പെണ്ണിന്റെ ചിറകുവിരിച്ചു പറക്കാനുള്ള സ്വാതന്ത്രത്തെ ഓര്‍മ്മപ്പെടുത്തി കൊണ്ട് ഒരു മാര്‍ച്ച് മാസം കൂടി. യു.എന്‍. ഫോര്‍ വുമണിന്റെ ഈ വര്‍ഷത്തെ വനിതാദിന വിഷയം 'സ്ത്രീകള്‍ നേതൃനിരയിലേക്ക് കടന്നു വരിക, നയിക്കുക' എന്നതാണ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത ഭാവി വാര്‍ത്തെടുക്കുക, പൊതുഇടങ്ങളിലും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും സ്ത്രീകള്‍ ഇപ്പോഴും മാറ്റിനിര്‍ത്തപ്പെടുന്നു എന്നാണ് യു.എന്‍. പറയുന്നത്. ഗവണ്‍മെന്റ് നേതൃനിരകളിലേക്ക് തുല്യതാവകാശത്തില്‍ സ്ത്രീകളെത്തിപ്പെടാന്‍ ഇനിയുമൊരു നൂറ്റാണ്ട് വേണമെന്ന് യു.എന്‍. ഭയക്കുന്നു. ഒരു തുല്യത സമൂഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്ത്രീകള്‍ അവരുടെ ശരീരത്തെ  ഭയക്കാതിരിക്കണം. ഉള്‍ഗ്രാമങ്ങളിലെ ആഭിചാരങ്ങളിലേക്കും അനാചാരങ്ങളിലേക്കും നിയമങ്ങള്‍ ആഴ്ന്നിറങ്ങണം. അല്ലാതെ പീഡിപ്പിച്ചവന്‍ വിവാഹം കഴിച്ചല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത്. 

എല്ലാ വനിതാദിനത്തിലും പുതിയ ആഹ്വാനങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അവയൊക്കെ ഒരു മുന്‍നിര ജീവിതങ്ങളിലേക്ക് മാത്രം ഒതുങ്ങിപ്പോവുകയും ചെയ്യുന്നിടത്തോളം തുല്യത കിട്ടാക്കടമായി നിലനില്‍ക്കുകയെ ഉള്ളൂ. 
വനിതാ ദിനത്തില്‍ പിങ്ക് നിറത്തിലുള്ള പോസ്റ്ററുകളില്‍ ചിറക് വിരിച്ച് പറക്കുന്ന മാലാഖയുടെ താഴെ അമ്മയുടെ ഒരു ദിവസത്തെ കഷ്ടപ്പാടിനെ പറ്റിയും ഭാര്യയുടെ ആര്‍ത്തവ ദിനത്തിന്റെ വേദനകളെ പറ്റിയും രണ്ട് വാക്കെഴുതിയത് കൊണ്ട് മാത്രം തിരുത്തപ്പെടാവുന്ന ഒന്നല്ല തുല്യത. നിബന്ധനകളില്ലാത്ത കുടുംബ ജീവിതങ്ങള്‍ ഉണ്ടാകാന്‍ നിബന്ധനകളില്ലാത്ത വിവാഹങ്ങള്‍ ഉണ്ടാകണം. സമത്വത്തിനുള്ള അവസരങള്‍ ഇല്ലാഞ്ഞിട്ടല്ല അതുപയോഗിക്കപ്പെടാനുള്ള സാഹചര്യം ഇല്ലാത്തതാണ് പ്രശ്‌നമെന്ന് എനിക്ക് തോന്നാറുണ്ട്.

'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന മലയാള സിനിമ കേരളത്തില്‍ ഇത്രയും വലിയ ചര്‍ച്ചാവിഷയമായെങ്കില്‍ യാഥാര്‍ഥ്യത്തിന്റെ വലിയൊരു ഒളിഞ്ഞ മുഖം അത് തുറന്ന് കാട്ടിയത് കൊണ്ടാണ്. പാത്രം കഴുകുന്ന സീനുകള്‍ ഒരു പാട് തവണ ആവര്‍ത്തിച്ച് കാണിക്കുമ്പോള്‍ എന്ത് വെറുപ്പിക്കല്‍ ആണെടോന്ന് തോന്നിയെങ്കില്‍ നിങ്ങള്‍ ദിവസവും കാണുന്ന കുറഞ്ഞത് പത്തിലൊരു സ്ത്രീയുടെ ജീവിതം അത് തന്നെയാണ്. താല്പര്യമില്ലാതിരുന്നിട്ടും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരായ സുഹൃത്തുക്കള്‍ എനിക്കുണ്ട്. പഠിത്തം, കല്യാണം, കുഞ്ഞ് എന്ന പൊതുരീതിയില്‍ അമ്മയാകേണ്ടി വന്നവരും. ഇതൊക്കെ ഒരു ചടങ്ങാണ്, ഇതിനൊക്കെ കൃത്യമായ സമയങ്ങള്‍ ഉണ്ട്, പെണ്ണ് പലതിനും ബാധ്യസ്ഥയാണ് എന്ന തെറ്റിദ്ധാരണയില്‍ നിന്നുമാണ് തുല്യതയും സമാന ചിന്താഗതിയും പഠിയിറങ്ങിപ്പോകുന്നത്. സ്വന്തമായി ചെറിയ രീതിയിലെങ്കിലും വരുമാനം കണ്ടെത്തി തന്റെ കാര്യങ്ങള്‍ എങ്കിലും നിര്‍വഹിക്കപ്പെടാന്‍ കഴിയുന്നു എന്ന ബോധ്യവും ആത്മവിശ്വാസവും അവളിലുണ്ടാകണം അഥവാ കുടുംബത്തെ സന്തോഷകരമായി നിലനിര്‍ത്തുക എന്ന ഉത്തരവാദിത്തം സ്ത്രീ ഏറ്റെടുത്തെങ്കില്‍ എല്ലാവര്‍ക്കും വേണ്ടി കണക്ക് കൂട്ടപ്പെടാത്ത എന്തൊക്കെയൊ അവള്‍ ചെയ്യുന്നുണ്ട് എന്ന പരിഗണനയെങ്കിലും നല്കണം. നിനക്കിവിടെ എന്താ പണി എന്നുള്ള സ്ഥിരമായ ചോദ്യങ്ങള്‍ ഒരു വീട്ടില്‍ നിന്നും ഉയര്‍ന്ന് പൊങ്ങാതെയിരിക്കണം. സ്ത്രീ പുരുഷന്റെ സ്വകാര്യ സ്വത്തല്ല എന്നും മറിച്ച് മറ്റൊരു വ്യക്തിയാണെന്നും കണക്കാക്കപ്പെടണം. അമ്മയെയും പെങ്ങളെയും മരുമകളെയും ഭാര്യയേയും മുന്‍വിധിയോടെ സമീപിക്കുന്ന പൊതുരീതിക്ക് മാറ്റം വരണം.

എന്റെ കാഴ്ചപ്പാടില്‍ യുവസമൂഹം ഒത്തിരിയേറെ മാറിയിട്ടുണ്ട്. തനിക്ക് കിട്ടുന്ന എല്ലാ സ്വാതന്ത്രവുമനുഭവിക്കാനുള്ള അവകാശം തന്റെ ഭാര്യയ്ക്കുമുണ്ട് എന്നുള്ള പരിഗണനയും പ്രോത്സാഹനവും നല്കുന്നവര്‍, എല്ലാ സങ്കടങ്ങളില്‍ നിന്നും ചേര്‍ത്ത് നിര്‍ത്തുന്നവര്‍. എന്നെ സംബന്ധിച്ച് എന്റെ വീട്ടിലുള്ളതിനെക്കാള്‍ ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയതും അന്നുവരെ അനുഭവിക്കാന്‍ കഴിയാത്ത സ്വാതന്ത്രങ്ങള്‍ അനുഭവിച്ച് തുടങ്ങിയതും വിവാഹം കഴിഞ്ഞ ശേഷമാണ്. എന്തുകൊണ്ട് നിനക്കത് ചെയ്ത് കൂടാ എന്നുള്ള ചോദ്യമാണ് ഞാന്‍ കൂടുതല്‍ കേള്‍ക്കുന്നത്. നമ്മള്‍ രണ്ട് വ്യക്തിത്വങ്ങളായിട്ടാണ് ജീവിക്കുന്നത്. ഒരാളുടെ തീരുമാനങ്ങള്‍ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കാറില്ല. ഇത് പോലെ വിവാഹ ശേഷം വളരെ സ്വതന്ത്രമായി ജീവിക്കുന്ന ഒരു പാട് സുഹൃത്തുക്കള്‍ എനിക്ക് വേറെയും ഉണ്ട്. മറിച്ച് വിവാഹശേഷം സ്വന്തം താല്പര്യങ്ങളെയും ജീവിതത്തെയും അടിച്ചമര്‍ത്തിയവരെയും എനിക്കറിയാം. സ്ത്രീയുടെയൊ പുരുഷന്റെയൊ ജീവിതസ്വാതന്ത്രത്തിന് വിവാഹം ഒരിക്കലും ഒരു തടസ്സമല്ല. സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും അവരുടെ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കാന്‍ ഒരു പുരുഷനെക്കാള്‍ സ്ത്രീ ബാധ്യസ്ഥയാണെന്നുള്ളിടത്താണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും ഉണ്ടായിരുന്നിട്ടും അവഗണനയുടെയും സ്ത്രീധന പ്രശ്‌നത്തിന്റെയും പേരില്‍ വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിച്ച സുഹൃത്തിനോട് എന്തിനാണ് നീ അവനെ രണ്ട് വര്‍ഷം സഹിച്ചതെന്ന ചോദ്യത്തിന് 'സമൂഹം' എന്ന ഒറ്റവാക്കിലുള്ള മറുപടി എന്നെ ഇരുത്തി ചിന്തിപ്പിച്ചു. നിന്നെ അപമാനിക്കാനും സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കാനും നാണം കെടുത്താനും അവനു സമൂഹത്തെ പേടിയില്ലെങ്കില്‍ നീ മാത്രമെന്തിനാണ് ഇത്രയേറെ സമൂഹത്തെ ഭയക്കുന്നത്.

ചിലപ്പോള്‍ സ്ത്രീകള്‍ തന്നെ സ്ത്രീകളുടെ ശത്രുക്കളാകുന്ന അവസ്ഥയ്ക്ക് ഇപ്പോാഴും ഈ സമൂഹത്തില്‍ ഒരു കുറവുമില്ല. മകളുടെയും മരുമകളുടെയും മേലെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്, അവര്‍ നീട്ടിവെച്ചാലും വിവാഹം കഴിഞ്ഞാല്‍ കുഞ്ഞുണ്ടാകാന്‍ നിര്‍ബന്ധിച്ച് ബുദ്ധിമുട്ടിക്കുന്നത്, പഠിച്ചുതീരുന്നതിനു മുന്‍പേ വിവാഹം കഴിക്കാനാവശ്യപ്പെടുന്നത്, കുലസ്ത്രീ പരിവേഷം മക്കളില്‍ അടിച്ചേല്‍പിക്കുന്നവര്‍, മറ്റു ചിലപ്പോള്‍ ഭര്‍ത്താവിനെ ക്ഷണിച്ചയിടങ്ങളില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി കൂടെ ചെല്ലണമെന്നിങ്ങനെയുള്ള അലിഖിത നിയമങ്ങള്‍.

എന്താണ് സൗന്ദര്യത്തിന്റെ രഹസ്യമെന്നതിന് പകരം എന്താണ് ഉറച്ച തീരുമാനങ്ങളുടെ രഹസ്യം എന്നതിലേക്ക് മാറ്റിയെഴുതേണ്ടുന്ന ചോദ്യങ്ങളാണ് ഇവിടെ ആവശ്യം. എവിടെയോ വായിച്ചു കേട്ട ഒരു കാര്യം ഇപ്പൊള്‍ ഓര്‍ത്തെടുക്കുന്നു. ജോലിയുള്ള സ്ത്രീയോട് ജോലിയും കുടുംബവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു എന്ന് സ്ഥിരമായി ചോദിക്കുന്നതാണ്. എന്ത് കൊണ്ട് ഈ ചോദ്യം നിങ്ങള്‍ ഒരു പുരുഷനോട് ചോദിക്കുന്നില്ല. ഒരു നടിയെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്ന ചോദ്യം എവിടെ നിന്നുമാണ് ഉണ്ടാകുന്നത്. ഒരു നായകനുമായുള്ള സംഭാഷണത്തില്‍ എന്ത് കൊണ്ടാണിത് ചോദിക്കാത്തത്? ഒരു തെറ്റ് പറ്റുമ്പോള്‍ പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്ന് പറയുന്നത്? 

ജോലി സ്ഥലങ്ങളിലും മറ്റിടങ്ങളിലും പെണ്ണെന്നുള്ള മാറ്റിനിര്‍ത്തപ്പെടലുകള്‍ ഇല്ലാതിരിക്കട്ടെ. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും സംരക്ഷിക്കപ്പെടനും മാലാഖമാരുടെ ആരോഗ്യപ്രവര്‍ത്തകരുടെ ഭരണാധികാരികളുടെ രൂപത്തില്‍ ഒട്ടനവധി സ്ത്രീകള്‍ അവരുടെ കഴിവും പ്രതിബദ്ധതയും പുരുഷന്‍മാരെപ്പോലെ തന്നെ തെളിയിച്ചിട്ടുണ്ട്. നിയമങ്ങളും സംവരണങ്ങളും എഴുതപ്പെട്ടാല്‍ മാത്രം പോര അവ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടത് ഓരോ കുടുംബങ്ങളില്‍ നിന്നുമാണ്. അച്ഛന്‍ അമ്മയോട് പെരുമാറുന്നത് കണ്ടാണ് ഒരു പരിധിവരെ മകന്‍ ഭാര്യയോട് പെരുമാറാന്‍ പഠിക്കുന്നത്. മാറ്റങ്ങള്‍ കുടുംബങ്ങളില്‍ നിന്നുണ്ടാകട്ടെ. മുന്‍ഗണനയല്ല തുല്യമായ പരിഗണനയാണ് ആവശ്യം. ആവശ്യപ്പെടലുകളല്ല അര്‍ഹിക്കപ്പെടലുകളാണ് ഒരോ വനിതാ ദിനങ്ങളും ഓര്‍മ്മപ്പെടുത്തുന്നത്..

Content Highlights: International Women's Day 2021, Namitha Sudhakaran writes on world women's day, Women