പേറ്റുനോവിനൊടുവിൽ അമ്മ ജന്മം നൽകുന്ന കുഞ്ഞിനെ കൈവെള്ളയിൽ എടുക്കുമ്പോൾ തങ്കം നേരിട്ട് ഈശ്വരസാന്നിധ്യമറിയും. പുതുലോകത്ത് എത്തിയ കുഞ്ഞിന്റെ ആദ്യ കരച്ചിൽ കുടുസുമുറിയിൽ നിന്നു പുറത്തെത്തുമ്പോൾ, ആധിയോടെ കാത്തുനിൽക്കുന്ന ഉറ്റവർക്ക് സന്തോഷ കണ്ണുനീർ.

പ്രസവം പൂർണമായി ആശുപത്രികളിലാവുന്നതിനു മുമ്പ് നാട്ടിൻപുറത്തെ വീടുകളിൽ നടന്നിരുന്ന പ്രസവത്തിന് രക്ഷാകവചം ഒരുക്കിയിരുന്ന ഒരുപറ്റം മുതിർന്ന അമ്മമാർ ഓരോ പ്രദേശത്തും ഉണ്ടായിരുന്നു. 'വയറ്റാട്ടി' എന്ന് അറിയപ്പെട്ടിരുന്ന ആ തലമുറയിൽപെട്ട മുത്തശ്ശിയാണ് തങ്കം. കടവത്ത് റോഡ് കണ്ണൻപറമ്പിൽ (കാർത്തിക) പരേതനായ എൻ. കൃഷ്ണന്റെ ഭാര്യ തങ്കമ്മ എന്ന തങ്കത്തിന് വയസ്സ് 87. 25 വയസ്സ് മുതൽ പ്രസവങ്ങൾ എടുത്തുതുടങ്ങി അവർ. അമ്മ കുഞ്ചിയും ഈ പുണ്യകർമം ചെയ്തിരുന്നു.

പതിനേഴാം വയസ്സിലായിരുന്നു തങ്കത്തെ കൃഷ്ണൻ വിവാഹം ചെയ്തത്. ഇടപ്പള്ളിയാണ് സ്വദേശം. പ്രസവമെടുക്കാൻ പോകുമ്പോൾ കുഞ്ഞിന്റെ പൊക്കിൾകൊടി മുറിക്കാനുള്ള കത്രിക മുതൽ അത്യാവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റും ഈ പരമ്പരാഗത ആരോഗ്യ പ്രവർത്തകർ അന്ന് കൈയിൽ കരുതുമായിരുന്നു. പ്രസവം വിഷമമാകുമ്പോൾ ഔഷധമൂല്യമുള്ള ചില പച്ചമരുന്നുകളും മണപ്പിച്ചിരുന്നു.

കുഞ്ഞിനും അമ്മയ്ക്കും സുഖമെന്നു കണ്ടാൽ വയറ്റാട്ടി അപ്പോൾതന്നെ മടങ്ങും. രാത്രിയും പകലുമെന്നില്ലാതെ വീടുകളിൽ പ്രസവമെടുക്കാൻ ഏതു സമയത്തു വിളിച്ചാലും പോകുമായിരുന്നു. വീടുകളുടെ വലിപ്പച്ചെറുപ്പവും നോക്കുക പതിവില്ല. ആദ്യകാലത്ത് പത്ത് രൂപയായിരുന്നു പ്രതിഫലം. അവസാനഘട്ടത്തിൽ 250 രൂപ വരെ കിട്ടിയതോർക്കുന്നു. താൻ പ്രസവമെടുത്ത കുഞ്ഞുങ്ങളിൽ ഡോക്ടർമാരും എൻജിനീയർമാരുമൊക്കെയുണ്ട്. സാധാരണക്കാരുംപെടും. അവരിൽ ചിലർ ഇപ്പോഴുമെത്തി കസവുപുടവയും മറ്റും സമ്മാനിക്കാറുണ്ട്.

കറന്റ് എല്ലായിടത്തുമില്ലാതിരുന്ന കാലത്ത് രാത്രിയിൽ പലപ്പോഴും മണ്ണെണ്ണ വിളക്കിന്റെ നേർത്ത വെളിച്ചത്തിലായിരിക്കും പ്രസവമെടുക്കുക. പ്രാർത്ഥനയും മനോധൈര്യവും മാത്രം കൂട്ടായുണ്ടാകും.

പഴയകാലത്ത് ഇത്തരത്തിലുള്ള വയറ്റാട്ടിമാരെ സർക്കാർ ആശുപത്രികളിൽ ജോലിക്കെടുക്കുന്ന പതിവുണ്ടായിരുന്നു. 50 പ്രസവമെങ്കിലും എടുത്തിരിക്കണമെന്നതാണ് യോഗ്യത. അങ്ങനെ കുറച്ചുകാലം ഇടപ്പള്ളി ഗവ. ആശുപത്രിയിലും തങ്കം സേവനമനുഷ്ഠിച്ചിരുന്നു. അഞ്ച് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. മകൻ ബാബുവിനോടൊപ്പമാണ് താമസം.

Content highlights :thangam an midwife in old period