അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മാത്രഭൂമി സംഘടിപ്പിച്ച സ്ത്രീശബ്ദത്തിന് കേരളത്തിലുടനീളമുള്ള വനിതകളില്‍ നിന്ന് ലഭിച്ചത് മികച്ച പ്രതികരണം. പത്രത്തില്‍ പ്രസിദ്ധീകരിച്ച രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായെത്തിയത് നൂറുകണക്കിന് സ്ത്രീകളാണ്. അവരില്‍ ചിലരുടെ ഉത്തരങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം...
ചോദ്യങ്ങള്‍
1. മറ്റൊരു തരത്തിലായിരുന്നെങ്കില്‍ അതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍?
2. നിങ്ങള്‍ ചെയ്യാനാഗ്രഹിച്ച് ഒരു സ്ത്രീയായത് കൊണ്ട് മാത്രം സാധിക്കാതെ പോയ ഒരു കാര്യമെന്ത്?
ഇന്ദു, കോങ്ങാട്
1. യാത്രകള്‍
2. ഒറ്റയ്ക്കുള്ള രാത്രിയാത്രകള്‍
അഞ്ജന.പി, തത്തമംഗലം
1.എന്റെ ചെറുപ്പത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. പക്ഷേ ഞാന്‍ വളരുന്നതനുസരിച്ച് ആ സ്വാതന്ത്ര്യവും കുറഞ്ഞ് കുറഞ്ഞ് വന്നു. കുട്ടിക്കാലത്ത് എല്ലാ കസിന്‍സിനുമൊപ്പം രാത്രി പുറത്ത് പോകാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നു. പക്ഷേ ഇന്ന് പഴയതു പോലെ പോകാന്‍ സാധിക്കുന്നില്ല. അത് മാറിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
2. ഒരു സ്ത്രീയായത് കൊണ്ട് മാത്രം ചില ജോലികള്‍ എനിക്ക് ലഭിക്കാതെ പോയിട്ടുണ്ട്. രാത്രിയില്‍ ഒറ്റയ്ക്ക് പോയി സെക്കന്‍ഡ് ഷോ കാണാനോ, ഒരിടത്ത് തനിച്ചിരിക്കാനോ സാധിക്കാറില്ല.
ആരതി വിവേക്, പയ്യന്നൂര്‍
1. പത്താം വയസ്സില്‍ എനിക്കെന്റെ അച്ഛനെ നഷ്ടമായി. ഞാനേറെ ഇഷ്ടപ്പെടുന്ന, എന്റെ നട്ടെല്ലായി നിലകൊണ്ട വ്യക്തിയാണദ്ദേഹം. അച്ഛനിന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഒരുപാട് യാത്രകള്‍ നടത്തി എന്റെ സ്വപ്‌നങ്ങളെ വെട്ടിപ്പിടിക്കാന്‍ എനിക്ക് സാധിച്ചേനെ.
2. നിരത്തിലൂടെയുള്ള രാത്രിയാത്ര.
ഗായത്രി രാഗേഷ്, കോട്ടയം
1. എന്റെ അച്ഛന്‍ എന്നെ രാത്രി യാത്രയ്ക്ക് കൊണ്ടു പോകാറില്ല. അത് മാറിയിരുന്നെങ്കില്‍...
2. അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല
നീതു ബേബി, വെള്ളായണി
1. അദൃശ്യയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍
2. ഒന്നുമില്ല.
നിവ്യ, കണ്ണൂര്‍
1. എന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകളാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു പെണ്‍കുട്ടിയായതിനാല്‍ കുറച്ച് ദൂരൈയുള്ള പ്രദേശങ്ങളില്‍ പോകാന്‍ പോലും എന്നെ അനുവദിക്കാറില്ല.
2. വ്യത്യസ്തമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. രാത്രിയില്‍ ബീച്ചിന്റെ സൗന്ദര്യമാസ്വദിക്കാനും കഴിയണം.
ഷൈന കെ.പി
1. ഒരു ആണ്‍കുട്ടിയെപ്പോലെ പെരുമാറാന്‍
2. ഉത്തരം രണ്ട്- രാത്രയില്‍ ഒറ്റയ്ക്കുള്ള യാത്രകള്‍
ദേവനന്ദ, കോഴിക്കോട്
1. ഒരു ആണ്‍കുട്ടിയായിരുന്നെങ്കില്‍
2. റൈഡറാകുകയെന്ന സ്വപ്നം
സരിതാ ദേവി. സി.എം, കോഴിക്കോട്
1. എന്റെ അച്ഛനുമമ്മയും തമ്മിലുള്ള ബന്ധം മറ്റൊരു തരത്തിലായിരുന്നെങ്കില്‍
2. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കണം
അന്‍വത.കെ.എസ്, തൃപ്പൂണിത്തറ
1. കുട്ടിക്കാലത്തു എന്നെ എന്റെ ചേട്ടായിയുടെ കൂടെ സിനിമക്ക് പോവാനൊന്നും ആരും സമ്മതിച്ചിരുന്നില്ല... അതു മാറിയിരുന്നെങ്കില്‍ എന്നുണ്ട്
2. അതൊരുപാട് ഉണ്ടല്ലോ, പറഞ്ഞ് തീരില്ല. എന്നെ ഒറ്റക്ക് വിടാന്‍ ബസ്സിന് പോലും പേടിയാണത്രെ...
ലിസി അജിത്, കാഞ്ഞങ്ങാട്
1. ഹോസ്റ്റലില്‍ നിന്നാണ് ഞാന്‍ ബിരുദാനന്തര ബിരുദം പഠിച്ചത്. ആ സമയത്ത് ഹോസ്റ്റലില്‍ പവര്‍കട്ട് ഉണ്ടാകുമ്പോള്‍ ഞാനും എന്റെ സുഹൃത്തുക്കളും നല്ല കിലുങ്ങുന്ന കൊലുസ്സൊക്കെയിട്ട് റൂമിന് പുറത്ത് നടന്ന് പലരേയും പേടിപ്പിക്കുമായിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അതൊക്കെ നടന്നതെങ്കിലും ഇപ്പോള്‍ അങ്ങനെ ചെയ്യേണ്ടിരുന്നില്ലെന്ന് തോന്നുന്നു.
2. ഐസ്‌ക്രീം കഴിച്ചുകൊണ്ട് മല കയറണം. മലമുകളിലെത്തിക്കഴിഞ്ഞ് അവിടെ വീശുന്ന തണുത്ത കാറ്റാസ്വദിക്കണം.
കാര്‍ത്തിക.കെ, പയ്യന്നൂര്‍
1. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, സ്വന്തം കാലില്‍ നിന്ന ശേഷം മാത്രം വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിച്ചിരുന്നെങ്കില്‍.
2. വ്യത്യസ്ത സംസ്‌കാരങ്ങളെയറിഞ്ഞ്, വ്യത്യസ്ത നാടുകളിലൂടെ യാത്ര ചെയ്യാന്‍ എനിക്കേറെ ഇഷ്ടമാണ്. പക്ഷേ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനച്ചതിനാല്‍ എനിക്ക് എന്റെ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നില്ല. ഞാനൊരു ആണായിരുന്നെങ്കില്‍ ഇങ്ങനെയൊരു അവസ്ഥ അനുഭവിക്കേണ്ടി വരുമായിരുന്നില്ല.
വിദ്യ
1. ഒരു ആണ്‍കുട്ടി ആയിരുന്നു എങ്കില്‍ എനിക്ക് എനിക്ക് പുറത്തു പോയി നല്ല കോഴ്‌സ് പഠിച്ചു ഒരു ഭാവി ഉണ്ടാകുമായിരുന്നു.
2. എന്റെ കല്യാണത്തിന്റെ കടം വീട്ടാന്‍ വീട്ടുകാരെ സഹായിക്കാനാകാഞ്ഞത് ഞാനൊരു പെണ്‍കുട്ടിയായത് കൊണ്ടാണ്.
രേഷ്മ ശ്രീരാജ്, കൊല്ലം
1. വളരെ നല്ല കുട്ടിക്കാലമായിരുന്നു എന്റേത്. പക്ഷേ എന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ അവരവരുടെ ജീവിതത്തില്‍ കുറച്ച് നല്ലവരായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചിട്ടുണ്ട്. അങ്ങനെയായിരുന്നെങ്കില്‍ എന്റെ കുട്ടിക്കാലം കുറച്ചു കൂടി മികച്ചതായേനെ.
2. ഉത്തരം രണ്ട്- ഒരു പെണ്ണായിപ്പോയത് കൊണ്ടു മാത്രം എനിക്ക് ചെയ്യാന്‍ കഴിയാതെ പോയ ഏറെ കാര്യങ്ങളുണ്ട്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളാണ് അതിന് കാരണം.
ഡോ.മിനി.എം.ആര്‍ തിരുവനന്തപുരം
1. കല്യാണം കഴിഞ്ഞാല്‍ വീട്ടിലിരിക്കണം എന്ന ചിന്ത മാറണം.
2. ഞാനൊരു പെണ്ണായത് കൊണ്ട് മാത്രമാണ് എനിക്ക് രാത്രി ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞത്.
മീനാക്ഷി, തിരുവനന്തപുരം
1. എന്റെ ജീവിതത്തിലുണ്ടായിരുന്ന പ്രണയത്തിന് പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍
2. അച്ഛന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയാതിരുന്നത് ഞാനൊരു പെണ്ണായത് കൊണ്ട് മാത്രമാണ്.
അനുപ.കെ.ചന്ദ്രന്‍, നെയ്യാറ്റിന്‍കര
1. സ്ത്രീകള്‍ക്ക് ആര്‍ത്തവമുള്ളതല്ല, 'ആര്‍ത്തവമില്ലായ്മ' യാണ് അശുദ്ധിയെന്ന് സ്ഥാപിച്ചെടുത്തിരുന്നെങ്കില്‍
2. ഉത്തരം രണ്ട്- ഒരു കവിത ചൊല്ലാം...
നാട്ടിലെ പെണ്ണുങ്ങള്‍ക്കെല്ലാം ഒരു ബോധോദയം...
അമ്മയമ്മൂമ്മപൈതങ്ങളൊക്കെയും..കൂട്ടമായങ്ങിറങ്ങി,
'പെണ്‍ബുദ്ധി'യേ... പിന്നീടൊന്നാലോചിച്ചതേയില്ല..
ജില്ല്ജില്ലെന്നങ്ങ് നടന്നു..
അങ്ങ്മാറിയൊരു ദ്വീപുണ്ട്..
ഇനി പെണ്ണ് വേറെ ആണ് വേറെ..
അതാണല്ലോ 'നാട്ടുനടപ്പ്'
മഞ്ജു എന്‍, അരീക്കോട്, മലപ്പുറം
1. രാത്രിയാത്ര
2. ഭാവി ജോലി തിരഞ്ഞെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍
നീതു സാറ സയ്‌നു, തിരുവനന്തപുരം
1. സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവം മാറിയിരുന്നെങ്കില്‍... എന്തൊക്കെ ചെയ്താലും നീ വെറും പെണ്ണാണ് എന്ന മനോഭാവമാണ് പലര്‍ക്കും. വീട്ടുകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും പ്രൊഫഷണല്‍ ജോലിയുമെല്ലാം ഒന്നിച്ച് കൊണ്ടുപോകുന്നവരാണ് പല സ്ത്രീകളും. അവരുടെയെല്ലാം സ്ഥാനത്ത് കുടുംബത്തിലെ പുരുഷന്മാരായിരുന്നെങ്കില്‍... ഇന്ന് സ്ത്രീകള്‍ ചെയ്യുന്ന എല്ലാ ജോലികളും പുരുഷന്മാര്‍ ചെയ്യുകയും സ്ത്രീകളെ സ്വതന്ത്രമായി വിടുകയും ചെയ്തിരുന്നെങ്കില്‍... അങ്ങനെ സംഭവിച്ചാല്‍ സ്ത്രീകളുടെ മനോഭാവത്തില്‍ എന്ത് മാറ്റമാകും സംഭവിക്കുകയെന്നറിയണം. സ്വാതന്ത്യത്തിന്റെ അതിര്‍ വരമ്പുകള്‍ ഭേദിക്കുമോ അതോ പുരുഷന്മാരുടെ ജോലിഭാരം പങ്കുവെയ്ക്കുമോ?
2. ആഗ്രഹങ്ങളുടെ വലിയൊരു നിരതന്നെയുണ്ട്. പകല്‍-രാത്രി ഭേദമില്ലാതെ ഒറ്റയ്ക്കുള്ള യാത്രകള്‍, ആണ്‍ തുണയില്ലാതെ മാറ്റിനി കാണാന്‍ കഴിയണം, വ്യത്യസ്ത തൊഴിലുകള്‍ തേടി യാത്ര പോകാന്‍ സാധിച്ചിരുന്നെങ്കില്‍, എന്ത് കാര്യം ചെയ്യുന്നതിന് മുന്‍പും അനുവാദം വാങ്ങേണ്ടി വരുന്നു. എന്റെ ജീവിതമാണ് എനിക്ക് ആഘോഷിക്കാന്‍ എന്തിനാണ് മറ്റുള്ളവരുടെ അനുവാദം വേണ്ടിവരുന്നത്.
കൃഷ്ണ കുമാരി, പാലക്കാട്
1. എല്ലാ മേഖലയിലും പുത്തന്‍ അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍
2.ഭാരതം മുഴുവന്‍ ചുറ്റി യാത്ര ചെയ്യണം എന്നത് എന്റെ എക്കാലത്തേയും സ്വപ്‌നമായിരുന്നു. പക്ഷേ ഒരു സ്ത്രീയായതുകൊണ്ടു മാത്രം എനിക്കതിന് കഴിഞ്ഞില്ല. ഇനി കഴിയുമെന്നു തോന്നുന്നുമില്ല.
ഷീബാ.സി, വര്‍ക്കല
1. എന്റെ വിദ്യാഭ്യാസ കാലം തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു.
2. രാത്രിയില്‍ ഒറ്റയ്ക്ക് ബൈക്കില്‍ യാത്ര ചെയ്യണം എന്നുള്ള എന്റെ ആഗ്രഹം, ഒരു സ്ത്രീയായത് കൊണ്ടു മാത്രമാണ് നടക്കാതെ പോയത്.
ജ്യോതി ജോബ്, കവടിയാര്‍, തിരുവനന്തപുരം
1. എന്റെ മനോഭാവം മാറിയിരുന്നെങ്കില്‍ എന്നാണ് ഞാനാശിക്കുന്നത്.
2. ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോലും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ എനിക്ക് ഭയമാണ്. ഇപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യണം എന്നു പറയുമ്പോള്‍ നിര്‍ഭയയുടെ കാര്യമോര്‍ത്ത് മനസ്സില്‍ വല്ലാത്തൊരു ഭീതിയുണ്ടാകും.
ഉമാവതി, മണ്ണാര്‍കാട്
1. സ്ത്രീ പുരുഷ സമത്വം എന്നും എപ്പോഴും
2. പീഡിപ്പിക്കുന്നവര്‍ക്ക് വളരെ വേഗം ശിക്ഷ വാങ്ങി കൊടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍.
ദേവി പ്രിയ.കെ.എസ്, തിരുവനന്തപുരം
1. ഒരു മാധ്യമ പ്രവര്‍ത്തകയാകണം എന്ന ആഗ്രഹം പിന്തുടരാന്‍ എന്റെ മാതാപിതാക്കള്‍ എനിക്ക് പിന്തുണയും പ്രോത്സാഹവും തന്നിരുന്നെങ്കില്‍ എന്റെ ജീവിതം മറ്റൊന്നായേനെ.
2. ജേര്‍ണലിസ്റ്റാകണം എന്ന എന്റെ ആഗ്രഹം നടക്കാതെ പോയത് ഞാനൊരു പെണ്ണായത് കൊണ്ട് മാത്രമാണ്.
പ്രസുധ, കോഴിക്കോട്
1. ഒരിക്കല്‍ക്കൂടി ഫുട്‌ബോള്‍ കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍
2. മോട്ടോര്‍ സൈക്കിളില്‍ ലോകം മുഴുവന്‍ ചുറ്റാനുള്ള ആഗ്രഹം.
ലൈല സലിം, അഞ്ചല്‍
1. ഞാനും അനിയനും അനിയത്തിയുമടങ്ങുന്ന മൂന്നു മക്കളായിരുന്നു ഞങ്ങളുടെ വീട്ടില്‍. അനിയന്‍ ആണ്‍കുട്ടിയായിരുന്നതിനാല്‍ അച്ഛനും അമ്മയ്ക്കും അവനെ വലിയ കാര്യമായിരുന്നു. അവര്‍ രണ്ടു പേരും ചെയ്യുന്ന തെറ്റിനുപോലും എനിക്കാണ് ശിക്ഷ കിട്ടിയിരുന്നത്. അമ്മയും അച്ഛനും എന്നെ ഏറെ സ്‌നേഹിച്ചിരുന്നെന്ന് എനിക്കുറപ്പാണ്. പക്ഷേ അവരത് പ്രകടിപ്പിച്ചിരുന്നില്ല. അത് മറിച്ചായിരുന്നെങ്കില്‍ എന്ന് ഞാനെപ്പോഴും ആഗ്രഹിക്കാറുണ്ട്.
2. ഞങ്ങളുടെ കുടുംബത്തിന് സാമ്പത്തികമായി ഏറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് മറികടക്കാന്‍ എന്റെ ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരു പരിധിവരെ സാധിച്ചിരുന്നു. പക്ഷേ ഒരു പുരുഷനായിരുന്നെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ തേടിപ്പോകാനും അതുവഴി കുടുംബത്തെ കുറച്ചുകൂടി സഹായിക്കാനും സാധിച്ചേനെ.
മുര്‍ഷിദ പര്‍വീണ്‍.കെ, കോഴിക്കോട്
1. മനസ്സിലുള്ള എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ എനിക്ക് സാധിക്കാതിരുന്നത് ഞാനൊരു പെണ്ണായത് കൊണ്ടാണ്.
2. ഭിന്നശേഷിയുള്ള കുട്ടിയുടെ അമ്മയാണ് ഞാന്‍. മറ്റേത് കുട്ടിയേക്കാളും ശ്രദ്ധയും പരിചരണവും എന്റെ കുട്ടിക്ക് ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ ലോകം മുഴുവന്‍ ചുറ്റാനുള്ള എന്റെ ആഗ്രഹത്തെ ഞാന്‍ മനസ്സില്‍ കുഴിച്ച് മൂടി. പക്ഷേ എന്റെ ഭര്‍ത്താവ് അദ്ദേഹത്തിനിഷ്ടമുള്ള സ്ഥലത്തെല്ലാം പോകുന്നുണ്ട്. എനിക്കതിന് കഴിയാത്തത് ഞാനൊരു പെണ്ണായത് കൊണ്ട് മാത്രമാണ്.
ഡോ. സൗമ്യ. പി.ആര്‍
1. നമ്മുടെ ചിന്തകളെ തിരിച്ചറിയുന്ന മാതാപിതാക്കള്‍ ആയിരുന്നു നമുക്കുണ്ടായിരുന്നതെങ്കില്‍ ഇത്രമാത്രം സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്നു തോന്നും. അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം വീട്ടില്‍ത്തന്നെ യുദ്ധം ചെയ്യേണ്ടിവരുന്നത് വല്ലാത്തൊരവസ്ഥയാണ്. പോരാത്തതിന് നാട്ടുകാരെക്കൂടി പ്രതിരോധിക്കേണ്ടി വരുന്നതിന്റെ സംഘര്‍ഷം വേറെ. സ്വന്തം ഇടങ്ങളില്‍ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരുമ്പോഴുള്ള വികാരത്തിന് പേരില്ല!
2. നിലാവുള്ള രാത്രികള്‍ ഏറെ ഇഷ്ടം. പൗര്‍ണ്ണമി ദിനങ്ങളില്‍ പുഴയോരത്ത് പോയി കിടക്കാനും താമരശ്ശേരി ചുരം നടന്നു കാണാനും നടുക്കടലില്‍ പോകണമെന്നും ഒക്കെ അടങ്ങാത്ത ആഗ്രഹം ഉള്ളിലുണ്ട്. പക്ഷേ....
ഇന്ദു ശ്രീനിവാസന്‍, വിശാഖപട്ടണം
1. മാനസികമായി ഞാന്‍ കുറച്ചുകൂടി സ്‌ട്രോങ്ങായിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്. അങ്ങനെയായിരുന്നെങ്കില്‍ ഇന്നനുഭവിക്കുന്ന പല സംഘര്‍ഷങ്ങളും അനുഭവിക്കേണ്ടി വരില്ലായിരുന്നു.
2. പുതുവര്‍ഷം പിറന്ന 12 മണിക്ക് എന്റെ ഭര്‍ത്താവും സുഹൃത്തുക്കളും റോഡിലൂടെ നടന്നു. ആരും പിന്തുടരുമെന്നോ ആക്രമിക്കുമെന്നോ എന്ന ഭയമില്ലാതെ. എന്നാല്‍ എനിക്കോ എന്റെ സ്ത്രീ സുഹൃത്തുക്കള്‍ക്കോ അതിന് സാധിക്കില്ല. അതിന് സാധിക്കാത്തത് ഞാന്‍ ഒരു സ്ത്രീയായത് കൊണ്ട് മാത്രമാണ്.
നിമ്മി, ന്യൂസിലന്‍ഡ്
1. എന്റെ അച്ഛന്‍ ഇപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്‍... അദ്ദേഹത്തിന്റെ ശബ്ദം എനിക്ക് കേള്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍
2. എനിക്ക് 20 വയസ്സായപ്പോള്‍ മുതല്‍ എനിക്ക് ചുറ്റുമുള്ള ആള്‍ക്കാര്‍ എന്റെ വിവാഹത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയിരുന്നു. അന്ന് അവരോട് എനിക്ക് കല്യാണപ്രായമായിട്ടില്ല എന്ന പറയാന്‍ കഴിയാതിരുന്നതില്‍ ഖേദം തോന്നുന്നുണ്ടിപ്പോള്‍. നിങ്ങളുടെ ആണ്‍മക്കളെപ്പോലെതന്നെയാണ് ഞാനെന്ന് വിളിച്ച് പറയാന്‍ ആഗ്രമുണ്ടായിരുന്നു. പക്ഷേ സാധിച്ചില്ല.
ഗ്രീഷ്മ അനൂപ്, പാലക്കാട്
1. മാസ്റ്റേഴ്‌സ് ചെയ്യാന്‍ വിദേശ രാജ്യങ്ങളിലേക്ക് പോകണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. 2008-ലാണ് ഞാന്‍ ബിരുദം പൂര്‍ത്തിയാക്കിയത്. പക്ഷേ ആ കാലത്ത് പെണ്‍കുട്ടികള്‍ പുറത്ത് പോയി പഠിക്കുന്നതൊക്കെ വിരളമായിരുന്നു. പക്ഷേ അന്നത് ചെയ്തിരുന്നെങ്കില്‍ എന്റെ കരിയറില്‍ അത് വലിയ വഴിത്തിരിവുണ്ടാക്കിയേനെ.
2. ഉത്തരം രണ്ട്- ഒരു പെണ്‍കുട്ടിയായിരുന്നത് കൊണ്ട് മാത്രമാണ് എനിക്ക് വിദേശപഠനം നടത്താന്‍ കഴിയാതിരുന്നത്. 1980-കള്‍ക്ക് പകരം 21-ാം നൂറ്റാണ്ടിലാണ് ഞാന്‍ ജനിച്ചിരുന്നതെങ്കില്‍ എനിക്ക് എന്റെ സ്വപ്‌നങ്ങളെ കൈയ്യെത്തിപ്പിടിക്കാന്‍ സാധിച്ചേനെ.
സീനിയ ഉത്തന്‍, കണ്ണൂര്‍
1. പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഞാന്‍ പെരുമാറുന്ന രീതി മാറ്റാന്‍ കഴിഞ്ഞിരുന്നെങ്കില്‍... അതുമൂലം ഞാനെടുത്തിട്ടുള്ള പല തെറ്റായ തീരുമാനങ്ങളും തിരുത്താന്‍ സാധിച്ചിരുന്നെങ്കില്‍.
2. രാത്രിയോ പകലെന്നോ വ്യത്യാസമില്ലാതെ എനിക്കിഷ്ടമുള്ള സ്ഥലങ്ങള്‍ കാണാന്‍ എനിക്ക് സാധിച്ചിരുന്നെങ്കില്‍...
അനിതാ ദാസ്, വള്ളിക്കുന്ന്, മലപ്പുറം
1. കേരളത്തിനെ പ്രളയം മുക്കിയില്ലായിരുന്നെങ്കില്‍.
2. എന്റെ അച്ഛന്റേയും അമ്മയുടേയും ചിതയ്ക്ക് തീ കൊളുത്താന്‍ കഴിയാതിരുന്നത് ഞാനൊരു പെണ്ണായിരുന്നത് കൊണ്ട് മാത്രമാണ്.
മായ രഞ്ജിത്ത്, തളിപ്പറമ്പ, മുള്ളൂര്‍
1. പണ്ട് കാലങ്ങളില്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ, അമ്പലങ്ങളിലും പള്ളികളിലും, കാവുകളിലും എല്ലാം ഉത്സവത്തോടനുബന്ധിച്ച് നാടകവും, ബാലെയുമെല്ലാം നടത്തിയിരുന്നു. അപ്പോള്‍ സമീപത്തെ നാട്ടിലുള്ളവരും അവരുടെ കുടുംബവും ഈ പരിപാടികള്‍ ആസ്വദിക്കുവാന്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് ഇതുപോലെയുള്ള പരിപാടികള്‍ അന്യമായി കൊണ്ടിരിക്കുന്നു. ഒപ്പം അയല്‍പക്ക സൗഹൃദ യാത്രകളും. ആ കാലങ്ങള്‍ തിരിച്ച് വന്നെങ്കില്‍ ഓരോ കുടുംബത്തിന്റെയും ഇല്ലായ്മയും വല്ലായ്മയും എല്ലാം നേരിട്ടറിയുന്നതിനോടൊപ്പം ഇന്നത്തെ ഓരോ അനുഭവങ്ങളും ഇത്ര വേദനാജനകമാകില്ലായിരുന്നു. കഴിഞ്ഞ കാലങ്ങളിലെ നല്ല ഓര്‍മ്മകളും ഓരോ മലയാളിയുടെ മനസ്സിലും ഒരു നൊമ്പരമായ് മാറുന്നു. ആ കാലം ഇനി തിരിച്ച് വരുമോ?
2. ഒരു പുരുഷന്റെ ഭാഗത്ത് നിന്നും പുരുഷന് വേണ്ടിയും, സ്ത്രീയുടെ ഭാഗത്ത് നിന്നും സ്ത്രീക്ക് വേണ്ടിയും ഒരളവ് വരെ ചിന്തിക്കാനും അഭിപ്രായങ്ങള്‍ തുറന്ന് പറയാനും ശ്രമിച്ചിട്ടുണ്ട്. പെണ്ണായതില്‍ അഭിമാനിക്കുന്നു.
സതി, കണ്ണൂര്‍
1. കഴിഞ്ഞു പോയ കാലം എത്ര ആഗ്രഹിച്ചാലും തിരിച്ച് വരില്ല.
2. ഏത് രാത്രിയും ഇറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കാതെ പോയത് ഒരു പെണ്ണായത് കൊണ്ട് മാത്രമാണ്.
രമ.എന്‍.കെ, കടവന്ത്ര
1. ഒന്നുമില്ല
2.
സര്‍ക്കാര്‍ സേവന കാലം പൂര്‍ത്തിയാക്കി വിശ്രമജീവിതം തുടങ്ങിയ ഒരു വനിതയാണ് ഞാന്‍. 1990ല്‍ ജോലിയില്‍ പ്രവേശിച്ച ഞാന്‍ അന്ന് ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു. ജീവിച്ചു പോകുവാന്‍ ഒരു വരുമാന മാര്‍ഗമായി. ഇനി എന്തിനാ ഒരു വിവാഹത്തിന്റെ ആവശ്യം ? മറ്റു സഹോദരങ്ങള്‍ക്ക് ഒരു കൈ താങ്ങായി ജീവിതകാലം കഴിക്കാം. അവരുടെ മക്കളെ സ്വന്തം മക്കളായി കാണാം. സ്വസ്ഥമായൊരു ജീവിതം സ്വപനം കണ്ട എനിക്ക് ക്രമേണ അത് തിരുത്തേണ്ടതായി വന്നു. കാരണം സ്വന്തം നാടുവിട്ട് അന്യ നാട്ടില്‍ ജോലി ചെയ്യുന്ന അവിവാഹിതയായ ഒരു പെണ്‍കുട്ടി എപ്പോഴും കരുതലോടെ ഇരിക്കണം. എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന ചോദ്യത്തിന് പലരോടും മറുപടി പറയേണ്ടിവരും. നമ്മുടെ നാട്ടുനടപ്പനുസരിച്ച് പുരുഷന്‍മാര്‍ക്ക് എന്തും ആവാം. എന്നാല്‍ ഒരു സ്ത്രീക്ക് പിടിച്ചു നില്‍ക്കുന്നതിന് ഒരു പരിതിയുണ്ട്. ആയതിനാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വിവാഹിതയായി. ഇപ്പോള്‍ എനിക്ക് ഒരു മകളുണ്ട്. ഭര്‍ത്താവിനോടൊപ്പം ഞാന്‍ സസന്തോഷം കഴിയുന്നു.
തങ്കമണി.കെ, കാസര്‍ഗോഡ്
1. ഉത്തരമില്ല
2. ഇന്ന് ഞാന്‍ ഒരു കടയുടമയാണ്. അഞ്ചു മണികഴിയുമ്പോള്‍ ഞാന്‍ എന്റെ കടയടയ്ക്കും. കടയടയ്ക്കാന്‍ താമസിച്ചാല്‍ പലരില്‍ നിന്നും വെറുപ്പുളവാക്കുന്ന നോട്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെനിക്ക്. അത് ഞാനൊരു സ്ത്രീയായത് കൊണ്ട് മാത്രമാണ്.
ജിഷ.കെ.സി, ചിറയ്ക്കല്‍
1. എനിക്ക് പ്രണയമുണ്ടായിരുന്നില്ല. യൗവനത്തില്‍ പ്രണയിക്കാതിരിക്കുക എന്നത് വലിയ മണ്ടത്തരം ആണെന്ന് എനിക്ക് തോന്നുന്നു. ഇനിയൊരു യൗവ്വനമുണ്ടെങ്കില്‍ ഞാന്‍ പ്രണയിക്കുകയും അത് ലോകത്തോട് വിളിച്ചു പറയുകയും ചെയ്യും.
2. തനിച്ചുള്ള യാത്രകള്‍ എന്നും സ്വപ്നമാണ്. കുടുംബം എന്നത് ഏതൊരാളുടെയും പ്രാഥമിക പരിഗണന ആവുമ്പോഴും സ്വന്തമായി ഒരു ഇടം ഉണ്ടാകുക എന്ന് ഞാന്‍ വല്ലാതെ ആഗ്രഹിക്കാറുണ്ട്. ഒറ്റയ്ക്കു ഒരു വാരാണസി യാത്ര അത് എന്റെ എത്രയോ വര്‍ഷത്തെ സ്വപ്നമാണ്. ഒരു സ്ത്രീ ആയത് കൊണ്ട് യാത്രകള്‍ നടത്താന്‍ ഒരുപാട് പേരെ കാര്യങ്ങള്‍ ബോധ്യപെടുത്തണം. എന്തിന്, ആരുടെ കൂടെ തുടങ്ങി എണ്ണമറ്റ ചോദ്യങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്ന് കൊണ്ടിരിക്കും. ഇനിയെനിക്ക് ബാക്കിയുള്ള സ്വപ്‌നങ്ങളില്‍ പൂര്ണമാകാത്ത യാത്ര അത് മാത്രമാണ്.
അശ്വതി, പാലക്കാട്
1. എന്റെ വിവാഹം
2. യാത്രകള്‍
ശ്രുതി, തൃശൂര്‍
1. എന്റെ വിവാഹത്തെക്കുറിച്ചുള്ള തീരുമാനം
2. സിവില്‍ എന്‍ജിനീയര്‍ ആകണമെന്ന ആഗ്രഹം.
ശരണ്യ ജി. നായര്‍, ഗുവാഹത്തി
1. സ്‌കൂള്‍ കാലഘട്ടത്തില്‍ ക്രിക്കറ്റ്, ഫിട്‌ബോള്‍, വോളിബോള്‍ തുടങ്ങിയ ടീം മല്‍സരങ്ങള്‍ കളിക്കാടത്തതില് വലിയ പശ്ചാത്താപം തോന്നുന്നു. ഗ്രൂപ്പായി കളിക്കുന്ന അത്തരം കളികള്‍ നല്‍കുന്ന സന്തോഷം അനുഭവിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് തോന്നിയിട്ടുണ്ട്.
2. മുകളില്‍ പറഞ്ഞ ദുഃഖത്തില്‍ നിന്ന് വളരെ വേഗം പുറത്തു കടക്കാന്‍ എനിക്കായി. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ഞാനിപ്പോള്‍ ചെയ്യുന്നത്.
ശ്രുതി ലക്ഷ്മി.എസ്, ആലപ്പുഴ
1. എനിക്ക് എന്റെ ഭൂതകാലത്തെക്കുറിച്ച് ഓര്‍ത്ത് വിഷമമില്ല. പണ്ട് സംഭവിച്ച ഒരു കാര്യവും മാറ്റണം എന്നെനിക്കില്ല. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അതെല്ലാം എന്റെ ഉത്തരവാദിത്തങ്ങളായിരുന്നു.
2. മിക്ക സ്ത്രീകള്‍ക്കും സ്വന്തം സ്വപ്‌നങ്ങള്‍ വളരെ വിദൂരമാണ്. അഭ്യസ്ത വിദ്യരായ പുരിഷന്മാര്‍ പോലും വിചാരിക്കുന്നത് പെണ്‍കുട്ടികളുടെ ജീവിതം വളരെ എളുപ്പമുള്ളതാണെന്നാണ്. നിനക്കെന്താ പ്രശ്‌നം രണ്ട് മൂന്നു വര്‍ഷത്തിനുള്ളില്‍ നിന്റെ കല്യാണം കഴിയും. ഞങ്ങള്‍ ആണുങ്ങള്‍ അല്ലേ കുടുംബത്തിനായി അധ്വാനിക്കേണ്ടതെന്നാണ് എന്റെ ചില ആണ്‍ സുഹൃത്തുക്കളുടെ കാഴ്ചപ്പാട്. അവരുടെ കാഴ്ചപ്പാടില്‍ പെണ്‍കുട്ടികള്‍ക്ക് സ്വപ്നങ്ങളോ ആശകളോ ഇല്ല. സ്വപ്‌നങ്ങളുള്ളവരെ അവര്‍ വിളിക്കുന്നത് ഫെമിനിച്ചിയെന്നോ ജാഡയെന്നോ ആയിരിക്കും. എനിക്ക് ഒരിക്കലും ഒരാണാകേണ്ട. കാരണം സ്ത്രീകള്‍ തീര്‍ച്ചയായും പുരുഷന്മാരെക്കാള്‍ മികച്ചവരാണ്. പുരുഷനേക്കാള്‍ ഒരു നൂറ്റാണ്ട് മുന്നേ സഞ്ചരിക്കുന്നവരാണ് സ്ത്രീകളെന്നാണ് എന്റെ അഭിപ്രായം.
ഗീതാ ഭാസ്‌കര്‍.കെ, തിരുവനന്തപുരം
1. ശരിക്കും പണ്ടത്തെ പോലെ രാജ ഭരണം ആയിരുന്നെങ്കില്‍ ഇന്ന് നമ്മള്‍ അനുഭവിക്കുന്ന അനീതികള്‍ ഒരിക്കലും ഉണ്ടാവില്ല. അധര്‍മം ഉണ്ടാവില്ല. എല്ലാവര്‍ക്കും ഒരേ നീതി ലഭിച്ചേനെ. അതായിരുന്നു നല്ലത്.
2. എന്നും രാത്രി പുറത്തിറങ്ങി ഇഷ്ടമുള്ള സ്ഥലങ്ങളില്‍ പോയിരുന്നു ഫ്രണ്ട്‌സുമായി സംസാരിക്കണം. സെക്കന്റ് ഷോ കാണാന്‍ പോകണം തട്ട് കടയില്‍ ചെന്ന് ആഹാരം കഴിക്കണം. ഒറ്റക്ക് അന്യസ്ഥലങ്ങള്‍ കാണാന്‍ പോകണം. അതെല്ലാം ഒരു സ്ത്രീ ആയതുകൊണ്ട് മാത്രം നടക്കാതെ പോയ ആഗ്രങ്ങള്‍ ആണ്.
മാധുരി.കെ.എന്‍, പിലിക്കോട്,കാസര്‍ഗോഡ്
1. 1981-ല്‍ കരിവെള്ളൂര്‍ ഗവണ്മെന്റ് ഹൈസ്‌കൂളിലെ എട്ടാം തരത്തില്‍ ആദ്യമായി എത്തിയതായിരുന്നു ഞാന്‍. എനിക്കും ഡ്രോയിങ് ക്ലാസില്‍ ഇരിക്കണം. ഞാന്‍ സാറിനോട് പറഞ്ഞു നോക്കി. പറ്റില്ലെന്ന് സാര്‍ തീര്‍ത്തു പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് ഡ്രോയിങ് ഉം പെണ്‍കുട്ടികള്‍ക്ക് സംഗീതവുമാണ്. സംഗീതം എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല. എന്നിട്ടും... അത് നേരെ തിരിച്ചായിരുന്നുവെങ്കില്‍...
2. നിറഞ്ഞ പ്രതീക്ഷയോടെ കാട്ടിലൂടെ ഞങ്ങള്‍ കുറേ നടന്നു. അപ്പോഴേക്കും പിന്നില്‍ നിന്നും വിളി വന്നു 'മാധുരിയും മറ്റ് പെണ്‍കുട്ടികളും ഇങ്ങോട്ട് വരൂ ഇനി വലിയ കാടാണ് കണ്ടതൊക്കെ മതി'., 'ഞങ്ങള്‍ ഒന്നും കണ്ടില്ല സാര്‍ ആന പിണ്ഡം മാത്രമേ കണ്ടുള്ളൂ. ആര് കേള്‍ക്കാന്‍ ഞങ്ങള്‍ തിരിച്ചു വന്നു. ജോണ്‍സി സാറാണ് വിളിക്കുന്നത്. പെട്ടെന്ന് പോയില്ലെങ്കില്‍ ദേഷ്യം വരും.1981-ല്‍ കോട്ടച്ചേരി മലയില്‍ നടത്തിയ പ്രകൃതി പഠന സഹവാസക്യാമ്പ് ആയിരുന്നു രംഗം. അവിടെ മുഴുവന്‍ ചുറ്റിക്കാണണമെന്ന ആഗ്രഹം ബാക്കിയായി. മുതിര്‍ന്ന സ്ത്രീ ആയിട്ടും അമ്മ ആയിട്ടും അമ്മൂമ്മ ആയിട്ടും ഇന്നും ആ ആഗ്രഹം ബാക്കി നില്‍ക്കുന്നു. ഞാന്‍ ഒരു ആണ്‍കുട്ടി ആയിരുന്നെങ്കില്‍ എന്ന് അന്ന് വല്ലാതെ ആശിച്ച നിമിഷമായിരുന്നുവത്. പിന്നീടും ഞാന്‍ ആണ്‍കുട്ടി ആയില്ലല്ലോ...
അമൃത പയനിയര്‍, ബന്തടുക്ക, കാസര്‍ഗോഡ്
1. ഗവണ്‍മെന്റ് കോളേജ് കാസര്‍ഗോഡ്, നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പടന്നക്കാട്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള ,ഈ മൂന്ന് കോളേജുകളിലും പഠിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
2. പ്രസിദ്ധമായ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവം കാണാന്‍ കഴിയാതിരുന്നത് പെണ്‍കുട്ടിയായത് കൊണ്ട് മാത്രമാണ്.
സുനന്ദ, ചിക്കീലോട്
1. അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍
2. ആനപ്പുറത്ത് കയറണമെന്ന ആഗ്രഹം നടക്കാതെ പോയി.
അപര്‍ണ അരിക്കര വാസന്തന്‍, മലപ്പുറം
1. അധികം പണം ചെലവാക്കാതെ തന്നെ എല്ലാവര്‍ക്കും അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍... അങ്ങനെ വരുമ്പോള്‍ അഴിമതി നടത്താതെ രാജ്യസേവനം നടത്താന്‍ എല്ലാവരും സജ്ജരാകും.
2. രാത്രിയില്‍ ഈ ലോകം മുഴുവന്‍ ചുറ്റിക്കാണാനുള്ള ആഗ്രഹം.
ശുഭ.കെ, ഇരിഞ്ഞാലക്കുട
1. ഒരു മിക്‌സഡ് കോളേജില്‍ പഠിക്കാന്‍ സാധിച്ചിരുന്നെങ്കില്‍.
2. മകളുടെ സ്‌നേഹമുള്ള അച്ഛനാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍...
ഗൗരികൃഷ്ണ, ആലപ്പുഴ
1. മികച്ച വിദ്യാഭ്യാസം, സാമ്പത്തിക സ്വയംപര്യാപതത, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് എന്റെ മാതാപിതാക്കള്‍ എനിക്ക് അറിവ് തന്നില്ലായിരുന്നെങ്കില്‍ ലിംഗ സമത്വത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ പ്രാപ്തയാകുമായിരുന്നില്ല.
2. അങ്ങനെയൊരാഗ്രഹവും എനിക്കില്ല. ലിംഗ വ്യത്യാസങ്ങള്‍ യഥാര്‍ഥത്തില്‍ സമൂഹം സൃഷ്ടിച്ചത്.
രാജി രവിശങ്കര്‍, തൃപ്പൂണിത്തറ
1. ബിരുദത്തിന് ശേഷം ഞാന്‍ പഠിച്ചിരുന്നെങ്കില്‍ എനിക്ക് കുറച്ചു കൂടി മികച്ച ജോലി ലഭിച്ചേനെ.
2. ഞാനൊരു പുരുഷനായിരുന്നെങ്കില്‍ എനിക്ക് സമൂഹത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്ത് കൊടുക്കാന്‍ കഴിഞ്ഞേനെ എന്ന് തോന്നിയിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയ്ക്ക് എനിക്കേറെ പരിധികളുണ്ട്.
വി.സൗമ്യ, ചെന്നൈ
1. എന്റെ കൗമാര കാലഘട്ടങ്ങളില്‍ അത്ര നല്ലകുട്ടിയായി നില്‍ക്കുന്നതിന് പകരം കുറച്ച് റിബലായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.
2. രൂപത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആരും എന്നെ അളക്കുന്നത് എനിക്കിഷ്ടമല്ല. എന്നെ എന്റെ ബുദ്ധിയുടേയും കഴിവിന്റേയും അടിസ്ഥാനത്തില്‍ മാത്രം അളന്നാല്‍ മതി.
ശ്രീശുഭ, ചാലക്കുടി
1. 2002 മെയ് 5 ന് എന്റെ ഒരു കൈയ്ക്ക് തളര്‍ച്ച വന്നു.അതു ചികിത്സ ചെയ്തു മാറിയെങ്കിലും ഇപ്പോഴും മരുന്നുകള്‍ തുടരുകയാണ്. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ എപ്പോഴും ചിന്തിക്കും.
2. ഗുരുവായൂര്‍ അമ്പലത്തിലെ പൂജാരിയാവുക
വാണി ബിജു, യു.എ.ഇ
1. പഠനത്തിനായി ഞാന്‍ തിരഞ്ഞെടുത്ത വിഷയം.
2. എന്റെ അച്ഛന് അപകടം ഉണ്ടായ ശേഷം അദ്ദേഹത്തെ ടോയ്‌ലെറ്റില്‍ പോകാനും മറ്റും സഹായിക്കാന്‍ കഴിയാതിരുന്നത് ഞാനൊരു പെണ്ണായത് കൊണ്ട് മാത്രമാണ്.
ഷെമീമ മുംതാസ്, തലശ്ശേരി
1. അമ്മയുടെ അനുസരണയുള്ള ഒരു കൊച്ചു കുട്ടി ആയി ഒന്നൂടെ ജനിക്കാന്‍ സാധിച്ചിരുന്നെങ്കില്‍...
2. ഒരു ഭാര്യ അല്ലെങ്കില്‍ ഒരു സ്ത്രീ ആയതുകൊണ്ട് കല്യാണ ശേഷം എനിക്ക് ജന്മം തന്ന എന്റെ ഉമ്മയെ ഞാന്‍ ആഗ്രഹിച്ച പോലെ സന്തോഷിപ്പിക്കാന്‍ സാധിക്കുന്നില്ല
പത്മജ ശിവശങ്കര്‍, തൃശൂര്‍
1. സൗഹൃദങ്ങള്‍ക്ക് കൂടുതല്‍ വില കല്പ്പിച്ചുകൊണ്ട്, എന്റെ വ്യക്തിത്വത്തെപോലും ഇല്ലായ്മ ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായി. വിധേയപ്പെടലുകള്‍, തെറ്റുകളെ ന്യായീകരിക്കല്‍ എന്നിങ്ങനെ ഒരു പെണ്‍കുട്ടിയുടെ അഭിമാനം വ്രണപ്പെടുകയാണെന്ന് മനസ്സിലാക്കാതെ പലകാര്യങ്ങള്‍ക്കും നിന്നുകൊടുത്തിട്ടുണ്ട്. അതൊക്കെ തിരുത്തണമായിരുന്നു. ഇപ്പോ തിരുത്തുന്നുണ്ട്.പക്ഷേ അന്ന് ഞാന്‍ അങ്ങനെയാവാന്‍ പാടില്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
2. വെറും ഇരുപതിവയസ്സു മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിക്ക് നഷ്ടപ്പെടാന്‍ എന്ത് സ്വപ്നങ്ങളാണുള്ളതെന്ന ചോദ്യമായിരിക്കും പലര്‍ക്കും. ഇനി അഥവാ അങ്ങനെയൊന്നുണ്ടെങ്കില്‍ തന്നെ അത് നിറവേറ്റാന്‍ ജീവിതകാലമിങ്ങനെ നിവര്‍ന്നു കിടക്കുകയാണല്ലോ... അല്ലേ? കേള്‍ക്കുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഇതൊരു തമാശയായി തോന്നാം. പക്ഷേ ഒരു സ്ത്രീയേ സംബന്ധിച്ച് ഏറ്റവും വേദനാജനകം അല്ലെങ്കില്‍ അപമാനകരമാവുന്നത് അവളുടെ സ്വപ്നം സാധ്യമാകാതെ അത് പിന്നൊരിക്കലേയ്ക്കു നീട്ടി വയ്‌ക്കേണ്ടി വരുമ്പോഴാണ്. എത്ര നിസ്സാരമെന്ന് നിങ്ങള്‍ കരുതുന്ന, നിങ്ങള്‍ക്കു ചെറുതും ഞങ്ങള്‍ക്കു വലുതുമായ എത്രയെത്ര ആഗ്രഹങ്ങള്‍ക്കാണ് സമൂഹം വിലങ്ങിട്ടത്. പുരോഗമന പ്രസ്ഥാനത്തിന്റെ വക്താക്കള്‍ പോലും സ്ത്രീകളുടേതായി ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കായി പോലും പരിഗണിക്കാതെ മാറ്റി വയ്ക്കുന്ന പ്രവണത എത്ര കണ്ടിരിക്കുന്നു.
ആഗോളവും ദേശീയവുമായ 'വലിയ വലിയ'വിഷയങ്ങളെക്കുറിച്ച് വാചാലരാവുന്നവര്‍ തങ്ങള്‍ ഇടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ നടക്കുന്ന ജെന്‍ഡര്‍ ഇഷ്യൂസിനെ സംബന്ധിച്ച് മൗനം അവലംബിക്കുന്നു. സ്ത്രീയെ സ്വയം ശക്തയാവാനും സാമൂഹ്യ വ്യവസ്ഥിതികളിലും ഇടപെടാന്‍ അനുവദിക്കാതെ സംരക്ഷിച്ച് ശക്തരാക്കാം എന്ന മിഥ്യധാരണയുടെയും അമരക്കാരാവുകയാണ് ലിബറല്‍ ആങ്ങളമാര്‍. താമസിക്കുന്ന വീട്, പഠിക്കുന്ന കലാലയം, സഞ്ചരിക്കുന്ന ദൂരങ്ങള്‍ ഇവിടെയെല്ലാം ഒരു സ്ത്രി അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ വലുതാണ്. തെറ്റിനെ ചോദ്യം ചെയ്യുന്ന പെണ്‍കുട്ടികളാണെങ്കില്‍ പറയണ്ട. ഫെമിനിച്ചി, വായാടി എന്നൊക്കെയുള്ള വിളികള്‍ക്കു പുറമേ 'അവളെന്തോരം ഉണ്ട്?'എന്നൊരൊറ്റ ചോദ്യം.
അത്രയൊക്കെ വിലയേ പുരുഷത്വത്തില്‍ അഭിമാനിക്കുന്ന ഒരു സമൂഹം അവള്‍ക്കു കൊടുക്കുന്നുള്ളൂ. ഒരു പുരുഷനോടാണ് വിദ്വേഷമെങ്കില്‍ പ്രതികരണം ഇങ്ങനെയായിരിക്കും. ഏതാണവന്‍? അവനാരാ അതിന് എന്നിങ്ങനെ. ഈ ചോദ്യത്തിലും പുരുഷന്റെ ഐഡന്‍ന്റിറ്റിയ്ക്ക് പ്രാധാന്യം ഉണ്ട്. എന്നാല്‍ സ്ത്രീകളുടേ നേരെയാവുമ്പോള്‍ അത് കേവലം ശരീരത്തിലേക്ക് മാത്രം ഫോക്കസ് ചെയ്യപ്പെടുന്നു. എതിര്‍ക്കുന്നവളെ അവഗണിക്കുക. അതാണ് അവരുടെ തന്ത്രം.പക്ഷേ എത്രകാലം? ഇന്ന് നിങ്ങള്‍ക്ക് ഒരാളെ അവഗണിക്കാം രണ്ട് ആളെ പറ്റുമായിരിക്കും. പക്ഷേ നാളെ ഒരു ജനത മുഴുവനും മുഷ്ടി ചുരുട്ടി തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ നിങ്ങള്‍ തീര്‍ത്ത ദന്തഗോപുരങ്ങളെല്ലാം തകര്‍ന്നടിയും. ഇതെന്റെ അനുഭവങ്ങളാണ്. എന്റെ ദുഃഖങ്ങളാണ്. എന്നെ ഞാനാക്കുന്ന കരുത്തുമാണ്.
സുജാത, കൊല്ലങ്കോട്
1. കുളത്തില്‍ കുട്ടികളുടെ കൂടെ നീന്താന്‍ പണ്ട് സാധിച്ചിരുന്നെങ്കില്‍.
2. റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കാനുള്ള മോഹം
റീന
1. എന്റെ കുട്ടിക്കാലം
2. അങ്ങനെയൊന്നുമില്ല
ശ്രീജാ കുമാരി, വട്ടയാര്‍
1. പണ്ട് സ്‌കൂളില്‍ പോയിരുന്ന കാലം തിരിച്ച് കിട്ടിയിരുന്നെങ്കില്‍
2. രാത്രിയില്‍ സെക്കന്‍ഡ് ഷോയ്ക്ക് പുറത്ത് പോകാന്‍ സാധിക്കാത്തത്.
ബിന്ദു ഉണ്ണി, തിരുവനന്തപുരം
1. ഒരു പെണ്‍കുട്ടിയായത് കൊണ്ട് മാത്രം ഞാനനുഭവിക്കേണ്ടി വന്ന വേര്‍തിരിവ് മാറിയിരുന്നെങ്കില്‍... സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞിരുന്നെങ്കില്‍
2. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു ഐ.എഫ്.എസ് ഓഫീസര്‍ ആകണം എന്നായിരുന്നു എന്റെ സ്വപ്നം. രണ്ടു തവണ ഞാനതിനായി ശ്രമിക്കുകയും ചെയ്തു. ഏറെ അടുത്തെത്തിയെങ്കിലും നേടാനായില്ല. ഒരിക്കല്‍ കൂടി അതിന് ശ്രമിക്കാന്‍ എന്റെ വീട്ടുകാര്‍ എന്നെ അനുവദിച്ചില്ല. അവരുടെ അഭിമാനം സംരക്ഷിക്കാനായി എന്നെ വിവാഹം കഴിപ്പിച്ചു. ഞാനൊരു സ്ത്രീയല്ലായിരുന്നെങ്കില്‍ എനിക്ക് എന്റെ സ്വപ്നത്തെ പിന്തുടരാന്‍ കഴിഞ്ഞേനെ.
ലില്‍ജി, ദുബായ്
1. എന്റെ പ്രൊഫെഷന്‍
2. കല്യാണത്തിന് മുന്‍പുള്ള യാത്രകള്‍ നടക്കാതെ പോയത് ഞാനൊരു സ്ത്രീയായത് കൊണ്ടാണ്.
ജ്യോല്‍സ്‌ന, ചങ്ങനാശ്ശേരി
1. എന്റെ സ്‌കൂള്‍ ജീവിതം
2. ഒറ്റയ്ക്കുള്ള രാത്രിയാത്ര.
ഷീജ.എം.ടി, കൊയിലാണ്ടി
1. സി.എ ഇന്റര്‍ മീഡിയേറ്റ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ഞാന്‍. എനിക്ക് ഒരു ചാറ്റേര്‍ഡ് അക്കൗണ്ടന്റ് ആകണം എന്നായിരുന്നു. പക്ഷേ കുടുംബത്തിലെ ചില പ്രശ്‌നങ്ങളും എന്റെ വിവാഹവും മൂലം ആ സ്വപ്‌നം നടന്നില്ല. എനിക്കെന്റെ സ്വപ്‌നങ്ങള്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കുകയാണ്. എന്റെ സ്വപ്‌നം എന്റെ രണ്ട് മക്കളിലൂടെ പൂര്‍ത്തിയാക്കണം എന്നാണ് എന്റെ ആഗ്രഹം.
സിന്ധു. പി.വി
1. ഒരു എക്‌സൈസ് ഓഫീസറാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍
2. ഒറ്റയ്ക്കുള്ള റൈഡ്
മീര, തിരുവനന്തപുരം
1. എന്റെ അരക്ഷിതാവസ്ഥകളെ മാറ്റിമറിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
2. ഒറ്റയ്ക്കുള്ള യാത്രകള്‍.
ജയശ്രീ ഷാജിമോന്‍, ആലപ്പുഴ
1. സ്ത്രീ പണ്ട് അബലകള്‍ ആയിരുന്നു വീടുകളില്‍ ഒതുങ്ങി കഴിയുന്നവള് ഇന്ന് സ്ത്രീ മുഷ്ടി ചുരുട്ടേണ്ടിടത് മുഷ്ടി ചുരുട്ടുക തന്നെ ചെയ്യും അല്ലാതെ നിവര്‍ത്തി ഇല്ല.
2. ഈ ലോകത്തില്‍ നിന്ന് ചില രോഗങ്ങള്‍ ഇല്ലാതാക്കിയത് പോലെ മദ്യത്തിന്റെയും മയക്കുമരുന്നിനയെയും ഉറവിടം നശിപ്പിക്കുക ഈ ലോകം നന്നാവും.
ലക്ഷ്മി വി. നായര്‍, കോഴിക്കോട്
1. സംഗീതം പഠിക്കാന്‍ അന്നെനിക്ക് കഴിഞ്ഞിരുന്നെങ്കില്‍
2. സ്ത്രീയായത് കൊണ്ട് സാധിക്കാതെ പോകുന്ന ഒരു കാര്യവും ഇന്നില്ല.
ആതിര, മയ്യില്‍
1. ബിരുദം പൂര്‍ത്തിയാക്കി ഒരു ജോലി നേടിയ ശേഷം എന്റെ വിവാഹം കഴിഞ്ഞിരുന്നെങ്കില്‍ ഈ ആറു വര്‍ഷവും വീട്ടില്‍ ഒതുങ്ങിക്കൂടേണ്ടി വരില്ലായിരുന്നു എനിക്ക്. ഒരു സാധാരണ വീട്ടിലെ പെണ്‍കുട്ടിയെ സംബന്ധിച്ച് അവളുടെ വിവാഹം മാതാപിതാക്കളുടെ മാത്രം തീരുമാനമാണ്.
2. വീട്ടുജോലിയും കുഞ്ഞിനെ നോക്കലും മാത്രമാണ് സ്ത്രീകളും ഉത്തരവാദിത്തം എന്നു ചിന്തിക്കുന്ന പഴയ തലമുറ വിദ്യ്ഭ്യാസവും വിവരവുമുള്ള പുതിയ തലമുറയെ അടക്കിവാഴുന്നത് മാറണം. പുതിയ തലമുറയ്ക്ക് മാത്രമല്ല വിദ്യാഭ്യാസം നല്‍കേണ്ടത്. അത് ശരിക്ക് പ്രാവര്‍ത്തികമാകണമെങ്കില്‍ പഴയ തലമുറയ്ക്ക് കൂടി വിദ്യാഭ്യാസം നല്‍കണം.
ഇഷിയത്ത് ആര്‍., കൊല്ലം
1. ഇന്ദിരാ ഗാന്ധിയെ പോലെ ഒരു പ്രധാനമന്ത്രി വീണ്ടും വരണം.
2. ഒരു യാഥാസ്ഥിക കുടുംബത്തില്‍ ജനിച്ചതുകൊണ്ട് എനിക്ക് എന്റെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
ശാരിക അഭിലാഷ്, ബാംഗ്ലൂര്‍
1. പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തില്‍ മുമ്പ് ഉണ്ടായിരുന്ന കാഴ്ച്ചപ്പാട് മാറിയിരുന്നെങ്കില്‍ നന്നായിരിക്കും എന്ന് തോന്നുന്നു. അന്നൊക്കെ ജീന്‍സ് ധരിച്ചാല്‍ ആ കുട്ടിയെ സമൂഹം നോക്കുന്നത് വേറെ തരത്തില്‍ ആയിരുന്നു. അതേപോലെ തന്നെ വിവാഹ പ്രായവും മാറിയിരുന്നു എങ്കില്‍ നന്നായിരുന്നേനേ.
2. ഞങ്ങളുടെ കോളേജ് പഠനകാലത്ത്, ആണ്‍കുട്ടികള്‍ പലപ്പോഴും അവര്‍ മാത്രമായി 12 ദിവസത്തേക്കൊക്കെ യാത്രകള്‍ പോകുമായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് ഒരിക്കലും ആ പ്രായത്തില്‍ ഒരു 'girls only' യാത്ര പറ്റിയിട്ടില്ല.
അജിത മേനോന്‍, മഞ്ചേരി
1. വിവാഹത്തിനു ശേഷം സ്ത്രീ സ്വന്തം നാടും വീടും വിട്ട് പറിച്ചു നടപ്പെടുന്ന രീതി മറ്റൊരു തരത്തിലായിരുന്നു എങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. നമ്മുടെ പെണ്‍കുട്ടികള്‍ സ്വന്തം വീട്ടില്‍ വളരുമ്പോഴും അന്യന്റെ വീട്ടില്‍ പോകേണ്ടവരാണ്. അന്യ വീട് പെണ്‍കുട്ടിക്ക് എന്നും അന്യ വീട് തന്നെ ആകുന്നു, എപ്പോഴും സ്ത്രീ സ്വന്തമായി ഒരു ഇടമില്ലാത്തവളാണ്. സ്വന്തമായി ഒരു ഇടമില്ലാത്തവള്‍ എങ്ങനെ ആണ് സ്വയം ആവിഷ്‌കരിക്കാന്‍ ഉള്ള ധൈര്യവും സ്വാതന്ത്ര്യവും കാണിക്കുക. വനിതാ ദിനം ആര്‍ഭാടമാകാതെ സ്ത്രീയെ ആവിഷ്‌കരിക്കാന്‍ പ്രാപ്തയാക്കണം.
2. ഉത്സവങ്ങളും ആഘോഷങ്ങളും കലാ സാഹിത്യ സാംസ്‌കാരിക പരിപാടികളും ഒക്കെ പകലന്തിയോളം കൂട്ടുകാരുമൊത്ത് മതിമറന്ന് ആഘോഷിക്കാനും വീടിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് കുറച്ച് സമയം ഒഴിഞ്ഞ് നില്‍ക്കാനും എന്നും ആഗ്രഹിച്ചിരുന്നു. നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ പെണ്ണെന്ന പരിമിതി എന്നെ പോലെ സ്ത്രീകളെ ഇത്തരം ആനന്ദ മുഹൂര്‍ത്തങ്ങളില്‍ നിന്നും വിലക്കിയിരുന്നു, വിലക്കുന്നുണ്ട്. വനിതാ ദിനത്തിന്റെ ആഘോഷ മറ നീക്കിനോക്കിയാല്‍ സ്ത്രീയുടെ അവസ്ഥ മെച്ചപ്പെട്ടു എന്ന് പറയുക ബുദ്ധിമുട്ടാണ്.
അജിത് എം.എവി., മാനന്തവാടി
1. ഞാന്‍ ഒരു ആണ്‍കുട്ടിയാണ്. എന്നാലും സ്ത്രീപക്ഷത്ത് നിന്നും ഉത്തരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ണസവര്‍ണ കാലം തൊട്ടേ സ്ത്രീകള്‍ അടുക്കളയിലേയും മേലാളന്മാരുടെ കിടപ്പറയിലേയും ഉപഭോഗവസ്തു മാത്രമായി ഒതുങ്ങിയില്ലായിരുന്നു എങ്കില്‍ ഇന്നു സമത്വം ഒരു പക്ഷേ വാക്കുകളില്‍ മാത്രം ഒതുങ്ങില്ലായിരുന്നു.
2. എത്രം സമത്വം എന്ന് പറഞ്ഞാലും ഒരു സ്ത്രീക്ക് ഒരു ചൂളം വിളിയുടെയോ നോട്ടത്തിന്റെയോ ശല്യമില്ലാതെ തെരുവുകളിലൂടെ നടക്കാന്‍ സാധിക്കാത്തത്
സുലോചന രവീന്ദ്രന്‍
1. വിദ്യാഭ്യാസം
2. ഒരു ജോലി
ശ്രീലക്ഷ്മി, മലപ്പുറം
1. എന്റെ വിവാഹം.
2. ഒരു പുരുഷന്റെയും സഹായമില്ലാതെ സ്വയം വണ്ടി ഓടിക്കുക.
ശ്രീജ കെ.ഡി., കാസര്‍കോട്
1. എന്റെ മകള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത് ഒരു ജോലിയായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കിയിട്ട് അവളെ വിവാഹം ചെയ്തയക്കണം എന്ന് ഞാന്‍ ചിന്തിച്ചതു പോലെ എന്റെ മാതാപിതാക്കളും ചിന്തിച്ചിരുന്നെങ്കില്‍ ഇന്ന് എന്റെ ആവശ്യങ്ങള്‍ക്ക് ഞാന്‍ ആരേയും ആശ്രയിക്കേണ്ടി വരില്ലായിരുന്നു.
2. കുട്ടിക്കാലത്ത് ധരാളം കുറ്റന്വേഷണ കഥകള്‍ വായിച്ചിരുന്ന എനിക്ക് വലുതാകുമ്പോള്‍ ഒരു പോലീസ് ഓഫീസര്‍ ആവാനായിരുന്നു ആഗ്രഹം പക്ഷെ 22 വര്‍ഷം മുമ്പ് ഡിഗ്രി പാസ്സായ എനിക്ക് ഒരു പ്യൂണ്‍ പോലും ആകാന്‍ സാധിച്ചില്ല.
അന്വശര എ.എസ്., കരുനാഗപ്പള്ളി
1. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മനുഷ്യന്‍ എന്നു കണക്കാക്കുന്ന ഒരു സമൂഹം.
2. പകല്‍ കിട്ടുന്ന സ്വാതന്ത്യം രാത്രിയും കിട്ടുകയെന്നത്.
ബിന്ദു എം.ആര്‍., ഇരിങ്ങാലക്കുട
1. എല്ലാവര്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനായി പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ പോലുള്ള മനുഷ്യക്ഷേമ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം.
2. ഞാന്‍ മലയാളത്തില്‍ ഒരു ചെറുക്കഥയെഴുതിയിട്ടുണ്ട്. അത് പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരു പെണ്ണായത് കൊണ്ട് എനിക്കതിന് സാധിക്കുന്നില്ല. മറിച്ച് ഞാനൊരു പുരുഷനായിരിന്നുവെങ്കില്‍, ഇത് എന്റെ ഇഷ്ടാനുസരണം പ്രസിദ്ധീകരിക്കാന്‍ അവസരങ്ങളുണ്ടായേനെ. ഞാന്‍ മാത്രമല്ല, ഈ വിവേചനത്തിന് ഇരകളായ ഒത്തിരി സ്ത്രീകളുണ്ട.
മോഹിന്ദു.പി.മോഹന്‍, ചെങ്ങന്നൂര്‍
1. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഒരു പ്രത്യേക മേഖലയില്‍ ഉള്‍പെടുന്നതാണെന്ന ചിന്തകയുടെ അതിരില്‍ ഞാന്‍ എന്നെ തളച്ചിടാന്‍ പാടില്ലായിരുന്നു. അത് അവരുടെ അടിസ്ഥാനാവകാശമാണെന്നും മാന്യമായ ജീവിതം നയിക്കണം എന്നുള്ളതും ഞാന്‍ ചിന്തിക്കണമായിരുന്നു. അവരുടെ സുരക്ഷയും സമഗ്രതയും എന്റേതുള്‍പ്പെടെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ചിന്തിക്കണമായിരുന്നു. പണ്ടേ സ്ത്രീകളുടെ മാറ്റത്തിനായി എന്തെങ്കിലും ചെയ്യാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
2. സ്ത്രീയായതിന്റെ പേരില്‍ എനിക്ക് ചെയ്യാനാകാതെ പോയ ഞാന്‍ ആഗ്രഹിച്ച ഒരു കാര്യം എന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിതം നയിക്കുക എന്നതാണ്. സ്ത്രീ ശാക്തീകരണം എന്ന് നിത്യേന നമ്മള്‍ കേള്‍ക്കുന്നതാണ്. ഇന്നത്തെ കാലത്ത് വളരെ ലഘുവായി ഉപയോഗിക്കുന്ന വാക്കായി മാറുന്നു അത്. സാമൂഹികരാഷ്ട്രീയ അവസരങ്ങള്‍ തുല്യമായി നല്‍കുക എന്ന് മാത്രമല്ല സ്ത്രീ ശാക്തീകരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. അത് ഒരു ആഴത്തിലുള്ള പ്രക്രിയയാണ്, കാരണം ഇത് മാറേണ്ട ഒരു മാനസികാവസ്ഥയാണ്. പക്ഷെ എനിക്ക് എന്നെത്തന്നെ മാറ്റാന്‍ കഴിഞ്ഞില്ല കാരണം ഞാന്‍ ഒരു സ്ത്രീയാണ്, ഒരു സ്ത്രീയെ പോലെ ഞാന്‍ പെരുമാറേണ്ടിയിരുന്നു.
Content Highlights: Women Shares their Dreams and Expreriences, International Women's Day, Ea