തിരുവനന്തപുരം: സ്ത്രീകള്‍ കൂടുതലായി ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രി നഴ്‌സിങ് മേഖലയില്‍ ഇനിയും കുറഞ്ഞ വേതനം ഉറപ്പുവരുത്താനാകാതെ കേരളം. ശമ്പളവര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിയ സമരത്തിന്റെ ഫലമായി കുറഞ്ഞ ശമ്പളം 18,000 രൂപയാക്കി 2018 ഏപ്രില്‍ 18 ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു.

2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം നല്‍കിയുള്ള വിജ്ഞാപനം കേന്ദ്ര മിനിമം വേജസ് നിയമത്തിന്റെ ലംഘനമാണെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് വാദിച്ചതോടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സ്റ്റേ മാറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സുപ്രീംകോടതി നിര്‍ദേശപ്രകാരം മിക്ക സംസ്ഥാനങ്ങളും നഴ്‌സുമാര്‍ക്ക് 18,000 മിനിമം വേതനം നടപ്പാക്കിയിട്ടുണ്ട്.

2013 ലെ വിജ്ഞാപനം കേരളം റദ്ദുചെയ്തിരുന്നതിനാല്‍ സ്റ്റേ വന്നതോടെ സ്വകാര്യ ആശുപത്രി, ലബോറട്ടറി, ക്ലിനിക്, സ്‌കാനിങ് സെന്റര്‍, ഡെന്റല്‍ആയുര്‍വേദ ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവയിലെ നഴ്‌സുമാരടക്കമുള്ള അഞ്ചുലക്ഷത്തിലേറെ ജീവനക്കാര്‍ക്ക് മിനിമം വേതനം നല്‍കണമെന്ന വ്യവസ്ഥകളും ഇല്ലാതായി. അന്തിമതീര്‍പ്പുണ്ടാകുന്നവരെ ആശുപത്രികള്‍ക്കെതിരേ ശിക്ഷാനടപടികള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് തൊഴില്‍വകുപ്പ് വിട്ടുനില്‍ക്കുകയാണ്.

Content Highlights: Minimum Wages Private Hospital nurses not yet decided