പാലോട്(തിരുവനന്തപുരം): ഇഴജന്തുക്കളെ കാണുമ്പോൾ പേടിക്കുന്നവരുടെ ഇടയിൽ മനക്കരുത്തിന്റെ പേരാണ് ജെ.ആർ.രാജി. 37 വയസ്സിനിടയിൽ രാജി പിടികൂടി വനത്തിൽ വിട്ടത് ആയിരത്തിലധികം പാമ്പുകളെയാണ്. നാട്ടിലെവിടെ പാമ്പിനെക്കണ്ടാലും ആദ്യബെൽ മുഴങ്ങുന്നത് രാജിയുടെ ഫോണിലാണ്. എത്ര പാതിരയായാലും സ്വന്തം ജീപ്പിൽ സ്വയം ഓടിച്ച് രാജി പാമ്പിനെ പിടികൂടാനെത്തും. കൂട്ടിന് ചിലപ്പോഴുണ്ടാകുക മക്കളായ അനാമികയോ അഭിരാമിയോ ആയിരിക്കും.

വിഷം കുറഞ്ഞ ചെറിയ പാമ്പുകൾ മുതൽ ഉഗ്രവിഷമുള്ള അണലിയും മൂർഖനും വരെ രാജിയുടെ കൈകളിൽ അനുസരണയുള്ള കുട്ടികളാകും. ആറുവർഷം മുൻപ് തുടങ്ങിയ പാമ്പുപിടിത്തം ഇപ്പോൾ വനംവകുപ്പിന്റെ പ്രത്യേക പരിശീലനത്തിലും നിരീക്ഷണത്തിലുമാണ്. പാമ്പെന്നു കേട്ടാൽ പേടിച്ചോടുന്ന ഒരു കുട്ടിക്കാലത്തുനിന്നാണ് ഇന്നുകാണുന്ന മനസ്സിനെ രാജി തയ്യാറാക്കിയെടുത്തത്. പാമ്പുപിടിത്തക്കാരായ പുരുഷന്മാരുടെ ഇടയിൽ ഇന്ന് അറിയപ്പെടുന്ന സ്ത്രീസാന്നിധ്യമാണ് നന്ദിയോട് പച്ച ജെ.ആർ.ഭവനിൽ രാജി.

നെടുമങ്ങാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പുപിടിത്തത്തിനായി രാജി എത്താത്ത പ്രദേശങ്ങളില്ല. സ്ഥലത്തെത്തിയാൽ പരിസരമാകെ നിരീക്ഷിക്കലാണ് ആദ്യപടി. പിന്നെ സാവകാശം പാറക്കല്ലുകളോ തടിക്കഷണങ്ങളോ നീക്കം ചെയ്ത് ഒളിച്ചിരിക്കുന്ന പാമ്പിനെ കണ്ടെത്തുന്നു. മൂർഖനാണെങ്കിൽ പെട്ടെന്ന് ചീറ്റി അടുക്കും. അണലിയാകട്ടെ ആദ്യം ശാന്തമായി കിടക്കുമെന്ന് രാജി പറയുന്നു. ആളും ബഹളവുമുണ്ടെങ്കിൽ പാമ്പിനെ പിടിക്കുക പ്രയാസമാണ്. പിടികൂടി കഴിഞ്ഞാൽ പരമാവധി പ്രദർശനത്തിനൊന്നും രാജി നിൽക്കാറില്ല. പിടിച്ച പാമ്പിനെ ചാക്കിലോ പ്ലാസ്റ്റിക് ടിന്നിലോ ആക്കി തിരികെപോരുകയാണ് പതിവ്. ആയിരത്തിലധികം പാമ്പുകളെ ഇതിനോടകം പിടികൂടിയെങ്കിലും ഇതുവരേയും പാമ്പിന്റെ കടിയേറ്റിട്ടില്ല. ഇളയമകൾ അഭിരാമിക്ക്‌ അമ്മയുടെ ധൈര്യം കിട്ടിയിട്ടുണ്ട്. അമ്മ പിടികൂടുന്ന ചെറിയ പാമ്പുകളെ തൊട്ടുതലോടാൻ അവൾക്ക് പേടിയില്ല. നിലവിൽ വനംവകുപ്പിന്റെ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട് രാജി. ഇപ്പോൾ പാമ്പുപിടിക്കുന്നതിനു മുൻപായി വനംവകുപ്പിന്റെ 'സർപ്പ' എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യണം. പാമ്പുപിടിച്ചുകഴിഞ്ഞാൽ സമീപത്തെ റെയ്ഞ്ച് ഓഫീസിൽ ഏൽപ്പിക്കണം. എല്ലാ വിവരങ്ങളും അപ്പപ്പോൾ സർപ്പയിൽ അപ്‌ഡേറ്റ് ചെയ്യുകയും വേണം. ശാസ്ത്രീയമായ ഈ രീതി വന്നതിനുശേഷം ഈ രംഗത്തുനിന്നു പലരും പിൻവാങ്ങിയിട്ടുണ്ടെന്ന് രാജിയുടെ ഭർത്താവ് അനിൽകുമാർ പറയുന്നു. പാമ്പുപിടിത്തത്തെപ്പോലെ തന്നെ ജീപ്പ്, ലോറി, ക്രെയിൻ എന്നീ വാഹനങ്ങളെല്ലാം ഓടിക്കുന്നതിനും രാജി ഹരം കണ്ടെത്തുന്നു. എങ്കിലും സ്വന്തം വാഹനമായ ബുള്ളറ്റ് തന്നെയാണ് രാജിക്ക് ഏറെ പ്രിയം.

Content Highlights: International Women's Day 2021, Snake catcher Raji, Women