നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ചൂടിൽ മുങ്ങി നിൽക്കുന്ന കേരളത്തിൽ ഇത്തവണത്തെ വനിതാ ദിനത്തിൽ ഓർക്കേണ്ട ഒരു പേരുണ്ട്. തിരുവിതാംകൂറും കൊച്ചിയും മലബാറും ഒന്നായി ഐക്യ കേരളമായി മാറിയപ്പോൾ, ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ നിയമസഭക്കു ഹരിശ്രീ കുറിച്ചത് റോസമ്മ പുന്നൂസ് എന്ന വനിതാ സാമാജികയായിരുന്നു. അവരാണ് കേരളത്തിലെ ആദ്യത്തെ പ്രോ ടേം  സ്പീക്കർ. അവരുടെ മുമ്പിലാണ് നിയമസഭയിലെ ഇ.എം.എസ്, പട്ടം താണുപിള്ള എന്നിവരുൾപ്പെടെയുള്ള 126 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തത്.

സെക്രട്ടേറിയറ്റിന്റെ അരുകത്തുള്ള പഴയ നിയമസഭാ മന്ദിരത്തിലായിരുന്നു അന്നത്തെ നിയമസഭ. മുമ്പ് തിരുവിതാംകൂറിന്റെയും തിരു-കൊച്ചിയുടേയും നിയമസഭാ മന്ദിരവും ഇവിടെയായിരുന്നു. ഈ നിയമസഭാഹാളിൽ തിരുവിതാംകൂറിലേയും തിരു-കൊച്ചിയിലേയും വനിതാ അംഗങ്ങൾ മുമ്പും സത്യപ്രതിജഞ ചെയ്തിട്ടുണ്ട്. തിരു-കൊച്ചിയിലെ തിരഞ്ഞെടുപ്പിൽ ജയിച്ച ഇവിടെ സത്യപ്രതിജഞ ചെയ്ത ആനിമസ്‌ക്രീൻ മന്ത്രിയാകുകയും ചെയ്തു. അവരാണ് മലയാളക്കരയിലെ ആദ്യ വനിതാ മന്ത്രി.

അതെസമയം കേരള സംസ്ഥാനത്തിലെ ആദ്യ വനിതാ മന്ത്രി കെ.ആർ.ഗൗരിയമ്മയാണ്. റോസമ്മ പുന്നൂസ് സി.പി.ഐ.യിലെ അംഗമായിരുന്നു. ഇ.എം.എസ്. മുഖ്യമന്ത്രിയായിരുന്ന ആദ്യ നിയമസഭയിൽ റോസമ്മ പുന്നൂസിനെ കൂടാതെ, കെ.ആർ.ഗൗരിയമ്മ, കെ.ഒ.ഐഷാഭായി എന്നിവർ കമ്മ്യൂണിസ്റ്റ് പാർട്ടി സാമാജികരും, ലീലാ ദാമോദരമേനോൻ, കുസുമം ജോസഫ്, ശാരദാ കൃഷ്ണൻ എന്നിവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗങ്ങളുമായിരുന്നു. എന്നാൽ ദേവികുളം നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പുഫലം പരാതിയുടെ അടിസ്ഥാനത്തിൽ റദ്ദാക്കി. സംസ്ഥാനത്തെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു അവിടെ പിന്നീട് നടന്നത്. സി.പി.ഐ.യെ പ്രതിനിധീകരിച്ച് റോസമ്മ പുന്നൂസ് തന്നെ മത്സര രംഗത്തെത്തി. ഇന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ട ഉപതിരഞ്ഞെടുപ്പായിരുന്നു അത്. തിരഞ്ഞെടുപ്പിന് സി.പി.ഐ.ക്കു വേണ്ടി ചുക്കാൻ പിടിച്ചത് വി.എസ്.അച്യുതാനന്ദനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൂടുതൽ വോട്ട് ലഭിച്ച ആലപ്പുഴയിലെ നേതാവ് എന്ന നിലയിലാണ് അഖിലേന്ത്യാ നേതൃത്വം തിരഞ്ഞെടുപ്പ് ചുമതല വി.എസിനെ ഏൽപ്പിച്ചത്. അദ്ദേഹം ദേവികുളത്ത് ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകി. വിജയം റോസമ്മ പുന്നൂസിനായിരുന്നു. അങ്ങനെ കേരളത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആൾ എന്ന റെക്കോഡും റോസമ്മ പുന്നൂസിന് ലഭിച്ചു.

2007 ഏപ്രിൽ 2-ന് ആയിരുന്നു കേരള നിയമസഭയുടെ സുവർണജൂബിലി സംഗമം. അന്ന് ജീവിച്ചിരുന്ന ആദ്യകാല നിയമസഭയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ്‌ നടന്നത് ശ്രദ്ധേയമായിരുന്നു. ആ സമയത്ത് നിയമസഭ ഇപ്പോഴത്തെ പാളയത്തേക്ക് മാറ്റിക്കഴിഞ്ഞിരുന്നു. എന്നാലും ഓർമ്മകൾ അയവിറക്കുന്ന ചടങ്ങായതിനാൽ സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ തന്നെയാണ് ചടങ്ങുകൾ നടന്നത്. അതിൽ പങ്കെടുക്കാൻ തൊണ്ണൂറ്റി രണ്ടുകാരിയായ റോസമ്മ പുന്നൂസും എത്തിയിരുന്നു. എന്നാൽ പല സാമാജികർക്കും അവരെ ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. ആദ്യ നിയമസഭയിലെ യുവാക്കളായിരുന്ന പി.ഗോവിന്ദപ്പിള്ളയും ആർ. പ്രകാശവും കെ.ആർ.ഗൗരിയമ്മയും ആർ. ശിവദാസനും എൻ.എൻ.പണ്ടാരവും വെളിയം ഭാർഗവനും ഇ.ചന്ദ്രശേഖരൻ നായരും കാട്ടാക്കട ബാലകൃഷ്ണപിള്ളയുമെല്ലാം അപ്പോഴേക്കും പ്രായാധിക്യം ബാധിച്ചവരായി. ഒരു കുട്ടിയെപ്പോലെ റോസമ്മ പുന്നൂസ് നിയമസഭ കൗതുകത്തോടെ ഏറെനേരം നോക്കി നടന്നു. താൻ ആദ്യം നിയമസഭയിലെത്തിയപ്പോൾ എവിടെയായിരുന്നു ഇരുന്നതെന്ന് അവർ ഉദ്യോഗസ്ഥരോട് ചോദിച്ചു. എന്നാൽ പിൽക്കാലത്ത് നടന്ന പരിഷ്‌കരണത്തിന്റെ ഫലമായി സീറ്റുകളിൽ മാറ്റംവന്നതായി അവർ പിന്നീട് മനസിലാക്കി. ഇനിയും ഒരിക്കൽ കൂടി പഴയ നിയമസഭ കാണാൻ വരുമെന്ന് പറഞ്ഞാണ് അന്നവർ അവിടെനിന്ന് പോയത്. പിന്നീട് വന്നതായി തോന്നുന്നില്ല.

ആദ്യ നിയമസഭയിലെ മറ്റ് വനിതാ മെമ്പർമാർ
ആദ്യ നിയമസഭയിലെ മറ്റ് വനിതാ മെമ്പർമാർ- സി.പി.ഐ. യിലെ 1) കെ.ആർ.ഗൗരിയമ്മ, 2) കെ.ഒ.ഐഷാബായി, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ 3) ലീലാ ദാമോദരമേനോൻ, 4) കുസുമം ജോസഫ്, 5) ശാരദാകൃഷ്ണൻ

തിരുവിതാംകൂർ രാജഭരണത്തേയും അതിന് ചുക്കാൻ പിടിച്ച ദിവാൻ സർ സി.പി.രാമസ്വാമി അയ്യരേയും വിറപ്പിച്ച കേരള 'ത്സാൻസി റാണി 'എന്നറിയപ്പെടുന്ന അക്കാമ ചെറിയാന്റെ സഹോദരിയാണ് റോസമ്മ പുന്നൂസ്. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്റെ സമരത്തിൽ പങ്കെടുത്ത് പലപ്രാവശ്യം അവർ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

നിയമ ബിരുദധാരിയായ ഇവർ സ്വാതന്ത്ര്യ ലബ്ധിക്കുശേഷമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായത്. അതേ പാർട്ടിയിലെ നേതാവായ പി.ടി.പുന്നൂസിനെയാണ് വിവാഹം കഴിച്ചത്‌. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെ തുടർന്നും അവർ സി.പി.ഐ.യിൽ ഉറച്ചുനിന്നു. 1987-ൽ ആണ് പിന്നീട് അവർ നിയമസഭാംഗം ആയത്. സി.പി.ഐ. സംസ്ഥാനകമ്മിറ്റി അംഗം, കേരള വനിതാ കമ്മിഷൻ അംഗം, തോട്ടം കോർപ്പറേഷൻ ചെയർമാൻ, കേരള ഹൗസിങ്‌ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച റോസമ്മ പുന്നൂസ് 2013 ഡിസംബർ 28ന് ലോകത്തോട് യാത്ര പറഞ്ഞു.

Content Highlights: International women's day 2021, Rosamma Punnoose first pro-tem speaker in Kerala, Women