വിജ്ഞാനാന്വേഷിയായ ഐറിഷുകാരി പെണ്‍കുട്ടി ബ്രിഡയെ വായിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ലോകത്തിന്റെ അദൃശ്യമായ സംഗീതത്തിനൊപ്പം നൃത്തം ചെയ്യാന്‍ ആഗ്രഹിക്കുന്ന, സ്വന്തം ഭയങ്ങളെ അതിജീവിക്കാന്‍ മാര്‍ഗങ്ങള്‍ തിരയുന്ന, കണ്ടുമുട്ടലുകളില്‍ നിന്ന് പാഠങ്ങള്‍ സ്വായത്തമാക്കുന്ന ബ്രിഡ, പൗലോ കൊയ്ലോയുടെ സൃഷ്ടികളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. 

ആത്മീയതയുടെയോ സ്‌നേഹത്തിന്റെയോ മറ്റേതെങ്കിലുമോ  മാനങ്ങളില്‍ ബ്രിഡയെയും അവളുടെ കണ്ടെത്തലുകളെയും ചര്‍ച്ച ചെയ്യാമെന്നിരിക്കെ എനിക്ക് ബ്രിഡയെ മറ്റൊരു രീതിയില്‍ ഉള്‍ക്കൊള്ളാനാണ് ഇഷ്ടം. പെണ്മ  ആഘോഷമാക്കിയവള്‍, സ്വത്വ ബോധം ആസ്വദിച്ചവള്‍..ചിറകിനോ ചങ്ങലയ്‌ക്കോ കാത്തിരിക്കാതെ ഉള്ളിലെ ചെന്തീവെട്ടത്തില്‍ പാത കണ്ടെത്തിയ ഈ സുന്ദരിയെ വായിക്കുമ്പോഴൊക്കെ സ്ത്രീത്വം ആഘോഷിക്കപ്പെടേണ്ടതാണെന്ന് തോന്നും.

ബന്ധങ്ങളും ചുറ്റുപാടും സമൂഹവും സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥയില്‍ നിന്ന് കൊണ്ട് തന്നെ പെണ്ണ് എന്ന അടയാളച്ചീട്ടില്‍ ആനന്ദവും സാധ്യതകളും കണ്ടെത്തുന്ന 'ബ്രിഡ'മാരെ എന്റെ പെണ്‍ കൂട്ടുകളില്‍ കണ്ടുമുട്ടിയിട്ടുണ്ട്. സദാചാരധിഷ്ഠിതമായ സംഭാഷണങ്ങളോ അന്യന്റെ സ്വകാര്യതയിലേയ്ക്ക് എത്തിനോട്ടമോ ഇല്ലാത്ത, വ്യക്തമായ നിലപാടുകളും രാഷ്ട്രീയവുമുള്ള, പരസ്പരം ചേര്‍ത്ത് നിര്‍ത്തുന്ന, ചിരി കൊണ്ട് ഉള്ളു  നിറയ്ക്കുന്ന ചില സ്ത്രീ സൗഹൃദങ്ങളുണ്ട്.

രണ്ട് കണക്ക് പീരിയഡുകള്‍ക്കിടയിലെ പത്തു മിനുട്ട് ഇടവേളകളില്‍ പറഞ്ഞു തുടങ്ങിയ ചില സ്വപ്നങ്ങളും പ്രതീക്ഷകളും ആവലാതികളും ഒരു കോളേജ് കാലഘട്ടത്തിനപ്പുറം ആഴമേറിയ പെണ്‍ കൂട്ടുകളായി ഇന്നും  നിലനില്‍ക്കുന്നു. പോര്‍ട്ടേബെല്ലോയിലെ മന്ത്രവാദിനിയും രമണന്റെ ചന്ദ്രികയും ജെയിന്‍ എയ്‌റും വിശ്രമിക്കുന്ന നീല റാക്കുകള്‍ക്ക് താഴെ ടൈലു പാകിയ തറയില്‍ ചമ്രമിരുന്ന് ലൈബ്രറിയുടെ നിശബ്ദതയില്‍ ശബ്ദമടക്കി നടത്തുന്ന മാരതോണ്‍ ചര്‍ച്ചകള്‍ക്കിടയില്‍ അനാവശ്യമായ ചില നഷ്ടബോധത്തിന്റെ ആത്മഗതങ്ങള്‍ ഉയരാറുണ്ടായിരുന്നു, 'വല്ല ചെറുക്കനുമായി ജനിച്ച മതിയാരുന്നു.. എവിടൊക്കെ പോവാരുന്നു!'. അപ്പോഴൊക്കെ കൂട്ടത്തില്‍ ഏതെങ്കിലുമൊരുവളുടെ ഉള്ളില്‍ നിന്ന് നാവിന്‍ തുമ്പിലേയ്‌ക്കൊരു മറുപടി പാഞ്ഞെത്താറുണ്ട്, ' അതിനെന്തിനാ ചെറുക്കനാവുന്നെ!? നിനക്കെവിടാ പോണ്ടേ? നമ്മക്ക് പോയേക്കാം. 'അന്നത് നല്‍കിയിരുന്ന ഊര്‍ജം ഒട്ടും ചെറുതല്ല. പിന്നീട് യാത്രകളും ക്യാമ്പുകളും എഴുത്തും മറ്റു ചില 'ബ്രിഡ'ക്കൂട്ടായ്മകളുടെ കണ്ടുമുട്ടലിന് വഴിയൊരുക്കിയിട്ടുണ്ട്.

സദാചാരികളോട് സഹതപിക്കണമെന്നും എത്തിനോട്ടക്കാര്‍, ഓണ്‍ലൈന്‍ ആങ്ങളമാര്‍ /ചേച്ചിമാര്‍ തുടങ്ങിയവരെ 'ഹൃദയവിശാലത'യോടെ അവഗണിക്കണമെന്നും പഠിപ്പിച്ചു തരുന്ന ഈ കൂട്ടുകള്‍ പറയാതെ പറഞ്ഞു തരാറുണ്ട്, 'പാതകണ്ടെത്തലാണ് മുഖ്യം, ദുര്‍ബലയാവരുത് ' എന്ന്... അതെ, ദുര്‍ബലയാവരുത്. വഴിയേറെയുണ്ട്, യാത്രയും.. കണ്ടെത്തല്‍ ശ്രമകരമാവാം,  എങ്കിലും പടര്‍ന്നലയാന്‍  ആകാശം അളന്നെടുക്കുന്നവളാകണം, കൊടുങ്കാറ്റിനെതിര്‍ ദിശ കാട്ടണം, സൂര്യനെ തൊടണം, തൊട്ടിടം പൊള്ളാത്തവളാകണം, സ്വത്വം  കരുത്താകണം..പെണ്മ ആഘോഷമാക്കണം.

Content Highlights: International Women's day 2021, Women and freedom