''ഫോട്ടോഗ്രാഫി പഠിപ്പിക്കാന്‍ പറ്റില്ല പക്ഷേ പഠിക്കാം'' മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ ഈ ഡയലോഗ് ആരും മറക്കാനിടയില്ല. ഇവിടെ നമ്മുടെ കഥാനായിക അഞ്ജനയും ഇടുക്കികാരിയാണ്. ഫോട്ടോഗ്രാഫി പഠിക്കാന്‍ എവിടെയും പോവാതെ സ്വയം പഠിച്ചെടുത്ത അഞ്ജന ഇന്ന് തിരക്കുള്ള ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. കുഞ്ഞിപ്പാറുവെന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമിലും ശ്രദ്ധനേടിയ ഈ മിടുക്കിയുടെ ഫോട്ടോകള്‍ക്ക് ആരാധകരും ഏറെയാണ്. അതിരുകളില്ലാതെ സ്വപ്നം കാണുക അത് നേടാന്‍ പരിശ്രമിക്കുക, അതാണ് ഈ കുഞ്ഞിപ്പാറുവിന്റെ വിജയ രഹസ്യം
ഫോണില്‍ ഫോട്ടോയെടുത്ത് തുടക്കം
തൊടുപുഴയിലാണ് വീട് പഠിച്ചൊതൊക്കെ പോളിടെക്നിക്കാണ്. ജോലി ഒന്നും റെഡിയാവാതെ വീട്ടില്‍ ഇരിക്കുന്ന സമയത്താണ് ഫോണില്‍ ഫോട്ടോയെടുക്കാന്‍ തുടങ്ങിയത്. ഇന്‍സ്റ്റാഗ്രാമില്‍ ആളുകള്‍ നല്ല അഭിപ്രായം പറയാന്‍ തുടങ്ങിയപ്പോള്‍ ഫോട്ടോഗ്രാഫിയോട് വല്ലാത്തൊരു അഡിക്ഷനായി. എന്റെ വീട് ഇടുക്കിയായത് കൊണ്ട് തന്നെ എവിടെ തിരിഞ്ഞാലും ഫ്രെയിമാണ്. ആദ്യമെല്ലാം ട്രാവല്‍ ഫോട്ടാഗ്രാഫിയായിരുന്നു പിന്നീടാണ് ഫാഷന്‍ ഫോട്ടോഗ്രാഫിയിലേക്ക് ശ്രദ്ധിച്ചു തുടങ്ങിയത്. 2 കൊല്ലത്തോളമായി ഈ ഫീല്‍ഡിലുണ്ട്. സത്യത്തില്‍ വര്‍ക്കൊക്കെ എടുത്ത് അല്‍പ്പം കൂടി സീരിയസ്സ് ആയത് ഈ ലോക്കഡൗണ്‍ കാലത്താണ്.കുഞ്ഞിപാറു സത്യത്തില്‍ എന്റെ വീട്ടിനടുത്ത് വയസായൊരു ചേട്ടന് വിളിക്കുന്ന പേരാണ്. ഇന്‍സ്റ്റാഗ്രാമില്‍ അല്‍പ്പം വെറൈറ്റിയായൊരു പേര് കിട്ടാന്‍ വേണ്ടി അതെങ്ങെടുത്തു. സത്യത്തില്‍ പേര് മാറ്റിയ ശേഷം ആളുകള്‍ ശ്രദ്ധിക്കാനും തുടങ്ങി.
ഫോട്ടോഗ്രാഫി സ്വയം പഠിച്ചു
ഫോട്ടോഗ്രാഫിയില്‍ എന്റെ ഗുരു ഞാനും പിന്നെ ഇന്റര്നെറ്റുമാണെന്ന് പറയാം. പോളിടെക്ക്നിക്കിന് ശേഷം ഗ്രാഫിക്ക് ഡിസൈനിങ്ങിന്റെ ചെറിയൊരു കോഴ്സ് ചെയ്തുവെന്നല്ലാതെ ഫോട്ടോഗ്രാഫിയുടെ ഒന്നും തന്നെ അറിയില്ല. എല്ലാം കണ്ടും കേട്ടും വായിച്ചും സ്വയം പരിശിലിച്ചും പഠിച്ചതാണ്. ആദ്യം കൂട്ടുകാരുടെ ക്യാമറയിലാണ് ഫോട്ടോ എടുത്തത്. എങ്ങനെയാണ് ക്യാമറ പ്രവര്‍ത്തിപ്പിക്കുക എന്ന് പോലും അറിയില്ല. അത് കൊണ്ട് തന്നെ ആദ്യമെല്ലാം ഭയമായിരുന്നു. കാരണം ചെയ്യുന്നത് എന്തെങ്കിലും മാറിപോയാല്‍ എങ്ങനെ ശരിയാക്കും ആകെ പെട്ടു പോവില്ലേ. ഗ്രാഫിക്ക് ഡിസൈനിങ്ങ് പഠിപ്പിച്ച് സാറാണ് ധൈര്യം തന്നത്. പഠിക്കാന്‍ ശ്രമിക്ക് എന്തെങ്കിലും മാറി പോയാല്‍ എന്റെടുത്ത് തന്നാല്‍ ശരിയാക്കമെന്ന്. പിന്നിട് ഒരു ധൈര്യത്തില്‍ പഠിച്ചു. അദ്യമൊക്കെ വാടകയ്ക്ക് എടുത്ത ക്യാമറ കൊണ്ടായിരുന്നു വര്‍ക്കിന് പോവുക. എന്റെ സഹോദരിയാണ് സ്വന്തമായി ക്യാമറ വാങ്ങാന്‍ ധൈര്യം തന്നത്. ഇ.എം.ഐയിലാണ് ക്യാമറ വാങ്ങിയത്. അത് കൊണ്ട് തന്നെ വാശിക്ക് വര്‍ക്ക് ഏറ്റെടുത്ത് മുന്നോട്ട് പോവുന്നു
ഇതെന്റെ സ്വന്തം വഴി
പഠിത്തത്തില്‍ ഞാന്‍ വളരെ പിന്നിലായിരുന്നു. പഠിച്ച് വലിയ ജോലിക്കാരിയാവില്ലെന്ന് എനിക്ക് പണ്ടെ അറിയാം. എന്റെ ക്രിയേറ്റിവ് വശം മനസിലാക്കി തരാന്‍ ആരും ഉണ്ടായിരുന്നില്ല. സത്യത്തില്‍ പഠിക്കുന്ന പിള്ളേരുടെ മറ്റ് കഴിവുകളാണല്ലേ എല്ലാവരും ശ്രദ്ധിക്കുക. പഠിത്തത്തില്‍ പിറകിലായ ആ കുട്ടിയുടെ മറ്റു കഴിവുകള്‍ ആരും അന്വേഷിക്കാറുമില്ല. അത് വളര്‍ത്താന്‍ ശ്രമിക്കാറുമില്ല. ശരിക്കും നമ്മുടെ ചുറ്റും എത്രയോ കുട്ടികള്‍ പഠിത്തത്തില്‍ പിറകിലായതിന്റെ പേരില്‍ വിഷമിക്കുന്നുണ്ടാവും അവരുടെ മറ്റ് കഴിവുകളും നമ്മള് പരിശോധിക്കേണ്ടതാണ്.
വീട്ടുകാര്‍ എന്റെ ശക്തി
വീട്ടില്‍ നിന്ന് എനിക്ക് നല്ല പിന്തുണയാണ്. ഇത്തരത്തില്‍ ഒരു ഫീല്‍ഡിലേക്ക് പോവുന്നതിന് യാതൊരു എതിര്‍പ്പും അവര്‍ കാണിച്ചില്ല. മാത്രമല്ല പൂര്‍ണ്ണ പിന്തുണയും നല്കി. ശരിക്കും പെണ്‍കുട്ടികള്‍ക്ക് അവരുടെ വീട്ടുകാരാണ് ശക്തി നല്‍കേണ്ടത്. അങ്ങനെ ചെയ്താല്‍ അവരുടെ സ്വപ്നത്തിലേക്ക് എത്താന്‍ ശക്തി കൂടും.
ബോള്‍ഡാവുക
എന്റെ കൂടെ എന്റെ അനിയനും അച്ഛനുമെല്ലാം വരുന്നത് കൊണ്ട് തന്നെ എനിക്ക് മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല ഞാന്‍ നല്ല ബോള്‍ഡായിട്ടാണ് നില്ക്കുക. ഞാന്‍ നന്നായി പ്രതികരിക്കും. അത് കൊണ്ട് ഇത് വരെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്റസ്റ്റാഗ്രാമിലാണെങ്കിലും നെഗറ്റീവ് കമന്റ്കളോട് ഞാന്‍ പ്രതികരിക്കാറുണ്ട്. ചില യാതൊരു യുക്തിയുമില്ലാതെ നെഗറ്റീവ് അടിക്കും. എന്നാല്‍ വിട്ടു കളയരുത്. സാധ്യതകളുടെ വലിയൊരു ലോകം തുറന്നിട്ടുണ്ട്. കഴിവുള്ളവര്‍ക്ക് അംഗീകാരവും ലഭിക്കും. ബോള്‍ഡായി മുന്നോട്ട് പോവുക അത്രേയുള്ളു.
അമ്യത സജുവെന്ന കൂട്ടുകാരി
ആദ്യമായി വര്‍ക്കെടുത്ത് തന്നതും വര്‍ക്കെടുക്കാന്‍ ധൈര്യം തന്നതും അമ്യത സജുവാണ്. (ഐശ്വര്യ റായിയുടെ രൂപ സാദ്യശ്യം കൊണ്ട് ഇടക്കാലത്ത് ശ്രദ്ധ നേടിയിരുന്നു.) രണ്ടായിരം രൂപയാണ് ആദ്യം കിട്ടിയ പ്രതിഫലം. വല്ലാത്തൊരു കോണ്‍ഫിഡന്‍സ് കിട്ടിയ ഒരു നിമിഷമായിരുന്നു അത്. ഇത് വരെ വര്‍ക്ക് ചെയതതില്‍ എനിക്ക് ഏറ്റവും കംഫര്‍ട്ടബിളായ വ്യക്തിയും അമൃതയാണ്.
പ്രതീക്ഷകള്‍
ഭാവിയില്‍ ഒരു കമ്പനി തുടങ്ങി. കുറച്ചാളുകള്‍ക്ക് ജോലി നല്‍കണം. ഈ ഫീല്‍ഡിനെ കുറിച്ച് ഇനിയും ഒരുപാട് പഠിക്കണം. സാധ്യതകള്‍ മനസിലാക്കണം. പിന്നെ ഈ ജീവിതം പരമാവധി ആസ്വദിക്കണം അതൊക്കെയാണ് ആഗ്രഹം.
Content Highlights: Photographer Anjana gopinath Interview