പുരുഷന്മാരെക്കാൾ എട്ടുലക്ഷത്തോളം വനിതാവോട്ടർമാർ കൂടുതലുള്ള സംസ്ഥാനം. ഒട്ടേറെ സ്ത്രീപോരാട്ടങ്ങൾക്ക് വേദിയായ മണ്ണ്. എന്നാൽ, ആറരപ്പതിറ്റാണ്ടിന്റെ ചരിത്രമുള്ള കേരളനിയമസഭയിൽ ഭരിക്കാനാവസരംകിട്ടിയ വനിതകളുടെ എണ്ണംകേട്ടാൽ ഞെട്ടും- വെറും എട്ട്. പുരുഷമന്ത്രിമാർ 201-ഉം.

22 മന്ത്രിസഭകളാണ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. ഇതിൽ ഒൻപത് മന്ത്രിസഭകളിൽ വനിതാ പ്രാതിനിധ്യം വട്ടപ്പൂജ്യം. ആദ്യമായി രണ്ടുവനിതകൾ ഒന്നിച്ച് മന്ത്രിസഭയിലെത്തുന്നതുതന്നെ 2016-ൽ പിണറായി സർക്കാരിലാണ്.

മുഖ്യമന്ത്രി പദമാകട്ടെ കേരളത്തിലെ വനിതകൾക്ക് ബാലികേറാമലയാണ്. കെ.ആർ. ഗൗരിയമ്മയും സുശീലാ ഗോപാലനും മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും ഒന്നും നടന്നില്ല.

1. കെ.ആർ. ഗൗരിയമ്മ

1957-ൽ ഐക്യകേരളത്തി‌ലെ ആദ്യ വനിതാമന്ത്രിയായി. റവന്യൂ, എക്സൈസ് വകുപ്പുകൾ ഭരിച്ചു. 1967, 1980, 1987, 2001, 2004 മന്ത്രിസഭകളിലും അംഗം. കേരംതിങ്ങും കേരളനാട് കെ.ആർ. ഗൗരി ഭരിച്ചീടുമെന്ന മുദ്രാവാക്യമുയർത്തി ’87-ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഇ.കെ. നായനാരാണ് മുഖ്യമന്ത്രിയായത്.

2. എം. കമലം

ഗൗരിയമ്മയ്ക്കുശേഷം മന്ത്രിയായ വനിത. 1982-’87 കരുണാകരൻ മന്ത്രിസഭയിൽ സഹകരണവകുപ്പ് മന്ത്രി. വനിതാ കമ്മിഷൻ അധ്യക്ഷയായും ചുമതലവഹിച്ചു.

3. എം.ടി. പദ്മ

കോൺഗ്രസ് നേതാവ്. ഫിഷറീസ്-ഗ്രാമവികസന-രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി 1991 മുതൽ 1995 വരെയും ഫിഷറീസ്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി 1995 മുതൽ 1996 വരെയും പ്രവർത്തിച്ചു.

4. സുശീലാ ഗോപാലൻ

1996-ലെ ഇ.കെ. നായനാർ മന്ത്രിസഭയിലാണ് സി.പി.എം. നേതാവ് സുശീലാ ഗോപാലൻ അംഗമായത്. വ്യവസായവകുപ്പിന്റെ ചുമതല.

5. പി.കെ. ശ്രീമതി

2006-ലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ആരോഗ്യമന്ത്രി

6. പി.കെ. ജയലക്ഷ്മി

2011-ലെ ഉമ്മൻചാണ്ടി സർക്കാരിൽ പിന്നാക്കക്ഷേമമന്ത്രി. ആദിവാസി മേഖലയിൽനിന്നുള്ള ആദ്യ മന്ത്രിയുമായി

7. കെ.കെ. ശൈലജ

കൂത്തുപറമ്പിൽനിന്നു ജയിച്ച കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായി

8. ജെ. മേഴ്സിക്കുട്ടിയമ്മ

കുണ്ടറയിൽനിന്നും ജയിച്ച ജെ. മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പ് മന്ത്രിയായി

എം.എൽ.എ.മാർ അഞ്ചുശതമാനത്തിൽതാഴെ

14 നിയമസഭകളിലുമായി രണ്ടായിരത്തിലധികമാണ് നിയമസഭാംഗങ്ങൾ. ഇതിൽ 91 വനിതകൾ മാത്രമാണുള്ളത്. ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ അഞ്ചുശതമാനം പോലുമില്ലെന്ന് ചുരുക്കം. 91 തവണകളിലായി 44 വനിതകളാണ് തിരഞ്ഞെടുപ്പിൽ ജയിച്ചത്. 1965-ലെ തിരഞ്ഞെടുപ്പിൽ ജയിച്ച മൂന്നുവനിതകൾക്ക് നിയമസഭ പിരിച്ചുവിട്ടതിനാൽ എം.എൽ.എ. ആയി സത്യപ്രതിജ്ഞ ചെയ്യാനുമായില്ല. ഏറ്റവുമധികം വനിതകളെ നിയമസഭയിലെത്തിച്ചതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിനാണ്. 2016-ലാണ് നിയമസഭയിലേക്ക് ഏറ്റവുമധികം വനിതകൾ മത്സരിച്ചത്. 111 പേർ മത്സരിച്ചതിൽ ജയിച്ചത് ഒൻപതുപേർമാത്രം.

1951-ലെ തിരഞ്ഞെടുപ്പ് മുതൽ ലോക്‌സഭയിലേക്ക് കേരളത്തിൽനിന്നു മത്സരിച്ച് വിജയിക്കാനായത് ഒൻപത് വനിതകൾക്ക് മാത്രമാണ്. ആനി മസ്‌ക്രീൻ ആണ് കേരളത്തിൽനിന്നുമെത്തിയ ആദ്യ വനിതാ പാർലമെന്റേറിയൻ. പിന്നീട് സുശീലാ ഗോപാലൻ ഐക്യ കേരളത്തിൽനിന്നുള്ള ആദ്യ വനിതാ എം.പി.യായി. ഭാർഗവി തങ്കപ്പൻ, സാവിത്രി ലക്ഷ്മണൻ, എ.കെ. പ്രേമജം, പി. സതീദേവി, സി.എസ്. സുജാത, പി.കെ. ശ്രീമതി, രമ്യാ ഹരിദാസ് എന്നിവരും എം.പി.മാരായി.

കേരളം എത്രപിന്നിൽ

സാക്ഷരതയിലും സ്ത്രീസമത്വത്തിലുമൊക്കെ കേരളത്തെക്കാൾ പിന്നാക്കം നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ പതിറ്റാണ്ടുകൾക്ക് മുമ്പേതന്നെ വനിതകൾ മുഖ്യമന്ത്രിപദത്തിലെത്തിയിരുന്നു.

ഉത്തർപ്രദേശ്

* സുചേത കൃപലാനി (1963-’67)

* മായാവതി (1995-1997, 2002-’03, 2007-’12)

ഒഡിഷ

നന്ദിനി സത്പതി (1972-’73, 1974-’76)

ഗോവ

ശശികല കക്കോദ്കർ (1973-’79)

അസം

* അൻവറ തൈമൂർ (1980-’81)

തമിഴ്നാട്

ജാനകി രാമചന്ദ്രൻ (1988)

ജെ. ജയലളിത (1991-’96, 2001, 2002-’06, 2011-1’4, 2015-16)

പഞ്ചാബ്

രജീന്ദർ കൗർ ബാദൽ (1996-97)

ബിഹാർ

റാബ്റി ദേവി (1997-’99, 1999-2000, 2000-’05)

ഡൽഹി

സുഷമാ സ്വരാജ് (1998)

ഷീലാ ദീഷിത് (1998-2013)

മധ്യപ്രദേശ്

ഉമാഭാരതി (2003-’04)

രാജസ്ഥാൻ

വസുന്ധര രാജ (2003-’08, 2013-’18)

പശ്ചിമ ബംഗാൾ

മമത ബാനർജി ( 2011-’21)

ഗുജറാത്ത്

ആനന്ദിബെൻ പട്ടേൽ ( 2014-’16)

ജമ്മു കശ്മീർ

മെഹബൂബ മുഫ്തി (2016-’18).

Content Highlight: International women's day 2021, women leaders in kerala and India