യല മത്തി ചൂര കാരി കണവ കിളിമീന്‍
വറ്റ വാള ബ്രാല് അയക്കൂറ നെത്തോലി...
'തൈക്കുട'ത്തിന്റെ ഫിഷ്റാപ്പിന്റെ താളത്തില്‍ വളവും തിരിവും കയറ്റവും ഇറക്കവും കുണ്ടും കുഴിയും താണ്ടി വരുന്നുണ്ട് ഒരു പെട്ടി ഓട്ടോറിക്ഷ. പെട്ടിക്കുള്ളിലേക്ക് ഒന്നെത്തിനോക്കിയാല്‍ പിടയ്ക്കുന്നുണ്ട് മേല്‍പ്പറഞ്ഞ മീനുകളില്‍ ചിലതൊക്കെ. 'ചേട്ടാ, മീനിനെന്താ വില' എന്ന് മുന്നിലേക്കൊരു ചോദ്യമെറിഞ്ഞാല്‍ തിരുത്താതെ തരമില്ല. ചേട്ടനല്ല ചേച്ചിയാണ്. പേര് ശ്രീദേവി. കോവിഡ് കാലം മുതല്‍ മീന്‍വില്പനയാണ് ജോലി. വണ്ടിയിലാണ് വില്പന. 'ഇതെങ്ങനെ ഇതിലേക്കെത്തി' എന്നു ചോദിച്ചപ്പോള്‍, ചേച്ചി ചാവി ഇടത്തേക്കൊന്നു തിരിച്ചു. എങ്കിലാക്കഥ ഞാനുമൊന്നു കേള്‍ക്കട്ടെ എന്ന ഭാവത്തില്‍ ചെണ്ടുമല്ലി നിറമുള്ള വണ്ടി കണ്ണും കാതും കൂര്‍പ്പിച്ചു...

ഇതായിരുന്നു ആ വഴി

പത്തനംതിട്ടയിലെ പറക്കോടാണ് ശ്രീദേവിയുടെ നാട്. നാല്പത്തഞ്ച് വയസ്സ്. ആകെ അറിയാവുന്ന തൊഴില്‍ ഡ്രൈവിങ്ങാണ്. ആറേഴുകൊല്ലം ഓട്ടോ ഓടിച്ചു. അതിനിടയില്‍ കുറച്ചുകാലം ചെറിയൊരു ഹോട്ടലും നടത്തി. കോവിഡ് കാലം വന്നതോടെ ഓട്ടോയാത്രയ്ക്ക് ആളുകള്‍ കുറഞ്ഞു. അങ്ങനെ ജീവിക്കാനൊരു  വഴി തേടിയപ്പോള്‍ മുന്നില്‍ തെളിഞ്ഞത് മീന്‍കച്ചവടമാണ്. 

ജീവിതം വഴിമുട്ടി

ജനിച്ചപ്പോള്‍ മുതല്‍ സന്തോഷം അറിഞ്ഞിട്ടില്ല. എന്നുകരുതി കരഞ്ഞു വിളിച്ചു നടക്കാനൊന്നും ഞാനില്ല. അച്ഛനൊരു മദ്യപാനി ആയിരുന്നു. കുടിച്ചുകുടിച്ച് എല്ലാം വിറ്റു. ഉള്ളതെല്ലാം നഷ്ടപ്പെട്ടതോടെ പുറംപോക്കിലൊരു കുടിലുകെട്ടി താമസം തുടങ്ങി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ എന്നെ ഒരു പരിചയക്കാരന് കല്യാണം കഴിച്ചുകൊടുത്തു. അയാളും ഞങ്ങളുടെ നാട്ടിലങ്ങ് കൂടി. കനാലിന്റെ പുറംപോക്കില്‍ തുണിയും തകരക്കഷണവും കൊണ്ടു മറച്ച ഒരു കുടില്. അതായിരുന്നു വീട്. 

അയാള്‍ ഓട്ടോ ഡ്രൈവറായിരുന്നു. ഓട്ടം കഴിഞ്ഞുവന്നാല്‍ ഓട്ടോ കയറ്റി മുറ്റത്തിടും. ഞാനതില്‍ കയറി മുന്നിലേക്കും പിന്നിലേക്കുമൊക്കെ ചെറുതായൊന്ന് ഓടിച്ചുനോക്കും. കല്യാണം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് അയാള്‍ക്ക് മറ്റൊരിടത്ത് ഭാര്യയും കുഞ്ഞുങ്ങളുമൊക്കെ ഉണ്ടെന്ന്. എന്റെ അച്ഛനെപ്പോലെ തന്നെയായിരുന്നു അയാളും. മൂക്കറ്റം കുടിച്ചുവന്ന് ഉപദ്രവിക്കും. അതൊക്കെ സഹിച്ചു. അതിനിടയ്ക്ക് മോള്‍ ജനിച്ചു. പെട്ടെന്നൊരു ദിവസം അയാള് വീട്ടില്‍ നിന്നിറങ്ങിപ്പോയി. പിന്നെ ഞങ്ങളുടെ കാര്യം തിരിഞ്ഞു നോക്കിയിട്ടില്ല. അതിനിടയില്‍ അയാള്‍ വീണ്ടുമൊരു കല്യാണം കഴിച്ചു. 

ആരെയും ആശ്രയിക്കാതെ നന്നായി ജീവിക്കണമെന്ന് എനിക്ക് വാശി തോന്നി. അങ്ങനെ ചെരുപ്പുകടയില്‍ ജോലിക്കുപോയി. ഡ്രൈവിങ് സ്‌കൂളില്‍ ക്ലാസിനും ചേര്‍ന്നു. ടെസ്റ്റ് പാസായി ലൈസന്‍സ് കിട്ടി. വീട്ടില്‍ ഞാനും മോളും മാത്രമാണ്. അവള്‍ക്ക് പനിയോ അസുഖങ്ങളോ വന്നാല്‍ എനിക്ക് കടയില്‍ പോകാന്‍ പറ്റില്ല. അവധിയാകും. നമ്മുടെ സാഹചര്യമൊന്നും ആര്‍ക്കും മനസ്സിലാവില്ലല്ലോ. അങ്ങനെയാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നു തോന്നിയത്. അയല്‍ക്കൂട്ടത്തില്‍ നിന്ന് കുറച്ചു പൈസ കിട്ടി. അതിനൊപ്പം കടവും കൂട്ടി ഒരു ഓട്ടോ വാങ്ങി അതോടിക്കാന്‍ തുടങ്ങി. അന്നൊക്കെ നല്ല ഓട്ടം കിട്ടിയിരുന്നു. അതിനിടയ്ക്കാണ് ഒരു അപകടം ഉണ്ടായത്. ഓട്ടോ മറിഞ്ഞു. യാത്രക്കാരുണ്ടായിരുന്നില്ല. ദേഹം മുഴുവനും മുറിവും ചതവും. എനിക്ക് പിന്നെ വണ്ടിയെടുക്കാന്‍ ഒരു പേടി. അങ്ങനെ പിന്നെയും കടയില്‍ ജോലിക്കു പോയി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പേടിയൊക്കെ മാറി വീണ്ടും ഓട്ടോയുമായി ഇറങ്ങിത്തുടങ്ങി.

പെരുകുന്ന കടങ്ങള്‍

അതിനിടയ്ക്ക് മോളുടെ കല്യാണം ഉറപ്പിച്ചു. പണത്തിന് ആവശ്യം വന്നു. ഓട്ടോ ഓടിക്കിട്ടുന്ന കാശുകൊണ്ടു മാത്രം അതൊന്നും നടന്നുപോകില്ലെന്നായി. അങ്ങനെ കടമുറി വാടകയ്ക്കെടുത്ത് ചെറിയൊരു ഹോട്ടല്‍ തുടങ്ങി. ഭക്ഷണമൊക്കെ വീട്ടില്‍നിന്ന് ഉണ്ടാക്കി ഓട്ടോയില്‍ കയറ്റി ഹോട്ടലിലെത്തിക്കും. നഷ്ടം ഉണ്ടായിരുന്നില്ല. മോളും അമ്മയുമൊക്കെ സഹായിക്കും. പക്ഷേ, മകളുടെ കല്യാണം കഴിഞ്ഞതോടെ അവള്‍ക്ക് വരാന്‍ പറ്റാതെയായി. അമ്മയ്ക്ക് പ്രായവു മുണ്ട്. എല്ലാംകൂടി എനിക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാതെ വന്നതോടെ ഹോട്ടല്‍ പൂട്ടി. കടങ്ങള്‍ ഏറിയതല്ലാതെ കുറഞ്ഞില്ല. വീണ്ടും ഓട്ടോ ഓടിത്തുടങ്ങി. അതിനിടെയാണ് കോവിഡ് വന്നത്. 

ഞാന്‍ സ്വതന്ത്രയാണ്

കുറേക്കാലത്തേക്ക് യാത്രക്കാരെ കിട്ടില്ലെന്ന് ഉറപ്പായിരുന്നു. മീന്‍കച്ചവടത്തിലേക്ക് തിരിയാമെന്നു തോന്നി. അങ്ങനെ ഓട്ടോ വിറ്റ് ബാക്കി ലോണും എടുത്ത് പെട്ടിഓട്ടോ വാങ്ങി. പുലര്‍ച്ചെ മൂന്നുമണിക്കെഴുന്നേറ്റ് നീണ്ടകരയിലോ ആലപ്പുഴയിലോ പോയി ലേലംവിളിച്ച് മീനെടുക്കും. ഓരോ ദിവസവും വിറ്റുതീര്‍ക്കാമെന്ന് ഉറപ്പുള്ളത്രയും മീനേ കടപ്പുറത്തുനിന്ന് വാങ്ങാറുള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും കൂടി നൂറുകിലോമീറ്ററോളം ദൂരമുണ്ട്. പിന്നെ മീനുംകൊണ്ട് റൂട്ടിലിറങ്ങും. ഓരോ റൂട്ടിലും സ്ഥിരം കച്ചവടം ചെയ്യുന്നവരുണ്ടാകും. ഞാനൊരു സ്ത്രീയല്ലേ. ആര്‍ക്കും പെട്ടെന്നങ്ങോട്ട് അംഗീകരിക്കാനാവില്ല. പക്ഷേ, എനിക്കും ജീവിക്കണ്ടേ. കഷ്ടപ്പാടാണെങ്കിലും നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യമുണ്ട്. മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുമ്പോള്‍ കിട്ടാത്ത സ്വാതന്ത്ര്യം. 

മറക്കില്ല ആ രാത്രികള്‍

കഴിഞ്ഞ മൂന്ന് തലമുറകളായി ഞങ്ങള്‍ പുറമ്പോക്കിലാണ് താമസം. ഒരു സെന്റു ഭൂമിപോലും സ്വന്തമായില്ല. കുടില് ഒന്നുകെട്ടിപ്പൊക്കിയത് അടുത്തകാലത്താണ്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ പെണ്‍കുഞ്ഞിനെയുംകൊണ്ട് കഴിയുന്നതിനിടെ ഞാന്‍ അനുഭവിച്ച കഷ്ടപ്പാട് ഒരാള്‍ക്കും മനസ്സിലാവില്ല. ഉപദ്രവിക്കണമെന്നു കരുതി നടക്കുന്ന ആളുകളുണ്ട്. രാത്രി ഇരുട്ടില്‍ വന്ന് കട്ടയിളക്കും. ഉറങ്ങാതെ കഴിച്ചുകൂട്ടിയ രാത്രികള്‍ക്ക് എണ്ണമില്ല. പേരിനൊരു വിലാസംപോലും സ്വന്തമായില്ലാത്തവര്‍ക്ക് സഹായം എവിടെനിന്ന് കിട്ടാനാണ്. കുറച്ചു ഭൂമിക്കും കയറിക്കിടക്കാനൊരു വീടിനുംവേണ്ടി ഒരുപാട് അലഞ്ഞു. സ്വന്തമായി ഭൂമി കണ്ടെത്താനാണ് മറുപടി കിട്ടിയത്. ഒരുപാടന്വേഷിച്ചു... അതും നടന്നില്ല. എന്റെ മകള്‍ ജനിച്ചത് പുറമ്പോക്ക് ഭൂമിയിലാണ്. അവള്‍ക്കിപ്പോള്‍ ഒരു കുഞ്ഞുണ്ട്. അതിന്റെ ജീവിതവും  പുറമ്പോക്കിലാണ്. ആ കുഞ്ഞിനെയും കൂട്ടി സ്വന്തം ഭൂമിയില്‍ താമസിക്കണമെന്ന് ആഗ്രഹമുണ്ട്.

ഈ തഴമ്പുകണ്ടോ? കൈവെള്ള യിലേക്ക് ചൂണ്ടി ശ്രീദേവി ചോദിക്കുന്നു. ഗിയര്‍ പിടിച്ച് തഴമ്പിച്ചതാണ്. കഷ്ടപ്പാട് മുറുകുമ്പോള്‍ മനസ്സും തഴമ്പിക്കും. അവര്‍ വണ്ടിയില്‍ കയറി. കഥയുടെ കനമറിഞ്ഞ വണ്ടിയും ഉഷാറായി. എന്‍ജിനിരച്ചു. ഗിയര്‍ലിവറില്‍ കൈയമര്‍ന്നു. അതൊന്നു വിറച്ചു... അവരുടെ ജീവിതംപോലെ.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Women's day 2021, life and struggle of a woman selling fish for living