ലതരം അപകർഷബോധങ്ങളുടെ നടുക്കടലിൽ മുങ്ങിത്താണിരുന്ന ആ സ്‌കൂൾ കുട്ടിയെ ആദ്യമായി വെളിച്ചത്തിന്റെ കരകാണിച്ചത് ഒരു സ്ത്രീയാണ്. എത്ര മുന്നോട്ട് നീന്തിയിട്ടും അവനാ കരയെത്തിപ്പിടിക്കാനായില്ല. എങ്കിലും അവനാ സ്ത്രീയെ മറന്നില്ല- അവൻ അവരെ സാറാമ്മാ ചാക്കോ മിസ് എന്ന് വിളിച്ചു. 

നല്ല 'പുരുഷ'നാവാനുള്ള പരീക്ഷ ജയിക്കാനാവാശ്യമായ പരിശീലനം കൊടുത്താണ് നമ്മുടെ സ്കൂളുകൾ ആൺകുട്ടികളെ വളർത്തുക. ഞാനാവട്ടെ, അവിടെയെല്ലാം 'പിന്നോക്കക്കാരനായിരുന്നു'. കായികമായും മാനസികമായും. ഫുട്‌ബോൾ കളിക്കാനാറിയാത്തത് കൊണ്ട്, എന്നും ഗോളിയായി. ക്രിക്കറ്റിൽ പന്ത് പെറുക്കാൻ മാത്രമറിയാവുന്നത് കൊണ്ട് 'വേസ്റ്റ് പെറുക്കി' എന്ന് വിളിക്കപ്പെട്ടു. ദുർബലനായി, എല്ലാവരും കാൺകെ കരഞ്ഞു- അങ്ങനെ 'നല്ല ആണുങ്ങളുടെ' കൂട്ടത്തിൽ ചേരാത്തവനായി. ജയിക്കുന്ന ആണത്തപരീക്ഷകൾ മാത്രമാണ് നിനക്ക് അഭിമാനിക്കാൻ വകനൽകുക എന്ന് എന്റെ ചുറ്റുപാടുകൾ എന്നോട് ആവർത്തിച്ചുകൊണ്ടിരുന്നു. ആ പരീക്ഷകളിലൊക്കെ ഞാൻ തോറ്റു പോയി. അഥവാ ജയിക്കാൻ ശ്രമിച്ചപ്പോഴൊക്കെ, എന്റെ ജീവിതം കുറ്റകരവും നീതിരഹിതവുമായി. ഫിസിക്കൽ ട്രെയിനിങ്ങിലെ അലസമായ പ്രകടനത്തിന് സ്‌കൂളിന് ചുറ്റിനും നടക്കാൻ കിട്ടിയ ശിക്ഷ കരഞ്ഞുകൊണ്ട് നടന്നു തീർത്ത ആ കുട്ടിയെ ഞാനിപ്പോൾ ഓർക്കുന്നുണ്ട്; അന്നെന്നെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ച മറ്റൊരധ്യാപികയെയും ഞാൻ ഈ വേള ഓർക്കുന്നുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട ജീന മിസിനെ. 

അങ്ങനെ പല നിലകളിൽ നിറംമങ്ങിയ ആ സ്‌കൂൾ കാലത്തിന്റെ നടുവിലേക്കാണ്, വലിയ കണ്ണടയുള്ള ആ സ്ത്രീ അവതരിക്കുന്നത്. എന്റെ പ്രിയപ്പെട്ട സാറാമ്മ ടീച്ചർ. സാറാമ്മ എന്ന വാക്കിന് എന്റെ ഡിക്ഷണറിയിൽ ഇപ്പോൾ  മൂലധനം (capital) എന്നുകൂടി അർത്ഥമുണ്ട്.

സാറാമ്മ ടീച്ചറെ ഓർക്കുമ്പോൾ, ആ ക്ലാസ് മുറിയിൽ അനുഭവിച്ച സ്നേഹത്തെ ഓർക്കുമ്പോൾ സാഹിത്യത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഒരു സൗഹൃദത്തെ ഓർക്കാതിരിക്കാനാവില്ല.

റോബർട്ട് ഫ്രോസ്റ്റും എഡ്വാർഡ് തോമസുമായിരുന്നു ആ സുഹൃത്തുക്കൾ. അവ്യക്തതയിൽ നിന്ന് ഫ്രോസ്റ്റിന്റെ കവിതകളെ തെളിച്ചത്തിലേക്ക് നയിക്കുന്നത് തോമസാണ്; തോമസിന്റെ ജീവിതത്തെ ഫ്രോസ്റ്റും. ഇരുവരുമില്ലായിരുന്നെങ്കിൽ ഇരുവരുമുണ്ടാവുമായിരുന്നില്ലെന്ന പോലെ. 1916-ലാണ് ഫ്രോസ്റ്റിന്റെ Mountain Interval എന്ന കവിതാസമാഹാരം പുറത്തിറങ്ങുന്നത്. പിന്നീട് വിശ്വവിഖ്യാതമായിത്തീർന്ന അതിലെ ഒരു കവിത 1915-ൽ തന്നെ ഫ്രോസ്റ്റ് തോമസിന് അയച്ചുകൊടുത്തിരുന്നു. തീരുമാനങ്ങളില്ലായ്മ (Indecision എന്നതിന്റെ മോശം തർജ്ജമ)കളാൽ വലയുന്ന തോമസിന്റെ ജീവിതം തന്നെയായിരുന്നു ആ കവിതക്ക് പ്രമേയം. ഒരുമിച്ചുണ്ടായിരുന്ന കാലത്ത് ഇരുവരും ദീർഘദൂരം നടക്കുക പതിവായിരുന്നു. ഏതുവഴിയേ നടന്നാലും മറ്റൊരു വഴിയേ നടക്കാനായില്ലല്ലോ എന്ന്, തോമസ് സങ്കടപ്പെട്ടുകൊണ്ടിരിക്കുമായിരുന്നു. ഫ്രോസ്റ്റിന്റെ കവിത വായിച്ച് താമസിയാതെ തോമസ് വിചിത്രമായ ഒരു തീരുമാനത്തിലെത്തിച്ചേർന്നു. യാഥാസ്ഥിതികമായ ദേശീയബോധത്താൽ ഒരിക്കലും സ്വാധീനിക്കപ്പെട്ടില്ലാത്ത അയാൾ നേരെ പോയി പട്ടാളത്തിൽ ചേർന്നു. അതാവട്ടെ നിർബന്ധിതപട്ടാളസേവനത്തിന്റെ ഭാഗമായി സംഭവിച്ചതല്ല, അയാൾ സ്വയം തിരഞ്ഞെടുത്ത വഴിയായിരുന്നു. തോമസിന്റെ തീരുമാനത്തിന് പിന്നിലെ ഒരേയൊരു പ്രേരണാശക്തി ഫ്രോസ്റ്റിന്റെ കവിതയാണെന്ന് പറയാനാവില്ലെങ്കിലും അങ്ങനെയൊരു തീരുമാനത്തിന്റെ വഴിയേ അയാളെ നടത്തിച്ച അനേകം പ്രേരണകളിൽ ഒന്ന്, ചിലപ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് ഫ്രോസ്റ്റും ആ കവിതയുമാണ് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

1917-ൽ എഡ്വാർഡ് തോമസ് യുദ്ധത്തിൽ കൊല്ലപ്പെട്ടു. പലകാലങ്ങളിൽ പല ദേശങ്ങളിലിരുന്ന് നാമെല്ലാം, തോമസിനെ ഉദ്ദേശിച്ച് ഫ്രോസ്റ്റ് എഴുതിയ The Road not Taken എന്ന ആ കവിത അതീവഗൗരവമായി വായിക്കുകയും പഠിക്കുകയും ചെയ്തു. 2007-ലോ 2008-ലോ (അതോ ഇനി 2009-ലാണോ) ആ കവിത സാറാമ്മ ചാക്കോ മിസ് ഞങ്ങളെ മനോഹരമായി പഠിപ്പിച്ചു. പലതരം അപകർഷബോധങ്ങളുടെ  അവസാനബെഞ്ചിൽ 

അമലിന്റെയും ബേസിലിന്റെയും നടുവിലിരുന്ന് ഞാൻ അന്നാദ്യമായി ആ കവിത കേട്ടു. കുട്ടികളെക്കൊണ്ട് കവിത ചൊല്ലിക്കുന്ന ഒരാചാരം സാറാമ്മ മിസ്സിന്റെ ക്ലാസിൽ പതിവായിരുന്നു. The Road not Taken നന്നായി ചൊല്ലിയതിന് എനിക്കന്ന് വലിയ അഭിനന്ദനം കിട്ടി. അഭിനന്ദിച്ചു എന്ന് മാത്രമല്ല, പിന്നീട് പലപ്പോഴായി സാറാമ്മ ടീച്ചർ അതെന്നെക്കൊണ്ട് ചൊല്ലിക്കുകയും ചെയ്തു. തിരഞ്ഞെടുക്കാനാവാതെപോയ വഴികളെ ഓർത്ത് ഒടുങ്ങാത്ത നഷ്ടബോധങ്ങളുണ്ടായിരിക്കുമ്പൊഴും, എത്തിച്ചേർന്ന വഴികളിലൂടെ മുന്നോട്ട് നടക്കാൻ സ്‌കൂൾകാലം എനിക്കുതന്ന ഏറ്റവും വലിയ മൂലധനം ആ അഭിനന്ദനവാക്കുകളായിരുന്നു എന്ന് ഇപ്പോഴോർക്കുമ്പോൾ തോന്നുന്നുണ്ട്.
സ്‌കൂളിൽ നിന്നിറങ്ങിയ ശേഷം പലപ്പോഴായി, ഞാനാ കവിത വായിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഞാൻ സാറാമ്മ ടീച്ചറെയും ഓർക്കുമായിരുന്നു. 

ആ കവിത മാത്രമായിരുന്നില്ല സാറാമ്മ ടീച്ചറെ കുറിച്ചുള്ള ഓർമ്മ. തികച്ചും സാമ്പ്രദായികമായി മാത്രം മുന്നോട്ട് കൊണ്ടുപോകാമായിരുന്ന ഹൈസ്‌കൂൾ ഇംഗ്ലീഷ് പിരീഡ് ടീച്ചർ നവീനമായ പാഠങ്ങൾകൊണ്ട് അഴിച്ചുപണിതു. വ്യത്യസ്ത ഭാവപ്രകടനങ്ങളോടെ ടീച്ചർ മാർക്ക് ആന്റണീസ് സ്പീച്ച് പറയുന്നത് കേട്ട്, ഷേക്സ്പിയർ നാടകം നേരിട്ട് കണ്ട അനുഭവതീവ്രതയോടെ കുട്ടികൾ കയ്യടിച്ചു. 
എം.എ. സിലബസിലെ ഷേക്സ്പിയർ നാടകങ്ങൾ പോലും മറവിയുടെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. എം.എ ക്കും ബി.എക്കും എത്ര ഷേക്സ്പിയർ നാടകങ്ങൾ പഠിച്ചു എന്നാരെങ്കിലും ചോദിച്ചാൽ ഞാനിരുന്നു വിറച്ചെന്നു വരും. എങ്കിലും ഞാൻ ഹൈസ്‌കൂളിലെ സാറാമ്മ ടീച്ചറിന്റെ മാർക്ക് ആന്റണീസ് സ്പീച്ച് മറക്കില്ല. ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കിൽ ഫൈൻ അടക്കേണ്ടി വരുമായിരുന്ന ആ ഹൈസ്‌കൂൾ കാലത്താണ്, ടീച്ചർ ഇംഗ്ലീഷ് ക്ലാസിൽ മലയാളം പാട്ട് പാടി ഞങ്ങളെ വിസ്മയിപ്പിച്ചത്. "ടീച്ചറെ, 'കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചൻ', ഒന്ന് പാടിത്തരാവോ" എന്ന് ഞാനും ബേസിലും അന്ന് നിർബന്ധിച്ചിരുന്നത് അത് പാടിക്കഴിയുമ്പോൾ ടീച്ചറെ കളിയാക്കി ചിരിക്കാനായിരുന്നു. അതൊരുപക്ഷേ ടീച്ചർക്കും അറിയാമായിരുന്നിരിക്കണം. എന്നിട്ടും ടീച്ചർ അതുപോലുള്ള പാട്ടുകൾ പാടി ഞങ്ങളെ വിസ്മയിപ്പിച്ചു. ഇംഗ്ലീഷ് ക്ലാസുകൾ എന്നാൽ ഗ്രാമർ ക്ലാസുകൾ മാത്രമല്ലെന്ന്  ഞാൻ ആദ്യമായി തിരിച്ചറിയുന്നത് ഡിഗ്രി ക്ലാസിലോ പി.ജി ക്ലാസിലോ അല്ല,  സാറാമ്മ ടീച്ചറിന്റെ ആ ഹൈസ്‌കൂൾ ക്ലാസിൽ ആണ്.

സ്‌കൂളിൽ നിന്നിറങ്ങിയ ശേഷം സാറാമ്മ മിസ്സിനെക്കുറിച്ച്  അറിവൊന്നുമുണ്ടായില്ല.
കുറേക്കാലം കഴിഞ്ഞ് സ്‌കൂളിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഒരു സന്ദേശം വന്നു: 'നമ്മുടെ സാറാമ്മാ മിസ് മരിച്ചു'. തിരഞ്ഞെടുപ്പിന്റെ എല്ലാ വഴികളും തെറ്റിപ്പോയ ഒരാളിനെപ്പോലെ, അമ്മ മരിച്ചുപോയ ഒരു കുട്ടിയെപ്പോലെ ഞാനന്ന് പൊട്ടിക്കരഞ്ഞു. 

തെറ്റിയ വഴികളെക്കുറിച്ചുള്ള വിഷാദങ്ങളാൽ ചുറ്റപ്പെട്ട ആത്മസുഹൃത്തിനെ (ഫ്രോസ്റ്റിന്റെ സുഹൃത്ത് മാത്രമല്ല, എഡ്വാർഡ് തോമസ് സ്വയമേ ഒരു ലെജന്റ് ആയിരുന്നു എന്നത് മറക്കുന്നില്ല) ഉദ്ദേശിച്ചെഴുതിയ കവിത ചൊല്ലിച്ചും അഭിനന്ദിച്ചും എന്റെ ജീവിതത്തെ മറ്റൊരു വഴിയേ തിരിച്ചുവിട്ടതിന് ടീച്ചർക്ക് കൊടുക്കാൻ ഒരു മുത്തം സൂക്ഷിച്ചിരുന്നു ഞാൻ. അതുകൊടുക്കാനായില്ലല്ലോ. ടീച്ചർ ഇത്ര പെട്ടെന്ന് മരിച്ചുപോകാരുതായിരുന്നു! 

തെറ്റുകളാൽ, ഇരുട്ടുമൂടിപ്പോവുമായിരുന്ന, ഒരുവന്റെ ജീവിതത്തിലേക്ക് ഓരോ കാലത്തും വെളിച്ചം കാണിച്ച വലിയ സ്ത്രീകളെ ഓർക്കുമ്പോഴെല്ലാം ഞാൻ എന്റെ ആ രണ്ട് അധ്യാപകരെ കൂടി ഓർക്കും. സാറാമ്മ ടീച്ചറേയും ജീന ടീച്ചറെയും.

ജീന ടീച്ചർ എന്റെ  തൊട്ടടുത്തുണ്ട്; ഒരിക്കൽ പോയി കാണാമെന്നും, വിഷാദിയായ ഒരു സ്ക്കൂൾ വിദ്യാർഥയെ മകനെപ്പോലെ കണ്ട് സ്നേഹിച്ചതിന് ഹൃദയം കൊണ്ട് നന്ദി പറയാമെന്നും വീട്ടിലേക്കുള്ള പല യാത്രകളിലും ഞാൻ ഓർക്കും. അപ്പോഴെല്ലാം, എന്നിലേക്ക് ചുരുങ്ങിച്ചുരുങ്ങി ജീവിക്കാനുള്ള എന്റെയാ പഴയ മടി, ജീവിതത്തിൽ എന്ത് ചെയ്യും മുൻപും പേടി വന്ന് മൂടുന്ന ആ പഴയ ശീലം, എന്നെ തടയും. ടീച്ചർ എന്നോട് ക്ഷമിക്കട്ടെ.

സാറാമ്മ ടീച്ചർ മരിച്ചു പോയി. ടീച്ചർക്ക് കൊടുക്കാൻ കരുതിവെച്ച മുത്തം ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നുണ്ട്. അത് എന്റെ ജീവിതത്തിലെ എല്ലാ 'വലിയ' സ്ത്രീകൾക്കുമുള്ളതാണ്. അഭിനന്ദിക്കപ്പെടാൻ  ആണത്തം തെളിയിക്കേണ്ടതില്ല എന്ന് എന്നെ പഠിപ്പിച്ച, ഇപ്പോഴും അതെന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന എല്ലാ വലിയ സ്ത്രീകൾക്കും.. 

അവരിലെല്ലാം ഞാൻ എന്റെ സാറാമ്മ ടീച്ചറെ കാണുന്നുണ്ട്...

Content Highlights: International women's day 2021, Ancif Abu shares his memories, Women