നിങ്ങള്‍ ഫെമിനിസ്റ്റ് ആണോ എന്ന ചോദ്യം നേരിട്ടാല്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി?'അല്ല'എന്നായിരിക്കും ഭൂരിപക്ഷത്തിനും തിടുക്കത്തില്‍ പറയാനുണ്ടാവുക.ഫെമിനിസം അത്ര ശരിയല്ലാത്ത ഒരു തിയറിയാണ് എന്നൊരു പൊതുബോധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.ഞാനൊരു ഫെമിനിസ്റ്റാണ് എന്ന് അഭിമാനത്തോടെ പറയാന്‍ തുടങ്ങിയിട്ട് 

അധികകാലമായിട്ടില്ല.കുടുംബസദസ്സുകള്‍ എന്നെ 'ഫെമിനിച്ചി' എന്ന് പ്രത്യക്ഷമായും പരോക്ഷമായും അടയാളപ്പെടുത്തറുണ്ട്. ആ വാക്കിനോട് മുന്‍പുണ്ടായിരുന്ന അസഹിഷ്ണുതയും ഇപ്പോള്‍ ഇല്ലാതായിട്ടുണ്ട്. അതെ,ഫെമിനിസ്റ്റാണ്; നിങ്ങളുടെ ഭാഷയില്‍ ഫെമിനിച്ചി എന്നും  വിളിക്കാം എന്ന് അത്തരം സദസ്സുകളില്‍ അനായാസമായി പറയാറുമുണ്ട്.

മുമ്പ് ഫെമിനിസ്റ്റ് എന്ന് ആരെങ്കിലും സംബോധന ചെയ്താല്‍ അസ്വസ്ഥയാവുമായിരുന്നു. മുന്‍പ് പറഞ്ഞ പൊതുബോധത്തിന്റെ കുഴപ്പമാണത്. അന്ന്, ഇത് ആണിന്റെ ജോലി,ഇത് പെണ്ണിന് പറഞ്ഞിട്ടുള്ളത് എന്ന് തരംതിരിക്കുന്ന; ചലനങ്ങള്‍, ഭാഷ, സംസാരശൈലി, വസ്ത്രധാരണം എന്നുതുടങ്ങി എണ്ണമറ്റ കാര്യങ്ങളില്‍ ആണിന് ഒരു രീതി, പെണ്ണിന് മറ്റൊന്ന് എന്ന നിയമാവലികള്‍ ശിരസാവഹിച്ച; അവള്‍ അങ്ങനെ ചെയ്തെങ്കില്‍ അവന്റെ പിടിപ്പുകേട് എന്നൊക്കെ വിധിയെഴുതുന്ന നാട്ടുക്കൂട്ട മാതൃകയിലുള്ള പെണ്കൂട്ടങ്ങളില്‍ എനിക്കൊരു ഇരിപ്പിടമുണ്ടായിരുന്നു. അത്തരം ചര്‍ച്ചകള്‍ നിശബ്ദമായി കേട്ടിരിക്കുന്ന, ഇതൊക്കെയായിരിക്കുമോ ശരി എന്ന സന്ദേഹിയായിരുന്നു ഞാന്‍. വീടും നാടും ഒട്ടേറെ ഉപാധികളോടെയാണ് നമ്മളെ രൂപപ്പെടുത്തുന്നത്. അതിന്റെ ഭാഗമായുള്ള ധാരാളം അബദ്ധധാരണകളും കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ആണിന്റെയും പെണ്ണിന്റെയും ഉള്ളിലേക്ക് കുത്തിവയ്ക്കുന്നുണ്ട്. വലുതാവുമ്പോ അമ്മയെ അടുക്കളയില്‍ സഹായിക്കാനുള്ള ആളാണ് എന്ന് പെണ്‍കുട്ടികളെയും വലിയ ആളായിട്ട് വേണം അച്ഛനെപ്പോലെ വീട് നോക്കാന്‍ എന്ന് ആണ്‍കുട്ടികളെയും കൊഞ്ചിക്കുന്നത് കേട്ടിട്ടില്ലേ.നിര്‍ദോഷകരം എന്ന് തോന്നുന്ന സ്ലോ പോയിസനാണ് ഇത്തരം രീതികള്‍.ചെറുപ്പത്തില്‍ത്തന്നെ ഉള്ളിലുറച്ചു പോവുന്ന ഈ അസംബന്ധങ്ങള്‍ മാറ്റിയെടുക്കുക വലിയ ടാസ്‌കാണ്.

'പ്രകൃത്യാ ഉള്ളതെല്ലാം നീതിപൂര്‍ണ്ണമാകണമെന്നില്ല ; പക്ഷേ പ്രകൃത്യാ ഉള്ളതെന്തെന്ന് നാം അറിയേണ്ടതുണ്ട്' എന്ന് മൈത്രേയന്‍ എഴുതിയിട്ടുണ്ട്. പ്രകൃതിയെ സമൂഹം എന്ന വാക്കുകൊണ്ട് പുന:സ്ഥാപിച്ചാല്‍, പുരുഷാധിപത്യ സമൂഹത്തില്‍ നിലനില്‍ക്കുന്ന നീതികേടുകളെ തിരിച്ചറിയുക, അവയ്‌ക്കെതിരെ നിലകൊള്ളുക എന്നത് സമൂഹജീവി എന്ന നിലയ്ക്ക് ഓരോരുത്തരുടെയും ധാര്‍മ്മിക ഉത്തരവാദിത്തമാണ്. 

തുല്യനീതിയെ കുറിച്ചുള്ള നിലപാടുകള്‍ രൂപപ്പെട്ടു തുടങ്ങിയ കാലത്ത്, ഇത് ഇങ്ങനെ തന്നെയാണോ വേണ്ടത് എന്നൊക്കെയുള്ള സംശയങ്ങള്‍ ഉള്ളകാലത്ത്,കയ്യില്‍ കിട്ടിയ ഒരു പുസ്തകം വ്യവസ്ഥിതിയോടുള്ള കലഹം എന്നരീതിയില്‍ ജീവിക്കാന്‍, ആ തെരഞ്ഞെടുപ്പ് ശരിയാണ് എന്ന ബോധ്യത്തില്‍ എത്തിച്ചേരാന്‍ സഹായിച്ചിട്ടുണ്ട്. നൈജീരിയന്‍ എഴുത്തുകാരിയായ Chimamanda Ngozi Adichie യുടെ A Feminist Manifesto in Fifteen suggestions എന്ന പുസ്തകം. തന്റെ കൂട്ടുകാരിയുടെ കുഞ്ഞിനെ ഫെമിനിസ്റ്റ് ആയി വളര്‍ത്താന്‍ എഴുത്തുകാരി നല്‍കുന്ന പതിനഞ്ച് നിര്‍ദേശങ്ങളാണ് പുസ്തകരൂപത്തില്‍ എന്റെ നിലപാടുതറ ബലപ്പെടുത്തിയത്. വിവാഹം ഒരു നേട്ടമല്ല എന്നും മാതൃത്വം ഇത്രയേറെ ഗ്ലോറിഫൈ ചെയ്യേണ്ട കാര്യമില്ല എന്നും കുഞ്ഞുങ്ങള്‍ അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല എന്നും ജന്‍ഡര്‍ റോള്‍ എന്ന ആശയം വലിയ ചതിയാണ് എന്നും മനസിലാക്കുക എന്നതാണ് ആദ്യത്തെ പടി.'Leave her alone,untill her husband allows' എന്ന ലോകത്തിന്റെ 'ഔദാര്യ'ത്തെ പരിഹാസത്തോടെ അവതരിപ്പിക്കുന്നുണ്ട് അധിച്ചേ.

പ്രകൃത്യാ ഉണ്ടായിരുന്ന തുല്യതകളെ ഇല്ലാതാക്കിയതില്‍ അനേകകാലങ്ങളായി നിലനില്‍ക്കുന്ന ആണ്‍മതങ്ങള്‍ക്കും ആണ്‍സംസ്‌കാരങ്ങള്‍ക്കും ആണെഴുത്തുകള്‍ക്കും ആണ്‍സിനിമകള്‍ക്കുമെല്ലാം ഉത്തരവാദിത്തമുണ്ട്.മുന്‍പേ ഉറച്ചുപോയ ധാരണകളുമായി ജീവിക്കുന്നവരെ തിരുത്തുക എളുപ്പമല്ല.നമ്മുടെ ആശാബിന്ദുക്കള്‍ കുഞ്ഞുങ്ങളാണ്.അവരെ വളരാന്‍ സഹായിക്കുക,ശാരീരികമായി മാത്രമല്ല മാനസികമായും. പ്രത്യേകം എടുത്തുപറയട്ടെ, വളര്‍ത്തുകയല്ല, വളരാന്‍ സഹായിക്കുകയാണ് വേണ്ടത്.നിലപാടുകള്‍ തനിയെ രൂപപ്പെട്ടുകൊള്ളും.വിശ്വാസങ്ങളെ,ധാരണകളെ,മുന്‍വിധികളെ സംശയബുദ്ധിയോടെ സമീപിക്കാന്‍ കുട്ടികളെ ശീലിപ്പിക്കാം.എല്ലാവര്‍ക്കും ഇഷ്ടമുള്ള       ഒരാളാവുക എന്ന ആശയത്തെ തള്ളിക്കളയാനുള്ള ധൈര്യം അവര്‍ക്ക് കൊടുക്കണം.സ്ത്രീകള്‍ സ്‌പെഷ്യലാണ് എന്ന ചിന്തയല്ല ഫെമിനിസം എന്നും അതിന് നീതി എന്ന വിശാല അര്‍ത്ഥമാണുള്ളത് എന്നും കുട്ടികള്‍ അറിയട്ടെ.

ഫെമിനിസ്റ്റ് എന്ന പദത്തിന്റെ മലയാള പരിഭാഷ അന്വേഷിച്ചുനോക്കൂ. സ്ത്രീപക്ഷവാദി എന്ന് കാണാം. എപ്പോഴാണ് നമ്മളൊരു പക്ഷംചേരുക? അവിടെയാണ് ശരി എന്നോ അതാണ് ന്യായം എന്നോ തോന്നുമ്പോഴാണല്ലോ. അപ്പോള്‍ സ്ത്രീകള്‍ അന്യായം എന്തോ നേരിടുന്നുണ്ട് എന്ന ബോധ്യത്തില്‍ നിന്നാണല്ലോ സ്ത്രീപക്ഷവാദം രൂപപ്പെട്ടിട്ടുള്ളത്.അതുകൊണ്ട്,ജൈവികമായ ചില സവിശേഷതകളുടെ പേരില്‍, ജന്‍ഡറിന്റെ അടിസ്ഥാനത്തില്‍ ഒക്കെ ഒരു വിഭാഗം നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം എന്ന രീതിയിലാണ് ഫെമിനിസം എന്ന സമീപനത്തെ കാണേണ്ടത്. അതായത്,നിലവിലുള്ള സാമൂഹ്യസ്ഥിതിയില്‍ ഫെമിനിസ്റ്റ് എന്നാല്‍ ചൂഷിതപക്ഷവാദി എന്നേ അര്‍ത്ഥമുള്ളൂ.അപ്പോള്‍ ഫെമിനിച്ചി എന്ന വിളിയില്‍ അപമാനം തോന്നാന്‍ ഒന്നുമില്ല,മറിച്ച് ആ ധീരമായ നിലപാടിന്റെ പേരില്‍ അഭിമാനം തോന്നുകയാണ് വേണ്ടത്.അതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന കുറ്റപെടുത്തലുകളെ, പരിഹാസങ്ങളെ, വിവേചനത്തെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാന്‍ പാകത്തില്‍ എന്റെ പെണ്ണുങ്ങള്‍ വളരട്ടെ. പെണ്ണിനെ എല്ലാ അര്‍ത്ഥത്തിലും സഹജീവി എന്ന നിലയില്‍ പരിഗണിക്കുന്ന ആണുങ്ങള്‍ക്കും, എല്ലാ പെണ്ണുങ്ങള്‍ക്കും വനിതാദിന ആശംസകള്‍.

Content Highlights: International Women's day 2021, Gender role and Feminism