ലോകമെമ്പാടുമുള്ള സ്ത്രീകള്‍ മറ്റൊരു അന്താരാഷ്ട്ര വനിതാദിനംകൂടി ആഘോഷിക്കുമ്പോള്‍, എല്ലാവര്‍ക്കും മെച്ചപ്പെട്ട ലോകത്തെ സൃഷ്ടിക്കാനുള്ള പോരാട്ടത്തിന്റെ രേഖപ്പെടുത്തലെന്നോണം പുരുഷന്മാരും അവര്‍ക്കൊപ്പം പങ്കുചേരുമെന്ന് പ്രത്യാശിക്കാം. എല്ലാ സ്ത്രീകള്‍ക്കും തുല്യതയും ബഹുമാനവും ലഭിക്കുന്ന നാളിനായി ഇനിയുമേറെ ചെയ്യേണ്ടിയിരിക്കുന്നെന്ന് ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു. സ്ത്രീകള്‍ക്കുനേരെയുള്ള മോശം പെരുമാറ്റത്തിന് അവസാനംകുറിക്കുന്നതില്‍ പുരുഷന്മാര്‍ക്കുള്ള ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഗാര്‍ഹികപീഡനക്കേസിലെ പ്രതികള്‍ക്ക് കൗണ്‍സലിങ് നടത്തിയ 40 വര്‍ഷത്തിലേറെയുള്ള അനുഭവസമ്പത്തിലൂെട എനിക്ക് വ്യക്തമായിട്ടുണ്ട്. ഈ ഉത്തരവാദിത്വം വിജയകരമായി നിര്‍വഹിക്കപ്പെടണമെങ്കില്‍ സമൂഹത്തില്‍ സ്ത്രീകള്‍ ഏതൊക്കെരീതിയില്‍ ചൂഷണംചെയ്യപ്പെടുന്നുണ്ടെന്നതിനെക്കുറിച്ച് പുരുഷന്മാര്‍ ബോധവാന്മാരാകണം. സ്ത്രീ എഴുത്തുകാരെ വായിക്കുക എന്നതാണ് ഇതിന്റെ പ്രാഥമികപാഠം. എന്റെ എത്രയോ പുരുഷസുഹൃത്തുക്കള്‍ ഒരു സ്ത്രീ എഴുതിയ പുസ്തകം ഒരിക്കല്‍പ്പോലും വായിച്ചിട്ടില്ലെന്നത് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഒരുപാട് വര്‍ഷംമുമ്പ്, ഞാന്‍ ലിംഗവിവേചനപരമായി സംസാരിച്ചെന്ന് ആക്ടിവിസ്റ്റുകൂടിയായ ഒരു സ്ത്രീസുഹൃത്ത് ആരോപിച്ചിരുന്നു. അന്ന് ആ ആരോപണം തെറ്റാണെന്നെനിക്കുതോന്നി. കാരണം, എല്ലായ്‌പ്പോഴും സ്ത്രീസമത്വത്തിനുവേണ്ടി ചിന്തിക്കുകയും വാദിക്കുകയും ചെയ്യുന്ന ആളാണെന്നായിരുന്നു എന്റെ ധാരണ. രണ്ടാമതൊരിക്കല്‍ക്കൂടി അവരെന്നെ ലിംഗവിവേചകനെന്നു വിളിച്ചു. എന്നിലെന്തോ തിരുത്തപ്പെടേണ്ടതുണ്ടെന്ന് എനിക്കുതോന്നിയത് അപ്പോഴാണ്. ലിംഗവിവേചനം എന്നാലെന്തെന്ന് ആഴത്തില്‍ പഠിക്കാന്‍ തീരുമാനിച്ചതും ഗാര്‍ഹികപീഡനത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയതും അന്നായിരുന്നു. എന്റെ കണ്ണുതുറപ്പിച്ചത് ആ സംഭവമാണ്.

ഞാനൊരു ഫെമിനിസ്റ്റാണെന്ന് ഇപ്പോഴെനിക്ക് അഭിമാനത്തോടെ പറയാനാകും. ബെല്‍ ഹുക്ക്സ്, ആംഗേല ഡേവിസ്, ഗെര്‍ഡ ലേണര്‍, പൗല മാര്‍ഷല്‍ തുടങ്ങിയ ഫെമിനിസ്റ്റ് എഴുത്തുകാരോട് ഒരുപാട് നന്ദി. ഇതിനര്‍ഥം ആണ്‍കുട്ടികള്‍ അനുഭവിക്കുന്ന ലിംഗവിവേചനത്തെ ഞാന്‍ പൂര്‍ണമായും വിസ്മരിച്ചുവെന്നല്ല. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ലിംഗവിവേചനത്തിനിരയാകുന്ന ലോകത്താണ് നാം ജീവിക്കുന്നത്. സ്ത്രീകളോടുള്ള നമ്മുടെ മനോഭാവവും പെരുമാറ്റവും എങ്ങനെയാണെന്നു ശ്രദ്ധിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നിടത്ത് നമുക്ക് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തുടക്കമിടാനാകും.

പുരുഷന്മാരാരും ജന്മസിദ്ധമായി ലിംഗവിവേചനത്തിന്റെ വക്താക്കളായി ജനിക്കുന്നില്ല. അതു പഠിച്ചെടുക്കുന്നതാണ്, അതുകൊണ്ടുതന്നെ അതിനെ പറിച്ചെറിയാനും പറ്റും. ഒറ്റരാത്രികൊണ്ടു മാറ്റിയെടുക്കാന്‍ കഴിയുന്നതല്ല അത്. എന്നാല്‍, ആത്മാര്‍ഥമായ ശ്രമത്തിലൂടെ പലവര്‍ഷങ്ങള്‍കൊണ്ട് ലിംഗവിവേചനത്തെ മറികടന്ന് ലിംഗസമത്വത്തിലേക്ക് നടന്നുകയറാന്‍ നമുക്കാകും. സ്ത്രീകളെ ചൂഷണം ചെയ്യില്ലെന്നും സ്ത്രീകളെ ചൂഷണം ചെയ്യുന്നവരെ അതില്‍നിന്നു തടയുമെന്നും പുരുഷന്മാര്‍ക്ക് തീരുമാനമെടുക്കാനാകും.

വനിതാദിനാശംസകള്‍...

('പുള്ളിങ് ദി പഞ്ചസ്: ഡിഫീറ്റിങ് ഡൊമസ്റ്റിക് വയലന്‍സ് ആന്‍ഡ് ഡിഫീറ്റിങ് ഡൊമസ്റ്റിക് വയലന്‍സ് ഇന്‍ ദി അമേരിക്കാസ്; മെന്‍സ് വര്‍ക്ക്' എന്ന ഗാര്‍ഹികപീഡനത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവാണ് ലേഖകന്‍)

Content highlights: women's day talk  luck daniels