ആംഗേല മെര്‍ക്കല്‍

2005 മുതല്‍ ജര്‍മനിയുടെ ചാന്‍സലര്‍. 2000 മുതല്‍ 2018 വരെ ഭരണകക്ഷിയായ സി.ഡി.യു. (ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍) നേതാവ്.

ഉര്‍സുല വോന്‍ ദെര്‍ ലെയെന്‍

2019 ഡിസംബര്‍ മുതല്‍ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്. ജര്‍മന്‍ പൗര. 2005 മുതല്‍ 2019 വരെ ആംഗേല മെര്‍ക്കല്‍ മന്ത്രിസഭയില്‍. പ്രതിരോധം, തൊഴില്‍, സാമൂഹികക്ഷേമം, വനിതാ കുടുംബക്ഷേമ വകുപ്പുകള്‍ കൈകാര്യംചെയ്തു.

നാന്‍സി പെലോസി

യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കറും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്റ് നടപടിക്ക് തുടക്കം കുറിച്ചയാള്‍. ട്രംപിന്റെ നയപ്രഖ്യാപനപ്രസംഗം പെലോസി കീറിയെറിഞ്ഞത് വാര്‍ത്തയായിരുന്നു.

ജസിന്‍ഡ ആര്‍ഡേണ്‍

ന്യൂസീലന്‍ഡ് പ്രധാനമന്ത്രി. 2017-ല്‍ അധികാരമേറ്റു. ന്യൂസീലന്‍ഡിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് 37-കാരിയായ ജസിന്‍ഡ. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനുശേഷം ജനങ്ങള്‍ക്ക് ധൈര്യംപകര്‍ന്ന നിലപാടുകളിലൂടെ ശ്രദ്ധേയയായി.

പ്രീതി പട്ടേല്‍

ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി. ഇന്ത്യന്‍വംശജ. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയാകുന്ന ആദ്യ ഇന്ത്യന്‍വംശജ. ബ്രെക്സിറ്റിനുശേഷമുള്ള ബ്രിട്ടനില്‍ ശക്തമായ കുടിയേറ്റ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. 2016-17ല്‍ വികസന മന്ത്രി.

കെ.കെ. ശൈലജ

കേരള ആരോഗ്യമന്ത്രി. നിപ, സിക വൈറസ് ബാധയെ കാര്യക്ഷമവും ഫലപ്രദവുമായ നടപടികളിലൂടെ പ്രതിരോധിച്ചത് ആഗോളതലത്തില്‍ അഭിനന്ദനം നേടിക്കൊടുത്തു. കൊറോണ വൈറസ് പ്രതിരോധവും ആഗോള ശ്രദ്ധയാകര്‍ഷിച്ചു.

ആമിന മുഹമ്മദ്

നൈജീരിയന്‍-ബ്രിട്ടീഷ് വംശജയായ നയതന്ത്രജ്ഞ. ഐക്യരാഷ്ട്രസഭാ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍. യു.എന്‍. അണ്ടര്‍സെക്രട്ടറി ജനറലായിരുന്നു.

മേരി ബാറ

യു.എസിലെ ഏറ്റവുംവലിയ വാഹനനിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍. 2018-ലെ ഫോബ്സ് മാസികയുടെ ലോകത്തെ ശക്തയായ വനിതകളുടെ പട്ടികയില്‍ രണ്ടാമതെത്തി.

ഇവാന്‍ക ട്രംപ്

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവും. ട്രംപ് യു.എസ്. പ്രസിഡന്റാകുന്നതിനുമുന്‍പ് ട്രംപ് ഓര്‍ഗനൈസേഷനിലെ വികസനകാര്യ മേധാവി.

ഓപ്ര വിന്‍ഫ്രി

പ്രശസ്ത മാധ്യമപ്രവര്‍ത്തകയും അവതാരകയും നടിയും സാമൂഹികപ്രവര്‍ത്തകയും. 1986-ലാരംഭിച്ച ദി ഓപ്ര വിന്‍ഫ്രി ഷോ 25 വര്‍ഷം അമേരിക്കന്‍ ടെലിവിഷനില്‍ ചരിത്രം രചിച്ചു. കുട്ടിക്കാലത്ത് ലൈംഗികചൂഷണത്തിനിരയാകേണ്ടി വന്നു. ഹൈസ്‌കൂള്‍ പഠനകാലത്ത് റേഡിയോയില്‍ അവസരം ലഭിച്ചതോടെയാണ് ഓപ്രയുടെ ജീവിതം മാറിമറിഞ്ഞത്.

ടെയ്ലര്‍ സ്വിഫ്റ്റ്

അമേരിക്കന്‍ ഗായികയും ഗാനരചയിതാവും. പത്ത് ഗ്രാമി പുരസ്‌കാരങ്ങള്‍ നേടി. ഗ്രാമി അവാര്‍ഡ് നേടിയ ഏറ്റവും പ്രായംകുറഞ്ഞ വനിത.

ഷെറില്‍ സാന്‍ഡ്ബെര്‍ഗ്

ഫെയ്സ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍. എഴുത്തുകാരിയും ശതകോടീശ്വരിയും. ഫെയ്സ്ബുക്കിനെ 400 കോടിയുടെ നഷ്ടത്തില്‍നിന്ന് 163 കോടി രൂപയുടെ ലാഭത്തിലേക്കെത്തിച്ചു.

ജിന ഹസ്പെല്‍

അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (സി.ഐ.എ.) ഡയറക്ടര്‍. സി.ഐ.എ. തലപ്പത്തെത്തുന്ന ആദ്യവനിത.

ഗ്രെറ്റ ത്യുന്‍ബേ

സ്വീഡിഷ് കാലാവസ്ഥാപ്രവര്‍ത്തക. 17 വയസ്സ്. കാലാവസ്ഥാ സംരക്ഷണത്തിനായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 2018-ല്‍ സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ സമരത്തിലൂടെ ലോകശ്രദ്ധ നേടി.

നവോമി ഒസാക

ഗ്രാന്‍സ്ലാം ടെന്നീസ് കിരീടം നേടുന്ന ആദ്യ ഏഷ്യന്‍വംശജയാണ് ജപ്പാന്‍കാരിയായ നവോമി ഒസാക. 2018-ല്‍ യു.എസ്. ഓപ്പണിലും 2019-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണിലും കിരീടം നേടി. 2018-ല്‍ ലോക ഒന്നാംനമ്പര്‍ താരമായി. ലോക ഒന്നാംനമ്പറാകുന്ന ആദ്യ ഏഷ്യക്കാരി.

സെറീന വില്യംസ്

ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടം ചൂടിയ രണ്ടാമത്തെ വനിത. 23 ഗ്രാന്‍സ്ലാം കിരീടങ്ങളാണ് സെറീനയുടെ പേരിലുള്ളത്. 2017-ല്‍ അമ്മയായി രണ്ടുവര്‍ഷത്തിനുശേഷം കളിക്കളത്തിലെത്തിയ സെറീന വിംബിള്‍ഡണില്‍ ഫൈനലിലെത്തി.

ദിവ്യ സൂര്യദേവര

യു.എസിലെ ജനറല്‍മോട്ടോഴ്സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍. ചെന്നൈ സ്വദേശിയാണ് 41-കാരിയായ ദിവ്യ. 2004-ലാണ് ദിവ്യ ജി.എം. മോട്ടോഴ്സില്‍ ചേര്‍ന്നത്.

ഇന്ദ്ര നൂയി

പെപ്സികോയുടെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍. ചെന്നൈ സ്വദേശി. 2014 മുതല്‍ ഫോബ്സിന്റെ ശക്തരായ നൂറുസ്ത്രീകളുടെ പട്ടികയില്‍ തുടര്‍ച്ചയായി ഇടംനേടി.

സ്‌കാര്‍ലെറ്റ് യൊഹാന്‍സണ്‍

ലോകത്ത് ഏറ്റവുംകൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. 400 കോടി രൂപയാണ് ഒരു സിനിമയ്ക്ക് വാങ്ങുന്നത്. മികച്ച സഹനടിക്കുള്ള പുരസ്‌കാരത്തിന് 2020-ല്‍ ഓസ്‌കര്‍ നോമിേനഷന്‍ ലഭിച്ചു.

ഷമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്രുയി

യു.എ.ഇ.യിലെ യുവജനക്ഷേമ മന്ത്രി. 2016-ല്‍ 23-ാം വയസ്സിലാണ് ഷമ്മ യു.എ.ഇ. മന്ത്രിസഭയില്‍ ഇടംനേടുന്നത്. ലോകചരിത്രത്തിലെ മന്ത്രിയാകുന്ന ഏറ്റവുംപ്രായംകുറഞ്ഞ വനിത.

Content Highlights: Women who are role models for the world