തിരഞ്ഞെടുപ്പൊരുക്കത്തിന്റെ മധ്യേയാണ് ഇക്കുറി അന്താരാഷ്ട്ര വനിതാദിനം. മാതൃഭൂമി സംഘടിപ്പിച്ച വനിതാദിന മത്സരത്തിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. വനിതകളിലെ നേതൃശേഷി ഉണർന്നു പ്രവർത്തിച്ച സന്ദർഭങ്ങളായിരുന്നു എഴുതേണ്ടത്. തിരഞ്ഞെടുത്തവ പ്രസിദ്ദീകരിക്കുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വായനക്കാർക്കും ഹൃദയംനിറഞ്ഞ നന്ദി, ഒപ്പം വനിതാദിന ആശംസകളും...

ഞങ്ങൾ ഹൃദയംകൊണ്ട് ചിന്തിക്കുന്നവർ

സുനിത ഖിൽജി
കൂളിയാട്ട് ഹൗസ്
വെങ്ങോല, എറണാകുളം

വഴിയിൽക്കിടക്കുന്നതെല്ലാം വയ്യാവേലികളാണെന്ന് ചിന്തിക്കുന്നവരാണേറെയും. ഒരു വിവാഹത്തിന് പോയതായിരുന്നു അന്ന് ഞാനും ഭർത്താവും. സദ്യ നടക്കുന്ന ഹാളിൽ, കലവറയുടെ ഒരറ്റത്തായി വെളുത്ത ജുബ്ബ ധരിച്ച, 35 വയസ്സുള്ള ഒരാൾ വീണുകിടക്കുന്നു. ആരും അയാളെ ശ്രദ്ധിക്കുന്നേയില്ല!

അക്കാര്യം ഞാൻ ഭർത്താവിനോട് സൂചിപ്പിച്ചു. ‘‘വല്ല വെള്ളവും അടിച്ച് കിടക്കുന്നതാകും’’ -എന്നായിരുന്നു മറുപടി. ഇതുംപറഞ്ഞ് മുന്നോട്ടുനീങ്ങിയ ഭർത്താവിന്റെ കൈയിൽ ഞാൻ ബലമായി പിടിച്ചുനിർത്തി. കലവറയ്ക്കുള്ളിലെ ആളുകളോട് വിവരംതിരക്കി. അവരും അന്ധമായ ഊഹത്തിന്റെ ബലത്തിൽ ഭർത്താവിന്റെ നിഗമനത്തിന് വോട്ടുനൽകി.

ഞാൻമാത്രം, കുനിഞ്ഞിരുന്ന് അയാളെ വിളിച്ചുണർത്താൻ ശ്രമിച്ചു. അത്രയുമായപ്പോഴേക്കും എനിക്കുമുമ്പേ ഈ കാഴ്ചകണ്ട് എന്തുചെയ്യണമെന്നറിയാതെനിന്ന രണ്ട് കോളേജ് വിദ്യാർഥിനികൾ ഓടിവന്നു. ചേച്ചിവന്നത് നന്നായെന്നും ഒരുതീരുമാനമെടുക്കാൻ പറ്റാതെ പകച്ചുനിൽക്കുകയായിരുന്നെന്നും അവർ പറഞ്ഞു.

മദ്യമല്ല കുറ്റവാളിയെന്ന് മനസ്സിലാക്കിയതോടെ അതുവരെ നിഷ്‌ക്രിയരായി നിന്നിരുന്ന കലവറക്കാരും നീരസത്തിലായിരുന്ന ഭർത്താവും ചേർന്ന് പ്രാഥമികകാര്യങ്ങൾ ചെയ്തു. ഒരുവണ്ടിയിൽ അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്തസമ്മർദംകൂടി തലകറങ്ങിവീണതായിരുന്നു ആ ചെറുപ്പക്കാരൻ. ഒരു ജീവൻ രക്ഷിക്കാനും കൂടെയുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾക്ക് അവസരത്തിനൊത്ത് ഉയരാനുള്ള മനോധൈര്യം നൽകാനും കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. തലച്ചോറുകൊണ്ട് മാത്രമല്ല; ഹൃദയംകൊണ്ടും ചിന്തിക്കാൻ കഴിവുള്ളവരാണ് ഞങ്ങൾ സ്ത്രീകൾ!
                               *********************************

ഒരു ജീവൻ രക്ഷിച്ചതിന് മുഖ്യമന്ത്രി നൽകിയ അവാർഡ്

വിജയശ്രീ സതീഷ്
ശ്രീനന്ദനം, ചിറവംമുട്ടം, ചങ്ങനാശ്ശേരി

1993-’94ൽ കോളേജിൽ പഠിക്കുന്ന സമയം. ഞാനും എന്റെ കൂട്ടുകാരുംകൂടി നടന്നാണ് കോളേജിൽ പോയിരുന്നത്. ജൂൺ-ജൂലായ്‌ മാസത്തിൽ വെള്ളം പൊങ്ങിയതിനാൽ വള്ളത്തിലാണ് യാത്ര. ഓരോ സ്ഥലത്തും വള്ളം അടുപ്പിച്ച് ആൾക്കാരെ കയറ്റും. വാഴപ്പള്ളി കുറ്റിശ്ശേരിക്കടവ് എന്ന സ്ഥലത്ത് ഞങ്ങൾ ഇറങ്ങി മുന്നോട്ടുനടന്നപ്പോൾ അതിഭയങ്കരമായ ഒച്ചയും ബഹളവും കേട്ട് തിരിഞ്ഞു നോക്കി. അപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ വള്ളത്തിലുണ്ടായിരുന്ന ഏഴുവയസ്സുള്ള പെൺകുട്ടി ഇറങ്ങിയവഴി വെള്ളത്തിലേക്കുവീണു. അതുകണ്ട് ഞങ്ങൾ തിരികെ ഓടിക്കൂടി. അപ്പോഴേക്കും കയത്തിലേക്ക് കുട്ടി മുങ്ങിത്താഴുകയായിരുന്നു. ആ കുട്ടിയെ രക്ഷിക്കാൻ എല്ലാവരും പരിശ്രമിച്ചു. പക്ഷേ, നിരാശരായി. ഒന്നുംനോക്കാതെ ഞാൻ ബാഗെല്ലാം എടുത്തെറിഞ്ഞു. എന്റെ ജീവൻപോലും നോക്കാതെ ഞാൻ ആ കയത്തിലേക്ക് എടുത്തുചാടി. ആ കുട്ടിയെ രക്ഷിക്കാൻവേണ്ടി ഒരുപാട് പ്രയത്നിച്ചു. പിന്നെ തലമുടിപിടിച്ച് ഒരുവിധം കരയിലേക്ക് അടുപ്പിച്ചു. അതിന് എനിക്ക് ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ സാറാണ് അവാർഡ് സമ്മാനിച്ചത്. വേറെയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
                                 *********************************

ചോരയിൽ കുളിച്ച രാത്രി

സുചിത്ര എൽ.ആർ.
ദ്വാരക ഭവനം
ഒലവക്കോട്

2016 ഓഗസ്റ്റിലാണെന്ന് തോന്നുന്നു. റെയിൽവേയിൽ ജോയിൻചെയ്ത്‌ അധികകാലം ആയിട്ടില്ല. കഞ്ചിക്കോടുപോലെയുള്ള ചെറിയസ്റ്റേഷനിൽ രാത്രിയിൽ ഒരു സ്റ്റേഷൻമാസ്റ്ററും പിന്നെ ഞങ്ങളെപ്പോലുള്ള പോയൻറ്‌്‌സ്‌ മാനും മാത്രമേ ഉണ്ടാകൂ. 12.10-ന് കൊച്ചുവേളി-ബെംഗളൂരു എക്സ്‌പ്രസിന് സിഗ്നൽ കാണിച്ചശേഷം സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ സംസാരിക്കുകയായിരുന്നു ഞങ്ങൾ. ട്രെയിനിങ്ങിനുവന്ന മറ്റൊരു സ്റ്റേഷൻ മാസ്റ്ററും കൂടെയുണ്ടായിരുന്നു. രണ്ടാളും ബിഹാറുകാർ.

പെട്ടെന്ന് മുറിയിലേക്ക് ശരീരത്തിലാകമാനം ചോരയൊലിപ്പിച്ച്‌ ഒരാൾ കയറിവന്നു. എവിടെനിന്നാണ് ചോര ഒലിക്കാത്തത്, എവിടെയാണ് മുറിവില്ലാത്തത്, എന്താണ് സംഭവിച്ചത് എന്നൊന്നും മനസ്സിലാകുന്നില്ല. ആളെക്കണ്ടതുമുതൽ ശരീരം പൂക്കുലപോലെ വിറയ്ക്കുന്നുണ്ട്.

തീവണ്ടിയിൽനിന്ന് വീണ് ശരീരമാസകലം മുറിവേറ്റതായിരുന്നു. താങ്ങിപ്പിടിച്ചുകൊണ്ടുപോയി അടുത്തുള്ള ബെഞ്ചിൽ കിടത്തി. ബെംഗളൂരുവിൽ ടെക്കിയായ കരുണേഷ് കുമാറായിരുന്നു ആ യുവാവ്. വാതിൽപ്പടിയിലിരുന്ന് ഉറങ്ങിയതാണ് വിനയായത്.

പെട്ടെന്നുതന്നെ എനിക്ക് ഉണർന്നുപ്രവർത്തിക്കാൻ കഴിഞ്ഞു. ഉടൻ കഞ്ചിക്കോട് ഫയർസ്റ്റേഷനിലും വാളയാർ പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. സ്റ്റേഷനിലെ ഫസ്റ്റ് എയ്‌ഡ് ബോക്സെടുത്ത് കഴിയുന്നവിധം മുറിവുകൾ വൃത്തിയാക്കി. മുറിവുകെട്ടാനായി തല താങ്ങിയെടുത്തപ്പോഴാണ് മനസ്സിലായത് തലമുഴുവൻ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണെന്ന്. അതിനിടയിൽ ആൾ പലവട്ടം വായിലേക്ക് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. സംസാരിക്കുന്നുണ്ടെങ്കിലും ഒട്ടും സ്പഷ്ടമാകുന്നുണ്ടായിരുന്നില്ല. കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയാണെന്ന് കരുതി വെള്ളം കൊടുക്കാൻ ചെന്നപ്പോഴാണ് ആൾ നടുവേ പിളർന്ന നാവ് നീട്ടിക്കാണിച്ചത്. തകർന്നുപോയ നിമിഷങ്ങൾ...

അപ്പോഴേക്കും കഞ്ചിക്കോട് ഫയർ ഫോഴ്‌സ് യൂണിറ്റിന്റെ ആംബുലൻസെത്തി. ഉടൻതന്നെ അദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. ആംബുലൻസിലേക്ക് മാറ്റുമ്പോൾ കണ്ണീരോടെ കൈകൾകൂപ്പി തൊഴുതു. അയാളുടെ അന്നത്തെ ആ മുഖമാണ് പിന്നീടങ്ങോട്ട് അഭിമുഖീകരിച്ച അപകടങ്ങളിൽ മടിച്ചുനിൽക്കാതെ ഉണർന്നുപ്രവർത്തിക്കാൻ എനിക്ക് പ്രചോദനമായത്

                                 *****************************

ആ കുഞ്ഞിനുവേണ്ടി ഞാൻ നേതാവായി

ലുബിന ടി.കെ. 
ആമിന മൻസിൽ
മുഴുപ്പിലങ്ങാട്, കണ്ണൂർ

2007-ൽ എന്റെ അമ്മ തലശ്ശേരി ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ആയ സമയം. അന്ന് എനിക്ക് 11 വയസ്സ്. ഞാൻ തന്നെയായിരുന്നു അമ്മയ്ക്ക് കൂട്ട്. അവിടെ എനിക്ക് ആരെയും പരിചയമില്ല. പിന്നീട് വാർഡിലെത്തന്നെ ഒരു സ്ത്രീയെ പരിചയപ്പെട്ടു. സുഖവിവരം ചോദിക്കാനും പുറത്തുപോകാനുമൊക്കെ എനിക്ക് സഹായമായിരുന്നു അവർ.

ഒരുദിവസം വാർഡിൽ ഒരു അമ്മയും കുഞ്ഞുംവന്നു. വല്ലാത്ത സങ്കടത്തിലായിരുന്നു അവർ. കുഞ്ഞിന്റെ വിരലുകൾക്ക് പഴുപ്പായിരുന്നു. ഡോക്ടറെ കാണിച്ചിട്ട് കുറവില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകാനാണ് ഡോക്ടർമാർ പറയുന്നത്. അല്ലെകിൽ കുട്ടിയുടെ ശരീരം മുഴുവൻ പഴുപ്പ് കേറും. കോഴിക്കോട്ടു കൊണ്ടുപോയി ചികിത്സിക്കാനുള്ള സാമ്പത്തികശേഷി അവർക്കില്ല.

വാർഡിൽവെച്ച് പരിചയപ്പെട്ട ചേച്ചിയുടെ സഹായം ഞാൻ തേടി.

ആ പിഞ്ചുകുഞ്ഞിനുവേണ്ടി ഒരു വലിയ സഹായം ചെയ്യണമെന്ന് എന്റെ മനസ്സു പറഞ്ഞു. ഞങ്ങൾ ഡിസ്‌ച്ചാർജ് ആകാൻ ഏതാനും ദിവസംമാത്രം. എന്റെകൂടെ അവർക്കുവേണ്ടി പൈസ പിരിക്കാൻ വരണമെന്ന് ഞാൻ ചേച്ചിയോട് പറഞ്ഞു. നിർബന്ധംകൊണ്ട് ചേച്ചി സമ്മതിച്ചു. അങ്ങനെ ആശുപത്രിയിലെ കുറേപ്പേരിൽനിന്ന് സഹായംതേടി. നല്ലൊരു തുകതന്നെ സംഘടിപ്പിക്കാനായി. ആ അമ്മ ഞങ്ങളോട് നന്ദി പറഞ്ഞു. ‘‘ഈ കുട്ടി ആണ് ഇതി​െന്റ പിന്നിൽ പ്രവർത്തിച്ചത്’’ -ചേച്ചി എല്ലാവരോടുമായി പറഞ്ഞു. അവരെല്ലാം എന്നെ നോക്കി സ്നേഹത്തോടെ ചിരിച്ചു.
                          *****************************                            

ഒല്ലൂർ ലൈബ്രറിക്ക് ജീവൻവെപ്പിച്ച ക്ലിക്ക്‌

രമാദേവി ദേവദാസ്
സൗപർണിക
ഒല്ലൂർ, തൃശ്ശൂർ

2015-ലായിരുന്നു ആ സംഭവം. തൃശ്ശൂരിന് ഒരു വിളിപ്പാടകലെയാണ് ചിരപുരാതനമായ ഒല്ലൂർ സോണൽ ലൈബ്രറി. കോർപ്പറേഷന് കീഴിലുള്ള വായനശാല. അതിന് താഴുവീണിട്ട് എട്ടുവർഷം കഴിഞ്ഞിരുന്നു. ലൈബ്രറി തുറന്നുകിട്ടാൻ ഒരുപാട് വ്യക്തളെയും സംഘങ്ങളെയും അക്ഷരസ്നേഹികളെയും മാറിമാറി സമീപിച്ചു. എങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ആ അക്ഷരഖനി പിന്നെയും അടഞ്ഞുകിടന്നു. പുസ്തകങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് എന്റെ മനസ്സിനെ വേട്ടയാടി. ലെബ്രറിയുടെ ഉൾവശത്തിന്റെ ചിത്രം സ്വയമെടുക്കുകയെന്ന തീരുമാനത്തിലേക്ക് അതെന്നെ നയിച്ചു.

അടഞ്ഞുകിടന്ന ലൈബ്രറിക്കുമുന്നിൽ നിരനിരയായി ഒതുക്കിയ ഒരുപാട് ഇരുചക്രവാഹനങ്ങൾ. അതിൽ ഒരു ബൈക്കിന് മുകളിൽ കയറിനിന്ന് കൈയിൽകിട്ടിയ കമ്പുകൊണ്ട് വാതിലിന് മുകളിലെ വെൻറിലേഷൻ പാളി ഞാൻ പതിയെ തുറന്നു. മറ്റൊരു കമ്പുകൊണ്ട് മാറാല തട്ടിനീക്കി. ആ ഇത്തിരി പാളിയിലൂടെ മൊബൈൽഫോൺ ഉപയോഗിച്ച് ലൈബ്രറിയുടെ ഉൾവശം പകർത്തുകയെന്നത് എനിക്ക് ഏറെ ശ്രമകരമായിരുന്നു.

ക്യാമറക്കണ്ണിലൂടെക്കണ്ട ഉൾവശം അക്ഷരാർഥത്തിൽ എന്നെ ഞെട്ടിച്ചു. കെട്ടുപൊട്ടിക്കിടക്കുന്ന നൂറുകണക്കിന് പുതിയ പുസ്തകങ്ങൾ. ദ്രവിച്ച് പോയ മറ്റനേകം പുസ്തകങ്ങൾ ചിതറിക്കിടക്കുന്നു. കസേരയും മേശയും മാറാല കെട്ടി ചിതലരിച്ചു. വർഷങ്ങളുടെ അനാഥത്വം വികൃതമാക്കിയ ലൈബ്രറിയുടെ നേർചിത്രം ഞാനെന്റെ മൊബൈൽ ക്യാമറയിൽ പകർത്തി. ആ ചിത്രങ്ങളുമായി ചിലരെ സമീപിച്ചു. ഒരു ചിരിയിലും ചില എതിർപ്പുകളിലും ‘ടീച്ചർക്ക് പറ്റുന്നത് ചെയ്യൂ’ എന്ന ആശംസയിലും അതിന്റെ ഗൗരവം നഷ്ടപ്പെടുന്നതായി ഞാൻ ഭയപ്പെട്ടു. ചിത്രങ്ങൾ സി.ഡി.യിലേക്ക് പകർത്തി വിശദറിപ്പോർട്ടുസഹിതം ഒരു കവറിലിട്ട് ഞാനത് തൃശ്ശൂർ മാതൃഭൂമി ഓഫീസിലെത്തിച്ചു. വൈകീട്ട് മാതൃഭൂമിയിൽനിന്ന് വിളിച്ച് കാര്യങ്ങൾ തിരക്കി. പിറ്റേന്നുതന്നെ ഞാനെടുത്ത ചിത്രങ്ങൾസഹിതം പത്രത്തിൽ വലിയ വാർത്തവന്നു.

ഉത്തരവാദപ്പെട്ടവർ നേരിട്ട് ഇടപെട്ടു. ലൈബ്രറി തുറന്ന് പുനരുദ്ധാരണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു. ഒരു നിമിത്തംപോലെ അക്ഷരസ്നേഹികളും കലാകാരന്മാരും ഒത്തുചേർന്നു. വിലപ്പെട്ട പല സൗഹൃദങ്ങളും ഉടലെടുത്തു. അക്ഷരങ്ങളോടുള്ള കടുത്ത ആരാധന തന്നെയാണ് അന്ന് അങ്ങനെ ഒരു സാഹസംചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.

                         ********************************

മിഷൻ രത്നഗിരി

ദൃശ്യ ചന്ദ്രൻ
ദേവസ്വം ബോർഡ് ഹെെസ്ക്കൂൾ
തൃക്കാരിയൂർ, കോതമം​ഗലം

​കോവിഡ് ലോക്ഡൗണിലായ കഴിഞ്ഞ മാർച്ച്-ഏപ്രിൽകാലം. അധ്യാപികയായ ഞാൻ ഫോണിലൂടെ അത്യാവശ്യം ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുഴുകിക്കഴിയുന്നു. മാർച്ച് അവസാനം അപരിചിതമായ നമ്പറിൽനിന്ന്‌ ഒരു ഫോൺവന്നു. ‘‘ചേച്ചി ഞാൻ മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന് വിളിക്കുകയാണ്. ഞങ്ങൾ കുറച്ച് ചെറുപ്പക്കാർ ഇവിടെ പെട്ടുപോയി. നാട്ടിലേക്ക് തിരിച്ചുവരാൻ ഒരുമാർഗവുമില്ല. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. ഒരു സുഹൃത്താണ് ചേച്ചിയുടെ നമ്പർ തന്നത്. ഞങ്ങൾക്ക് എന്തെങ്കിലും സഹായംചെയ്യാൻ കഴിയുമെങ്കിൽ ചെയ്തുതരണം’’- കോൾ വന്ന നമ്പറിലേക്ക് 1000 രൂപ അയച്ചുകൊടുക്കുകയാണ് ആദ്യംചെയ്തത്.

ഗൂഗിൾ മാപ്പ് നോക്കി സ്ഥലം ലൊക്കേറ്റ് ചെയ്തു. അറുപതോളം വരുന്ന ചെറുപ്പക്കാർ. ചെക്‌പോസ്റ്റുകൾ അടഞ്ഞുകിടക്കുന്നു. മഹാരാഷ്ട്രയിൽനിന്ന്‌ നാട്ടിലെത്തിക്കാൻ എത്ര കടന്പ താണ്ടണം? എനിക്ക് പരിചയത്തിലുള്ളവരെയെല്ലാം വിളിച്ചു. മലയാളി അസോസിയേഷൻ പ്രവർത്തകർ അവർക്ക് ആദ്യം ഭക്ഷണമെത്തിച്ചു. ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റുമായി ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കാൻ ബസ് അറേഞ്ച് ചെയ്യാനായി അടുത്ത ശ്രമം. പാസെടുക്കുന്നതടക്കം ഔദ്യോഗികമായി വലിയ കടന്പകൾ. ഒരു മാസത്തെ പ്രയത്നം. ഒടുവിൽ തിരുവനന്തപുരത്തുനിന്ന് ഇവരെ കൊണ്ടുവരാൻ രണ്ടുബസുകൾ പുറപ്പെട്ടു. കളക്ടറുടെ അനുവാദം, ചെക്‌പോസ്റ്റിൽനിന്നുള്ള അനുമതി, സംസ്ഥാനം കടക്കാനുള്ള അനുമതി, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ... എല്ലാം സജ്ജമാക്കി. ഒടുവിൽ മേയ് 20-ന് ബസ് അവരെത്തേടി രത്നഗിരിയിലെത്തി.
                                                   ************************************

ഈ കുട്ടി നിങ്ങളുടേത് തന്നെയാണോ?

സുനന്ദ എസ്.
വൃന്ദാവനം
എരഞ്ഞിക്കൽ, എലത്തൂർ, കോഴിക്കോട്

ഒരു ദിവസം കുറച്ച് ചെറുപ്പക്കാർ വട്ടംകൂടിയിരുന്ന് സൊറപറയുന്നു. അതിലൊരാൾക്കൊപ്പം ഏകദേശം രണ്ടുവയസ്സുളള കുട്ടിയുണ്ട്. അയാൾ സിഗരറ്റ് വലിക്കുകയാണ്.

ഞാൻ അങ്ങോട്ടുചെന്ന് അയാളെ വിളിച്ചു ചോദിച്ചു: ‘‘ഈ കുട്ടി നിങ്ങളുടേത് തന്നെയാണോ’’ എന്ന്. അപ്രതീക്ഷിതമായ ചോദ്യം ഒരു അപരിചിതയിൽനിന്ന് കേട്ട് അമ്പരന്ന ചെറുപ്പക്കാരൻ എന്നെ നോക്കി. അപ്പോൾ അയാൾ അതെ എന്നു പറഞ്ഞു. ഞാൻ വീണ്ടും ചോദിച്ചു: ‘‘ഈ കുഞ്ഞിന്റെ ശ്വാസകോശത്തിലേക്ക് വിഷപ്പുക നിറയ്ക്കുന്നത് അറിഞ്ഞുകൊണ്ടുതന്നെയാണോ’’ എന്ന്. അയാൾ ഉടനെ സോറി പറഞ്ഞു സിഗരറ്റ് നിലത്തിട്ട് കെടുത്തി. തിരിച്ചുവരുമ്പോൾ ഞാൻ ആലോചിച്ചു, അവരുടെ പ്രതികരണം മറ്റുരീതിയിലായിരുന്നെങ്കിലോ?
            ***************************************************

സംഗതിയേറ്റു

നാട്ടിൽ അറിയപ്പെടുന്ന ഒരു മാന്യൻ അയാളുടെ ഭാര്യയോട് വളരെ മോശമായിട്ടാണ് പെരുമാറുന്നത്. ഉപദ്രവം സഹിക്കാൻ പറ്റാതെ ഒരുദിവസം അയാളുടെ ഭാര്യ കരഞ്ഞുകൊണ്ട് ഈ വിവരം എന്നെ വിളിച്ചുപറഞ്ഞു. ഇത്രയും ‘മാന്യനായ’ ഒരു വ്യക്തിയോട് എങ്ങനെ പറയണമെന്ന് എനിക്ക് ഒരു എത്തുംപിടിയുമില്ലായിരുന്നു. രണ്ടും കല്പിച്ച് അയാളോട് സംസാരിക്കാനായി ഞാൻ അവരുടെ വീട്ടിൽപ്പോയി. ഞാൻ ചെന്നപ്പോൾ അയാൾ അവിടെ ഇല്ലായിരുന്നു. ഭാര്യയുമായി കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് ഞാൻ തിരിച്ചു പോന്നു. പോരുന്നതിനുമുമ്പ് ഗാർഹിക പീഡനം തടയൽ നിയമത്തിന്റെ ബുക്‌ലെറ്റ് അവരുടെ ടീപ്പോയിലെ പത്രത്തിന് മുകളിൽ വെച്ചു. 

ജ്യോതി നാരായണൻ
തൃക്കാക്കര, കൊച്ചി
                     ************************************

ആ ഇടപെടൽ ഒരു കുടുംബത്തിന്‌ ലൈഫായി

അനുഷ
ചീക്കിലോട് യു.പി. സ്കൂൾ ആയഞ്ചേരി

ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഓൺലൈൻ ക്ലാസിൽ വരാത്തതുകൊണ്ട് വിളിച്ചുനോക്കിയിരുന്നു. കുട്ടിയുടെ ചേച്ചിയാണ് ഫോൺ അറ്റൻഡ് ചെയ്തത്. അപ്പോഴാണ് കുട്ടിയുടെ വീട്ടിലെ അവസ്ഥ മനസ്സിലായത്. അവരുടെ വീട്ടിൽ 13 അംഗങ്ങൾ ഉണ്ട്. ഒരു ഷെഡ്ഡിൽ ആണ് കഴിയുന്നത്. അച്ഛനും അമ്മയും രണ്ട് മക്കളും പിന്നെ അച്ഛന്റെ കല്യാണം കഴിക്കാത്ത നാല് പെങ്ങമ്മാരും ഒരു അമ്മമ്മയും പാപ്പനും അടങ്ങുന്ന കുടുംബം.

ഞാൻ വീട്ടിൽ പോയിരുന്നു. കഴിയുന്ന രീതിയിൽ ചെറിയ സാമ്പത്തികസഹായം ഞാൻ ചെയ്തു. അവർ മുന്നേ ലൈഫ് പദ്ധതിയിൽ അപേക്ഷ കൊടുത്തിരുന്നു. അത് സംസാരിക്കാൻ ഞാനും കുട്ടിയുടെ ചേച്ചിയും 15 കിലോമീറ്റർ അപ്പുറത്തുള്ള വില്ലേജ് ഓഫീസിൽ മൂന്നുവട്ടം പോയി. അടുത്ത പ്രാവശ്യം ലിസ്റ്റിൽ ഉൾപ്പെടുത്താം എന്ന് അവർ അറിയിച്ചിട്ടുണ്ട്. പക്ഷേ, കാര്യങ്ങൾ വൈകുന്നത് കൊണ്ട് ഞാൻ ശ്രമം ഉപേക്ഷിച്ചില്ല.

ഞാനും കുട്ടിയും കൂടി എം.എൽ.എ.യുടെ ഓഫീസിൽ പോയി അപേക്ഷ കൊടുത്തു. അവർ കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു. ഞങ്ങൾ പല ആൾക്കാരുമായി കാര്യങ്ങളൊക്കെ സംസാരിച്ചു. കഴിഞ്ഞദിവസം കെ.എസ്.ടി.എ. പ്രവർത്തകർ, സ്കൂളിൽ വീടില്ലാത്ത ഏതെങ്കിലും കുട്ടിയുടെ പേർ കൊടുക്കാൻ പറഞ്ഞിരുന്നു. ഈ കുട്ടിയുടെ പേരാണ് കൊടുത്തത്.

ആ കുട്ടിയുടെയും കുടുംബത്തെയും കണ്ണീരിന്‌ ഒരു അവസാനം ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു അടുക്കളയും ടോയ്‌ലറ്റും മാത്രം കിട്ടിയാൽ മതിയായിരുന്നു എന്ന് കുട്ടിയുടെ ചേച്ചി പറഞ്ഞിട്ടുണ്ട്. ഞാനിത് ഇവിടെ പറഞ്ഞത് എന്റെ കാര്യം ബോധ്യപ്പെടുത്താൻ അല്ല. എങ്ങനെയെങ്കിലും ആ കുട്ടിയുടെ കാര്യം ശരിയായാൽ മതിയായിരുന്നു എന്ന് കരുതിയിട്ടാണ്.

                             ************************************

ആ കുട്ടിക്കായി ഒരു കൈസഹായം

വത്സല രാമചന്ദ്രൻ 
തകിടിയിൽ, കായംകുളം

മുംബൈയിൽനിന്ന് കേരളത്തിലേക്കുള്ള ഒരു യാത്ര. ഞാനും എന്റെ രണ്ട് ചെറിയ കുഞ്ഞുങ്ങളും ലേഡീസ് കമ്പാർട്ട്‌മെന്റിലായിരുന്നു. രത്നഗിരി സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിൻ നിർത്തി. സമയംകഴിഞ്ഞിട്ടും പോകാത്തതിനാൽ പുറത്തിറങ്ങി കാര്യമന്വേഷിച്ചു.

കമ്പാർട്ട്‌മെന്റിനരികിലേക്കു ചെന്നപ്പോൾ, മലയാളികളായ രണ്ട് സഹോദരങ്ങളിൽ മൂത്ത ആൺകുട്ടി മരിച്ചുകിടക്കുന്നു. ഇളയകുട്ടിക്ക് ഭാഷയും അറിയില്ല, കൈയിൽ അധികം കാശുമില്ല. റെയിൽവേ പോലീസിനെ അറിയിച്ചു. അവർ നടപടികളെടുക്കാൻ തുടങ്ങി. ഞാൻ അവനോട്‌ കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കി. അവന്റെ നിസ്സഹായാവസ്ഥയിൽ എന്തെങ്കിലും അവനുവേണ്ടി ചെയ്യണമെന്നു തോന്നി. ഞാൻ പെട്ടെന്ന് എന്റെകൂടെയുണ്ടായിരുന്ന മലയാളികളെയുംകൂട്ടി ട്രെയിനിന്റെ മുൻ കമ്പാർട്ട്‌മെന്റുകളിൽ അലഞ്ഞു. എല്ലാവരോടും കാര്യംപറഞ്ഞു. കിട്ടാവുന്ന ചില്ലറത്തുട്ടുകളും നോട്ടുകളും സ്വരൂപിച്ച്‌ സഹോദരൻ നഷ്ടപ്പെട്ട ആ കുട്ടിയെ ഏൽപ്പിച്ചു.
                                    *************************************

സമരക്കാരോട് പറഞ്ഞു
കടക്കൂ പുറത്ത്...

ശകുന്തള പ്രേമൻ
മാച്ചാമംഗലത്ത് വീട്
ഇരിങ്ങപ്പുറം പി.ഒ.
ഗുരുവായൂർ

പഠിക്കുന്ന കാലത്തെ ഏറ്റവും ഇഷ്ടപ്പെടുന്ന ദിവസങ്ങളിൽ ഒന്ന് ഏതെന്ന് ആരെങ്കിലും ചോദിച്ചാൽ കുറച്ചുപേരെങ്കിലും പറയും ‘സമരം’.

ഓരോ ക്ലാസും കയറി കുട്ടിനേതാക്കന്മാർ ക്ലാസ് വിടീക്കുന്നത് നോക്കി അടുത്തത് ഞങ്ങളുടെ ക്ലാസിൽ വരണേന്ന് പ്രാർഥച്ചിരിക്കുന്ന ധാരാളം വിദ്യാർഥികൾ. ഈ പരീക്ഷക്കാലത്ത് എന്നും സമരമെന്ന് പ്രാകി പഠിപ്പിസ്റ്റുകൾ.

1985 ജനുവരി. പതിവ് പോലെ അമ്പലക്കുളത്തിലെ നീരാട്ടും കഴിഞ്ഞ്, കഴുകാത്ത യൂണിഫോം നന്നായി കുടഞ്ഞിട്ട്, ബാഗും എടുത്ത് സ്കൂളിലേക്കുള്ള ഓട്ടം.

അസംബ്ലി കഴിഞ്ഞു. മിക്സഡ് സ്കൂൾ ആയിരുന്നു. സ്കൂളിന്റെ വലതുഭാഗം ആൺകുട്ടികൾ. ഇടതുഭാഗം പെൺകുട്ടികൾ.

ഞങ്ങളുടെ ക്ലാസ് ടീച്ചർ ശ്രീധരൻ മാഷ് പേരുവിളിക്കാൻ തുടങ്ങി. അപ്പോഴാണ് കുട്ടിനേതാക്കളുടെ വരവ്. ഡെസ്‌ക് എടുത്തുപൊക്കിയൊന്ന് കുത്തി. ‘‘എണീറ്റോ എണീറ്റോ’’ എന്ന ആജ്ഞ.

കുറച്ചുപേർ ബാഗ് എടുക്കാൻ തുടങ്ങി. മാഷ് നിസ്സംഗതയോടെ ഇരിക്കുന്നു. ആ സമയം എന്നിലെ നേതാവ് സടകുടഞ്ഞു. ഞാൻ എഴുന്നേറ്റ്, രണ്ടുഭാഗമായിട്ട്‌ ​െബഞ്ചിന്റെയും ഡെസ്‌ക്കിന്റെയും മാഷിന്റെ മേശയുടെ മുന്നിൽനിന്നു. ‘‘ഒരാളും ഇവിടെനിന്ന് എഴുന്നേൽക്കില്ല. പരീക്ഷയാണ് വരുന്നത്. ഞങ്ങൾക്ക് പഠിക്കണം’’.-ഞാൻ പറഞ്ഞു. ഹെഡ്മാസ്റ്റർ വന്നു. അധ്യാപകർ വന്നു. എന്റെ തീരുമാനത്തിന് മുന്നിൽ ഒരു കുട്ടിയും എഴുന്നേറ്റില്ല. കുട്ടിനേതാക്കൾ സമരംനിർത്തി.
                          ********************************

പൊട്ടിയ ചെരിപ്പുമായി കളക്ടർക്കുമുന്നിൽ

സുമം​ഗല കെ. നായർ
പൂവത്തുംമുട്ടിൽ വീട്
തെള്ളിയൂർ, പത്തനംതിട്ട

1990-ന്റെ തുടക്കം. ഹൈസ്കൂൾ അധ്യാപികയായിരുന്നു ഞാൻ. സ്കൂളിേലക്കുള്ള ബസ് കിട്ടണമെങ്കിൽ വീട്ടിൽനിന്ന് ഒന്നരക്കിലോമീറ്റർ നടക്കണം.

മലയോരമേഖലയിലെ കുത്തനെയുള്ള കയറ്റവും ഇറക്കവും നിറഞ്ഞ റോഡ്. ഈ പഞ്ചായത്തുറോഡിൽ ടാറിങ്ങിന്റെ ഭാഗമായി മെറ്റലിട്ടിട്ട്‌ ഒരുവർഷമായിട്ടും ടാർ ചെയ്തില്ല. ദുർഘടം പിടിച്ച ഈ പൊതുവഴി മെറ്റലിളകി നടക്കാൻവയ്യാത്ത അവസ്ഥയിലായി.

രാവിലെ 9.15-ന്റെ ബസ് പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകുതി ദിവസത്തെ അവധിയാകും. വീട്ടമ്മയായ ഞാൻ രാവിലെത്തെ തിരക്കൊഴിഞ്ഞ്‌ ഓടിയിറങ്ങുമ്പോൾ സമയം അതിക്രമിച്ചിരിക്കും. പിന്നെ ഈ പാത താണ്ടാനുള്ള പരിശ്രമമാണ്. ഓട്ടത്തിനിടെ ഇളകിയ മെറ്റൽതട്ടി കാൽമുറിയുന്നതും ഉളുക്കുന്നതും ചെരിപ്പുപൊട്ടുന്നതും പതിവ്. റോഡിന്റെ മോശം അവസ്ഥയിൽ സഹികെട്ടിരിക്കുമ്പോഴാണ് കളക്ടർ തൊട്ടടുത്തുള്ള സ്ഥലത്ത് എത്തിയ വിവരമറിഞ്ഞത്. രാവിലെ സ്കൂളിൽപ്പോകുന്ന വഴിയിൽവെച്ച് ചെരിപ്പ് വീണ്ടും പൊട്ടി. പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല; പൊട്ടിയ ചെരിപ്പും നോവുന്ന കാലുകളുമായി നേരെ വേദിയിലേക്ക്. വിവരമാരാഞ്ഞ കളക്ടറോട്‌ എല്ലാം വിശദീകരിച്ചു. ഏതായാലും ഒരു മാസത്തിനകം റോഡ് ടാർ ചെയ്തു.
                      ***********************************

പൊള്ളുന്ന കണ്ണീർത്തുള്ളികൾ

വി.കെ. മനോരമ
ടി.സി. 19‌/291(1)
വട്ടവിള, തിരുവനന്തപുരം

അധ്യാപനരംഗത്ത് 30 വർഷം സർവീസുണ്ട്. 10 വർഷം മുമ്പ് ഒരു പെൺപള്ളിക്കൂടത്തിൽ ജോലിചെയ്യുന്ന സമയം. എനിക്ക് ഭക്ഷണത്തിന്റെ ചുമതലകൂടിയുണ്ടായിരുന്നു. അങ്ങനെയൊരു പ്രഭാതഭക്ഷണസമയം. രണ്ടുകുട്ടികൾ ഇഡ്ഡലി വാങ്ങി അമ്മയുമായി ഒളിച്ചിരുന്ന് കഴിക്കുന്നു. അതൊരു വലിയ കള്ളമായിക്കണ്ട മറ്റുകുട്ടികൾ പൊടിപ്പും തൊങ്ങലും വെച്ച് എന്റെയടുക്കൽവന്ന് പറഞ്ഞു. ഞാൻ അവരോടൊപ്പം പോയി സംഗതി കൈയോടെ പിടിച്ചു. കരളലിയിക്കുന്ന കാഴ്ച. ഞാൻ അവർക്കാവശ്യമായ ഭക്ഷണം കൊടുത്തു. മെലിഞ്ഞ് എല്ലുംതോലുമായ അമ്മയോട് കാര്യങ്ങൾ തിരക്കി. അവർ കഥ പറഞ്ഞു: ഓട്ടോഡ്രൈവറായ ഭർത്താവ് നിരന്തരമായി മക്കളെ ലൈംഗികമായി ഉപയോഗിക്കുന്നു. അതിൽനിന്ന് രക്ഷനേടാൻ ജനറൽ ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് എടുത്ത് ഒമ്പതാം വാർഡിൽ രാത്രിയിൽ അഭയംതേടുന്നു. രാവിലെ കുട്ടികളുമായി വന്ന് സ്കൂളിലെ ഭക്ഷണം കഴിക്കുന്നു. ഉച്ചയ്ക്കും അങ്ങനെത്തന്നെ. ഉച്ചയ്ക്ക് പാത്രത്തിൽ ഭക്ഷണം ശേഖരിച്ച് വൈകീട്ടും കഴിക്കുന്നു.

അവരുടെ കഥകേട്ട് ഞാൻ കരയാതിരിക്കാൻ ശ്രദ്ധിച്ചു. സ്കൂൾ അധികൃതരുമായ് സംസാരിച്ച് അവരുടെ കാര്യത്തിൽ തീർപ്പുണ്ടാക്കാൻ നിശ്ചയിച്ചു. ഉത്തരവാദപ്പെട്ടവരെ സമീപിച്ചു. അവരെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിൽ സുരക്ഷിതമായി എത്തിക്കാൻ കഴിഞ്ഞു. എല്ലാം കഴിഞ്ഞ് വീടെത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു.
                         ***********************************

തളരാതെ മുന്നോട്ട്

സാബിറ കെ.പി. 
വലിയപറമ്പത്ത്
എം.ജി. ന​ഗർ
മാത്തറ, കോഴിക്കോട്

തളർന്നുകിടക്കുന്ന ഭർത്താവ്. മൂന്ന് കുഞ്ഞുങ്ങളാണ് ഞങ്ങൾക്ക്. പതിനൊന്നുവർഷമായി ഭർത്താവ് കിടപ്പിലായിട്ട്. പക്ഷേ, ഞാൻ തളർന്നില്ല. കുടുംബത്തിനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്ന ആത്മവിശ്വാസം എന്നെ ഉണർത്തി. ഇപ്പോൾ ഞാൻ ചെറുതായിട്ടെങ്കിലും അറിയപ്പെടുന്ന ഒരു ഗ്യാസ് റിപ്പയററാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു.

Content Highlights: International Women's Day 2021, women's selected writeups on women's day, Women