ഫറോക്ക്: ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മരുന്നിനൊപ്പം സാന്ത്വനത്തിന്റെ തലോടൽ പകർന്ന ശേഷം നർഗീസ് ബീഗം ആശുപത്രി മതിൽക്കെട്ടിനപ്പുറത്തെ ലോകത്തുള്ളവർക്കായി ഓടുകയാണ്. ഈ ഓട്ടത്തിനിടയിൽ നിർധനരായവർക്ക് അറുപത്തിയഞ്ച് വീടുകൾ, അഞ്ഞൂറിലേറെ കുടുംബങ്ങൾക്ക് കുടിവെള്ളം എന്നിവയെത്തിച്ചു. ഓരോ കുടിവെള്ളപദ്ധതിയും ഓരോ കോളനിയിലാണ് നടപ്പാക്കിയത്‌.

കുട്ടികൾക്ക് പഠനസഹായം, അശരണരെ ദത്തെടുക്കൽ തുടങ്ങി ഒട്ടേറെയാണ് നർഗീസിന്റെ സേവനവഴി. പതിനെട്ടുവർഷമായി നർഗീസ് ബീഗം ചെറുവണ്ണൂർ കോയാസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്നുണ്ട്. വർഷങ്ങൾക്കുമുമ്പ് ചെമ്മാട് പത്തൂർ ആശുപത്രിയിൽ നഴ്സിങ്ങിന്‌ പഠിക്കുമ്പോഴാണ് ജീവകാരുണ്യപ്രവർത്തനത്തിന്റെ വഴിയിലെത്തുന്നത്. അന്ന് മുന്നൂറുരൂപയാണ് സ്റ്റെെപ്പെൻഡായി ലഭിച്ചിരുന്നത്. ഈ തുകയിൽനിന്ന്‌ ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന നിർധനരോഗികൾക്കും നൽകും. ഇവിടെനിന്നാണ് അശരണർക്ക് ആശ്രയം എന്ന ചിന്ത നർഗീസ് ബീഗത്തിന്റെ ചിന്തയിലെത്തിയത്.

സഹായിക്കാൻ മനസ്സുള്ളവരിൽനിന്ന് കുഞ്ഞുകുഞ്ഞു സഹായങ്ങൾ നിർധനരോഗികൾക്കുംമറ്റും എത്തിച്ചുനൽകി. 1998-ൽ രൂപവത്കരിച്ച ഏജൻസി ഫോർ ഡവലപ്പ്മെൻറൽ ഓപ്പറേഷൻസ് ഇൻ റൂറൽ ഏരിയ (അഡോറ) യുടെ നിലവിലെ ഡയറക്ടർകൂടിയാണ് ഇവർ. എയ്ഞ്ചൽസ് എന്ന പേരിൽ ഒരു വസ്ത്രക്കടയുണ്ട്. ഇവിടെയെത്തി നിർധനർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. കേരളത്തിൽ ആറിടത്തായി എയ്ഞ്ചൽ കട പ്രവർത്തിക്കുന്നുണ്ട്. ജോലികഴിഞ്ഞുള്ള സമയം നൊമ്പരപ്പെടുന്നവർക്കൊപ്പം ചെലവഴിക്കുകയെന്നാണ് നർഗീസ് ബീഗത്തിന് പറയാനുള്ളത്. പതിമ്മൂന്നുപേർക്ക് തന്റെ രക്തം നൽകാനും ഈ മാലാഖ തയ്യാറായിട്ടുണ്ട്. കാരാടാണ് നർഗീസ് ബീഗം താമസിക്കുന്നത്.

Content Highlights: International Women's Day 2021, Story of Nargees Beegam a nurse and social worker, women