ഡ്രൈവിങ്ങിന്റെ ഗൂഗിള്‍ മാപ്പ് പോലെയാണ് മണിയമ്മയുടെ ലൈസന്‍സ്, അതിലില്ലാത്ത വാഹനങ്ങളില്ല. കാറും ജീപ്പും ബസ്സും ജെ.സി.ബി.യും ക്രെയ്നും തുടങ്ങി റോഡ് റോളര്‍വരെ നിരന്നുനില്‍ക്കുന്നു. ലൈസന്‍സ് കണ്ട് കണ്ണുതള്ളിയവരാദ്യം ചോദിക്കുന്ന ചോദ്യം മണിയമ്മയുടെ വയസ്സിനെക്കുറിച്ചാണ്. ''എഴുപത്തിയൊന്നായി മോനേ'' എന്ന നിറചിരിയോടെയുള്ള ഉത്തരം കേട്ടുകഴിയുമ്പോഴും സംശയം ബാക്കിയുണ്ടെങ്കില്‍ ഒരുമിനിറ്റിന്റെ കാത്തുനില്‍പ്പാവാം. 

മുന്നില്‍ നിര്‍ത്തിയിരിക്കുന്ന വാഹനങ്ങളെ ചൂണ്ടിക്കാട്ടി പിന്നെ മണിയമ്മയുടെ മാസ് ചോദ്യമാണ്, ''ഏത് ഓടിക്കണം...?'' കനം കുറയ്‌ക്കേണ്ടെന്ന് വിചാരിച്ച് ജെ.സി.ബി. എന്ന് പറഞ്ഞുതീര്‍ന്നതും ആനയുടെ പുറത്തേക്ക് പാപ്പാന്‍ കയറുന്ന ലാഘവത്തോടെ മണിയമ്മ ജെ.സി.ബി.യുടെ ഡ്രൈവിങ് സീറ്റില്‍ ഇരിപ്പുറപ്പിച്ചു. നിമിഷങ്ങള്‍ക്കകം ജെ.സി.ബി. എഴുപത്തിയൊന്നുകാരിയുടെ നിയന്ത്രണത്തില്‍ ഏത് മലയും ഇടിച്ചുതകര്‍ക്കാനുള്ള കരുത്തനായി. മുന്നിലെ റണ്‍വേയിലൂടെ കൊച്ചി വെല്ലിങ്ടണ്‍ ഐലന്റ് സ്വദേശി രാധാമണി നീങ്ങിത്തുടങ്ങി. 

80'കളിലെ ഹരിശ്രീ

ഭര്‍ത്താവ് ലാലനാണ് രാധാമണി എന്ന മണിയമ്മയ്ക്ക് ഡ്രൈവിങ്ങിന്റെ ആദ്യപാഠം പകര്‍ന്നുനല്‍കിയത്. എ ടു സെഡ് എന്ന പേരിലുള്ള കൊച്ചിയിലെ പ്രമുഖ ഡ്രൈവിങ് സ്‌കൂളിന്റെ ഉടമയായിരുന്നു ഭര്‍ത്താവ്. ''ആദ്യമായെടുത്തത് കാര്‍ ലൈസന്‍സാണ്. 1981-ലായിരുന്നു അത്. അന്ന് സ്ത്രീകള്‍ ഡ്രൈവിങ് ചെയ്യുന്ന രീതി വളരെ വിരളമായിരുന്നു. എന്നെ ഭര്‍ത്താവ് ഡ്രൈവിങ് പഠിപ്പിച്ചപ്പോള്‍ കൗതുകത്തോടെയാണ് എല്ലാവരും നോക്കിയത്. അംബാസഡര്‍ കാറായിരുന്നു അന്ന് ഓടിച്ചത്. എനിക്ക് പറ്റുമോ എന്നൊരു സംശയം ആദ്യമുണ്ടായിരുന്നെങ്കിലും അദ്ദേഹം നല്‍കിയ കരുത്തില്‍ ആദ്യപാഠം വിജയകരമായി തന്നെ പാസായി. അതോടെ ഡ്രൈവിങ്ങിനോട് വല്ലാത്തൊരു ഇഷ്ടം തോന്നി. മൂന്നുവര്‍ഷം കഴിഞ്ഞതും ഹെവി ലൈസന്‍സ് സ്വന്തമാക്കി. ഞങ്ങളുടെ ഡ്രൈവിങ് സ്‌കൂള്‍ ഹെവി വാഹനപരിശീലനത്തിലാണ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. മക്കളും ബന്ധുക്കളുമൊക്കെ പ്രോത്സാഹനം നല്‍കിയതോടെ പിന്നീട് വിവിധ വര്‍ഷങ്ങളില്‍ മറ്റ് ലൈസന്‍സുകളും നേടി. രാധാമണി എന്നാണ് യഥാര്‍ഥ പേരെങ്കിലും എല്ലാവരും സ്‌നേഹത്തോടെ മണിയമ്മ എന്നാണ് വിളിക്കുന്നത്''.

പിടിതരാത്ത വാഹനം

ഡ്രൈവിങ് സ്‌കൂളിന്റെ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട ഓരോ വാഹനത്തിനടുത്ത് ചെന്നതും അതിനെക്കുറിച്ച് വിശദമായി തന്നെ മണിയമ്മ പറഞ്ഞുതുടങ്ങി. ഓരോ വാക്കിലും ഡ്രൈവിങ്ങിനോടും വാഹനങ്ങളോടുമുള്ള സ്‌നേഹം തിളങ്ങി. റോഡിലൂടെ പായുന്ന എല്ലാ വാഹനങ്ങളെയും കരവലയത്തിലാക്കിയ മണിയമ്മയ്ക്ക് പിടികൊടുക്കാത്ത ഒരുമിടുക്കനുണ്ട്, ''ഒരാള്‍ മാത്രം എനിക്കിതുവരെ പിടിതന്നിട്ടില്ല. വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തിലോടുന്ന നമ്മുടെ സ്വന്തം സൈക്കിള്‍''.

റോഡ് റോളര്‍, ഇതൊക്കെ ചെറുത്

പ്രായം ഒരിക്കലും ഡ്രൈവിങ് പഠിക്കാന്‍ തടസ്സമല്ലെന്നാണ് മണിയമ്മയുടെ പക്ഷം. 40 വര്‍ഷം മുന്‍പ് താന്‍ ഡ്രൈവിങ് പഠിച്ച കാലത്തുനിന്ന് ടെക്നോളജി ഒരുപാട് മുന്നോട്ട് പോയെന്നും ഓട്ടോമാറ്റിക് വാഹനങ്ങള്‍ വന്നതോടെ ആയാസരഹിതമായെന്നും ഈ സീനിയര്‍ ഡ്രൈവര്‍ സാക്ഷ്യപ്പെടുത്തുന്നു. ''ആത്മവിശ്വാസവും ഡ്രൈവിങ്ങിനോട് ഇഷ്ടവുമുള്ള ആര്‍ക്കും നിസ്സാരമായി പഠിച്ചെടുക്കാവുന്ന ഒന്നാണിത്''. പ്രായത്തിന്റെ ചില ബുദ്ധിമുട്ടുകള്‍ അലട്ടുന്നുണ്ടെങ്കിലും ഇരുചക്രവാഹനത്തിലാണ് തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് മണിയമ്മയുടെ യാത്രകള്‍. ഹെലികോപ്റ്റര്‍, വിമാനം, ട്രെയിന്‍ എന്നീ ലൈസന്‍സുകളെടുക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ആദ്യം ഒരുചിരി ചിരിച്ചു. ''ആഗ്രഹങ്ങളാണല്ലോ നമ്മളെ ജീവിപ്പിക്കുന്നത്, അതിനുള്ള സാഹചര്യം ഉണ്ടായാല്‍ അതും ഓടിക്കും''. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Women's day 2021, Maniyamma seventy year old woman can drive all vehicles