പാര്‍വതി തിരുവോത്ത് എന്ന അഭിനേത്രിയുമായുള്ള അഭിമുഖത്തിനായാണ് പോയത്. സിനിമയെയും ജീവിതത്തെയും കുറിച്ച് സംസാരിച്ചുപോകവേ അത് പാര്‍വതിയെന്ന സ്ത്രീയുമായുള്ള തുറന്ന ചര്‍ച്ചയായിമാറി. ഉത്തരങ്ങളെക്കാള്‍ പ്രസക്തമായ ചോദ്യങ്ങള്‍ പാര്‍വതി തിരിച്ചുചോദിച്ചു. ആ ചോദ്യങ്ങള്‍ പക്ഷേ, അവരുടെ നിലപാടുകളും കാഴ്ചപ്പാടുകളും ഉള്ളടങ്ങിയ മറുപടികള്‍തന്നെയായിരുന്നു. 
ടേക്ക്ഓഫ്, ഉയരെ, എന്ന് നിന്റെ മൊയ്തീന്‍, കൂടെ തുടങ്ങിയ സിനിമകളെല്ലാം പാര്‍വതിയെന്ന നടിയുടെ മികവ് നമുക്ക് കാണിച്ചുതന്നിരുന്നു. മലയാളത്തിനുപുറമേ കന്നഡ, തമിഴ്, ഹിന്ദി സിനിമകളിലും സാന്നിധ്യമറിയിച്ച പാര്‍വതി സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ തന്റെ നിലപാട് ഉറക്കെ പറയാന്‍ ധൈര്യം കാണിക്കുന്നു. സിനിമയ്ക്കകത്തും പുറത്തും ലിംഗസമത്വത്തിനുവേണ്ടി നിലകൊള്ളുന്ന ഈ കലാകാരി നിരന്തര അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയയായിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും നിലപാടുകളില്‍നിന്ന് തരിമ്പും പിറകോട്ടുപോകില്ലെന്ന് പാര്‍വതി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. സിനിമാനടികള്‍ ഒരിക്കലും പ്രായം വെളിപ്പെടുത്തില്ലെന്നാണ് വിശ്വാസം. എന്നാല്‍ ചോദിക്കാതെതന്നെ പാര്‍വതി അഭിമുഖത്തിനിടെ പറഞ്ഞു. ''എനിക്ക് 32 വയസ്സായി. ശരിയും തെറ്റും തിരിച്ചറിയാനുള്ള കെല്‍പ്പുണ്ട്.'' പാര്‍വതി അങ്ങനെയാണ്. തന്റെ വിശ്വാസങ്ങള്‍ തുറന്നുപറയുകയും പറയുന്നത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റ്കൂടിയാണവര്‍. സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളും നിലപാടുകളും തുറന്നുകാട്ടുന്നതാണ് ഈ സംഭാഷണം.

അഭിനയം എന്ന ജോലി പാര്‍വതി തിരഞ്ഞെടുത്തതാണോ അതോ യാദൃശ്ചികമായി എത്തിപ്പെട്ടതോ?

യാദൃശ്ചികം എന്ന് പറയാനാവില്ല. മകള്‍ കലാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് അമ്മയ്ക്ക് വലിയ താത്പര്യമുണ്ടായിരുന്നു. പ്ലസ് ടു വരെ ഞാന്‍ പഠിച്ചത് സയന്‍സായിരുന്നു. അപ്പോഴും ആര്‍ട്സിലായിരിക്കണം മകള്‍ മികവുകാട്ടേണ്ടതെന്ന് അമ്മയും അച്ഛനും ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം എന്നിലേക്കും പടരുക സ്വാഭാവികമാണല്ലോ? അമ്മ ചെറുപ്പത്തില്‍ ആഗ്രഹിച്ചിരുന്നത് ഡാന്‍സറാവണമെന്നായിരുന്നു. വയലിനിസ്റ്റാവണമെന്ന് അച്ഛനും ആഗ്രഹിച്ചിരുന്നു. അന്നത്തെ സാഹചര്യത്തില്‍ അവര്‍ക്കതിന് കഴിഞ്ഞില്ല. അങ്ങനെ പറ്റാതെപോയത് മക്കളിലൂടെ സാധ്യമാക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കണം. എനിക്കും ചേട്ടനും കലാമേഖലയില്‍ പ്രവര്‍ത്തിക്കാനും വളരാനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കിത്തന്നു. കിരണ്‍ ടി.വി. തുടങ്ങിയപ്പോള്‍ അതില്‍ അവതാരകയാവാന്‍ എന്നെയവര്‍ പ്രേരിപ്പിച്ചു. 'ഔട്ട് ഓഫ് സിലബസ് ' എന്ന സിനിമയിലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവര്‍ കൂടെ വന്നു.

അഭിനയം എന്ന കലയോട് ശരിയായ താത്പര്യം തോന്നിയതും പുറമേനിന്നറിയുന്ന താരപ്പൊലിമയ്ക്കപ്പുറം അതില്‍ ചെയ്യാന്‍ വളരെയധികമുണ്ടെന്ന തിരിച്ചറിവുണ്ടായതും 'നോട്ട്ബുക്ക്' എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ്. പതിനെട്ടാംവയസ്സില്‍ അതിലെ പൂജാ കൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനുശേഷം എന്റെ ജോലിയിതാണെന്ന് തിരിച്ചറിഞ്ഞു. സിനിമ ഒരു പ്രൊഫഷനായി തിരഞ്ഞെടുത്തു. എനിക്കിപ്പോഴും ഓര്‍മയുണ്ട് 'നോട്ട്ബുക്കി'ന്റെ പ്രൊമോഷന്‍ വര്‍ക്ക് നടക്കുന്നതിനിടയില്‍ സിനിമയുടെ തിരക്കഥാകൃത്തായ സഞ്ജയ് സര്‍ (ബോബി സഞ്ജയ്) എന്നോട് ചോദിച്ചത്, ഇനിയെന്താണ് പരിപാടിയെന്ന്. ഞാന്‍ പെട്ടെന്ന് പറഞ്ഞു, ക്രിയേറ്റീവ് റൈറ്റിങ് വിഷയമാക്കിയെടുത്ത് കാനഡയില്‍ പോയി പഠിക്കണമെന്ന്. ശരിക്കും അങ്ങനെതന്നെയാണോയെന്ന് അദ്ദേഹം പിന്നെയും ചോദിച്ചു. ഞാനപ്പോള്‍ ചിന്തിച്ചുനോക്കി, ഞാനെന്തിനാണ് കാനഡയിലൊക്കെ പോവുന്നത്. സിനിമയോടുതന്നെയല്ലേ കൂടുതല്‍ താത്പര്യം? ആ സമയത്തുതന്നെ വിനോദയാത്രയില്‍ അഭിനയിക്കാന്‍ ക്ഷണം വന്നു. ഞാന്‍ ഈ പ്രൊഫഷനെ സീരിയസ്സായി കണ്ടുതുടങ്ങിയതോടെ തുടരെ ഓഫറുകള്‍ വന്നു. കൂടുതല്‍ പഠിക്കാനും ചെയ്യാനും കഴിഞ്ഞു. 

പേരിനൊപ്പമുള്ള തിരുവോത്ത് കുടുംബപ്പേരാണോ? പാര്‍വതിയുടെ കുടുംബപശ്ചാത്തലം അറിയാന്‍ താത്പര്യമുണ്ട്.

കോഴിക്കോട് അത്തോളിയിലുള്ള തറവാടിന്റെ പേരാണ് തിരുവോത്ത് കോട്ടുവറ്റ. അമ്മയുടെ തറവാടാണത്. അച്ഛന്‍ വിനോദ്കുമാറിന് വിജയാബാങ്കിലായിരുന്നു ജോലി. അമ്മ ഉഷാകുമാരി. അമ്മയ്ക്കും ആദ്യം ബാങ്കിലായിരുന്നു ജോലി. പിന്നീട് കുറേക്കാലം വക്കീലായി പ്രാക്ടീസ്‌ചെയ്തു. ഇരുപത്താറുവര്‍ഷം ബാങ്കില്‍ ജോലിചെയ്തശേഷം വി.ആര്‍.എസ്. എടുത്ത് അച്ഛനും വക്കീലായി എന്റോള്‍ചെയ്തു. ചേട്ടന്‍ ഓം തിരുവോത്ത് കാനഡയിലാണ്. ഷോര്‍ട്ട്ഫിലിമുകളൊക്കെ ചെയ്യാറുണ്ട്.

സിനിമയിലെത്തുന്നതിനുമുന്‍പ് കലാമേഖലയില്‍ എന്തെങ്കിലും ശ്രമം നടത്തിയിരുന്നോ?

പറഞ്ഞല്ലോ, മക്കള്‍ കലാകാരന്മാരായിത്തീരണമെന്ന് ആഗ്രഹിച്ചിരുന്നവരാണ് അച്ഛനും അമ്മയുമെന്ന്. മൂന്നുവയസ്സുള്ളപ്പോള്‍തന്നെ അമ്മയെന്നെ ഭരതനാട്യം പഠിക്കാന്‍ ചേര്‍ത്തു. അരമണ്ഡലം ഇരിക്കാനാവില്ലെന്ന് പറഞ്ഞ് ക്ലാസ്സില്‍നിന്ന് ഇറങ്ങിയോടിയതൊക്കെ ഓര്‍മയുണ്ട്. കോഴിക്കോട് കലാമണ്ഡലം ജയശ്രീ ടീച്ചറായിരുന്നു ആദ്യ ഗുരു. പിന്നീട് അച്ഛന്റെ ജോലിയാവശ്യത്തിന് തിരുവനന്തപുരത്തേക്ക് മാറിയതോടെ അവിടത്തെ നൂപുര സ്‌കൂളില്‍ പഠിച്ചു. അച്ഛനും അമ്മയും ചെയ്ത വലിയ കാര്യം. അവര്‍ എനിക്കുവേണ്ടി തീരുമാനമെടുക്കാതെ എന്റെ കംഫര്‍ട്ട് എന്താണെന്ന് നോക്കി, ഞാന്‍ അവര്‍ക്ക് നല്‍കുന്ന ഫീഡ്ബാക് മനസ്സിലാക്കി എന്നെ മുന്നോട്ട് നയിച്ചു എന്നതാണ്. തിരിഞ്ഞുനോക്കുമ്പോള്‍ ഓരോ കാര്യത്തിലും അതങ്ങനെയായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നു. സിനിമയിലേക്ക് ഞാന്‍ വന്നപ്പോള്‍ ഉണ്ടായ അപവാദപ്രചരണങ്ങളെക്കുറിച്ചെല്ലാം ഏതൊരു മാതാപിതാക്കളെയുംപോലെ അവര്‍ക്കും ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ സിനിമകളില്‍ ഞാന്‍ ചെയ്തതെന്താണെന്ന് സ്‌ക്രീനില്‍ കണ്ട്, എന്റെ പെരുമാറ്റത്തില്‍നിന്ന് ഞാന്‍ ആ പ്രൊഫഷനില്‍ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കി അവര്‍ കൂടെ നിന്നു.

നൃത്തം പഠിച്ചത് സിനിമയില്‍ ഗുണംചെയ്തുവല്ലേ?

പല നടികളും അങ്ങനെ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ എന്റെ അനുഭവം മറിച്ചാണ്. ഡാന്‍സില്‍ വരുന്ന അഭിനയവും അലങ്കാരവുമല്ല, സിനിമയിലേത്. അത് തികച്ചും വ്യത്യസ്തമാണെന്നാണ് തോന്നിയിട്ടുള്ളത്.

പുസ്തകങ്ങളുമായി കൂട്ടാണെന്ന് തോന്നുന്നു?

തിരുവനന്തപുരത്തെ പാങ്ങോട് കേന്ദ്രീയവിദ്യാലയത്തിലാണ് ഞാന്‍ പഠിച്ചത്. ഇംഗ്ലീഷില്‍ ഞാന്‍ തീരേ മോശമായിരുന്നു. പത്താംക്ലാസ്സുവരെ ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്‌കൂളിലാവട്ടെ കൂടുതലും ആര്‍മി ഓഫീസേഴ്സിന്റെ മക്കളൊക്കെയായിരുന്നു. അവര്‍ ജേണലുകളില്‍ എഴുതുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു. എനിക്കാവട്ടെ അതില്‍ ഭാഗമാവാന്‍ കഴിയാത്തതില്‍ വലിയ വിഷമം തോന്നി. ചില സുഹൃത്തുക്കള്‍ അവര്‍ വായിച്ച പുസ്തകങ്ങള്‍ തരും. അച്ഛന്‍ നല്ല പുസ്തകങ്ങള്‍ വായിച്ച് പറഞ്ഞുതരും. സ്‌കൂളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ടീച്ചറുണ്ടായിരുന്നു. അമ്പിളി ജെയിംസ്. അവരാണ് ഭാഷയോടും വായനയോടും എനിക്ക് എക്സൈറ്റ്മെന്റ് ഉണ്ടാക്കിത്തന്നത്. ശരിയായ രീതിയില്‍ വായിക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനും എന്നെ പ്രേരിപ്പിച്ചതും അമ്പിളി മാം ആയിരുന്നു. അവരിന്നില്ല. ഒരു അപകടത്തില്‍ മരിച്ചുപോയി.

പിന്നീട് പഠിച്ചത് ലിറ്ററേച്ചര്‍തന്നെയായിരുന്നുവല്ലേ?

അതെ, ഓള്‍ സെയിന്റ്‌സ് കോളേജില്‍നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബി.എ. എടുത്തു. പ്ലസ്ടുവരെ സയന്‍സ് പഠിച്ച് പിന്നീട് സാഹിത്യം തിരഞ്ഞെടുക്കുമ്പോള്‍ അത് ശരിയല്ലെന്നാണ് മിക്കവരും കരുതുക. എന്‍ട്രന്‍സ് ഒന്നുമെഴുതാതെ എളുപ്പമുള്ളതെന്തോ തേടിപ്പോവുന്നതുപോലെ. പക്ഷേ, ഞാന്‍ വലിയ താത്പര്യത്തോടെ, ആവേശത്തോടെ തന്നെയാണ് സാഹിത്യം പഠിക്കാന്‍പോയത്. ആ തീരുമാനം തെറ്റായിരുന്നില്ല എന്ന് ഇപ്പോഴും വിശ്വസിക്കുന്നു. പിന്നീട് ഡിസ്റ്റന്റ് എജ്യുക്കേഷനായി ഇംഗ്ലീഷില്‍തന്നെ എം.എ.യും ചെയ്തു.
ആദ്യകാലത്ത് വായിച്ച ഏതെങ്കിലും പുസ്തകങ്ങള്‍ പാര്‍വതിയെ സ്വാധീനിച്ചതായി പറയാനാവുമോ?
തുടക്കത്തില്‍ വായിച്ചിരുന്നത് ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പുസ്തകങ്ങളായിരുന്നു. മലയാളം വായിച്ചുതുടങ്ങിയത് വളരെ വൈകിയായിരുന്നു. മാധവിക്കുട്ടിയുടെ 'നീര്‍മാതളം പൂത്ത കാല'വും എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളും' വായിച്ചാണ് തുടങ്ങുന്നത്. 'നീര്‍മാതളം പൂത്ത കാലം 'എന്നെ വല്ലാതെ സ്വാധീനിച്ചു. ഇംഗ്ലീഷില്‍ പ്രിയപ്പെട്ട റൈറ്റര്‍ പുലിറ്റ്സര്‍ പ്രൈസ് നേടിയ കനേഡിയന്‍ എഴുത്തുകാരി ആലിസ് വാക്കര്‍ ആണ്. അവരുടെ ''ബൈ ദ ലൈറ്റ് ഓഫ് മൈ ഫാദേഴ്സ് സ്മൈല്‍'' വല്ലാതെ ഇഷ്ടപ്പെട്ട് ഞാന്‍ വര്‍ഷങ്ങളോളം കൂടെ കൊണ്ടുനടന്നിരുന്നു. ഇപ്പോള്‍ കൂടുതലായും വായിക്കുന്നത് നോണ്‍ ഫിക്ഷനാണ്. 'ഫുഡ് ഫെമിനിസം' എന്ന പുസ്തകമാണ് വായിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ സാഹചര്യങ്ങള്‍ പുതുതായി കടന്നുവരുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം പ്രതികൂലമാണെന്ന് തോന്നിയിട്ടുണ്ടോ?

അത്, നമ്മള്‍ അതിനെ എങ്ങനെ സമീപിക്കുന്നു, അതിനെ എന്താക്കിമാറ്റുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നമ്മള്‍ എത്രത്തോളം അധ്വാനിക്കുന്നു, എത്രത്തോളം സ്ട്രഗിള്‍ചെയ്യുന്നു എന്നതാണ് പ്രധാനം. എനിക്കുമുന്‍പ് വന്ന നടികളും വനിതാ സംവിധായകരും ക്യാമറാവുമണും മറ്റ് സാങ്കേതികപ്രവര്‍ത്തകരും വെട്ടിത്തെളിയിച്ച വഴി ഉള്ളതുകൊണ്ട് എനിക്കിത്രയും ദൂരം വരാം. ഇനി ഞാന്‍ ഇതെത്ര മുന്നോട്ടുകൊണ്ടുപോവുന്നോ അവിടുന്നുവേണം പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് സഞ്ചരിക്കാന്‍. തീര്‍ച്ചയായും പ്രതികൂലസാഹചര്യങ്ങള്‍ ഉണ്ടാവും. കാരണം അധികാരഘടനയില്‍ ആണ്‍കോയ്മയെന്നത് കൂടുതല്‍ ശീലിച്ചിട്ടുള്ള കാര്യമാണ്. അത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെല്ലാം ശീലമാണ്. അതല്ലാത്ത ഒരു യാഥാര്‍ഥ്യം നമ്മള്‍ ഇതുവരെ അനുഭവിച്ചിട്ടില്ല. അത് ഇനിയും ഉണ്ടാക്കിക്കൊണ്ടുവരേണ്ടതാണ്. പ്രതികൂലമായ അവസ്ഥ തുടര്‍ന്നുകൊണ്ടിരിക്കും. തടസ്സങ്ങളുണ്ടാവും. പക്ഷേ, മാറ്റങ്ങള്‍ വരാതെ നിവൃത്തിയില്ല.

ബോളിവുഡില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍നല്‍കുന്ന 'ക്വീനും' 'സീക്രട്ട് സൂപ്പര്‍സ്റ്റാറും' പോലുള്ള സിനിമകള്‍ ഉണ്ടാവുന്നുണ്ട്. ആ രീതിയില്‍ മലയാള സിനിമ ഉയര്‍ന്നുചിന്തിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?

നേരേ മറിച്ചാണ് തോന്നുന്നത്. പുരുഷകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെപ്പോലും എത്ര കരുത്തുറ്റ രീതിയിലാണ് നമ്മുടെ തിരക്കഥാകൃത്തുകള്‍ അവതരിപ്പിച്ചിരിക്കുന്നത്, ആദ്യകാലസിനിമകളില്‍പോലും നമ്മുടെ അഭിനേത്രികള്‍ എത്ര ആഴത്തിലും കരുത്തിലുമാണ് അത്തരം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്! ശോഭനച്ചേച്ചിയും ഉര്‍വശിച്ചേച്ചിയും സുകുമാരിയമ്മയുമെല്ലാം മിഴുവുറ്റ ഒട്ടേറെ കഥാപാത്രങ്ങല്‍ക്ക് ജീവന്‍ നല്‍കി. കെ.ജി. ജോര്‍ജിന്റെ 'ആദാമിന്റെ വാരിയെല്ലാ'ണ് പെട്ടെന്ന് മനസ്സിലേക്ക് വരുന്നത്. അതിന്റെ തനിമ എത്ര കഴുകിക്കളഞ്ഞാലും പോവില്ല. അതിലെ സ്ത്രീകഥാപാത്രങ്ങള്‍ സ്‌ക്രീനിനിപ്പുറത്തേക്ക് ഓടിക്കൂടുന്ന രംഗം, ചുമര് തകര്‍ത്ത് ഓടിപ്പോവുക എന്നൊരു സംഭവമുണ്ട് അതില്‍. അതിനെക്കാള്‍ ശക്തമായൊരു ഇമേജറി എന്റെ മനസ്സിലില്ല. അതേപോലെയാണ് 'ആള്‍ക്കൂട്ടത്തില്‍ തനിയേ'യിലെ സീമച്ചേച്ചിയുടെ കഥാപാത്രം. ആ കാലഘട്ടത്തിലെ ഐഡിയോളജിയാണ് പ്രതിനിധാനംചെയ്യുന്നതെങ്കിലും എത്ര സൂക്ഷ്മമായാണ്, എത്ര ആഴത്തിലാണ് ഓരോ വികാരവും ആ കഥാപാത്രത്തില്‍ എഴുതിവെച്ചിരിക്കുന്നത്. അത്തരം പരിശ്രമങ്ങള്‍, സിനിമകള്‍ മറ്റൊരു ഭാഷയിലും കാണില്ല. സ്ത്രീപക്ഷസിനിമയാണെന്ന് കാണിക്കുന്നതിനുവേണ്ടി ചെയ്ത സിനിമകളല്ല അതൊന്നും. സ്ത്രീശാക്തീകരണം കാണിക്കുന്നതിനുവേണ്ടി രണ്ട് സിനിമ പെട്ടെന്നെടുക്കുക, എന്നിട്ട് പരമാവധി പി.ആര്‍. ചെയ്യുക. അതുകൊണ്ടൊന്നും കാര്യമില്ല. സ്വാഭാവികമായി അത്തരം സിനിമകള്‍ വരണം. അതിന് തുടര്‍ച്ച വേണം. മലയാളത്തിലാണ് അത് ഏറ്റവും കൂടുതലുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോഴിറങ്ങിയിട്ടുള്ള 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' നോക്കൂ. നിങ്ങള്‍ നേരത്തേ പറഞ്ഞ സിനിമകളെക്കാളൊക്കെ മുകളിലാണത്. വ്യത്യസ്ത ഭാഷകളിലെ സിനിമാ ഇന്‍ഡസ്ട്രികളിലെ ചലനങ്ങളെ താരതമ്യംചെയ്യരുത്. കാരണം ഓരോന്നിന്റെയും ചരിത്രം ഭിന്നമാണ്. കേരളത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും രാഷ്ട്രീയചരിത്രംതന്നെ ഭിന്നമാണ്. സിനിമയിലും സാഹിത്യത്തിലുമെല്ലാം അതാണ് പ്രതിഫലിക്കുക. നമ്മുടെ സിനിമകളും സാഹിത്യവുമെല്ലാം കൂടുതല്‍ പൊളിറ്റിക്കലാണ്, ആഴത്തിലുള്ളതാണ്. ഉള്ളിലേക്ക് നോക്കുന്ന രീതിയിലുള്ള സാഹിത്യമാണ് നമ്മുടെത്. ആത്മവിമര്‍ശനത്തിന്റെ അംശങ്ങള്‍ അതിലുണ്ട്. അതൊക്കെ സിനിമയിലും പ്രതിഫലിക്കുന്നു.

women

ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ പ്രതിഭാശാലിയായ ആ നടനൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു?

ഞാന്‍ എന്ന ഭാവമില്ലാതെ സിനിമയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന സമീപനമാണ് എനിക്കൊപ്പം അഭിനയിക്കുന്ന നടനില്‍നിന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. സ്വയം ഒരു താരമാണെന്ന ഭാവമില്ലാതെ സീനുകളില്‍ സഹകരിക്കുന്ന അഭിനേതാവായിരുന്നു അദ്ദേഹം. നമ്മളെന്താണ് ഓരോ സീനിലും നല്‍കുന്നത് അതിനൊത്ത രീതിയില്‍ പ്രതികരിക്കുന്ന നടന്‍. ഒപ്പം അഭിനയിക്കുന്ന ആളെ എങ്ങനെ സഹായിക്കാനാവുമെന്ന് ചിന്തിച്ച് നടിക്കുന്ന ആള്‍. തന്റെ പ്രകടനം നന്നാവുന്നുണ്ടോ എന്നതിനപ്പുറം സീന്‍ നന്നാവുന്നുണ്ടോയെന്ന് മാത്രം ചിന്തിച്ച നടന്‍. പുതിയ ഒരു കാര്യം ചെയ്യുമ്പോള്‍ കുട്ടികള്‍ക്കുള്ളതുപോലൊരു പാഷന്‍ ഓരോ സിനിമയിലും പ്രകടിപ്പിച്ച ഒരാള്‍. അഭിനയിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ഓരോ സിനിമയും ഓരോ പുതിയ തുടക്കമാണെന്ന് കരുതുകയും ചെയ്ത നടനായിരുന്നു അദ്ദേഹം.

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ കണ്ടന്റിനാണോ അതോ സംവിധായകന്റെ ശൈലിക്കാണോ പ്രാധാന്യം നല്‍കുന്നത്?

മുമ്പൊക്കെ ഞാന്‍ ആദ്യം നോക്കിയിരുന്നത് എന്റെ ക്യാരക്ടര്‍ എങ്ങനെയാണെന്നായിരുന്നു. സ്‌ക്രിപ്റ്റിനൊപ്പം സംവിധായകന്‍ അതെങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്നെല്ലാം നോക്കി സിനിമ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ചില മാറ്റങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ നോക്കുന്നത് ഒരു സിനിമ എന്നിലുണ്ടാക്കുന്ന ഫീല്‍ എന്താണ്, എന്തുതരം എക്സ്പീരിയന്‍സാണ് കിട്ടുന്നത് എന്നൊക്കെയാണ്. ഇപ്പോള്‍ 'ആര്‍ക്കറിയാം' എന്ന സിനിമയിലേക്ക് ഓഫര്‍ വന്നപ്പോള്‍ ഞാനാദ്യം ചിന്തിച്ചത് സംവിധായകന്‍ സാനുവിനൊപ്പം, ആ ടീമിനൊപ്പം ഒരു സിനിമ ചെയ്യാമെന്നതാണ്. പിന്നീട് സ്‌ക്രിപ്റ്റ് അയച്ചുതന്നപ്പോള്‍ ഒറ്റയിരിപ്പിന് വായിച്ചു. അപ്പോഴും അതില്‍ ഞാനവതരിപ്പിക്കേണ്ട ഷെര്‍ലി എന്ന കഥാപാത്രത്തെക്കുറിച്ചല്ല ചിന്തിച്ചത്. ആ കഥയുടെ പ്രത്യേക സ്വഭാവത്തെക്കുറിച്ചാണ്.

'ടേക്ക് ഓഫ്' എന്ന സിനിമയിലെ നഴ്സിന് ജീവിതത്തില്‍ സ്ഥിരമായി കാണുന്ന നഴ്സിന്റെ ശരീരഭാഷയും പെരുമാറ്റവും ഉണ്ടായിരുന്നു. അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് ഹോംവര്‍ക്ക് ചെയ്യാറുണ്ടോ?

ഓരോ കഥാപാത്രത്തിനനുസരിച്ചാണ് അങ്ങനെ ചെയ്യുന്നത്. 'ടേക്ക്ഓഫി'ല്‍ സംവിധായകന്‍ മഹേഷ് നാരായണന്‍ എന്നോട് ആദ്യമേ പറഞ്ഞിരുന്നു, ഹോംവര്‍ക്ക് ചെയ്യുന്നത് നന്നായിരിക്കുമെന്ന്. മഹേഷിന്റെ കൂടെയും അല്ലാതെയും ആശുപത്രിവാര്‍ഡുകളില്‍ ചെന്ന് നഴ്സ്മാര്‍ക്കൊപ്പം രാത്രി ഷിഫ്റ്റ് സമയത്ത് ഇരുന്ന് നോക്കിപ്പഠിച്ചു. അവര്‍ എങ്ങനെയാണ് ചാര്‍ട്ട് ഫില്‍ ചെയ്യുന്നത്, അവരുടെ സംസാരശൈലി എങ്ങനെയാണ്, അവര്‍ എങ്ങനെയാണ് രോഗികളോട് പെരുമാറുന്നത് എന്നെല്ലാം മനസ്സിലാക്കി. അതൊക്കെ കണ്ടതിനുശേഷം ഞാനറിയാതെതന്നെ അങ്ങനെയൊരു ബോഡി ലാംഗ്വേജ് വന്നിരിക്കണം. എന്നാല്‍ ഒരിക്കലും നിത്യജീവിതത്തില്‍ കണ്ട മനുഷ്യരെ അനുകരിക്കാന്‍ ശ്രമിക്കാറില്ല. കുറച്ചുനേരം ഒരാള്‍ക്കൊപ്പം ചെലവഴിച്ചാല്‍ അയാളുടെ രീതിയില്‍ ഞാന്‍ സംസാരിച്ചെന്നും ചിരിച്ചെന്നുമെല്ലാം വരും. അങ്ങനെയൊരു ഇത് എന്റെയുള്ളിലുണ്ട്. ആര്‍ക്കറിയാം എന്ന സിനിമ ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയശേഷം കുറച്ചുദിവസങ്ങള്‍ എന്റെ സംസാരം പാലാശൈലിയിലായിരുന്നു. അത് മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടി. അതൊന്നും മിമിക്‌ചെയ്യുന്നതല്ല. ഞാനങ്ങ് മാറിപ്പോവുന്നതാണ്. 

'ഉയരെ'യില്‍ ആസിഡ് വീണ് പകുതി വെന്ത മുഖമുള്ള കഥാപാത്രമായാണ് അഭിനയിച്ചത്. അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ പേടി തോന്നിയിരുന്നോ?

ഏയ്, അങ്ങനെയൊന്നുമില്ല. ഞാനേത് വേഷം ചെയ്യുമ്പോഴും അതുമായി സ്വാഭാവികമായി ഇണങ്ങാന്‍ ശ്രമിക്കും. 'ഉയരെ'യ്ക്കുവേണ്ടി അങ്ങനെ മേക്കപ്പിട്ട് മുഖം കണ്ണാടിയില്‍ കാണുമ്പോള്‍ പൊള്ളിയ ഭാഗത്ത് മറ്റേ ഭാഗത്ത് ചെയ്യുന്നപോലെതന്നെ തൊട്ടുനോക്കാനും ചൊറിയാനുമെല്ലാം ശ്രമിച്ചിരുന്നു. അത് എന്റെ മുഖത്തിന്റെ ഭാഗംതന്നെയാണെന്ന ഫീല്‍ ഉണ്ടാക്കിയെടുക്കാനായിരുന്നു അത്. അതുകൊണ്ടുതന്നെ സീനില്‍ ആ മുഖത്തെ സ്വാഭാവികമായിത്തന്നെ കൊണ്ടുനടക്കാനായി. മുഖം പ്രത്യേകിച്ച് ചെരിച്ച് പിടിക്കുകയോ അസ്വാഭാവികമായ ഒന്നാണെന്ന് ഫീല്‍ചെയ്യുകയോ ഉണ്ടായില്ല.

ഒരു കഥാപാത്രത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍തന്നെ അതെങ്ങനെയാണ് ചെയ്യേണ്ടതെന്ന് തുടക്കത്തിലേ പിടികിട്ടിയാല്‍ അത് വേണ്ടെന്നുവയ്ക്കാനാണ് ശ്രമിക്കുക. പക്ഷേ, ഒരു കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ അതെങ്ങനെ ചെയ്യുമെന്ന ഭയമാണ് വരുന്നതെങ്കില്‍ തീര്‍ച്ചയായും സ്വീകരിക്കും. കാരണം അതില്‍ എനിക്കെന്തെങ്കിലും ചെയ്യാനുണ്ടാവും. ആ കഥാപാത്രം എവിടെനിന്ന് തുടങ്ങണം, എങ്ങനെ ചെയ്യണം എന്നെല്ലാമുള്ള പേടിയുണ്ടാവും. അതില്‍നിന്ന് ഒളിച്ചോടാന്‍ തോന്നുന്ന പേടിയല്ല. തീ കണ്ട് അതിലേക്ക് ചാടാന്‍ തോന്നുന്ന പേടി. അതുണ്ടായാല്‍ നല്ലതാണ്. ഞാനും പ്രേക്ഷകരും തമ്മിലൊരു കരാര്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അവര്‍ കാശുകൊടുത്ത് തിയേറ്ററില്‍ വരുമ്പോള്‍ ഞാനവര്‍ക്ക് എന്തെങ്കിലും നല്‍കേണ്ടതുണ്ട്. അതൊരു ശരാശരി പ്രകടനമാവരുതെന്ന് നിര്‍ബന്ധവുമുണ്ട്.  

ഉറൂബിന്റെ 'രാച്ചിയമ്മ' എന്ന കൃതിയുടെ ചലച്ചിത്രാവിഷ്‌കാരത്തില്‍ അഭിനയിച്ചു. കഥാപാത്രം പാര്‍വതി എന്ന നടിയില്‍ ഉണ്ടാക്കിയ വികാരം എന്താണ്? 

മുമ്പ് 'രാച്ചിയമ്മ' ഒരു ഫീച്ചര്‍ ഫിലിം ആയി ചെയ്യാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അന്നവരെന്നെ സമീപിച്ചപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ വേണുസാര്‍ അതൊരു ഷോട്ട്ഫിലിമായാണ് ചെയ്തത്. വേണുസാര്‍ വിളിച്ചപ്പോഴും ഞാന്‍ പറഞ്ഞു, അതില്‍ എനിക്ക് പൊരുത്തപ്പെടാനാവാത്ത ചില വശങ്ങളുണ്ടെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇത് ഉറൂബിന്റെ 'രാച്ചിയമ്മ' എന്നതിനുപരി നമ്മുടെ ആവിഷ്‌കാരമായിരിക്കുമെന്ന്. അപ്പോഴാണ് ഞാനതിന് തയ്യാറായത്.

പുതിയ തലമുറയിലെ ഒരുപാട് പേര്‍ മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് കടന്നുവന്ന കാലമാണിത്.അവര്‍ക്കൊപ്പം സഹകരിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാണെന്ന് തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും, ലിജോയുടെ രണ്ടാമത്തെ സിനിമയായ 'സിറ്റി ഓഫ് ഗോഡി'ല്‍ ഞാനഭിനയിച്ചിരുന്നു. അന്ന് ആ സിനിമയ്ക്കുവേണ്ടി ലിജോ അനുഭവിച്ച സ്ട്രഗിള്‍ നേരില്‍ കണ്ടതാണ്. സിനിമ ആളുകളില്‍ എത്തുന്നതിന് വേണ്ടി ലിജോയും റിമയും ഞാനുമൊക്കെ ഞങ്ങളുടെ കാറില്‍ ചാനലുകളുടെ ഓഫീസില്‍ ചെന്ന് സംസാരിച്ചിരുന്നു. ഞങ്ങള്‍ക്കൊക്കെ അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്ന സിനിമയായിരുന്നു അത്. നിലവിലുണ്ടായിരുന്ന രീതിയെയും കാഴ്ചശീലങ്ങളെയും മാറ്റിമറിച്ച് പുതിയ സംവേദനക്ഷമത സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്നു ലിജോ. വളരെയെധികം ആസ്വദിച്ച് ഞാന്‍ ചെയ്ത കഥാപാത്രമാണ് അതിലെ മരതകം. പിന്നീട് ലിജോ ഓരോ സിനിമ ചെയ്യുമ്പോഴും മുന്നോട്ടുപോവുമ്പോഴും വലിയ സന്തോഷംതോന്നി. ഡബിള്‍ ബാരല്‍ പോലൊരു സിനിമ ചെയ്യാന്‍ ലിജോയ്ക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. ലിജോ, ആഷിക് അബു, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യുന്നതില്‍ വലിയ സന്തോഷംകണ്ടെത്തുന്ന ആളാണ് ഞാന്‍. സിനിമയില്‍ ഏതെല്ലാം രീതിയില്‍ മാറ്റങ്ങള്‍ വരുത്താനാവുമെന്ന് പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് അവരെല്ലാം.

എന്താണ് അവരുടെ സെറ്റില്‍ കാണുന്ന പ്രകടമായ വ്യത്യാസം ?

ഭയമില്ലാതെ, വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ ജോലിചെയ്യാവുന്ന ഇടങ്ങളാണത്. പണ്ടെല്ലാം സംവിധായകന്‍ വന്നാല്‍ സഹ സംവിധായകര്‍ മിണ്ടാന്‍പാടില്ല എന്നെല്ലാമുള്ള അവസ്ഥയായിരുന്നു. ഇന്ന് അത് മാറിത്തുടങ്ങി. പരസ്പരബഹുമാനമുണ്ട്. എനിക്കത് കൂടുതല്‍ അനുഭവപ്പെടുന്നത് സ്ത്രീകളുടെ കാര്യത്തിലാണ്.

യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളാണെന്ന് തോന്നുന്നു.

യാത്രചെയ്യാതെ ജീവിക്കുക വലിയ ബുദ്ധിമുട്ടാണ്. 2014-15 കാലത്താണ് ഒറ്റയ്ക്ക് യാത്രചെയ്യാന്‍ തുടങ്ങിയത്. ഒറ്റയ്ക്ക് യാത്രചെയ്യുമ്പോള്‍ ലഭിക്കുന്ന ആനന്ദവും സ്വാതന്ത്ര്യവും വലുതാണ്. യൂറോപ്പിലൊക്കെ അങ്ങനെ യാത്രചെയ്തിരുന്നു. ഇനിയും ഒരുപാട് സ്ഥലങ്ങളില്‍ പോവാനുണ്ട്. 

യാത്രാനുഭവങ്ങള്‍ എഴുതാറുണ്ടോ?

ഞാന്‍ പൂര്‍ണമായും ഞാനാവുന്നത് പേനയും പേപ്പറുമായി എഴുതാനിരിക്കുമ്പോഴാണ്. യാത്രയിലാണ് ഏറ്റവും കൂടുതല്‍ എഴുതാറുള്ളത്. എഴുതിയത് മാറ്റാരേയും കാണിക്കാറില്ല. ഒരു സ്യൂട്ട്കെയ്സില്‍ അടച്ചുസൂക്ഷിച്ചിരിക്കുന്നു. എനിക്കല്ലാതെ അത് തുറക്കാനുള്ള പാസ്വേഡ് അറിയുന്നത് അടുത്ത സുഹൃത്തിന് മാത്രമാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതെല്ലാം എടുത്തുകത്തിച്ചു കളയണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതുമാത്രമാണ് എന്റെ വില്‍പ്പത്രത്തില്‍ എഴുതിവെക്കുക. കാരണം ആളുകള്‍ എന്നെ ഓര്‍മിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കും. മറ്റുള്ളവര്‍ ഓര്‍മിച്ചില്ലെങ്കിലും കുഴപ്പമില്ല. അത്തരമൊരു ചിന്തയോടെ ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. അത്രയും ലാഘവത്തോടെയാണ് ജീവിതത്തെ കാണുന്നത്. അങ്ങനെയല്ലെങ്കില്‍ നമ്മുടെ ഇമേജിനെക്കുറിച്ച് ചിന്തിച്ച് വേവലാതി ഉണ്ടാവും. അപ്പോള്‍ സത്യത്തില്‍ ഞാനാരാണോ, അതില്‍നിന്ന് മാറേണ്ടി വരും. മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല ഞാന്‍ ജീവിക്കുന്നത്, എനിക്കുവേണ്ടി തന്നെയാണ്. 

സ്വകാര്യത നഷ്ടമാവുന്നതില്‍ ബുദ്ധിമുട്ട് തോന്നാറുണ്ടോ?

അഭിനേത്രി എന്ന നിലയില്‍ മറ്റുള്ളവരുടെ ശ്രദ്ധ നമ്മളില്‍ എപ്പോഴുമുണ്ടാവും. പലപ്പോഴും അത് നമ്മുടെ സ്വകാര്യതയെ ബാധിക്കും. അത് ബുദ്ധിമുട്ട് തന്നെയാണ്. ജോലി നന്നായി ചെയ്തശേഷം വീട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്നവളാണ് ഞാന്‍. പക്ഷേ, സിനിമ ആവശ്യപ്പെടുന്ന ചില കാര്യങ്ങള്‍ ചെയ്യാതിരിക്കാനാവില്ല. നമ്മള്‍ നേരിടുന്ന പല ചോദ്യങ്ങളും നമ്മളെ വല്ലാതെ വേദനിപ്പിച്ചെന്ന് വരും. മറിച്ച് നല്ല രീതിയിലുള്ള ചോദ്യങ്ങളാണ് നിങ്ങള്‍ ചോദിക്കുന്നതെങ്കില്‍ അത് അഭിമുഖമായിത്തന്നെ തോന്നില്ല. ഒരു ഡിസ്‌കഷനായി തോന്നും. അതെനിക്ക് ഇഷ്ടമാണ്. ഞാന്‍ എന്ന വ്യക്തി എന്റേത് മാത്രമാണ്. അത് മറ്റുള്ളവര്‍ക്കുള്ളതല്ല. അതെനിക്ക് അങ്ങനെതന്നെ നിലനിര്‍ത്തിയേ തീരൂ. എനിക്ക് എന്റേതായൊരു ലോകമുണ്ടെന്ന് പറയുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിപ്ലവം.

പാര്‍വതിയെപോലുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണം നേരിടുന്നുണ്ടല്ലോ ?

സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല, പേടി തോന്നിയ അവസരവുമുണ്ട്. നിങ്ങളുടെ വീടെവിടെയാണെന്നറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാന്‍ കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും- എന്നെല്ലാം ചിലര്‍ എഴുതിവെക്കും. അങ്ങനെയൊക്കെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചുപോവില്ലേ?. അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി റിലാക്സ്ഡ് ആയി നടക്കാന്‍പോലുമാവില്ല. നമ്മളെ ആരോ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതായി തോന്നും. ഉറക്കം പോവും. പക്ഷേ, അതുകൊണ്ടൊന്നും എന്റെ നിലപാടുകളില്‍, ശൈലിയില്‍ മാറ്റം വരുത്താറില്ല. അത്തരം ഭീഷണികളെ അവഗണിച്ച് ഞാനായിത്തന്നെ ജീവിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ പ്രതിരോധം, സമരം.

പാര്‍വതിയെന്ന വ്യക്തിയെ പാര്‍വതി നിര്‍വചിക്കുന്നത് എങ്ങനെയാണ്.

അങ്ങനെ നിര്‍വചിക്കാറില്ല. മൂന്നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതെല്ലാം നിര്‍ത്തി (ഉറക്കെ ചിരിക്കുന്നു). അങ്ങനെ സ്വയം കണ്ടെത്താനുള്ള പരിശ്രമങ്ങളൊക്കെ അവസാനിപ്പിച്ച് അത്തരം ധാരണകളൊന്നുമില്ലാതെ സ്വതന്ത്രമായി ലാഘവത്തോടെ ജീവിക്കുന്നതില്‍ വലിയ സുഖമുണ്ട്. ജീവിക്കുന്ന ഓരോ നിമിഷവും അങ്ങനെത്തന്നെ ആസ്വദിച്ച് ജീവിക്കുന്നു. മുന്‍പാണ് ഈ ചോദ്യം എന്നോട് ചോദിച്ചിരുന്നതെങ്കില്‍ ഞാന്‍ കൃത്യമായ നിര്‍വചനം പറഞ്ഞേനേ. ഇപ്പോള്‍ അത്തരം ചിന്തയേ ഇല്ല. പക്ഷേ, ഒരു കാര്യം പറയാം. എത്രത്തോളം സത്യസന്ധമായി ജീവിക്കാന്‍ പറ്റുമോ അതിന് ഞാന്‍ ശ്രമിക്കുന്നുണ്ട്. 

പക്ഷേ, അഭിനയമെന്നതില്‍ത്തന്നെ ഒരു ആത്മാന്വേഷണമില്ലേ?

ഉണ്ടാവാം. പക്ഷേ, ഞാന്‍ ഒരു കാര്യം ചെയ്യുകയും അതില്‍ കുഴപ്പമുണ്ടെന്ന് കണ്ടാല്‍ തിരുത്തി മുന്നോട്ടു പോവുകയുമാണ് അഭിനയത്തില്‍ ചെയ്യുന്നത്. ഭാവി, ഭൂതം, വര്‍ത്തമാനം അതെല്ലാം വിലയിരുത്തി ടാലി ചെയ്തു മുന്നോട്ടുപോവുന്ന രീതിയല്ല. ഞാന്‍ കൂടുതല്‍ നന്നായോ, മെച്ചമായോ എന്നൊന്നും ചിന്തിക്കാറില്ല. ഒരു സിനിമ കഴിയുമ്പോള്‍ അതില്‍നിന്ന് ലഭിച്ച അനുഭവംകാരണം ഞാനല്‍പ്പമൊക്കെ ബെറ്ററായിട്ടുണ്ടാവും. അത് അടുത്ത സിനിമയില്‍ പ്രയോജനപ്പെടും. അങ്ങനെയാണ് മുന്നോട്ടു പോവുന്നത്.

പാര്‍വതി കഴിഞ്ഞാല്‍ പാര്‍വതിക്ക് ഏറ്റവും ഇഷ്ടം ആരോടാണ്?

അങ്ങനെ ചോദിച്ചാല്‍, എന്റെ അച്ഛനെയും അമ്മയെയും ഇഷ്ടമാണെന്ന് പറയാം. ചേട്ടനെ ഇഷ്ടമാണെന്ന് പറയാം. പണ്ട് ഞാന്‍ എന്നെ സ്വയം താഴ്ത്തിക്കെട്ടി മറ്റുള്ളവരെ ഇഷ്ടപ്പെട്ടു നോക്കിയിട്ടുണ്ട്. പക്ഷേ, എനിക്കിപ്പോള്‍ ഏറ്റവും പ്രധാനം ഞാന്‍തന്നെയാണ്. അക്കാര്യത്തില്‍ കളവുപറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ എന്നെ കൂടുതല്‍ സ്നേഹിച്ചാലേ എനിക്ക് മറ്റുള്ളവരെ സ്നേഹിക്കാനാവൂ. അതുകൊണ്ട് ഞാന്‍ എന്നെത്തന്നെ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കയാണ്.

മനസ്സില്‍ തങ്ങിനില്‍ക്കുന്ന, അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രം?

മാധവിക്കുട്ടിയുടെ ക്യാരക്ടര്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കണമെന്നുണ്ട്. സത്യസന്ധമെന്നത് ഞാന്‍ അടിവരയിട്ടു പറയുന്നു. അവരെ ഞാന്‍  ഒരിക്കല്‍പോലും നേരില്‍ കണ്ടിട്ടില്ല. വായിച്ചുള്ള അറിവാണ്. അവരോട് കാണിക്കേണ്ട ഏറ്റവും വലിയ ആദരവ് അവരുടെ ജീവിതത്തെ വിവാദകരമാക്കാതിരിക്കുകയാണെന്നും ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെയൊന്നുമല്ലാതെ അവരുടെ വ്യക്തിത്വത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ സന്തോഷം തോന്നും. അവരാരാണെന്നത് അതിന്റെ മുഴുവന്‍ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനുള്ള ശക്തിയോ ഔചിത്യമോ നമുക്കില്ലാതെ പോയി എന്നാണ് തോന്നിയിട്ടുള്ളത്. അവരുടെ ശരിയായ വ്യക്തിത്വം അവതരിപ്പിക്കുക എന്നതൊരു സ്വപ്നംതന്നെയാണ്. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: International Women's Day 2021 Interview with Actress Parvathy Thiruvothu