ന്താരാഷ്ട്ര വനിതാദിനത്തിൽ മാറ്റത്തിന്റെ പുതു പാത വെട്ടിത്തുറന്ന വനിതകൾക്ക് ആദരവുമായി ഗൂഗിൾ ഡൂഡിൽ. മെഡിസിൻ, ശാസ്ത്രം, ബഹിരാകാശം, എൻജിനിയറിങ്, കല തുടങ്ങി പല മേഖലകളിൽ ആദ്യമായി കടന്നുചെന്ന്, തലമുറകൾക്ക് വഴികാട്ടിയവരെയാണ് ഗൂഗിൾ ഡൂഡിലിലൂടെ വരച്ചു കാട്ടുന്നത്.

നീലാകാശത്തിന്റെ വിശാലതയിൽ ഉയർന്നു നിൽക്കുന്ന ഒരുകൂട്ടം കൈകളാണ് ഡൂഡിലിൽ കാണാനാവുക. ചേർത്തുപിടിച്ചും ഒറ്റയ്ക്കുമുള്ള ആ കൈകൾക്കിടയിൽ കൂട്ടക്ഷരത്തിൽ ഗൂഗിൾ എന്നെഴുതിയിട്ടുണ്ട്. അതിന് നടുവിലായുള്ള പ്ലേ ബട്ടൺ അമർത്തിയാൽ വളരെ ലളിതമായ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള അനിമേഷൻ കാണാം. വിദ്യാഭ്യാസം, പൗരാവകാശങ്ങൾ, ശാസ്ത്രം, കല തുടങ്ങി പല മേഖലകളിലുണ്ടായ വനിതാമുന്നേറ്റങ്ങളാണ് ഹെലൻ ലെറോക്സ് തയ്യാറാക്കിയ വീഡിയോ ഡൂഡിലിന്റെ ഉള്ളടക്കം.

ഡൂഡിൽ പങ്കുവെച്ച് ഗൂഗിൾ കുറിച്ചതിങ്ങനെ; 'ഇന്നത്തെ അന്താരാഷ്ട്ര വനിതാദിനത്തിൽ ഡൂഡിൽ സ്ത്രീകളുടെ ചരിത്രത്തിലെ 'ആദ്യ'ത്തേതിലൂടെ ഒരു യാത്ര നടത്തുകയാണ്. സമ്പ്രദായങ്ങളെ ചോദ്യം ചെയ്ത, വിദ്യാഭ്യാസം, പൗരാവകാശം, ശാസ്ത്രം, കല എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾക്ക് വഴിയൊരുക്കിയ വനിതകളെ ഉയർത്തിക്കാട്ടുകയാണ് ഈ ഡൂഡിൽ.

മുന്നോട്ടുള്ള തലമുറകളിലെ സ്ത്രീകൾക്ക് വാതിൽതുറന്നു കൊടുത്ത ഈ കരങ്ങളെ അവതരിപ്പിക്കുക വഴി അവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയാണ് വീഡിയോ ഡൂഡിൽ.

വോട്ടവകാശം നേടിയവർ, വിദ്യാഭ്യാസ രംഗത്തുള്ളവർ, സ്വർണമെഡലുകൾ നേടിയവർ, സംരംഭകർ തുടങ്ങി സ്വന്തം വഴികളിലെ തടസ്സങ്ങളെ മറികടന്ന് ഒരു പാരമ്പര്യം സൃഷ്ടിച്ച ലോകത്തിന്റെ നാനാഭാഗത്തുമുള്ള സ്ത്രീകളെ ഈ ഡൂഡിൽ കൊണ്ടാടുന്നു. ഇന്നുള്ള പല വാതിലുകളും തുറക്കാനും, മേൽത്തട്ടുകൾ പൊളിക്കാനും അടിത്തറ പാകിയത് ഈ കൈകളാണ്.

അങ്ങനെയുള്ള ഭൂതകാലത്തിന്റെയും വർത്തമാനത്തിന്റേയും ഭാവിയുടേയും വഴികാട്ടികൾക്ക് ആദരവോടെ- വനിതാദിനാശംസകൾ.'

Content Highlights: Google celebrates women's day through its doodle, Women's day 2021