കൊറോണക്കാലത്ത് മുന്‍നിരയില്‍ നിന്ന് തങ്ങളുടെ ജീവന്‍ പോലും മറന്ന് പോരാടിയവര്‍, ആരോഗ്യപ്രവര്‍ത്തകര്‍... കൊറോണക്കാലത്തെ ആശുപത്രി അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് അമേരിക്കയിലെ ടെക്‌സാസില്‍ നഴ്‌സായ മഞ്ജു ജോഷി

ഭയമില്ലാത്തവര്‍

അലാവുദീന്റെ അത്ഭുത വിളക്കില്‍ നിന്നെന്നപോലെ ചൈനക്കാര്‍ വുഹാനില്‍ പണിതുയര്‍ത്തിയ കൊറോണ ഹോസ്പിറ്റലില്‍ നിന്ന് അവസാന രോഗിയുമൊഴിഞ്ഞ ദിനം  അരയന്നങ്ങളെ പോലെ സൗന്ദര്യമുള്ള ചൈനയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഒരായിരം കയ്യടികള്‍ക്കുംസല്യൂട്ടുകള്‍ക്കുമിടയിലൂടെ യാത്ര പറഞ്ഞു മടങ്ങുന്ന രംഗങ്ങള്‍ കണ്ടപ്പോഴാണ്  മനസ്സിന്റെ അടിത്തട്ടിലെവിടെയോതണുത്തുറഞ്ഞു കിടന്ന വര്‍ഗ്ഗബോധം  അഭിമാനത്തോടെ തളിര്‍പൊട്ടി വിടര്‍ന്നത് .അവരിലൊരാളാകാന്‍പറ്റിയിരുന്നെങ്കില്‍ എന്ന് രഹസ്യമായി മനസു കൊതിച്ച  നിമിഷം !

ലോകം മുഴുവനുമുള്ള തന്റെ സംഹാരതാണ്ഡവത്തിന് കൊറോണ പതിയെ ചുവടുകള്‍ വച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.. ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂയോര്‍ക്കിന്റെയും ലണ്ടനിലെയും വിജനമായ തെരുവീഥികളിലൂടെആംബുലന്‍സുകള്‍ ഇടതടവില്ലാതെ പാഞ്ഞു. ശ്വാസം പിടഞ്ഞ്  മരിച്ച അനേകായിരം ആത്മാക്കളുടെ നെടുവീര്‍പ്പുകളെ മാത്രം  സാക്ഷി നിര്‍ത്തി ,സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന്റെ അവിശ്വസ്വനീയമായ  വിജനതയില്‍, ഒരു മെഴുതിരിനാളത്തിന്റെ വെട്ടത്തില്‍ മാര്‍പാപ്പ ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിച്ചു. ലോകത്തിന്റെ നാനാ കോണില്‍  താന്താങ്ങളുടെ കൊച്ചുതുരുത്തുകളില്‍ ഒറ്റപ്പെട്ടു പോയ കോടിക്കണക്കിനു മനുഷ്യര്‍ ആ പ്രാര്‍ത്ഥനകള്‍ക്ക് കണ്ണീരോടെമറുപടി ചൊല്ലി.

ജോലിയുപേക്ഷിക്കണമെന്ന്,ലീവെടുത്താലോയെന്ന്,ജീവനല്ലേ വലുതെന്ന്. കണ്ണീരും വേവലാതിയും കുന്നോളം  ഉപദേശങ്ങളും 

പക്ഷെ ആയിടെ മാത്രം  മുളച്ചുപൊങ്ങിയ അദൃശ്യമായ രണ്ടു മാലാഖാ ചിറകുകളില്‍ ആരുമയോടെ തലോടിക്കൊണ്ട് ഭൂഗോളത്തിലെ ലക്ഷക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ കണ്ണുകളിലൂടെ പുഞ്ചിരിച്ചു.. ആദ്യമായി PPE കിറ്റുംഅണിഞ്ഞ് കോവിഡ് റൂമില്‍ നിന്നും പുറത്തുവന്ന സഹപ്രവര്‍ത്തകയെ ചാന്ദ്രപേടകത്തില്‍  നിന്നിറങ്ങി വന്ന നീല്‍ആംസ്ട്രോങിനെ പോലെ ആരാധനയോടെ നോക്കിയ നിമിഷം. N95 വടുക്കള്‍ വീഴ്ത്തിയ കവിള്‍ത്തടങ്ങളില്‍ അഭിമാനത്തോടെ തലോടി ചിലര്‍ 

സ്വയം സംരക്ഷണത്തിന് വേണ്ടുന്ന വസ്തുക്കള്‍ ദുര്‍ലഭ്യമായപ്പോഴും ഇരട്ടിയിലധികം ജോലിഭാരം വര്‍ധിച്ചപ്പോഴും പരാതിപറയില്ലെന്ന് പറഞ്ഞവര്‍.ശമ്പളം വേണ്ട ..എവിടെ വേണമെങ്കിലും ജോലിക്കു വരാമെന്നു പറഞ്ഞു വാക്കുകളെപോലും നിശബ്ദമാക്കി കളഞ്ഞുമറ്റു ചിലര്‍.തങ്ങളുടെ തന്നെ നിലനില്‍പ്പിന്റെ ,ജോലിയുടെ സുരക്ഷക്കുവേണ്ടി ചെയ്യുന്നതല്ലേ  എന്ന്  ചോദ്യങ്ങളുണ്ടാവാം..പക്ഷെ ലോകംമുഴുവന്‍  ഭയത്തിന്റെ  ,നിസ്സഹായതയുടെ ,സംശയത്തിന്റ ആഴങ്ങളില്‍  തണുത്തുറഞ്ഞപ്പോള്‍ 

എവിടെ നിന്നെന്നറിയാതെ ഒഴുകിയെത്തിയ  ഈ ആത്മവിശ്വാസത്തിന്റെ സ്രോതസ്  എന്താവാം ?വാക്കുകള്‍  ചിലപ്പോള്‍ അര്‍ത്ഥശൂന്യങ്ങളാണ് ..

പക്ഷേ യുദ്ധഭൂവിലേക്കു നടന്നടുക്കുന്ന ഒരു പട്ടാളക്കാരന്റെ ഹൃദയതാളം ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം. പഴംകഥകളിലെവിടെയോ  കേട്ടു മറന്ന ചാവേറുകളുടെ, രക്തസാക്ഷികളുടെ അതേ ഹൃദയതാളം.'രക്ഷകാ'  എന്നനിലവിളിക്കു മുന്‍പില്‍ സ്വയം കുരിശിലേറുന്ന എല്ലാ മനുഷ്യസ്‌നേഹികളുടെയും ജീവതാളം. സര്‍വനാശംസംഭവിക്കാതിരിക്കാന്‍ കാലാകാലങ്ങളില്‍  പ്രകൃതി തന്നെ അത് ചിലരിലേക്കു ചൊരിയുന്നതാവാം. അല്ലെങ്കില്‍ തന്നെ  ദേശാടന പക്ഷികളില്‍ ,ചിലര്‍ മാത്രം മുന്‍പേ പറക്കുന്നതെന്തിനെന്ന് ആരും അവരോടു ചോദിക്കാറില്ലല്ലോ ?

കഥയിലാണ് കാര്യം

'നിങ്ങള്‍ക്ക്  ഒരു രാജകുമാരിയുടെ പേരാണല്ലോ'? രക്തം കട്ട പിടിക്കാതിരിക്കാനുള്ള ആന്റികൊയാഗുലാന്റ്  കുത്തി വയ്ക്കുന്നതിനിടെ അവള്‍ വെറുതെ കുശലം ചോദിച്ചു. നരച്ച മുടിയിഴകളും പച്ച കണ്ണുകളുമുള്ള ആ  വൃദ്ധ ചുവരിലേക്കു മിഴികളൂന്നി നിസംഗമായി ചിരിച്ചു. ഒരുപാട് തിരക്കുകളുള്ള ചില ദിവസങ്ങളില്‍ പുഞ്ചിരികള്‍ കൊണ്ടു മാത്രം ഉത്തരം പറയുന്ന രോഗികള്‍ എത്ര നല്ലവരാണ്.. അവള്‍ അടുത്ത മുറിയിലേക്ക് നടന്നു 

കടുത്ത കോവിഡ് നിയന്ത്രണങ്ങളുടെ കാലമാണ്. പ്രിയപെട്ടവരുടെ സാമിപ്യം പോലും നിഷേധിക്കപ്പെട്ട ഒരു പാട് മനുഷ്യരുടെ കണ്ണീരും വേദനകളും മാത്രമാണ് ചുറ്റിലും. ഡയാലിസിസ് ചെയ്യാനുള്ള സമ്മതപത്രത്തില്‍ഒപ്പിടിപ്പിക്കാന്‍ അവള്‍ വീണ്ടും പച്ചക്കണ്ണുകളുള്ള വൃദ്ധയുടെ അരികിലെത്തി. 'എന്റെ ഭര്‍ത്താവിനോട് കൂടി ഇതെല്ലാം ഒന്ന് വിവരിക്കാമോ ?ഞാന്‍ നമ്പര്‍ തരാം .'

'കൊള്ളാം ,ഭര്‍ത്താവിനും ഒരു രാജാവിന്റെ  പേര്. കഥയിലെ രാജകുമാരനും രാജകുമാരിയും ' ഡയല്‍ ചെയ്യന്നതിനിടെ വൃദ്ധയുടെ തിളങ്ങുന്ന കണ്ണുകളിലേക്കു നോക്കി അവള്‍ കളി പറഞ്ഞു .'നിങ്ങള്‍ക്കു ശരിയെന്നു തോന്നുന്ന എന്തും അവള്‍ക്കു വേണ്ടി ചെയ്യൂ... പഴയതുപോലെ തന്നെ അവള്‍ തിരിച്ചുവരുമെന്ന് എനിക്കുറപ്പാണ് 'മറുതലക്കല്‍  സ്‌നേഹവും കരുതലും തുളുമ്പുന്ന ഒരു വൃദ്ധ സ്വരം  

നന്ദി പറഞ്ഞു തിരിയുമ്പോള്‍  മുന്‍പിലെ മരതകണ്ണുകള്‍ തുളുമ്പിയൊഴുകുന്നു. ഗ്ലൗസിട്ട കരങ്ങള്‍ കൊണ്ടു തോളില്‍ മെല്ലെ അമര്‍ത്തി അവള്‍ പറഞ്ഞു 'എല്ലാം ശരിയാകും'... ഒരവാക്ക് , ഒരു സ്പര്‍ശം... ജോലിയുടെ ഭാഗമായി യാന്ത്രികതയോടെ  ചെയ്യുന്ന ചില കാര്യങ്ങള്‍ പോലും ചിലരെ ആഴത്തില്‍ തൊടും ..

വൃദ്ധ  അവള്‍ക്കു മുന്‍പില്‍ മനസുതുറന്നു... ഒരു ദിവസം പോലും വേര്‍പിരിയാത്ത നീണ്ട നാല്പത്തഞ്ചു വര്‍ഷത്തെ ദാമ്പത്യം. രോഗിയായ അമ്മയെക്കാണാന്‍ ആയിരക്കണക്കിന് മൈലുകള്‍ അപ്പുറമുള്ള മറ്റൊരു നഗരത്തില്‍ നിന്ന് ഇവിടെയെത്തിയത്. ഒടുവില്‍ അമ്മയുടെ സംസ്‌കാര ചടങ്ങുകളില്‍ വച്ചു ഹൃദയാഘാതം സംഭവിച്ചതും ദിവസങ്ങളായി ആശുപത്രിയില്‍ കഴിയുന്നതും. 'പക്ഷെ സങ്കടപെടുത്തുന്നത് മറ്റൊന്നാണ്. കണ്ണീരോടെ വൃദ്ധ തുടര്‍ന്നു. 'അവര്‍ അഡ്മിറ്റ് ആയ ദിവസം മുതല്‍ ഭര്‍ത്താവ്  വീട്ടിലേക്കു പോകാന്‍ കൂട്ടാക്കാതെ ആ ഹോസ്പിറ്റല്‍ കോമ്പോണ്ടില്‍ അവര്‍ക്ക് വേണ്ടി കാത്തിരിക്കുകയാണത്രേ 

ആ വലിയ കെട്ടിട സമുച്ചയത്തിന്റെ  ഏതോ ജനാലക്കു പിറകില്‍ ജീവന്‍ തിരിച്ചുപിടിക്കാന്‍ പണിപ്പെടുന്ന തന്റെ ഭാര്യക്കുവേണ്ടി  ചുട്ടുപൊള്ളിക്കുന്ന ചൂടില്‍ കാത്തിരിക്കുന്ന രോഗിയും വൃദ്ധനുമായ ഒരു മനുഷ്യന്‍. ഒരു നിമിഷം.  പിതൃ സ്മരണകളുടെ നനവുള്ള ഓര്‍മ്മകള്‍ അവളുടെ മിഴികളിലേക്കെത്തി .

മുറിക്കു പുറത്തിറങ്ങി ആ നമ്പര്‍ ഒന്നുകൂടി ഡയല്‍ ചെയ്തു. 'ദയവു ചെയ്തു നിങ്ങള്‍ വീട്ടിലേക്കു പോയി അല്പംവിശ്രമിക്കൂ... എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ അറിയിക്കാം '

'സ്വീറ്റി .. നിന്റെ  ദയക്ക് നന്ദി  പക്ഷെ ഇപ്പോള്‍ എനിക്ക്  അവള്‍ക്കു വേണ്ടി ചെയ്യാന്‍ പറ്റുന്ന ഒരേഒരു കാര്യം എത്രത്തോളം അവളുടെ സമീപത്താകാന്‍ പറ്റുമോ അത്രത്തോളം അത് ചെയ്യുക എന്നതാണ്. അത് ഒരുമതില്‍ക്കെട്ടിനപ്പുറമാണെങ്കില്‍ പോലും '
'പക്ഷെ ..നിങ്ങള്‍...' മുഴുമിക്കാന്‍ വൃദ്ധന്‍ സമ്മതിച്ചില്ല.'എനിക്കും ഏറ്റവും സമാധാനം ലഭിക്കുന്നത് ഇവിടെ ഇരിക്കുമ്പോള്‍ തന്നെയാണ് മോളേ '..

എന്തൊരു മനുഷ്യന്‍ 

കൊടുക്കല്‍ വാങ്ങലുകളുടെ സൂചികകള്‍ കൊണ്ടു സ്‌നേഹത്തിന്റെ അളവ്  നിശ്ചയിക്കാന്‍ ശ്രമിക്കുന്ന സ്വന്തം  മനസ്സിനോട് അവള്‍ക്കു നിന്ദ തോന്നി . കൃത്യം ഏഴുദിവസങ്ങള്‍ക്കു ശേഷം  മറ്റൊരു പ്രവൃത്തി ദിവസം. അന്നത്തെ രോഗികകളുടെ ലിസ്റ്റില്‍ വീണ്ടും ആ പച്ചക്കണ്ണുള്ള രാജകുമാരി ..
ഈശ്വരാ ..ഇവര്‍ ഇതുവരെ ഡിസ്ചാര്‍ജ് ആയില്ലേ ?

നീണ്ട  ആശുപത്രി വാസം അവരുടെ പുഞ്ചിരിയും കണ്ണുകളിലെ തെളിച്ചവും കെടുത്തിയിരുന്നു. മത്സരിച്ചു പണിമുടക്കുന്ന ഹൃദയവും വൃക്കകളും. പിറ്റേദിവസം ഒരു ഹൈറിസ്‌ക് സര്‍ജറിക്കു വേണ്ടി തയാറെടുപ്പുകള്‍ നടക്കുകയാണ് ..
'ഭര്‍ത്താവ് '?
'ഇപ്പോഴും പഴയ സ്ഥാനത്തുതന്നെ. മക്കള്‍ എത്തിയിട്ടുണ്ട്. രാത്രി അവര്‍ നിര്‍ബന്ധിച്ചു ഹോട്ടല്‍ റൂമിലേക്ക്‌കൊണ്ടുപോകും '
വൃദ്ധയുടെ സ്വരം ഇടറി .
'നാളേക്ക് ശേഷം ഇനി ഒരിക്കലും ഞങ്ങള്‍ കാണില്ലെന്ന്  മനസ്സ് പറയുന്നു '
അവള്‍ ഓടി ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടറുടെ മുന്‍പിലെത്തി .
'ഒരിക്കല്‍ ..ഒറ്റത്തവണ ..സര്‍ജറിക്കു മുന്‍പ് ആ മനുഷ്യന് ഭാര്യയെ ഒന്ന് കാണാന്‍ അവസരമുണ്ടാക്കണം '
കോവിഡ് നിയന്ത്രണങ്ങള്‍ ,പോളിസികള്‍, പ്രോട്ടോകോളുകള്‍ 
ഒരുപാട് ഫോണ്‍ വിളികള്‍ക്കു ശേഷം അവര്‍ തങ്ങളുടെ നിസ്സഹായത വെളിപ്പെടുത്തി. 

'എമെര്‍ജന്‍സി റൂമിനടുത്തുള്ള ചില്ലു വാതിലിനടുത്തു നിന്നാല്‍ പുറത്തുള്ളവരെ കാണാം'. പക്ഷെ ഈതിരക്കിനിടയില്‍ ?? നഴ്‌സിംഗ് അസിസ്റ്റന്റ് ചോദ്യ ഭാവത്തില്‍ നിര്‍ത്തി. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഓക്‌സിജന്‍ സിലിണ്ടറും മോണിറ്ററും വീല്‍ച്ചെയറില്‍ ഘടിപ്പിച്ചു. മുഖം വൃത്തിയാക്കി മുടി മാടിയൊതുക്കുമ്പോള്‍ അവര്‍ പറഞ്ഞു  'അത്രക്കൊന്നും വേണ്ട..നീ ഇപ്പോള്‍ തന്നെ ഒരുപാട് കഷ്ടപ്പെടുന്നു '
'വേണം... എത്ര ദിവസങ്ങള്‍ കൂടിയാണ് രാജകുമാരനെ കാണുന്നത് ?'
പച്ച കണ്ണുകള്‍ വീണ്ടും തിളങ്ങി ..
ഒരായുഷ്‌കാലം മുഴുവന്‍  പിരിയാതെ കൊരുത്തു  പിടിച്ച കരങ്ങള്‍ ചില്ലുവാതിലിനപ്പുറവും ഇപ്പുറവുമായി അവര്‍ചേര്‍ത്തുവച്ചു. കണ്ണുനീര്‍ അവ്യക്തമാക്കിയ, മാസ്‌കുകള്‍ മറ തീര്‍ത്ത ആ കുറച്ചു നിമിഷങ്ങളില്‍ അവര്‍ പരസ്പരംകണ്ടുവോ? അറിയില്ല. കാരണം അത് കാണാനാവാത്ത വിധം എല്ലാ മിഴികളും നിറഞ്ഞിരുന്നു.അവരുടെ കൊച്ചുമകളുടെ കൈയിലിരുന്ന ക്യാമറകണ്ണുകള്‍ ഒഴികെ .. 

നിശ്ചയദാര്‍ഢ്യത്തിന്റെ പരിചയുമായി വീണ്ടും ഒരുപാട് ദിവസങ്ങള്‍ ആ വൃദ്ധന്‍ ആശുപത്രി വാതില്‍ക്കല്‍ കാവലിരുന്നു. തന്റെ പ്രിയപ്പെട്ടവളുടെ സമീപത്തേക്കു വരുന്ന മരണദൂതന്മാരെ തുരത്തിയോടിച്ചു കൊണ്ട്. ഒടുവില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി പരസ്പരം കരങ്ങള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു തന്നെ അവര്‍ കാതങ്ങള്‍ ദൂരെയുള്ള സ്വന്തം വീട്ടിലേക്കു സന്തോഷത്തോടെ യാത്രയായി 

  ഒരു മാസത്തിനുശേഷം ആ ഡിപ്പാര്‍ട്‌മെന്റിലേക്ക് ഭംഗിയുള്ള കവറില്‍ ഒരു കത്തു വന്നു. ഒപ്പം ഒരു ഫോട്ടോയും. ആഴ്ചകള്‍ക്കു മുന്‍പ്, കണ്ണുനീര്‍ അവ്യക്തമാക്കിയത് കൊണ്ടു കാണാന്‍ പറ്റാതിരുന്ന അതേ സുന്ദര രംഗം !ഒരു നല്ലവാക്ക് , സ്പര്‍ശം .. മങ്ങിയ ഒരു ചില്ലു വാതില്‍ കാഴ്ച .. മരണത്തിന്റെ ആഴങ്ങളിലേക്ക് താഴാതെ പിടിച്ചു നിര്‍ത്തിയ കച്ചിത്തുരുമ്പുകളെ കുറിച്ച്  ഹൃദയം തൊട്ട് എഴുതിയ ആ കുറിപ്പ്  ഡയറക്ടര്‍ എല്ലാവര്‍ക്കും മുന്‍പില്‍ വായിച്ചു. വിധിഅനിശ്ചിതമായ എന്തൊക്കെയോ കരുക്കള്‍ നീക്കുന്ന ആ അന്തരീക്ഷത്തില്‍ ആ ചിത്രം കണ്ടവരൊക്ക എന്തെന്നില്ലാത്തവികാരത്തില്‍  കണ്ണുനീര്‍ പൊഴിച്ചു. ആരൊക്കെയോ തോളില്‍  തട്ടി നല്ല വാക്കുകള്‍ പറയുന്നു. കാഴ്ചകള്‍  വീണ്ടുംഅവ്യക്തങ്ങളാകുന്നു. അതെ ...ചിലപ്പോള്‍ കഥയിലാണ്  കാര്യം 

ജീവിതം, അത് തുടര്‍ന്നു കൊണ്ടേയിരിക്കും

മനുഷ്യജീവിതത്തെക്കുറിച്ച്  ഒരായുസ്സില്‍ നേടിയ മുഴുവന്‍ അറിവും ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ അത് എന്തായിരിക്കും ? റോബര്‍ട്ട് ഫ്രോസ്റ്റ്  ഉത്തരം  പറഞ്ഞത് മൂന്നേ മൂന്ന് വാക്കിലാണ് 'It goes on'- ശരിയാണ്. ഒരിക്കല്‍ അത്രമേല്‍  സ്‌നേഹിച്ചതൊക്ക പാതിവഴിയില്‍ മാഞ്ഞു പോയാലും, ഓര്‍മ്മകളുടെ മാറാപ്പുമായി മനുഷ്യര്‍ പിന്നെയും ജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കും .

ഒരു വലിയ യാത്രാവിമാനം ഉയര്‍ന്നു പൊങ്ങുന്ന പോലെയാണ്  കോവിഡ് രോഗം ഒരാളെ കൂട്ടികൊണ്ടുപോവുന്നത്  എന്ന് തോന്നാറുണ്ട്. പതിയെ. വളരെ പതിയെ  അത് അനങ്ങിത്തുടങ്ങും. ഉള്ളിലിരിക്കുന്നവര്‍ക്ക് യാതൊരു അസ്വാസ്ഥ്യവും അനുഭവപ്പെടുകയേ ഇല്ല ..പിന്നെ പതിയെ വേഗം  കൂടുന്നു. അപ്പോഴും ഒരു  കുഴപ്പവുമില്ല. കുറെയേറെ സമയം  അങ്ങനെ. എല്ലാം വളരെ ശാന്തമായി, സ്വസ്ഥമായി നമുക്കനുഭവപ്പെടവേ പെട്ടെന്നത് ഭയപ്പെടുത്തുന്ന വേഗതയിലേക്കതു  നീങ്ങും. നിമിഷങ്ങള്‍ക്കുള്ളില്‍ ടേക്ക് ഓഫ്. ഉയര്‍ന്നും താഴ്ന്നും ചാഞ്ഞും ചെരിഞ്ഞും പിന്നെയും കുറെ സമയം. നിശ്ചിത ഉയരത്തിലെത്തിയാല്‍ വീണ്ടും എല്ലാം ശാന്തം !

അടുത്തടുത്തിട്ട രണ്ടു കിടക്കകളുടെ വശങ്ങളിരുന്നുകൊണ്ട് വാതോരാതെ വര്‍ത്തമാനം പറയുകയാണ്  ഹിസ്പാനിക് വംശജരായ  ആ വൃദ്ധദമ്പതികള്‍  തന്നെക്കാള്‍ അല്പം കൂടുതല്‍ അവശയായ ഭാര്യക്ക് അയാള്‍ ഭക്ഷണം വായില്‍ വച്ചുകൊടുക്കുന്നു. ബാഗില്‍ നിന്ന് ഇളം പിങ്ക് കളറിലുള്ള രോമക്കുപ്പായം പുതപ്പിക്കുന്നു.ഇടക്ക് ആശങ്കപ്പെടുന്നു .'എനിക്ക് രോഗം പെട്ടന്ന് കുറഞ്ഞാല്‍ ഇവളെ തനിച്ചാക്കി വീട്ടില്‍ പോകേണ്ടി വരുമോ '?

പിന്നെയും കുറെ ദിവസങ്ങള്‍. പെട്ടെന്നൊരു നിമിഷം ഭാര്യയുടെ യാത്ര ഭയാനകമായ വേഗത്തിലേക്ക് കടക്കുന്നു. മുഖംതിരിച്ചറിയാനാവാത്ത കുറെയേറെ നീല കുപ്പായക്കാര്‍ ഓടിയെത്തുന്നു.എന്തൊക്കെയോ ഉപകരണങ്ങള്‍. കറുത്ത  സ്‌ക്രീനില്‍ വളഞ്ഞും പുളഞ്ഞും നീങ്ങുന്ന വരകളിലേക്കു നീളുന്ന ആകാംഷാഭരിതമായ നോട്ടങ്ങള്‍. ചലനമറ്റിരുന്ന വൃദ്ധന്റെ മുന്നിലൂടെ  നീലക്കുപ്പായക്കാര്‍  തിടുക്കത്തില്‍  പാഞ്ഞു. ജീവമാപിനികള്‍ ഉയര്‍ന്നും താഴ്ന്നും കുറച്ചു സമയംകൂടി വൃദ്ധ യാത്ര തുടര്‍ന്നു. പിന്നെ ആയുസ് അതിന്റെ  നിശ്ചിത ദൂരം പിന്നിട്ടപ്പോള്‍ ശാന്തത. നിത്യമായ ശാന്തത 

ഒരു പിങ്ക് രോമക്കുപ്പായം തന്റെ  നെഞ്ചോടു ചേര്‍ത്തു കൊണ്ട് ആ വൃദ്ധന്‍ തനിയെ ആശുപത്രിയുടെ പടവുകളിറങ്ങി. ഇനി മേല്‍ അശാന്തമായ തന്റെ ജീവിതം ഒറ്റക്ക് ജീവിച്ചു തീര്‍ക്കുവാനായി 

'എനിക്ക് വല്ലാതെ പേടിയാവുന്നു '..വിളറിയ മുഖത്തോടെ അയാള്‍ പുലമ്പി .

യൂണിവേഴ്‌സിറ്റിയിലെ ചരിത്രാധ്യാപകനായ ചെറുപ്പക്കാരന്‍. അയാളുടെ  കണ്മുന്‍പില്‍ വച്ചാണ് തൊട്ടടുത്ത ബെഡിലെ മനുഷ്യനെ മരണം കീഴടക്കിയത്. മൗഷിന്‍,സുന്ദരിയായ ലെബനോന്‍കാരി നേഴ്‌സ്. അയാളുടെ കരം ഗ്രഹിച്ചു.'പേടിക്കരുത്'
'എന്നെ ICU വിലേക്കു മാറ്റിയാല്‍ നീ എന്റെ കൂടെ വരുമോ '? 
'വരാം 'അവള്‍ പറഞ്ഞു .
അവള്‍ക്കു പോകാന്‍ കഴിഞ്ഞില്ല. ദീര്‍ഘമായ ഒരു'കോഡ് ബ്ലുവിന്' ശേഷം പാതി മൃതനായ ആ ചെറുപ്പക്കാരനെയുകൊണ്ടു മറ്റുള്ളവര്‍ ICU ലക്ഷ്യമാക്കി ഓടുമ്പോള്‍ മൗഷിന്‍ വെറും നിലത്തിരുന്നു വിങ്ങിപ്പൊട്ടി.
'കരയരുതേ മൗഷിന്‍ '..
സഹപ്രവര്‍ത്തകര്‍ ചുറ്റും കൂടുന്നു.
'നമ്മളൊക്കെ ഈ വൈറസിന്റെ വെറും അടിമകള്‍  മാത്രമാണ് ..തീര്‍ത്തും നിസ്സഹായര്‍ '
തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നത്  ഹോസ്പിറ്റലിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്  !
'ഹാര്‍വാര്‍ഡില്‍ നിന്ന്  മെഡിക്കല്‍ ബിരുദമെടുത്ത എന്നെ ചോദ്യം ചെയ്യാന്‍ നീ ആരാണ് ??' കുറച്ചു  മാസങ്ങള്‍ക്കു  മുന്‍പ് നഴ്‌സസ് സ്റ്റേഷനില്‍ വച്ച് ആക്രോശിച്ച അതേ കാര്‍ഡിയോളജിസ്റ്റ് 

യൂണിഫോമുകള്‍ ശിഥിലമാക്കുന്ന മനസ്സുകള്‍ 

രണ്ടായിരത്തി ഇരുപതിലെ  ഒരു മെയ് മാസത്തിലായിരുന്നു  യൂണിഫോമിട്ട ഒരു  പോലീസുകാരന്റെ  കാലടികള്‍ക്കുതാഴെ 'എനിക്ക്  ശ്വാസം മുട്ടുന്നു ' എന്ന നിലവിളി ഉയര്‍ന്നത് ..പിന്നീട് എത്രയോ  പ്രാവശ്യം ലോകമെമ്പാടുമുള്ളആശുപത്രി ചുവരുകള്‍ക്കുള്ളില്‍  ആ  കരച്ചില്‍  വീണ്ടും വീണ്ടും പ്രതിധ്വനിച്ചു കറുത്തവരും വെളുത്തവരുംഇരുനിറക്കാരുമായ ഒരു പാട് മനുഷ്യര്‍ തങ്ങള്‍ക്കു മുന്‍പിലുള്ള യൂണിഫോം ധാരികള്‍ക്കു  മുന്‍പില്‍ ഒരിറ്റുശ്വാസത്തിനായി കേണു .

'എന്റെ സമീപത്തു നിന്നു പോകരുതേ'.
'ഈ  മാസ്‌ക് ഒന്ന് ഊരി മാറ്റൂ. ഞാന്‍ മരിക്കട്ടെ'
'എനിക്ക് ദാഹിക്കുന്നു '
'എന്റെ മക്കളോട് ഞാനവരെ സ്‌നേഹിച്ചിരുന്നവെന്നു പറയണേ'.

ഒരു പാട് നിലവിളികള്‍ ഒരേ സമയം. യൂണിഫോമുകള്‍ വളരെ കട്ടിയേറിയ കവചങ്ങളാണ്..

ഇപ്പൊ പൊട്ടിത്തകര്‍ന്നു പോകാവുന്ന ചില പാവം ഹൃദയങ്ങളെ, കൃത്യനിര്‍വ്വഹണത്തിന്റെ, മുന്‍കൂട്ടി നിശ്ചയിച്ചുവച്ചിരിക്കുന്ന ശതമാന കണക്കുകളുടെ കണിശതയില്‍  പൊതിഞ്ഞു വയ്ക്കുന്ന കവചങ്ങള്‍

ഡോക്ടറോ, നഴ്സോ, പോലീസുകാരനോ, വിധി പ്രസ്താവിക്കുന്ന ജഡ്ജിയോ ആരുമാവട്ടെ. കുപ്പായങ്ങള്‍ക്കുമാത്രമാണ് മാറ്റം.

അതെ. ശതമാനകണക്കുകള്‍ കൃത്യമാക്കി നിര്‍ത്തേണ്ടതുണ്ട്.മരണവെപ്രാളത്തില്‍ ഓക്‌സിജന്‍ മാസ്‌ക്കു വലിച്ചുമാറ്റുന്ന കൈകള്‍ ചിലപ്പോളവര്‍ കെട്ടിയിട്ടു. വെള്ളത്തുള്ളികള്‍  വഴി തെറ്റി ശ്വാസകോശത്തിലേക്ക് കടന്ന്,ശതമാന കണക്കുകള്‍ വീണ്ടും താഴേക്കുപോകാതിരിക്കുവാന്‍ ദാഹത്തിന്റെ നിലവിളികള്‍ കേട്ടില്ലെന്നു നടിച്ചു. മിനിറ്റുകളുടെ ഇടവേളകള്‍ പോലുമില്ലാതെ നിരന്തരം മുഴങ്ങുന്ന കാള്‍ ബെല്ലുകളിലേക്ക് ചിലപ്പോഴൊക്ക ഈര്‍ഷ്യയോടെ നോക്കി. രോഗവിവരങ്ങള്‍ ആരായാന്‍ പ്രിയപ്പെട്ടവര്‍ നടത്തുന്ന ഫോണ്‍വിളികള്‍ സമയത്തിന്റെ കണക്കുകള്‍ തെറ്റിച്ച് ദീര്‍ഘമായപ്പോള്‍ അവര്‍ അസ്വസ്ഥരായി ..

തണുത്തുതുടങ്ങിയ ശരീരങ്ങള്‍ പായ്ക്ക് ചെയ്തു മോര്‍ച്ചറിയിലേക്കയച്ച ശേഷം കൈകള്‍ കഴുകി അവര്‍ തങ്ങളുടെ ഭക്ഷണപ്പൊതികള്‍ തുറന്നു. അര്‍ത്ഥമില്ലാത്ത തമാശകള്‍ പറഞ്ഞു. പിന്നെ എപ്പോഴൊക്കെയോ എല്ലാ കവചങ്ങളും തകര്‍ത്തു ഹൃദയം ചോര്‍ന്നൊഴുകിയപ്പോള്‍ പരസ്പരം കെട്ടിപിടിച്ചു കരഞ്ഞു യൂണിഫോമിന്റെ ബാധ്യതകള്‍ അഴിച്ചു വച്ചു, രാത്രി ഉറക്കം കാത്തു കിടക്കുമ്പോള്‍ എന്തെങ്കിലും അശ്രദ്ധകള്‍ പറ്റിയോ എന്നോര്‍ത്താകുലപ്പെട്ടു. അസ്പഷ്ട സ്വപ്നങ്ങളില്‍ ആരെയൊക്കെയോ മാസ്‌കുകളില്‍ നിന്ന് സ്വതന്ത്രരാക്കി, മതിവരുവോളം ദാഹജലമൊഴിച്ചു കൊടുത്തു ശാന്തമായി മരിക്കാന്‍ അനുവദിച്ചു.

രണ്ടാഴ്ചകള്‍ക്കു മുന്‍പായിരുന്നു  ഒരു കൊടും ശൈത്യം നഗരത്തെ നിശ്ചലമാക്കിയത്... പച്ചപ്പിന്റെ അവസാനകണികയും നശിച്ചുവെന്നു വിചാരിച്ചിരിക്കെ വീണ്ടും ചില നാമ്പുകള്‍ മുളച്ചു വരുന്നു. ഒരു മഞ്ഞു കാലവുംതീരാതിരിക്കുകയില്ലല്ലോ? വേദനകളുടെ, വേര്‍പാടുകളുടെ, ഒറ്റപ്പെടലിന്റെ കൊടും ശൈത്യത്തില്‍ നിന്ന് കൊണ്ട്  വിദൂരമല്ലാത്ത ഒരു വസന്തകാലത്തിനു വേണ്ടി കൊതിയോടെ  കാത്തുകൊണ്ട്.

Content Highlights: International Women's Day 2021 a nurse share experiences during corona pandemic