മ്മയോ കുഞ്ഞോ ആരെങ്കിലും ഒരാള്‍ എന്ന സംശയത്തിന്റെ  പുറത്തായിരുന്നു  എന്റെ ജനനം. എന്‍ട്രി പാസ് കിട്ടുകയും ചെയ്തു. എന്നാല്‍ അതില്‍ എക്‌സ്‌പെയറി ഡേറ്റിന്റെ ഭാഗം ശൂന്യം എന്ന അവസ്ഥ. അമ്മയുടെ ആരോഗ്യത്തിന് ഭീഷണിയാവുമെന്ന മുന്നറിയിപ്പ്  ജനിക്കുന്നതിനു മുന്‍പേ വാങ്ങിക്കൊടുത്തു ഞാന്‍. എന്തായാലും ആലീസ്  ഡോക്ടര്‍ റിസ്‌ക്കെടുക്കാന്‍ പ്രോത്സാഹിപ്പിച്ചു. അക്രമം എവിടെയുണ്ടോ അവിടെ ഞങ്ങള്‍ ഉണ്ടാകും എന്ന് ദാസനും വിജയനും പറഞ്ഞപോലെ ഡോക്ടര്‍ കട്ടയ്ക്ക് കൂടെ നിന്നു. 'കളയാം 'എന്നുള്ള ചിന്തയില്‍ നിന്ന് 'നോക്കാം' എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി മറിഞ്ഞു. എന്തായാലും രണ്ടില്‍  ഒരാളെന്ന അപകട സ്ഥിതി തരണം ചെയ്ത് രണ്ടുപേരും സേവ് സോണില്‍ ആയി ഒരു സക്‌സസ്ഫുള്‍ ഡൗണ്‍ലോഡിങ്. ഒരമ്മയും കുഞ്ഞും ജനിക്കുന്നു. ഡോക്ടറുടെ മുന്നറിയിപ്പ് പിന്നീടങ്ങോട്ട് അക്ഷരാര്‍ത്ഥത്തില്‍ സത്യമാവുകയായിരുന്നു.

ഇത്തിരി ഒന്നുമായിരുന്നില്ല കഷ്ടപ്പാട്. തൊണ്ട കീറി കരഞ്ഞ് പകലുകള്‍ രാത്രികള്‍ ആക്കി രാത്രികളെ ഗാത്രികളാക്കി  മാറ്റിയപ്പോള്‍ നാട്ടുകാര്‍ അമ്മയോട് പറഞ്ഞു, 'പ്ലീസ് അടുത്തൊന്നും ഇതു വഴി വരല്ലേ... ആ  തൊള്ള കീറിയേയും തെളിച്ചുകൊണ്ട്...'. അക്കാലത്തു ഗുരുവായൂരപ്പന് മാത്രമല്ല കര്‍ത്താവിനും പടച്ചോനും വരെ ജലദോഷവും ചെവി വേദനയും ആയിരുന്നിരിക്കണം. നാട്ടുകാരുടെ സ്വസ്ഥതക്കുവേണ്ടി അതിനേക്കാള്‍ ഉപരി ഒന്നു സമാധാനമായി ഉറങ്ങാന്‍ കാരണമറിയാത്ത ഈ കരച്ചില്‍ നിര്‍ത്തി കിട്ടാന്‍ അമ്മഭക്ത സകല ദൈവങ്ങളെയും വിളിച്ചു. ആരും കേട്ടില്ല. കാലക്രമേണ  ബാലാരിഷ്ടതകളും അനുസരണക്കേടുകളും ആവോളം ഉണ്ടായിരുന്ന ഒന്നിനെ അമ്മ തന്റെ സ്‌കൂളിലേക്ക് തന്നെ കൂട്ടി. കണ്‍വെട്ടത്ത് തന്നെ ഉണ്ടാകുമല്ലോയെന്നുള്ള ധൈര്യത്തില്‍.

തുള്ളിക്കൊരു കുടമെന്ന കണക്കെ പെയ്യുന്ന മഴയില്‍ അമ്മയുടെയും എന്റെയും ബാഗും ചോറ്റുപാത്രകവറുകളും തൂക്കി അമ്മ സാരി പൊക്കിക്കുത്തി ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ നിന്നും സ്‌കൂളിലേക്ക് എന്റെ കൈപിടിച്ച് ഓടുമ്പോള്‍ സമയം ഏതാണ്ട് 9 :45- 50 ആയിരിക്കും അധികവും. കൂടെയെത്താന്‍ കഴിയാതെ ഞാന്‍ പിന്നോട്ട് വലിയുമ്പോള്‍ അമ്മ മാറാപ്പുകള്‍ക്കിടയില്‍ എന്നെയും തിരുകും. പിന്നോട്ടു വലിയുമ്പോള്‍ ഒക്കെയും എടുത്ത് ഒക്കത്തിരുത്തി മുന്നോട്ടു കുതിക്കാന്‍ കഴിയുന്ന അമ്മക്കുതിര! കൊമ്പില്ലാഞ്ഞതു നന്നായി  ഇല്ലെങ്കില്‍ ഒക്കത്തിരുത്തി തഴമ്പ് വന്നെന്ന കഥയുടെ കൂടെ, കൊമ്പൊടിഞ്ഞത് അതില്‍ തൂങ്ങി ആടിയിട്ടാണെന്നും കേള്‍ക്കേണ്ടി വന്നേനെ എന്നു മുറുമുറുക്കാറുണ്ട് അമ്മക്കുതിരയോട്.

ടീച്ചര്‍മാരുടെ മക്കള്‍ പൊതുവേ നാട്ടിലും സ്‌കൂളിലും ഉത്തമ മാതൃകയായും സ്വഭാവ മഹിമയുടെ മകുടോദാഹരണമായും വാഴ്ത്തപ്പെടാന്‍ കഷ്ടപ്പെടേണ്ടവരാണ്. അലമ്പു കളിക്കാന്‍ വയ്യ, മാര്‍ക്ക് കുറയാന്‍ വയ്യ, സ്റ്റേജില്‍ പ്രസംഗം മറന്നു പോകാന്‍ വയ്യ, തറുതല പറയാന്‍ വയ്യ. എല്ലാം കൊണ്ടും ആകെ വയ്യാണ്ടാവും. പിന്നെ കുറച്ചു പേരും പവറും പത്രാസും കാണും. ഏറിവന്നാല്‍ പ്രത്യേകമായി  കിട്ടുന്നത് സ്റ്റാഫ് മീറ്റിങ്ങിന് കൊണ്ടുവന്ന ചായയും പഴംപൊരീം. അതെങ്കിലും ഒന്ന് ആസ്വദിച്ചു കഴിക്കാന്‍ തുടങ്ങവേ വരും അശരീരി! 'ടീച്ചറെ...ഞാന്‍ ആന്‍സര്‍ പേപ്പര്‍ നോക്കാന്‍ തുടങ്ങി. അവള്‍ ഗ്രാമര്‍ മുഴുവനും തെറ്റിച്ചു ട്ടോ'. പോരേ പൂരം! ടീച്ചറമ്മ ഫുള്‍ ചാര്‍ജില്‍ സ്‌നേഹം എന്ന വ്യാജേന സ്‌കൂള്‍ വിട്ടിറങ്ങുന്ന മാത്രയില്‍  ചേര്‍ത്തുപിടിക്കും. അമ്മത്തേളിന്റെ ഇറുക്കീസ് നഖങ്ങള്‍ കൈയില്‍  ആഴ്ന്നിറങ്ങും.

വീടുപണിയും അടവ് തെറ്റിയ ലോണിന്റെ ഓര്‍മ്മകളും വീട്ടില്‍ നിറയെ വിരുന്നുകാരും ചേര്‍ന്നുവരുന്ന ഒരു കോംബോ പാക്കുണ്ട്. അന്നു വയറു നിറയും. അഞ്ചിന്റെയോ പത്തിന്റെയോ  ഗുണനപ്പട്ടിക ചോദിക്കാതെ എട്ടിന്റെയും പന്ത്രണ്ടിന്റെയും ഗുണനപ്പട്ടിക ചോദിക്കും. പടപടാന്നു മേടിച്ചു കണ്ണ് കലങ്ങി ഇരിക്കുമ്പോള്‍ പുച്ഛിച്ചു ചിരിക്കുന്ന ചേച്ചിയും രക്ഷപ്പെടാറില്ല. ന്യൂട്ടന്റെ  മൂന്നാം ചലന നിയമം ചോദിക്കുമെന്ന് വിശ്വസിച്ച ചേച്ചിയോട് എത്ര ഓര്‍ത്താലും കിട്ടാത്ത ഒന്നാം ചലനനിയമം തന്നെ ചോദിക്കും അമ്മക്കാളി. അല്ലെങ്കിലും അറിയാത്ത ചോദ്യങ്ങള്‍ തേടിപ്പിടിച്ചു ചോദിക്കാന്‍ ഈ ടീച്ചര്‍മാര്‍ക്ക് ഒരു പ്രത്യേക കഴിവാണ്. പിന്നെ പുസ്തകം പെറുക്കാന്‍  മുറ്റത്തെ ചെമ്പകച്ചോട്ടില്‍ പോണം. വിങ്ങി വീര്‍ത്ത തുടയും കൈകളും തടവി രാത്രി മാനത്തേക്ക് നോക്കി വിതുമ്പി കരയുമ്പോള്‍, വീണ്ടും ഒരു വരവുണ്ട്. 'അയ്യോ.... എട്ടൊന്‍പത്... 72' എന്നുറക്കെ വിളിച്ചു പറയുമ്പോഴേക്കും അമ്മക്കാളി  അമ്മ കുളിരാവും.  പശ്ചാത്താപ കടലാകും. വീര്‍ത്ത കൈത്തണ്ടയില്‍ തലോടിക്കൊണ്ട് ചോദിക്കും, 'വേദനിച്ചോ?' പിന്നേ...നല്ല സുഖായിരുന്നു' എന്നു പറഞ്ഞു കുമ്പസരിക്കാന്‍ ഇരുന്നു കൊടുക്കാതെ പരാതി പറയാന്‍ അച്ഛനടുത്തേക്ക് ഓരോട്ടമാണ്.  സാരമില്ല എന്ന് പറഞ്ഞു അച്ഛന്‍ സമാധാനിപ്പിക്കുന്നതിനേക്കാള്‍  ഇങ്ങനെയാണോ കുട്ടികളോട് ദേഷ്യം കാണിക്കുകയെന്നു മുത്തശ്ശി കുറ്റപ്പെടുത്തുമ്പോളായിരുന്നു  ഒരു നിഗൂഢ സന്തോഷം. അമ്മ ചുട്ട വിളമ്പുന്ന ഒട്ടും തണുക്കാന്‍ പാടില്ലാത്ത, എണ്ണി ചുട്ട ചൂട് ദോശകളാണ് മുത്തശ്ശിക്ക് ഈ ഊര്‍ജം  കൊടുത്തതെന്ന് വൈകിയാണ്  മനസ്സിലായത്.

സ്‌കൂളിലെ അധിക ചുമതലകളും അപ്രതീക്ഷിതമായി രണ്ട് കുടുംബങ്ങളുടെ ഭാരവും ഒരുമിച്ച് തലയിലേറ്റേണ്ടി  വന്നിട്ടുണ്ട് അമ്മയ്ക്ക്.  ഒന്നെടുത്താല്‍ ഒന്നു ഫ്രീ എന്നപോലെ ദുരന്തങ്ങള്‍ ആഞ്ഞടിച്ചു. ചേര്‍ത്തുപിടിച്ച രണ്ട് കൂടപ്പിറപ്പുകളുടെ അകാലമരണം അമ്മയെ തെല്ലൊന്നുമല്ല തളര്‍ത്തിയത്. അവശേഷിക്കുന്ന പ്രതീക്ഷ തുളുമ്പിയ മുഖങ്ങളില്‍ വിഭ്രാന്തിയുടെ പിടി അമര്‍ന്നതോടെ അമ്മക്കടലില്‍ വേലിയേറ്റവും വേലിയിറക്കവും പതിവായി.

അമ്മ വീട്ടിലുള്ള സമയം കുറഞ്ഞു വന്നപ്പോള്‍ അച്ഛന്‍കുട്ടികള്‍ ആയി മാറിയ ഞങ്ങള്‍ അമ്മയെ കിട്ടുന്ന സമയത്ത് ഒളിഞ്ഞും തെളിഞ്ഞും കിട്ടാതെ പോകുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും കണക്ക് പറഞ്ഞു നോവിച്ചു.അപ്പോള്‍  കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ എന്നല്ല  കുറ്റിക്കണക്കങ്ങുനിന്നാളമ്മ എന്ന് പറയുന്നതാവും ഏറ്റവും ഉചിതം. പ്രതിസന്ധികളില്‍, കുറ്റപ്പെടുത്തലുകളില്‍ അങ്ങനെ ഒരുവിധം എല്ലാ പ്രശ്‌നങ്ങളിലും ഇതുതന്നെയായിരുന്നു അമ്മയുടെ സമീപനം.

അമ്മക്കടല്‍ എല്ലാം മായ്ക്കുന്ന കാലത്തിനൊപ്പം ചേര്‍ന്നു കിതച്ചും കുതിച്ചും ചിതറിത്തെറിച്ചു പോയവരെ കൂട്ടിയിണക്കിയും ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തണച്ചും  കരയ്‌ക്കെത്തിച്ചു. കൊടുക്കുന്നതും വാങ്ങുന്നതും കൈയും മനസ്സും അറിയണമെന്ന് പറയാതെ പറഞ്ഞു. അങ്ങോട്ടു സ്‌നേഹിച്ചാല്‍ ഇങ്ങോട്ടും സ്‌നേഹിക്കുന്നിടത്തെ നിലനില്‍പ്പുള്ളൂ എന്ന് കാണിച്ചു തന്നു.

തിരയൊടുങ്ങിയ  കടല്‍ പോലെ ശാന്തമായ ഒരു ദിവസം, ചേര്‍ത്തുനിര്‍ത്തി ചോദിച്ചു, ' നിന്നെ  ഞാന്‍ നോക്കിയില്ലേ  ശരിക്കും... സ്‌നേഹിച്ചില്ല എന്നു തോന്നുന്നുണ്ടോ?' അന്ന് അമ്മക്കടല്‍ സ്വയം  ചെറുതായി... ഒരു കൈക്കുമ്പിളില്‍ കൊള്ളുന്നത്ര! വാശിക്കാരി കുട്ടി പറഞ്ഞു, 'കളയാന്‍ കരുതിയതല്ലേ പണ്ടേ എന്നെ... പിന്നെന്തിനാ സങ്കടം'? അമ്മക്കടല്‍ ഒന്നൂടെ വറ്റി.

തിരക്കുകളില്‍ നിന്നും ജോലിയില്‍ നിന്നും ഉള്ള ഒരു താല്‍ക്കാലിക വിരമിക്കല്‍ നടത്തിയതോടെ അമ്മക്കടല്‍ ഒരു അമ്മപ്പുഴയായി പരിണമിച്ചു. ഇതു വരെ  അടക്കിപ്പിടിച്ച വാത്സല്യവും സ്‌നേഹവും കരുതലും കുറുമ്പും സ്വാര്‍ത്ഥതയുമായി അതങ്ങനെ ഞങ്ങള്‍ക്കു മേലൂടെ അനുസ്യൂതം ഒഴുകി പരന്നു. പ്രണയത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ദൂരേക്ക് തെന്നി  പോകുന്ന എന്നെ നോക്കി പരാതി പറഞ്ഞു, 'ഇപ്പോ എന്നെ  വേണ്ടല്ലേ '. 'എന്നെ  പണ്ടേ വേണ്ട എന്ന് വെച്ചതല്ലേ ', സ്ഥിരം മറുചോദ്യത്താല്‍ ഞാന്‍  വായടപ്പിച്ചു.

ഇല്ലാത്ത സമയവും ആരോഗ്യവും ഉണ്ടാക്കി എല്ലാവര്‍ക്കും ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിവെച്ച്,  അത് കഴിപ്പിക്കാന്‍ പുറകെ നടക്കുമ്പോള്‍ ഞങ്ങള്‍ കളിയാക്കാറുണ്ട്, 'ഇതെന്താ പാരഗണ്‍ ഹോട്ടലോ?'. 'അതുക്കും മേലെയാണ് എന്റെ കൈപുണ്യം! ' എന്ന മാസ് ഡയലോഗിലും ആത്മവിശ്വാസത്തിലും അമ്മയെന്ന ഭൂലോക ഷെഫ്  ഞങ്ങളെ  എന്നും അത്ഭുതപ്പെടുത്താറുണ്ട്.

പുതുതായി കണ്ട മാഗസിനിലെയോ  സിനിമയിലെയോ നായികയിട്ട പുതു മോഡല്‍ ഉടുപ്പ് പോലൊന്നു സെറ്റാക്കാന്‍ ഒരു നൂറ് കടയില്‍ കയറി ഇറങ്ങും. മിനിമം ഒരു പത്തിരുപത് തുണിക്കഷണങ്ങള്‍ വാങ്ങും. തയ്യല്‍ക്കാരി ചേച്ചിയുടെ അടുത്ത് പോയി ഡിസൈന്‍ അടക്കം പറഞ്ഞു കൊടുത്തിട്ട് കാര്യം സാധിച്ചെടുക്കും അമ്മ ഡിസൈനര്‍.

അതിട്ട് കാണുമ്പോള്‍ ആ കണ്ണിലെ തിളക്കം ഒന്നു കാണേണ്ടതു തന്നെയാണ്. ഇനിയിപ്പോള്‍ എനിക്കതിഷ്ടമായില്ലെങ്കില്‍ പോലും ഒരു സൈക്കോളജിക്കല്‍ മൂവ് നടത്തും അമ്മക്കള്ളി .' എന്റെ മോള്‍ എന്തിട്ടാലും നല്ല ഭംഗിയാ!'. നമ്മുടെ വീക്ക്‌നെസ്  മുതലാക്കിക്കളയും.

ആരെങ്കിലും ഇനി അതത്ര  ഭംഗിയില്ലെന്ന് പറഞ്ഞാല്‍ അമ്മയിലെ ബാഹുബലി ഉണരും. 'ആ  പറഞ്ഞവന്റെ നാവല്ല, കണ്ണാണ് കുത്തി പൊട്ടിക്കേണ്ടതെന്നു'  പറഞ്ഞു കലി തുള്ളും.  പറഞ്ഞു വന്നാല്‍ നമ്മളെ  അങ്ങ്
മരണമാസാക്കി കളയും.

അവസാനമായി വീട്ടില്‍ പോയി വന്നപ്പോള്‍, എന്റെ ഫോണില്‍ ഷഹബാസ് അമന്റെ ശബ്ദത്തില്‍ ഞാന്‍ അമ്മയെ ആ പാട്ട് കേള്‍പ്പിച്ചു...

ആകാശമായവളേ 
അകലെ മറഞ്ഞവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാന്‍....

ഉടനെ ചീറിയാര്‍ത്തു അമ്മസൈക്കോ. ' ഫോണില്‍ കളി ഇത്തിരി കൂടുതലാ, സത്യം പറ ഇതാരയച്ചതാ...?' എന്റെ പൊന്നോ... ദേ കിടക്കുന്നു.

നരിയായും പുലിയായും വന്നു പൂതമെന്നതു 
മാറ്റി അമ്മയെന്നങ്ങു  കാച്ചി ഞാന്‍.
ആകാശവും ആഴിയും ചിറകും നിലാവും നിനവും അങ്ങനെയെന്തെല്ലാമൊക്കെയോ ആയ എന്റമ്മയോട്.....

Content Highlights: International Women's Day 2021, Childhood memories about mother's love and care