2021 ല്‍ എത്തി നില്‍ക്കുമ്പോഴും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും സമത്വത്തെ കുറിച്ചും സമൂഹത്തിന്റെ ബോധമണ്ഡലത്തിലേക്ക് എത്തിക്കേണ്ടി വരുന്ന അവസ്ഥ തീര്‍ത്തും അപലപനീയമാണ്. പലപ്പോഴും സ്ത്രീകള്‍ തങ്ങളുടെ സ്ഥാനങ്ങള്‍ മറന്നുകൊണ്ട് തീവ്ര വിധേയത്വത്തിലേക്ക് തളച്ചിടപെടുന്നു എന്നത് മറ്റൊരു സത്യവും. സമത്വം എന്നത് ആണിനൊപ്പം പെണ്ണ് ഇരിക്കുന്നു എന്നതിനേക്കാളുപരി ഇരിക്കുന്ന ആണിന് ഒപ്പം തന്നെ പ്രാധാന്യം ഇരിക്കുന്ന പെണ്ണിനുമുണ്ടെന്ന തിരിച്ചറിവ് കൂടെയാണ്. 

ഫെമിനിസം എന്ന് കേള്‍ക്കുമ്പോഴേക്കും മുഖം ചുളിക്കുന്ന സമൂഹം പലപ്പോഴും അത്തരം മുന്നേറ്റങ്ങളെ പൂര്‍ണ്ണമായും ഉള്‍കൊണ്ടിട്ടില്ലെന്നത്, ഒരുപാട് കാര്യങ്ങളില്‍ സമൂഹത്തിന്റെ പല കോണുകളില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്. അതില്‍ പ്രത്യേകവും എടുത്ത് പറയേണ്ടത് സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അക്രമണങ്ങളും. മാത്രമല്ല സമൂഹ ഭൂരിപക്ഷത്തെ തൃപ്തിപെടുത്താത്ത ഏതൊരു വസ്ത്രധാരണവും അക്രമിക്കപ്പെടേണ്ടതാണെന്ന കാഴ്ചപാടാണ് പൊതുവായി കണ്ട് വരുന്നത്.

സ്ത്രീകളില്‍ പോലും പലര്‍ക്കും ഫെമിനിസമെന്നാല്‍ വര്‍ഗ്ഗ, വര്‍ണ്ണ, ജാതി, മതഭേതമെന്യേയുള്ള സമത്വമാണെന്നും, അടിച്ചമര്‍ത്തപെട്ടവര്‍ക്ക് അത്തരം അവസ്ഥകളില്‍ നിന്നും പുറത്തു കടക്കാനുള്ള മുന്നേറ്റമാണെന്നുമുള്ള ബോധ്യം പോലുമില്ല. സമൂഹത്തിന്റെ മുഖ്യധാരയില്‍ നില്‍ക്കുന്നവര്‍ തന്നെ ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങളെ തീവ്രമായി അനുകൂലിക്കുന്ന കാഴ്ച്ച അടുത്ത കാലങ്ങളിലും വളരെ അധികം കാണാം. 

എക്കാലങ്ങളിലും സമൂഹത്തിന്റെ ഒരു മൂലയില്‍ നിര്‍ത്തപെട്ടിരുന്നവരാണ് സ്ത്രീകള്‍. ഈ ചരിത്രങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പഴക്കമാണുള്ളത്. ലോകത്തിലെ ഒരു രാജ്യങ്ങള്‍ തമ്മിലും വ്യത്യാസമില്ലാതെ തുടര്‍ന്ന് പോന്നിരുന്ന ഇത്തരം അവസ്ഥകള്‍ ഇല്ലാതായത് ശക്തമായ പോരാട്ടങ്ങളുടെ ഫലമായാണ്.  

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണ് ഫെമിനിസത്തിന്റെ ആദ്യ തരംഗത്തിന്റെ തുടക്കം. യൂറോപ്പില്‍ സ്ത്രീകളുടെ വോട്ടവകാശം, തുല്യ പങ്കാളിത്തം, സ്വത്താവകാശം,  സ്ത്രീകള്‍ക്ക് മേലുള്ള പുരുഷാധിപത്യം ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഫെമിനിസം ശക്തിയാര്‍ജ്ജിച്ചത്. 1960 ലാണ് ഫെമിനിസ്റ്റ് മൂവ്‌മെന്റിന്റെ രണ്ടാം തരംഗം ആരംഭിക്കുന്നത്. നിയപരവും സാമൂഹികപരവുമായ സ്വാതന്ത്ര്യമെന്ന ആശയത്തിനായിരുന്നു മുന്‍ഗണന. എന്നാല്‍ 1990കളിലായിരുന്നു മൂന്നാം തരംഗം. നാലാം തരംഗത്തില്‍ എല്‍.ജി.ബി.ടി.ക്യൂ കമ്മൂണിറ്റിയില്‍ ഉള്‍പ്പെടുന്നവര്‍ നേരിടുന്ന അസമത്വത്തെ ചൂണ്ടി കാണിക്കാന്‍ ശ്രമിച്ചു.

വിക്ടോറിയന്‍ ഇംഗ്ലണ്ടില്‍ ഭാര്യക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്നതും ശാരീരിക പീഡനത്തിനിരയാക്കുന്നതും ഒരു ആചാരമായിട്ടാണ് കണക്കാക്കിയിരുന്നത്. വിവാഹങ്ങള്‍ക്ക് വിസമ്മതമറിയിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ മാതാപിതാക്കളും ഇത്തരം പീഡനങ്ങള്‍ ചെയ്തു പോന്നിരുന്നു.

'ഗോള്‍ഡന്‍ ഇറ ഓഫ് ലിറ്ററേച്ചര്‍' എന്ന് പറയപ്പെടുന്ന ഷേക്‌സ്പിയേറിന്‍ കാലഘട്ടത്തില്‍ സ്ത്രീ എഴുത്തുകാര്‍ അറിയാപ്പെടാതെ പോയതിന്റെ കാരണവും വ്യക്തമാണ്. ഈ അവസ്ഥയെ വിര്‍ജീനിയ വൂള്‍ഫ് തന്റെ 'എ റൂം ഓഫ് വണ്‍സ് ഓണ്‍' എന്ന കൃതിയില്‍ പറഞ്ഞ് പോകുന്നുണ്ട്.

ഇത്രയെല്ലാം കാര്യങ്ങള്‍ ചരിത്രമായി നമുക്ക് മുന്നില്‍ നില്‍ക്കുമ്പോഴും ഫെമിനിസത്തെ മുഖം ചുളിച്ച് കാണുന്നവരും ചുറ്റുമുള്ള ഇടങ്ങളെല്ലാം തനിക്ക് അവകാശപെടുന്നില്ല എന്ന തീവ്ര ബോധത്തില്‍ കഴിയുന്നവരാണ് അധികവും. വനിതാദിനങ്ങള്‍ കേവലം വാട്ട്‌സാപ്പ് സ്റ്റേറ്റസുകളില്‍ മാത്രം ഒതുങ്ങി പോകുമ്പോള്‍ അടുക്കളകളില്‍ മാത്രം ഒതുങ്ങി, നീറി ജീവിക്കേണ്ടി വരുന്ന ഒരു വര്‍ഗ്ഗത്തോടുള്ള അവഗണനയാണ് ഈ കാലഘട്ടത്തിലും തെളിഞ്ഞ് നില്‍ക്കുന്നത്. ഇന്നും സ്വന്തമായി തീരുമാനമെടുക്കുന്നത് പോയിട്ട് ഫെയ്സ്ബുക്കിൽ സ്വന്തമായ നിലപാട് രേഖപ്പെടുത്താനോ ഒരു ഫോട്ടോ പോലും ഇടാനുള്ള സ്വാതന്ത്ര്യമില്ലാത്ത സ്ത്രീകള്‍ ധാരാളമുണ്ട് നമുക്കു ചുറ്റിലും. 

Content Highlights: Women's Day 2021 feminist movements history