറിഞ്ഞു. ആരെയോ വിട്ട് അവിടെ ഇനിയും മുയല്‍കുഞ്ഞുങ്ങള്‍ വില്‍പനയ്ക്കുണ്ടോ എന്ന് അന്വേഷിപ്പിച്ചു. പക്ഷേ, അവിടെ ഇനി കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി. ഞാന്‍ കരയും എന്ന് ടീച്ചര്‍മാരില്‍ ആരൊക്കെയോ മുന്‍കൂട്ടി മനസ്സിലാക്കി. അവര്‍ ഇതുപോലെ എത്ര പിള്ളാരെ ദിവസവും കാണുന്നതാ. കരച്ചിലെത്തും മുന്‍പേ ടീച്ചര്‍മാരിലൊരാള്‍ മറ്റൊരു സ്ഥലം അന്വേഷിച്ച് കണ്ടെത്തി പറഞ്ഞു തന്നു. അവിടെ ചെന്നാല്‍ കിട്ടും. ആറേഴ് കുഞ്ഞുങ്ങളുണ്ട്. 

സ്‌കൂള്‍ വിട്ട ശേഷം ഞാനും അമ്മയും കൂടി നടന്നു. മുയലിനെ വളര്‍ത്തുന്നതിന്റെ പ്രശ്‌നങ്ങളായിരുന്നു അമ്മ പറഞ്ഞു കൊണ്ടിരുന്നത്. ഞാനതൊന്നും കേട്ടില്ല, എന്റെ മനസ്സില്‍ പഞ്ഞിക്കെട്ട് ഉരുണ്ടു നടക്കുകയായിരുന്നു. ചെവികള്‍ മുകളിലേക്ക് കൂര്‍പ്പിച്ച പഞ്ഞിക്കെട്ടുകള്‍. വേലിക്കിടയിലെ കടമ്പ കടന്ന് ആ വീട്ടുമുറ്റത്തെത്തിയപ്പോള്‍ തടിക്കൂട്ടില്‍ തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ കണ്ടു. അലക്കിവിരിച്ചിരുന്ന തുണികള്‍ക്കിടയില്‍ ഞാന്‍ നോക്കി എന്റെയോ ഏട്ടന്റെയോ ഉടുപ്പ് ഉണ്ടോന്ന്. മുയല്‍ക്കുഞ്ഞുങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടെണ്ണത്തെ സഞ്ചിയിലേക്ക് മാറ്റി. ഭൂരിഭാഗവും കറുപ്പും കുറച്ചു വെളുപ്പുമുള്ള ഒരു ആണ്‍കുഞ്ഞ്, ചാരനിറമുളള ഒരു പെണ്‍കുഞ്ഞും. അവ പിടഞ്ഞപ്പോള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. നെഞ്ചിടിപ്പുകള്‍ ചേര്‍ന്ന് ഒന്നായി. പൈസവാങ്ങാന്‍ മടിച്ചുനിന്ന വീട്ടുകാര്‍ക്ക്  നിര്‍ബന്ധപൂര്‍വ്വം പൈസ കൊടുത്ത് ഏല്പിക്കാന്‍ അമ്മ പാടുപെടുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ തിരിച്ചു നടക്കാനുള്ള തിടുക്കത്തിലായിരുന്നു ഞാന്‍. മുയല്‍ക്കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ചപ്പോള്‍ ലോകം കീഴടക്കുകയായിരുന്നു. രാവിലെ വര്‍ണകടലാസും മറ്റു സാധനങ്ങളും ഇട്ടു കൊണ്ടു വന്ന സഞ്ചിയാണ്. ഇപ്പോള്‍ അതില്‍ മൂക്കു വിറപ്പിച്ച്, പഞ്ഞിക്കെട്ടുപോലെ രണ്ട് ജീവന്‍. തിരിച്ചു നടക്കുമ്പോള്‍ അമ്മ പറഞ്ഞത് അവരെ വളര്‍ത്തുന്നതിനെപ്പറ്റിയായിരുന്നു. കൂട് ഉണ്ടാക്കിക്കണം, പട്ടിയും പാമ്പും കേറാതെ മുകളില്‍ ഉയര്‍ത്തി വയ്ക്കണം, മുരിക്കില കെട്ടിത്തൂക്കിയേ കൊടുക്കാവൂ... എന്നൊക്കെ. മുയല്‍ക്കുഞ്ഞുങ്ങള്‍ ഇടയ്ക്കിടെ ചെറുതായി പിടയുന്നുണ്ടായിരുന്നു. അപ്പോള്‍ അമ്മ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. എന്തായിരിക്കും അമ്മ അപ്പോള്‍ ചിന്തിച്ചിട്ടുണ്ടാവുക. 

പിറ്റേന്ന് അവധി ദിവസമായിരുന്നു. പലകയും കമ്പിവലയുമൊക്കെ വാങ്ങി ഒരു കൂട് ഉണ്ടാക്കിച്ചു. തെക്കേ പുളിമരത്തിന്റെ അടിയില്‍ സുരക്ഷിതമായി വെച്ചു. പാമ്പും കയറില്ല, പട്ടിയും കയറില്ല, അത് ഉറപ്പാക്കി. ഒന്നുരണ്ടാഴ്ച കൊണ്ട് മുയല്‍ കുഞ്ഞുങ്ങള്‍ ഞങ്ങളുടെ സ്വന്തമായി. വൈകിട്ട് സ്‌കൂള്‍ വിട്ടു വന്നാല്‍ കുറച്ചു സമയത്തേക്ക് അവരെ കൂട്ടില്‍ നിന്ന് പുറത്തിറക്കി വിടും. അവര്‍ അവിടെയൊക്കെ ഓടിച്ചാടി മറിയും, കുറച്ച് പുല്ലൊക്കെ തിന്നും. പിന്നെ കൂട്ടിലേക്ക്. കൂട്ടിനുള്ളില്‍ മുള്ളുമുരിക്കില കെട്ടിത്തൂക്കും. അതാണ് പ്രധാന ഭക്ഷണം. പുല്ലും കഞ്ഞിയും കൊടുക്കും. 

കറുമ്പനെയായിരുന്നു എല്ലാവര്‍ക്കും കൂടുതലിഷ്ടം. അവന് ചുണ ഇച്ചിരി കൂടുതലായിരുന്നു. പൂച്ചയെ ഒക്കെ കൈ ഉയര്‍ത്തി അടിക്കാന്‍ പോന്ന ധൈര്യവും. കറുമ്പന്‍ ചെയ്യുന്നതുപോലെ ചാടി വെട്ടിത്തിരിഞ്ഞ് ഓടാന്‍ ചാരമുയലിന് വശമില്ല. ആറേഴുമാസം കഴിഞ്ഞപ്പോള്‍ ചാരമുയലിന് ഒരു വയ്യായ്ക. പുറത്തിറക്കിയാലും അങ്ങനെ തന്നെ, അധികം ഓട്ടമൊന്നുമില്ല. രാത്രി മുരിക്കില കൊടുക്കാന്‍ ചെന്നപ്പോള്‍ ചാരമുയല്‍ ആകെ വിഷമിച്ച് കൂട്ടില്‍ ഒരുമൂലയ്ക്ക് കിടപ്പാണ്. എന്തോ ഒരു പന്തികേട് തോന്നി. ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ പുഴു പോലെ എന്തോ ഒന്ന്! ഒന്നല്ല, ഇത്തിരിപ്പോന്ന അഞ്ച് കുഞ്ഞുങ്ങള്‍. രോമമില്ല, കണ്ണില്ല, ഉള്ളു പുറത്തു കാണുന്ന ചെറിയ  ഇറച്ചിക്കഷ്ണം. 

എത്ര വേഗത്തിലാണ് മുയല്‍ക്കുഞ്ഞുങ്ങള്‍ വളരുന്നത്. രോമം കിളിര്‍ത്തപ്പോള്‍ രണ്ടെണ്ണം തൂവെള്ള, ഒന്ന് ചാരനിറം, പിന്നെയൊന്ന് വെള്ളയും കറുപ്പും. ഒന്നിന് മഞ്ഞകലര്‍ന്ന കാവിനിറം. ഒരു വെള്ളക്കുഞ്ഞിന്റെ ഒരു ചെവി ചെറുതായിരുന്നു. അവനെയായിരുന്നു എല്ലാവര്‍ക്കും പ്രിയം. പിന്നെ മുയലിന്റെ എണ്ണം കൂടി. കുഞ്ഞുങ്ങളെ വിറ്റാലോ എന്നായി ആലോചന. പക്ഷേ, അതുണ്ടായില്ല. കൂടിന്റെ വലിപ്പം ഇടയ്ക്കിടെ കൂട്ടി. അങ്ങനെയിരിക്കെ ഏതോ മരണവീട്ടില്‍ പോയിട്ട് വളരെ വൈകിയാണ് ഞങ്ങള്‍ തിരിച്ചെത്തിയത്. തീറ്റ കൊടുക്കാന്‍ വൈകിയല്ലോ എന്നര്‍ത്ത് ടോര്‍ച്ചുമെടുത്ത് മുയല്‍ കൂടിനടുത്ത് ചെന്നു. മുയലുകളെല്ലാം പേടിച്ച് ഒരു മൂലയ്ക്കിരിക്കുന്നു. കൂട്ടില്‍ പാമ്പുണ്ടോ എന്നു നോക്കി, അപ്പോഴാണ് പിറകുവശത്തെ ഒരു പലക ഇളകിയിരിക്കുന്നു. നായ കടിച്ച് ഇളക്കിയതാണ്. മുയലുകളെ എണ്ണി നോക്കി, ഒരാള്‍ മാത്രമില്ല. കറുമ്പന്‍. കൂടിനു കുറച്ചു പിന്നിലായി അവനെ കടിച്ചു കീറിയിട്ടിട്ടുണ്ടായിരുന്നു നായ്ക്കള്‍! അതു കണ്ട് അമ്മ ഉറക്കെ നിലവിളിച്ചു.  മറ്റുള്ളവരെ രക്ഷിക്കാന്‍ വേണ്ടി അവന്‍ കൂട്ടില്‍ നിന്ന് പുറത്തുചാടിയതാണെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. പിന്നെ അധികദിവസം കഴിഞ്ഞില്ല, മുയലുകളെയെല്ലാം കൂടടക്കം വിറ്റു. വാങ്ങാന്‍ വന്നവരുടെ കൂടെ ഒരു ചെറിയ കുട്ടിയുമുണ്ടായിരുന്നു. എന്നെ ആദ്യമായി മുയലിനെ കാണിക്കാന്‍ കൊണ്ടുപോയ ചങ്ങാതിയുടെ മുഖച്ഛായയുണ്ടോ എന്ന് നോക്കി, പക്ഷേ ഇല്ല. അതുമല്ല അവന്‍ ഇട്ടിരുന്നത് ചുവപ്പുനിറമുള്ള ഷര്‍ട്ടുമായിരുന്നു. 

വര്‍ഷങ്ങള്‍ക്കുമുന്‍പ് ആലപ്പുഴ ബൈപ്പാസിനായി സ്ഥലം എടുത്തപ്പോള്‍ അമ്മയുടെ സ്‌കൂള്‍ പൊളിച്ചു. ആ കെട്ടിടം പൊളിച്ചിട്ടിരിക്കുന്നത് ഞാനും കണ്ടു. വല്ലാത്ത സങ്കടം തോന്നി, എന്താണ് നഷ്ടപ്പെട്ടതെന്ന് മനസ്സിലാവാത്തതുപോലെ. തൊട്ടടുത്തുതന്നെ പുതിയ കെട്ടിടം പണിത് അവിടെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പുതിയ സ്‌കൂളില്‍ കുട്ടികള്‍ യൂണിഫോമിട്ടാണ് വന്നിരുന്നത്. അവര്‍ക്ക് നല്ല സ്‌കൂള്‍, നല്ലക്ലാസ് മുറികള്‍ ഒക്കെ കിട്ടി. അമ്മയ്ക്ക് ആ സ്‌കൂളിനോടും ഇഷ്ടമായിരുന്നു, ഒന്നാം ക്ലാസില്‍ തന്നെ പഠിപ്പിച്ചു. പക്ഷേ, പുതിയ സ്‌കൂളിനോട് എനിക്ക് പഴയ അടുപ്പം തോന്നിയില്ല. ഞാന്‍ അപ്പോഴേക്കും വളര്‍ന്നുപോയിരുന്നു. എങ്കിലും എന്റെ മനസ്സില്‍ പഴയ സ്‌കൂള്‍കെട്ടിടം പൊളിക്കാനാവതെ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. കുട്ടിക്കാലം പോലെ.

പഠിപ്പിച്ച കുട്ടികള്‍ വലിയ നിലയില്‍ എത്തുന്നതിനെപ്പറ്റി എപ്പോഴും അമ്മ സ്വപ്‌നം കാണാറുണ്ടായിരുന്നു. പലപ്പോഴും അമ്മ പഠിപ്പിച്ച കുട്ടികള്‍ സ്‌നേഹത്തോടെ വന്ന് അമ്മയെ പഴയകാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും, സ്‌കൂളിലായാലും വഴിയിലായാലും അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അവരൊക്കെ അപ്പോഴും ഒന്നാം ക്ലാസുകാരാണെന്ന മട്ടിലാണ് അമ്മ പെരുമാറുക. അവരും അങ്ങനെ തന്നെ. അമ്മ അസുഖം ബാധിച്ച് ആശുപത്രില്‍ കിടന്നപ്പോള്‍, ഒരു ദിവസം കറുമ്പന്‍ മുയലിന്റെ കാര്യം പറഞ്ഞു. പട്ടികള്‍ കടിച്ചുകീറിയിട്ട അവന് എന്തെല്ലാം സ്വപ്‌നങ്ങളുണ്ടായിരുന്നിരിക്കും എന്ന്... അവന്‍ അങ്ങനെ പട്ടികള്‍ കടിച്ചുകീറി മരിക്കേണ്ടവനായിരുന്നില്ല എന്ന്. അധികം വൈകാതെ അമ്മ സ്‌നഹം മാത്രമുള്ള ലോകത്തേക്ക് മടങ്ങി, ഒരുപാട് മനസ്സുകളില്‍ ഓര്‍മകള്‍ ആവശേഷിപ്പിച്ചുകൊണ്ട്. അമ്മയുടെ സ്‌കൂളിനു മുകളിലൂടെ വണ്ടിനീങ്ങുമ്പോള്‍ ഞാന്‍ താഴേക്ക് നോക്കി, മുകളിലേക്കും.

 Content Highlights:International Women's Day 2021, son shares his memories about his mother